ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന് പിള്ളക്കു വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാനാണ് സുരേഷ് ഗോപി എംപി ചെങ്ങന്നൂരിലെത്തിയത്. ഇതിനിടെ പത്തിലും പ്ലസ്ടുവിലും മികച്ച വിജയം നേടിയ കുട്ടികളെ അഭിനന്ദിക്കാന്‍ ചെറിയനാട് സംഘടിപ്പിച്ച കുടുംബസംഗമത്തിലും ഇദ്ദേഹം പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ഉപഹാരം സ്വീകരിക്കാന്‍ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ ആലക്കോട് മോഹനം വീട്ടില്‍ കാവ്യയുടെ പേര് വിളിക്കാന്‍ പരിപാടിയുടെ സംഘാടകര്‍ മറന്നുപോയി.
തന്റെ പേര് വിളിച്ചില്ലെന്നറിഞ്ഞ കാവ്യ അതീവ ദുഖിതയായി പൊട്ടിക്കരഞ്ഞു. എന്നാല്‍ പരിപാടി കഴിഞ്ഞു പോകുന്നതിനിടയില്‍ കാവ്യ കരയുന്നത് സുരേഷ്ഗോപിയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി വിഷമത്തോടെ വീട്ടിലേക്ക് തിരിച്ചുപോയി.
എന്നാല്‍ പെണ്‍കുട്ടി കരയുന്നതിന്റെ കാരണം ഇതിനിടയില്‍ ആരോടോ ചോദിച്ചറിഞ്ഞ് സുരേഷ് ഗോപി മനസ്സിലാക്കിയിരുന്നു. കാവ്യ വീട്ടിലെത്തിയതിനു പുറകേ കാവ്യയെയും അമ്മയെയും ഞെട്ടിച്ച് സുരേഷ്ഗോപിയും അവരുടെ വീട്ടിലെത്തി. പെണ്‍കുട്ടിയെ ആശ്വസിപ്പിച്ച ശേഷം ഉപഹാരവും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.