പ്രേമിച്ചു കെട്ടാണെങ്കിൽ ഒരു കട്ടതേപ്പ് കിട്ടി പണ്ടാരടങ്ങി നിൽക്കണ ഒരുത്തനെ തന്നെയാവണം എന്നെനിക്ക് നിര്ബന്ധം ഉണ്ടായിരുന്നു..
ഇടക്കിടക്ക് പൂർവ്വകാല കാമുകിടെ പേരും പറഞ്ഞദ്ദേഹത്തെ കളിയാക്കണം വാഗ്വാദങ്ങളിൽ തോൽക്കുമെന്നുറപ്പാവുമ്പോൾ പിണക്കത്തിലും പരിഭവത്തിലും അവളെ വലിച്ചഴച്ച് ഒരു വിജയിയേപ്പോലെ കളം നിറഞ്ഞാടണം
അവസാനം എന്റെ പിടിവാശിക്കു നേരെ മൗനം പാലിക്കുന്ന അദ്ദേഹത്തിനു മുൻപിൽ ഏതൊരു പെണ്ണിനേയും പോലെ മനപ്പൂർവ്വം തോൽക്കണം
ആ മുറിഞ്ഞ ഹൃദയത്തിന്റെ മുറികൂടിയായെനിക്ക് മാറണം പ്രാണനേക്കാളേറെയെനിക്കദ്ദേഹത്തെ പ്രണയിക്കണം ജീവിതത്തിലൊരു പെണ്ണിനും തന്റെ ഭർത്താവിനെ ഇത്രയധികം സ്നേഹിക്കാൻ സാധിക്കില്ല എന്ന വിധത്തിൽ അദ്ദേഹത്തെ പ്രണയം കൊണ്ട് മൂടണം, സ്വന്തം ഭാര്യയെ ഓർത്തദ്ദേഹം ഉള്ളിലഭിമാനം കൊള്ളണം പഴയ കാമുകിക്കു മുൻപിൽ വിറങ്ങലോലെ പകച്ചു നിൽക്കുമ്പോൾ ആ തോളോടു ചേർന്നെനിക്ക് ഒട്ടിനിൽക്കണം ഒപ്പം അവൾക്കസൂയ തോന്നുന്ന വിധത്തിലദ്ദേഹത്തോടൊന്നു കൊഞ്ചിക്കുഴയണം
ഇപ്പൊ നിങ്ങള് കരുതുന്നുണ്ടാവും എനിക്കും നല്ലസ്സല് തേപ്പ് കിട്ടീട്ടുണ്ട്‌ന്ന്….
പക്ഷെ അങ്ങനെയല്ല ട്ടോ
ആത്മാര്തമായി സ്നേഹിച്ച പെണ്ണ് തേച്ചൊട്ടിച്ചു സ്റ്റിക്കറാക്കി പോകുമ്പോഴുള്ള അവസ്ഥ നന്നായി ഞാനും മനസിലാക്കിയിട്ടുണ്ട്… ഒരുപക്ഷേ ആ അവസ്ഥ എന്നേക്കാൾ നന്നായി മറ്റാർക്കും അറിയില്ലായിരിക്കും….
എനിക്കെന്റെ ഏട്ടൻ ജീവനായിരുന്നു… ഏട്ടനും അങ്ങനെ തന്നെ….
എന്റെ കുഞ്ഞു കുസൃതികൾക്ക് കൂട്ടുനിൽക്കുന്ന എന്റെ പരിഭവങ്ങൾക്ക് വില കല്പ്പിക്കുന്ന ഏട്ടൻ….
ചെറുപ്പത്തിലെന്നോ ഞങ്ങളെ വിട്ടുപോയ അച്ഛന്റെ മുഖമായിരുന്നു എനിക്കേട്ടട്ടനെ നോക്കുമ്പോൾ തോന്നിയിരുന്നത്…..
പഠനത്തിനിടയിലും പണിക്ക് പോയി ആ കാശ് അമ്മയുടെ കയ്യിൽ കൊടുത്ത് അമ്മയുടെ കഷ്ടപ്പാടിന് ഇളവ് വരുത്തുന്ന, കിട്ടിയ പൈസയിൽ നിന്നെന്നും കടല മിട്ടായി വാങ്ങി ഇന്നാ കുഞ്ഞോളെന്ന് പറഞ്ഞു വായില് വെച്ചു തരുന്ന എന്റെയേട്ടൻ….
പഠിക്കാൻ മിടുക്കനായിരുന്നു ഏട്ടൻ… കുഞ്ഞോളു പഠിച്ചോട്ടെ അമ്മേ ഞാനൊരുപാട് പഠിച്ചിട്ടെന്തിനാ എന്ന് ചോദിച്ച് പഠനം പാതിവഴിയിലുപേക്ഷിച്ച് കടൽ കടന്നത് എന്റെയും അമ്മയുടെയും പുഞ്ചിരി കാണാനായിരുന്നു…
അന്നൊക്കെയും ഏട്ടനെ ആരാധനയോടെ നോക്കിയിരുന്ന അഞ്ജനേച്ചിയെ എനിക്കും ഇഷ്ടമായിരുന്നു ഒരുപാട്….
എന്റെ ഏട്ടന്റെ കൈ പിടിച്ചു കയറി വരുന്ന ഏട്ടത്തിയമ്മയായി തന്നെയാണ് അവളെ കണ്ടിരുന്നതും….
ഒഴിഞ്ഞു മാറാൻ പലതവണ ശ്രമിച്ച ഏട്ടനെ ഒരുപക്ഷേ അവളിലേക്ക് കൂടുതൽ അടുപ്പിച്ചതും ഞാനായിരുന്നു….
അവളെനിക്ക് ചേച്ചിയും ഞാനവൾക്ക് അനിയത്തിയും ആയിരുന്നു… ഞങ്ങൾ നടന്നു പോകുമ്പോൾ നാത്തൂനും നാത്തൂനും പോകുന്നത് കണ്ടോ എന്ന് നാട്ടുകാര് അസൂയയോടെ പറഞ്ഞിരുന്നു….
എനിക്കായി മാത്രം ഏട്ടൻ വാങ്ങിയിരുന്ന കടല മിട്ടായി രണ്ടായി പകുക്കാൻ തുടങ്ങിയപ്പോൾ മുതൽ എനിക്ക് മനസിലായി ഏട്ടനവളെ ഒരുപാട് സ്നേഹിച്ചു തുടങ്ങി എന്ന്…
പകുതി മിട്ടായി കുറഞ്ഞുവെങ്കിലും അതിലിരട്ടി മധുരമായിരുന്നു അവരുടെ സ്നേഹം കാണുമ്പോൾ…..
ജീവൻ പറിച്ചു കൊടുത്ത് ചങ്കിൽ കൊണ്ട് നടന്നവൾക്ക് പഴയ അടുപ്പമില്ലെന്ന് പറഞ്ഞേന്റെ മുന്നിലേട്ടൻ ആദ്യമായി പൊട്ടി കരഞ്ഞപ്പോൾ അതൊക്കെയും ഏട്ടന്റെ തോന്നലാവുമെന്ന് പറഞ്ഞാശ്വസിപ്പിക്കുമ്പോഴും മനസ്സിൽ പ്രാർത്ഥിച്ചിരുന്നു കരയിപ്പിക്കല്ലേ ദൈവമേയെന്റെ ഏട്ടനെയെന്ന്…..
ഇത്ര നാളും തോന്നാത്ത സ്നേഹം വീട്ടുകാരോട് തോന്നിത്തുടങ്ങിയെന്നവൾ പറഞ്ഞപ്പോഴും ഏട്ടനോടെന്നെ മറക്കാൻ പറയണമെന്ന് പറഞ്ഞവൾ കള്ളക്കണ്ണീരൊഴുക്കിയപ്പോഴും ഞാൻ കണ്ട സ്വപ്നങ്ങളും ഏട്ടന്റെ ജീവിതവും തകരുന്നത് കണ്ട് കരയാൻ മാത്രമേ എനിക്കായുള്ളു….
ഹൃദയം തകർത്തവളെ വാക്കു കൊണ്ടു പോലും നോവിക്കാത്ത എന്റെയേട്ടൻ സാഹജര്യത്തിന്റെ സമ്മർദ്ദത്തിലും തന്നെ പെറ്റു പോറ്റി വളർത്തിയ അച്ഛനമ്മമാരുടെ സന്തോഷത്തിനു വേണ്ടി തന്നെ ഉപേക്ഷിച്ചവളായിരിക്കുമവളെന്നും മനസ്സിൽ പറഞ്ഞുറപ്പിക്കുകയായിരുന്നു ഒരിക്കൽപ്പോലും എട്ടനവളെ പഴിചാരിയിട്ടില്ലിന്നോളം
എനിക്കറിയാം ആ മനസ്സ്, ഇരട്ടച്ചങ്കൻ പ്രണയത്തെ നഷ്ട്ടപ്പെടുത്തിക്കളഞ്ഞ അഞ്ജനേച്ചിയോടെനിക്ക് പുച്ഛമായിരുന്നെനിക്ക് സ്നേഹിക്കാൻ മാത്രമറിയുന്നയെന്റെ ഏട്ടനെ ഈ ലോകത്ത് മറ്റെന്തിനേക്കാളധികം ഞാൻ സ്നേഹിച്ചിരുന്നു
ഗൾഫ്‌കാരന്റെ പണക്കൊഴുപ്പിനു മുന്നിലാണവൾക്ക് പെട്ടെന്ന് വീട്ടുകാരോടുള്ള സ്നേഹം കൂടിയത് എന്നറിഞ്ഞപ്പോൾ മുതൽ എനിക്കും വാശിയായിരുന്നു….അവളുടെ കഴുത്തിൽ താലി വീഴുന്നതിന് ഒരു ദിനം മുൻപെങ്കിലും എന്റേട്ടന്റെ കൈപിടിച്ചോരുത്തിയെന്റമ്മയ്ക്ക് മരുമകളായി വരണമെന്നത്….
അഞ്ജനേച്ചിയേ ചങ്കിൽ കൊണ്ട് നടന്ന എന്റേട്ടന് ആ സ്ഥാനത്തു മറ്റൊരുത്തിയേ ആലോചിക്കുകയെന്നത് മരണത്തിനു തുല്യമായിരുന്നെങ്കിലും ഈ അനിയത്തിയുടെ വാശിക്കും കടുംപിടുത്തത്തിനും മുന്നിൽ അർധസമ്മതം മൂളുകയായിരുന്നു എന്റെയേട്ടൻ….
പണവും സൗന്ദര്യവും നോക്കാതെ സ്വഭാവം മാത്രം നോക്കി അമ്മ കണ്ടു പിടിച്ച ഗൗരിയേച്ചിയേന്റെ വീട്ടിൽ നിലവിളക്കേന്തി കയറി വന്നപ്പോൾ അതിനു സാക്ഷിയായ് അഞ്ജനയും ആ പന്തലിൽ ഉണ്ടായിരുന്നു എന്നത് ഏട്ടന്റെ കണ്ണിലെ നിറഞ്ഞ കണ്ണുനീർ കണങ്ങൾ പറയാതെ തന്നെയെന്നോട് പറഞ്ഞു….
കുട്ടിക്കുറുമ്പു വിട്ടുമാറാത്ത ഗൗരിയേച്ചി എന്നുമെനിക്ക് ഒരത്ഭുതമായിരുന്നു….
ഒരേ സമയം അവളെനിക്ക് കളി പറയുന്ന കൂട്ടുകാരിയായും ഉപദേശിക്കുന്ന വല്യേച്ചിയായും കുസൃതി കാട്ടുന്ന അനിയത്തിയായും ചില നേരങ്ങളിൽ വാത്സല്യത്തോടെ എന്നെ തഴുകുന്ന അമ്മയായും മാറിയിരുന്നു…..
എന്റെയും അമ്മയുടെയും നടുവിൽ അമ്പലത്തിൽ പ്രദക്ഷിണം വെക്കുന്ന ഗൗരിയേച്ചിയേ കണ്ട് അഞ്ജന പലപ്പോഴും ഒഴിഞ്ഞു മാറുന്നതും ഏട്ടന്റെ പുറകിലൊട്ടിയിരുന്നു ഗൗരിയേച്ചി പോകുമ്പോൾ നിരാശയോടവൾ തല കുനിക്കുന്നതും കണ്ടെന്റെ മനം നിറഞ്ഞിരുന്നു….
ജീവനെപ്പോലെ സ്നേഹിച്ചവൾ ഉപേക്ഷിച്ചു പോയതിനാലാവും ഒന്നും പ്രതീക്ഷിക്കാതെ എല്ലാവരെയും സ്നേഹിച്ചു വീടിന്റെ വിളക്കായി മാറിയവളെ ഏട്ടനും ഒരുപാട് സ്നേഹിച്ചു തുടങ്ങിയത്….
പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട് ആ സ്നേഹം കണ്ട്.. കൂടെ ഒരുപാട് സന്തോഷവും…
” അച്ചുവേട്ടാ ഇപ്പൊ ഏട്ടന് മനസ്സിലായോ ഒരുത്തി തേച്ചൊട്ടിച്ചു പോയ നിങ്ങളെ തന്നെ മതിയെന്നും ഞാൻ വാശി പിടിച്ചത് എന്തിനായിരുന്നെന്ന് ”
” അമ്മൂ നിനക്കറിയാമായിരുന്നല്ലെ എല്ലാം ” ?
” അറിയായിരുന്നു അച്ചുവേട്ടാ , നിങ്ങടെ കഥയിലെ വില്ലത്തി എന്റെ കൂട്ടുകാരിയായതുകൊണ്ടു തന്നെ എനിക്കറിയാമായിരുന്നു എല്ലാം ”
ഞാനത് പറയുമ്പോഴും അച്ചുവേണ്ടന്റെ മുഖമൊന്നു വാടിയിരുന്നു എന്നോടൊന്നും തുറന്നു പറയാതിരുന്നതിന്റെ കുറ്റബോധം ആ മുഖത്തു നിന്നുമെനിക്ക് വായിച്ചെടുക്കാമായിരുന്നു
മെല്ലെ ഞാനാ നേഞ്ചോരം ചേർന്നുപറ്റിക്കിടന്നാ ഹൃദയതാളം അളന്നു കൊണ്ടിരിന്നു
പടപടാ മിഡിക്കുന്ന ആ നെഞ്ചിൽ കൈവെച്ച് ഞാൻ പറഞ്ഞു
” അച്ചുവേട്ടാ ഈ ഹൃദയം നിറച്ച് സ്നേഹം കൊണ്ട് കുത്തിനിറക്കണമെനിക്ക്, അതു കണ്ട് അസൂയപ്പെടണമവൾ എന്റെ ഗൗരിയേച്ചിനെ കാണുമ്പോൾ അഞ്ജനേച്ചി അസൂയ പൂണ്ട് നിൽക്കുന്ന പോലെ”
#ആവണി_കൃഷ്ണ