Breaking News
Home / Lifestyle / കാമുകിയിൽനിന്ന് ഏട്ടത്തിയമ്മ യിലേക്കുള്ള പരിണാമം എന്റെ മനസ്സിന്റെ കിനാവിലെ രാജകുമാരിയോട് എനിക്കിന്ന് എന്റെ പ്രണയം പറയണം..

കാമുകിയിൽനിന്ന് ഏട്ടത്തിയമ്മ യിലേക്കുള്ള പരിണാമം എന്റെ മനസ്സിന്റെ കിനാവിലെ രാജകുമാരിയോട് എനിക്കിന്ന് എന്റെ പ്രണയം പറയണം..

കാമുകിയിൽനിന്ന് ഏട്ടത്തിയമ്മ യിലേക്കുള്ള പരിണാമം
_____________________________
എന്റെ മനസ്സിന്റെ കിനാവിലെ രാജകുമാരിയോട് എനിക്കിന്ന് എന്റെ പ്രണയം പറയണം..

ഐ ലൗ യൂ… ന്ന്

എന്റെ സ്വപ്ങ്ങളിൽ എന്നും പതിയെ വന്ന് പുഞ്ചിരിതൂകി മായാറുണ്ടവൾ…

അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചയൂണു കഴിഞ്ഞ് പാത്രം കഴുകി വരുന്ന അവളുടെ മുമ്പിൽ ചെന്ന് ഞാൻ നിന്നു.
എന്റെ ഹൃദയം പടപടാ മിടിച്ചു.

“എന്താ അക്കൂ നിന്ന് വിയർക്കുന്നെ ”

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.

“റജീനാ.. വൺ ഫോർ ത്രീ”

ഞാൻ ധൈര്യസമേധം അവളുടെ മുഖത്തു നോക്കി പറഞ്ഞു. പക്ഷേ….

റജീന കേട്ട ഭാവം നടിക്കാതെ ക്ലാസിലേക്ക് നടന്നു.

ഞാൻ അവളുടെ പിറകേ ചെന്നു.

“റജീ… ഐ ലവ് യൂ ഡീ… ”

ഞാൻ പതിയെയാണ് പറഞ്ഞതെങ്കിലും. എന്റെ ശബ്ദം ക്ലാസ് മുറി മുഴുവൻ അലയടിച്ചു.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ കണ്ണുകൾ മുഴുവൻ എന്റെ മുഖത്തേക്ക് നീണ്ടു… ചിലർ ചോറുരുളക്ക് വേണ്ടി തുറന്ന വായ അടക്കാൻ പോലും മറന്നിരുന്നു.
അതിൽ എന്റെ ചങ്ക് കൂട്ടുകാരും പെടും..

റജീന ഓടിച്ചെന്ന് ബെഞ്ചിലിരുന്ന് ഡസ്ക്കിൽ മുഖമമർത്തി കരയാൻ തുടങ്ങി.

ഞാനോ….ഞാനാകെ പേടിച്ചു വിറക്കാനും വിയർക്കാനുമൊക്കെ തുടങ്ങി..

ഉച്ചക്ക് ശേഷം ക്ലാസിൽ കറാനുള്ള ധൈര്യമില്ലാതെ ഞാൻ എന്റെ ബാഗുമെടുത്ത് ഗ്രൗണ്ടിലേക്ക് ഓടി.

ഗ്രൗണ്ടിന്റെ അറ്റത്തെ പൂവാകച്ചോട്ടിൽ ഞാനിരുന്നു.പ്രണയം പൂവിട്ട മനസ്സുമായി…
എന്റെ ചങ്കിടിപ്പ് കൂടിക്കൊണ്ടിരുന്നു.

ഇന്റർവെൽ സമയത്ത്
എന്റെ ചങ്കു കൂട്ടുകാർ എന്നെ തിരഞ്ഞ് ഗ്രൗണ്ടിലെത്തി.

” ഡാ അക്കു നീ ക്ലാസിൽ പോര്. അവൾ കംപ്ലയിന്റൊന്നും ചെയ്തിട്ടില്ല.. ഇനി എന്തിനും ഞങ്ങളില്ലേ കൂടെ ”

എന്റെ ശ്വാസം നേരെ വീണു. ഞാൻ അവരുടെ കൂടെ ക്ലാസിലേക്ക് പോയി.
ക്ലാസ്സിലെത്തിയപ്പോൾ എന്റെ ഹൃദയം വീണ്ടും പെരുമ്പറ കൊട്ടാൻ തുടങ്ങി.

എല്ലാ കുട്ടികളും എന്നെയും റജീനയെയും മാറിമാറി നോക്കിക്കൊണ്ടിരുന്നു. ഞാനും ഇടംകണ്ണിട്ട് അവളെയൊന്നു നോക്കി.

അവൾ പുസ്തകത്തിലേക്ക് തലയും കുമ്പിട്ടിരിപ്പാണ്.
അവളുടെ മുഖഭാവം ഒന്നു കാണാനെനിക്ക് വല്ലാത്ത കൊതി തോന്നി.

ആ മനസ്സിലെവിടെയെങ്കിലും ഒരു കോണിൽ ഞാനുണ്ടാവുമോ എന്നറിയാൻ എനിക്ക് വല്ലാത്ത ജിജ്ഞാസയായിരുന്നു.

അന്ന് സ്കൂൾ വിട്ടു പോവുമ്പോൾ അവൾ രണ്ട് കൂട്ടുകാരികളെയും കൂട്ടി എന്റെ പിറകെ വന്നു.

“ഡാ എനിക്ക് നിന്നെ ഇഷ്ടമല്ലടാ…ക്ലാസിൽ എല്ലാവരുടെയും മുന്നിൽ വച്ച് നീ എന്നെ മാനം കെടുത്തിയതിന് മറുപടി തരാൻ നാളെ എന്റെ ഉപ്പയെ കൂട്ടി വരാം ഞാൻ.”

അവളുടെ പറച്ചിൽ കേട്ട് പേടിച്ചെങ്കിലും ഞാനും വിട്ടുകൊടുത്തില്ല.ഞാൻ പറഞ്ഞു.

“റജീ…ഉപ്പാനെ മാത്രം കൂട്ടി വരണ്ട ഒരു ഉസ്താദിനെയും കൂട്ടി വാ ന്നിട്ട് നമ്മടെ നിക്കാഹ് അങ്ങട്ട് നടത്താം. ”

“പോടാ… മരമാക്രി.. കണ്ടാലും മതി നിന്നെ കെട്ടാൻ എനിക്ക് പിരാന്തല്ലേ…?”

അവൾ ചിരിയും കോട്ടി ഗോഷ്ടി കാണിച്ച് ഓടിപ്പോയി.

“ഡാ അക്കു എന്തു പറ്റി.. ഏതു ലോകത്താണ് നീ..? ഒന്ന് മാറി നിക്ക്… ഇത്താനെ അകത്തേക്ക് കയറ്റട്ടെ ”

ഉമ്മയുടെ ശബ്ദം എന്നെ ചിന്തയിൽ നിന്നുണർത്തി.

ഞാൻ കണ്ണു ഒന്നുകൂടി ചിമ്മിത്തുറന്ന് മണവാട്ടിയെ നോക്കി…
അതെ ഇതവൾ തന്നെ

“റജീന ”

പടച്ചോനെ ഇതെന്ത് പരീക്ഷണം…?
ഞാൻ വീണ്ടും ഓർമ്മകളിലേക്ക്..

പത്താം ക്ലാസ് സെന്റോഫിന്റെ അന്ന് പരസ്പരം സമ്മാനങ്ങൾ കൈമാറുന്ന കൂട്ടത്തിൽ ഞാൻ റജീനയുടെ അടുത്തെത്തി.

“റജീ… ഒന്നു നിന്നെ ”

അവൾ നിന്നു.

ഞാൻ പതിയെ അവൾക്കരികിൽ ചെന്നു എന്റെ കയ്യിലുള്ള ചില്ലിന്റെ ഒരു ഡോൾ അവളുടെ കയ്യിൽ വച്ച് കൊടുത്തു.

റജീന അത് നിലത്തെറിയാൻ കൈ ഉയർത്തവേ… ഞാൻ വിളിച്ചു.

“റജി… വേണ്ട എറിഞ്ഞുടക്കരുത്….എന്റെ കൺമുൻപിൽ വച്ച്… വേണ്ട..
നീ പോണ വഴിക്ക് എന്ത് ചെയ്താലും വേണ്ടില്ല…. ”

എന്തോ.. അപ്പോൾ അവൾ ഉയർത്തിയ കൈ പതിയെ താഴ്ത്തി ഡോൾ ബാഗിൽ വച്ചു.

പിന്നെ അഞ്ച് വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണവളെ കാണുന്നത്.
പത്താം ക്ലാസ് കഴിഞ്ഞ് അവൾ അവളുടെ ഉമ്മയുടെ വീട്ടിലായിരുന്നു എന്ന് മാത്രമറിയാമായിരുന്നു.

വീട്ടിലെ പ്രാരാബ്ധങ്ങൾ.. പെങ്ങൻമാരുടെ വിവാഹം ഒക്കെ കാരണം പ്രവാസത്തിലേക്ക് പതിനെട്ടാം വയസ്സിൽ കാലു കുത്തിയതാണ്.
ഇക്കാന്റെ കല്യാണത്തിന് തലേന്നാണ് എത്തിയത്.

മണവാട്ടിയെ കാണുന്നത്
കല്യാണത്തിന് പന്തലിൽ വച്ചാണ്.. എന്റെ ഇക്കാന്റെ പെണ്ണായി വന്നു അവൾ. ഒരിക്കൽ ഹൃദയത്തിലെ രാജകുമാരിയായി വാണിരുന്ന എന്റെ റജീന.

എന്റെ സ്വപ്നങ്ങളിൽ അവൾ വരാറുണ്ടായിരുന്നു.. പക്ഷേ ഇങ്ങനെയൊരു വരവ് പ്രതീക്ഷകൾക്കപ്പുറത്തായിരുന്നു.

ഈ പ്രതിസന്ധിയിൽ നിന്ന് എങ്ങനെ കരകയറണമെന്ന് ചിന്തിച്ച് ശ്വാസം മുട്ടി ഞാൻ നിന്നു.

പരസ്പരമുള്ള കൂടിക്കാഴ്ച മനപ്പൂർവ്വം ഒഴിവാക്കി. പകൽ മുഴുവൻ പുറത്ത് പോയി രാത്രി മാത്രം വീട്ടിലെത്തി.

അങ്ങനെ മൂന്ന് നാല് ദിവസങ്ങൾക്ക് ശേഷം റജീനയുടെ വീട്ടിൽ സൽക്കാരത്തിനായി ഞാൻ പോകാൻ നിർബന്ധിതനായി. ഒഴിഞ്ഞ് മാറിയിട്ടും ഇക്ക സമ്മതിച്ചില്ല.

അവരുടെ വീട്ടിലെത്തി സൽക്കാരം കഴിഞ്ഞ് തിരിച്ചുപോരാൻ സമയത്ത് എന്റെ കണ്ണുകൾ അറിയാതെ അവിടെയുള്ള ചില്ലലമാരക്കുനേരെ നീണ്ടു.കണ്ണുകൾ ആ ചില്ലു ഡോളിൽ ഉടക്കി നിന്നു.
പതിയെ ഞാൻ അതിനടുത്ത് ചെന്ന് ചില്ലു ഡോൾ കയ്യിലെടുത്തു.

“അതെടുക്കല്ലേ… അതിലാരും തൊടുന്നതു പോലും ഇത്താക്ക് ഇഷ്ടല്ലാട്ടോ ”

ഞാൻ തിരിഞ്ഞു നോക്കി റജിയുടെ ചെറിയ അനിയത്തിയാണ്.

ഞാൻ പതിയെ അത് തിരികെ വെക്കും നേരം അനിയത്തി പറഞ്ഞു.

“ഇത്താക്ക് ഏറ്റോം ഇഷ്ടള്ള ഒരു ഫ്രന്റ് കൊടുത്തതാ”

എന്റെ ഹൃദയം ഒന്ന് പിടഞ്ഞു.

“ഓ ആയ്ക്കോട്ടെ ഇനി ഞാൻ തൊട്ടൂന്നൊന്നും മോൾ ഇത്താനോട് പറയല്ലേ ട്ടോ ”

എന്റെ കാലുകൾ തളരുന്ന പോലെ തോന്നി.
ഞാൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും. തൊട്ടു മുന്നിൽ റജീന..!

“അക്കു… എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.”

റജീന ഡോൾ അലമാരയിൽ നിന്നെടുത്ത് അവളുടെ ഷാൾ കൊണ്ട് മറച്ച് പിടിച്ച് പുറത്തേക്കിറങ്ങി.

ഒരടി മുന്നോട്ട് വെക്കാൻ കഴിയാതെ ഞാൻ നിന്നു.

“വരൂ.. ”

അവൾ വീണ്ടും വിളിച്ചു.

ഞാനവളുടെ പിറകേ നടന്നു.

വീടിന്റെ പിറകുവശത്തെ തൊടിയോട് ചേർന്ന് ഒരു കൊച്ചുതോട് ഒഴുകുന്നുണ്ട്.
അവിടെ എത്തി അവൾ നിന്നു. എന്നെ തിരിഞ്ഞു നോക്കി .

അവൾ മറച്ചു പിടിച്ച ഡോൾ പതുക്കെ പുറത്തെടുത്തു.

ഞാൻ ഒന്ന് കണ്ണു ചിമ്മി തുറന്നപ്പോഴേക്കും അവൾ ഡോൾ തോട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു.

കല്ലുകളിൽ തട്ടി ചില്ലു ഡോൾ പൊട്ടിത്തകരുന്ന ശബ്ദം എന്റെ കാതിൽ പതിച്ചു.

” ഇത്ര നാളും ഞാനിതു സുക്ഷിച്ചു വച്ചു… എന്തുകൊണ്ടോ കളയാൻ കഴിഞ്ഞില്ല. എന്തോ ഒരിഷ്ടം ആ നിമിഷം മുതൽ നിന്നോടെനിക്ക് തോന്നിത്തുടങ്ങിയിരുന്നു. എന്നെങ്കിലും കാണുമെന്നും പറയുമെന്നും ആശിച്ചിരുന്നു. പക്ഷേ വിധി ഇതാണ്.. ഈ ഡോൾ ഇപ്പോൾ ഞാൻ എറിഞ്ഞുടച്ച പോലെ എല്ലാ മോഹങ്ങളും എറിഞ്ഞുടക്കണം… അക്കു … ഇന്ന് നിന്റെ ഇക്കാന്റെ ഭാര്യയാണ് ഞാൻ.. നിന്റെ ഇത്ത.. നീ എന്റെ അനിയൻ ”

ഇത്രയും പറഞ്ഞവൾ നിർത്തി. അവളുടെ വാക്കുകൾ ഉറച്ചതയിരുന്നു. മുഖത്തൊട്ടും നിരാശയുണ്ടായിരുന്നില്ല. ഒരു ജ്യേഷ്ടന്റെ ഭാര്യ എന്ന സ്ഥാനത്തേക്ക് അവൾ ഉയർന്നിരുന്നു.ഞാൻ ശരിക്കും അത്ഭുതപ്പെട്ടു.

അവൾ നടന്നകലുന്നതും നോക്കി ഞാൻ നിന്നു.

ഞാൻ ദൈവത്തിനു സ്തുതി പറഞ്ഞു. ഈ ഒരു പ്രതിസന്ധിയിൽ നിന്നും എങ്ങനെ കരകയറുമെന്ന് ആലോചിച്ച് വിഷമിച്ച് നടക്കാൻ തുടങ്ങിയിട്ട് മൂന്നുനാല് ദിവസമായി. എത്ര പെട്ടെന്ന് റജി അത് കൈകാര്യം ചെയ്തു. ഇതാണ് പെണ്ണ്.ഇനി മുതൽ റജിക്ക് എന്റെ മനസ്സിൽ “ഇത്ത” എന്ന ഒറ്റ സ്ഥാനം..

ഞാനും പതുക്കെ നടന്നു. എല്ലാം മറക്കാൻ ശ്രമിച്ചു കൊണ്ട്…മനസ്സിനെ ശാന്തമാക്കിക്കൊണ്ട്….

എന്നാലും അറിയാതെ.. എന്റെ കണ്ണുകൾ നിറയുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
———————-
അലി അക്ബർ തൂത

About Intensive Promo

Leave a Reply

Your email address will not be published.