ഒറ്റ ശ്വാസത്തിലാണ് അനുരാധ പടവുകള്‍ മുഴുവനും കയറിയത്. എന്നും താമസിച്ചേ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങാന്‍ കഴിയുന്നുള്ളു, തനിക്ക് ടൈംമാനേജ്‌മെന്‍റ് അറിയില്ല എന്ന് മറ്റുള്ളവര്‍ പറയുന്നത് ശരിയായിരിക്കുമോ? ഹോസ്പിറ്റലിന്‍റെ കിഴക്കേ അറ്റത്തുള്ള കോറിഡോറില്‍ മൂന്നാമത്തെ വാതിലിനു മുന്‍പില്‍ എത്തിയപ്പോഴേക്കും അവള്‍ കിതച്ചു പോയി.
പക്ഷെ ഊറിയ ഒരു ചിരിയോടെ ചമ്മല്‍ മറച്ച് അകത്തു കടന്നു. ഹാന്‍ഡ് ഓവര്‍ തുടങ്ങികഴിഞ്ഞിരിക്കുന്നു. റിപ്പോര്‍ട്ട് എഴുതാനുള്ള പേപ്പര്‍ എടുത്തു കസേരയിലേക്ക് ഇരുന്നപ്പോള്‍ യമുനാറാണി സിസ്റ്ററിന്റെ കടന്നല്‍ കുത്തിയപോലെ ഉള്ള മുഖത്തേക്ക് ഒന്ന് പാളി നോക്കി. ഇന്നും താമസിച്ചതിനുള്ള കടുക്കാകഷായം അവര്‍ തരും എന്ന് ഉറപ്പായി. ഈശ്വരാ രക്ഷതു!!!
റിപ്പോര്‍ട്ട് അര മണിക്കൂറോളം നീളും. 25 പേഷ്യന്‍സിന്‍റെ ഹാന്‍ഡ് ഓവറാണ്. റിപ്പോര്‍ട്ട് കഴിയുമ്പോഴേക്കും കിതപ്പ് അടങ്ങും. അത്ര തന്നെ. ക്രോണിക്ക് രോഗങ്ങളുള്ള പേഷ്യന്‍സിന്‍റെ വാര്‍ഡാണ്. എന്നും കേട്ടത് തന്നെ ഇന്നും. ഓരോ രോഗികളുടെയും മരുന്ന് വരെ മനപാഠമായിരിക്കുന്നു. അത് പോലെ അവരുടെ മനസും. ഇത് ഈ മാസത്തെ അവസാനത്തെ വെള്ളിയാഴ്ചയാണ്. രോഗികളുടെ കൂടെ ബന്ധുക്കള്‍ക്ക് കൂടുതല്‍ സമയം ചിലവഴിക്കാം. അത്കാരണം വാര്‍ഡില്‍ ഇന്ന് തിരക്കേറും.
നഴ്സിംഗ് സ്റ്റേഷനില്‍ നിന്ന് റിപ്പോര്‍ട്ട് കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും യമുനറാണിയുടെ ശബ്ദം കാതില്‍ വന്നു അലച്ചു. “അനൂ എന്റെ ഓഫീസിലേക്ക് വരൂ” അനുസരണയുള്ള കുട്ടിയെപ്പോലെ ഓഫീസിലേക്ക് നടക്കുമ്പോള്‍ പ്രത്യേകിച്ചു ഒരു വികാരവും തോന്നിയില്ല. പതിവുപോലെ കുറെ ഉപദേശങ്ങളും താക്കീതും. ഇനി ലേറ്റായാല്‍ മേട്രന്റെ ഓഫീസിലേക്ക് വിടും. ഉച്ച ഭാഷിണി അടച്ചപ്പോഴേക്കും ഒന്നും സംഭവിക്കാത്ത മട്ടില്‍ “സോറി സിസ്റ്റര്‍” എന്ന് പറഞ്ഞ് അനുരാധ പുറത്തിറങ്ങി. നേരെ വാര്‍ഡിലേക്ക് കയറി ഒരു നീണ്ട ഗുഡ് മോര്‍ണിംഗ് എല്ലാവര്‍ക്കുമായി പറഞ്ഞു.
പതിവ് പോലെ നഴ്സിംഗ് അസിസ്റ്റന്റ് ലോപ്പസ് ചേട്ടന്‍ കാര്യങ്ങളിലേക്ക് കടന്നിരിക്കുന്നു. “എന്തിനാ അനു വെറുതെ ആ യമുനതള്ളയുടെ വായില്‍ ഇരിക്കുന്നത് കേള്‍ക്കുന്നത്. കുറച്ചു നേരത്തെ ഹോസ്റ്റലില്‍ നിന്നും ഇറങ്ങിക്കൂടെ?” ലോപ്പസ് ചേട്ടന്റെ ഉപദേശം വേറെ. “എന്റെ ലോപ്പസ് ചേട്ടാ ഇതല്ലേ ഒരു രസം” . “തന്നെ തന്നെ” അയാള്‍ പിന്നെയും കളിയാക്കി.
രോഗികളെ രാവിലെ തന്നെ വിളിച്ചുണര്‍ത്തി കുളിപ്പിച്ചു വസ്ത്രം മാറ്റി കസേരയില്‍ ഇരുത്തണം. എന്നാലെ ഡോക്ടര്‍മാര്‍ വരുമ്പോള്‍ അവര്‍ക്ക് സന്തോഷമാകൂ. പ്രോഗ്രസ്സ് ഷീറ്റില്‍ “ SITTING OUT , LOOKING BRIGHT TODAY “ എന്ന്‍ എഴുതാനുള്ളതല്ലേ . അനുരാധക്ക് രാവിലെ തന്നെ രോഗികളുടെ ഉറക്കം കളയുന്നതിനോട് താല്‍പ്പര്യം കുറവ് ആണ്. രോഗികളെ എല്ലാവരെയും കുളിപ്പിച്ച് എരുത്തിയപ്പോഴേക്കും പ്രഭാത ഭക്ഷണം എത്തി . ചായ കുടിക്കാന്‍ കൂടി അവരെ സഹായിച്ചു കഴിഞ്ഞപ്പോഴേക്കും സ്റ്റാഫിന്‍റെ ബ്രേക്ക് സമയം ആയി.
കിച്ചനില്‍ നിന്ന്‍ ബിസ്ക്കറ്റും കാപ്പിയും എത്തിയപ്പോഴേക്കും യമുനാറാണിയുടെ കല്‍പ്പന വന്നു. ഫസ്റ്റ് ബ്രേക്ക്‌കാര്‍ അകത്തു പോയി ചായ കുടിക്കൂ… ആദ്യത്തെ ബ്രേക്ക്‌കാര്‍ ടീ റൂമിലേക്ക് കയറി. അനുരാധ,സുജ,ലോപ്പസ്….. ചായ കുടിക്കാന്‍ തുടങ്ങിയപ്പോഴേക്കും സുജയുടെ ആശ്ചര്യം കലര്‍ന്ന ശബ്ദം പുറത്തേക്കു വന്നു. “സിനിമക്കാര്‍ക്ക് നേഴ്സ്മാരെ ഇഷടമാണോ? അനൂ നീ ഒന്ന് നോക്കിക്കേ” ..അവളുടെ ഫേസ്ബുക്ക് ഫ്രണ്ട്‌സ് ആരോ സിനിമാനടന്‍ ജിഷ്ണുവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നു…നേഴ്സസ് ഡേ വിഷസ് … സുജക്ക് അത് വായിച്ച് കഴിഞ്ഞപ്പോഴേക്കും ആനന്ദക്കണ്ണീര്‍. അനുരാധക്ക് അതിലൊന്നും വിശ്വാസം ഇല്ല..എന്തോന്നു നേഴ്സസ് ഡേ. എന്നാ വന്നാലും പണിക്ക് യാതൊരു കുറവും ഇല്ല..
ബ്രേക്ക് തീരാറായപ്പോഴേക്കും യമുനറാണിയുടെ അശരീരി പുറത്ത് കേള്‍ക്കാറായി… NABH accreditation നു മുന്‍പായി മാനേജ്‌മന്റ് നടത്തുന്ന inspection ഉച്ച കഴിഞ്ഞ് 2 മണിക്കാണ്.എല്ലാവരും തയ്യാറായി ഇരിക്കണം. ‘’ ഇനി അതിന്‍റെ കുഴപ്പമേയുള്ളൂ’’ ലോപ്പസ് ചേട്ടന്‍ പിറുപിറുത്തു….ഇനി അടുത്ത ജോലി medicine round ആണ്.. പലര്‍ക്കും injections ആണ് കൂടുതല്‍ . വേദനസംഹാരികള്‍….
ഈ വാര്‍ഡില്‍ എത്ര പേര്‍ക്കാണ് കാന്‍സര്‍ , ഈ രോഗം ഇന്നില്ലാത്തവര്‍ കുറവ്…. ഒരു നെടുവീര്‍പ്പോടു കൂടി ഓരോ രോഗിക്കും മരുന്നു കൊടുക്കുമ്പോള്‍ അതില്‍ ഒരു ചെറിയ പുഞ്ചിരി കൂടി കലര്‍ത്താന്‍ അനുരാധ മറന്നില്ല . മെഡിസിന്‍ കഴിയാറായപ്പോഴേക്കും ഓരോ ഡോക്ടര്‍മാര്‍ അവരുടെ ടീമും ആയി എത്തി തുടങ്ങി. യമുനാറാണിക്ക് കുറച്ചു നേരത്തേക്ക് പണിയായി. ക്ലോസ്അപ്പ് ചിരിയോടെ അവര്‍ റെഡി ആയി. കര്‍ക്കശക്കാരനായ ഡോക്ടര് ജോസഫ്‌മാത്യു വരുമ്പോള്‍ മാത്രം അവരെ ഒഴിവാക്കാനായി ആ സമയം നോക്കി വേറെ എന്തെങ്കിലും പണി കണ്ടു പിടിക്കാന്‍ യമുനാറാണി മറക്കാറില്ല . ഹലോ, ഹൌ ആര്‍ യു എന്നു പറഞ്ഞ് “ ഷോ “ തുടങ്ങി..
അനുരാധ പ്രൈവറ്റ് റൂമുകളില്‍ ഒന്നില്‍ നിന്നും വന്ന call bell അറ്റന്‍ഡ് ചെയ്യാന്‍ പോയി . ബെല്ലടിച്ചത് അവള്‍ക്ക് വാര്‍ഡില്‍ ഏറ്റവും പ്രിയപ്പെട്ട രോഗിയാണ്, പേര്കൃഷ്ണമൂര്‍ത്തി.. ശ്വാസകോശത്തില്‍ കാന്‍സര്‍ ആണ് .. പക്ഷെ അദേഹത്തിന്‍റെ മുഖത്ത് ഒരിക്കലും ഒരു നിരാശ കണ്ടിട്ടില്ല . അദേഹത്തിന്‍റെ കുടുംബവും അത് പോലെ തന്നെ. എന്തിനാണ് ബെല്ല് അടിച്ചത് എന്ന് ചോദിച്ചപ്പോഴേക്കും ഒരു വലിയ ക്ഷമാപണത്തോടെ ആവശ്യമറിയിച്ചു.. വെള്ളം തീര്‍ന്നു പോയി മരുന്ന്‍ കഴിക്കണം. എഴുന്നേറ്റു നടന്നാല്‍ ശ്വാസം മുട്ടും . അനുരാധ വേഗം കിച്ചണില്‍ പോയി വെള്ളമെടുത്തു കൊടുത്തു. അല്പം നേരം കൂടി കുശലം പറഞ്ഞ ശേഷം അവള്‍ പുറത്തേക്കിറങ്ങി.
പണികള്‍ ഒന്നൊന്നായി കഴിഞ്ഞപ്പോഴേക്കും ലഞ്ച്ബ്രേക്ക് സമയമായി. ചപ്പാത്തിയും കറിയുമായി കാന്റീനിന്റെ ഒരു മൂലയില്‍ ഒതുങ്ങി ഇരിക്കാം എന്ന്‍ വിചാരിച്ചപ്പോഴേക്കും ഗൂഡ് afternoon സിസ്റ്റര്‍ എന്ന് പറഞ്ഞ് ഡോക്ടര്‍ ആരിഫ് മുന്‍പില്‍ വന്ന് ഇരുന്ന് കഴിഞ്ഞു.. ഓ ഈ വായില്‍നോക്കി ഇതെവിടെ നിന്ന് പൊട്ടി വീണു ? good afternoon ഡോക്ടര്‍ എന്ന് പറഞ്ഞ് അനു വേഗം ഭക്ഷണം കഴിക്കാനരംഭിച്ചു..
സിസ്റ്റര്‍ facebookല്‍ ഉണ്ടോ? ആരിഫിന്റെ അടുത്ത സംശയം.. ഇവനൊക്കെ രോഗികളെ നോക്കാനാണോ facebook നോക്കാനാണോ ഹോസ്പിറ്റലില്‍ വരുന്നത് ? പല ചോദ്യത്തിനും മറുപടി പറഞ്ഞും പറയാതെയും അവള്‍ ഭക്ഷണം കഴിച്ചു കാന്റീനില്‍ നിന്നും പുറത്തിറങ്ങി.വാര്‍ഡില്‍ തിരിച്ചു ചെന്നപ്പോഴേക്കും മാനേജ്മെനറിന്റെ inspection തുടങ്ങി കഴിഞ്ഞിരുന്നു.. എല്ലാം കഴിഞ്ഞ് അവര്‍ ഇറങ്ങിയപ്പോഴേക്കും വിസിറ്റിംഗ് ടൈം തുടങ്ങി .ഇനി സ്റ്റാഫിന് കുറച്ചു നേരം സമാധാനം .. കാള്‍ ബെല്ലിന്റെ എണ്ണം കുറയും..
കൃഷ്ണമൂര്‍ത്തിയുടെ മുറിയില്‍ നിന്ന് ഉച്ചത്തിലുള്ള ചിരിയും ഒച്ചയും കേള്‍ക്കാം. അ മനുഷ്യന്റെ ലോകം അയാളുടെ കുടുംബം ആണ്. ലോപ്പസ് ചേട്ടന്‍ പാന്റ്രി ബോയിസുമായ് കുശലത്തിലാണ് . അനുരാധ വെറുതെ വാര്‍ഡില്‍ ഒന്ന്‍ കറങ്ങി. പത്താം നമ്പര്‍ മുറിയില്‍ നിന്ന് പതിവ് പോലെ ഒരു ഒച്ചയുമില്ല . പക്ഷെ രാമന്‍ കര്‍ത്തക്ക് എന്നത്തേയും പോലെ ഒരു വിസിറ്റര്‍….. മകള്‍ ആരതി….. കര്‍ത്തായിക്ക് prostate കാന്‍സര്‍ ആണ്.. നിരാശ കൊണ്ടോ എന്തോ അയാള്‍ അധികം ഒന്നും സ്റ്റാഫിനോട് സംസാരിച്ചിരുന്നില്ല ….മകള്‍ ആരതിയോട് പോലും വര്‍ത്തമാനം പറയുന്നത് ആരും കേട്ടിട്ടില്ല…
മകളും വന്നാല്‍ ഒരു കോണില്‍ ഒതുങ്ങി പുസ്തകം വായിച്ചിരിക്കും .. അച്ഛനുള്ള വസ്ത്രങ്ങള്‍ അലക്കി ഇസ്തിരി ഇട്ടു കൊണ്ട് വരും, ലോക്കറില്‍ അടുക്കി വക്കും , ഭക്ഷണം വാങ്ങി വരും…. പക്ഷെ ,സംസാരം അനുരാധയോ മറ്റുള്ളവരോ കേട്ടിട്ടില്ല….എന്നിരുന്നാലും ആരതി സ്റ്റാഫിനോട് അസുഖവിവരങ്ങള്‍ കാര്യമായി തിരക്കാറുണ്ട്…. അനുരാധയോട് അവള്‍ നല്ല പരിചയത്തിലാണ്.
പാന്റ്രിയില്‍ നിന്നും തിരിച്ചു വന്ന ലോപ്പസ്ചേട്ടന്‍ അനുവിനോട് പതിയെ പറഞ്ഞു. “ ആരതി ഇന്നും എത്തിയല്ലോ ? ഒന്നും മിണ്ടാതെ ആ കുട്ടി എന്തിനാണ് അവിടെ ഇരിക്കുന്നത് ? അച്ഛനോട് അതിന് സ്നേഹം ഉണ്ടോ? അതോ ഇത് വെറും കടമ നിര്‍വഹിക്കലാണോ? അനുരാധക്കും ആരതിയോട് ദേഷ്യം തോന്നി.. ഈ അവസ്ഥയില്‍ പിതാവിനോട് ഒരു ആശ്വാസവാക്ക് പറഞ്ഞില്ലെങ്കില്‍ പിന്നെ എന്നാണ്?
വിസ്റ്റിംഗ് സമയം കഴിഞ്ഞ് പോകാറായപ്പോള്‍ ആരതി പതിവ് പോലെ നഴ്സിംഗ് സ്റ്റേഷനില്‍ എത്തി. അനു അവള്‍ക്ക് ഹൃദ്യമായ ഒരു പുഞ്ചിരി സമ്മാനിച്ചു. സ്ഥിതിഗതികള്‍ അറിഞ്ഞു പോകാന്‍ അവള്‍ തുടങ്ങിയപ്പോഴേക്കും അനുരാധ എന്ന നേഴ്സിന്‍റെ ഉള്ളിലെ കൌണ്‍സിലര്‍ പുറത്തിറങ്ങി.. അച്ഛനോട് മിണ്ടണം , ആശ്വാസവാക്ക് പറയണം, ഇനി സമയം അധികമില്ല … നെടുനീളത്തില്‍ ഇത്രയും പറഞ്ഞപ്പോഴേക്കും ആരതി മൌനം ഭഞ്ജിച്ചു ….
” സിസ്റ്റര്‍ ഞാനിവിടെ വരുന്നത് അയാളെ കണ്ട് ആശ്വാസവാക്ക് പറയാനല്ല I WANT TO SEE THAT BASTARD PASSING AWAY !!! I WANT TO ENJOY THAT MOMENT!!! “അപ്പോള്‍ കുട്ടി അദേഹത്തിന്‍റെ മകളല്ലേ?” അനുരാധയില്‍ നിന്നും വാക്കുകള്‍ പൊട്ടി വീണു……….. “
യെസ് ഐ ആം, ഞാന്‍ അയാളുടെ മകളാണ്…. പക്ഷെ, ,പക്ഷെ…….. പത്തു വയസ് മുതല്‍ പതിനേഴാം വയസു വരെ അയാള്‍ എന്നെ സ്വന്തം ഭാര്യ കൂടി ആക്കി, എന്റെ ബാല്യവും, കൌമാരവും എന്റെതല്ലാതാക്കി മാറ്റി… വിദേശജോലി തേടി പോയ എന്റെ അമ്മ ഇതൊന്നും അറിഞ്ഞില്ല… ഞാന്‍ ഇന്ന് വെറും ഒരു പ്രതിമ കണക്കെ ജീവിക്കുന്നതിനു കാരണം അയാളാണ്..” ആരതി ഒരേങ്ങലോടെ മുന്നില്‍ നിന്ന് കടന്ന് പോയപ്പോഴും അനുരാധ നിശ്ചലമായി നില്‍ക്കുന്നുണ്ടായിരുന്നു
ആതുരസേവനം എന്ന് ഓമനപ്പേരുള്ള ഈ ജോലിക്കിടയില്‍ ഒരു വ്യക്തി എന്തൊക്കെയാണ് കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടത്? ദുഖങ്ങളും , ദുരിതങ്ങളും , നിസ്ഹായവസ്ഥയും
എല്ലാം…..എല്ലാം……….അനുരാധക്ക് ഉള്ളില്‍ ഭയങ്കര സങ്കടം തോന്നി… പക്ഷെ അതിന് മറുപടി എന്നോണം അവളുടെ ഉള്‍ക്കണ്ണില്‍ വേറൊരു ചിത്രം തെളിഞ്ഞു വന്നു… മെഴുകുതിരി വെളിച്ചവും ആയി തൂവെള്ള വസ്ത്രം ധരിച്ചു നില്‍ക്കുന്ന സ്വന്തം രൂപം .. അതിനോടൊപ്പം എല്ലാ പരിശുദ്ധിയോടും ചേര്‍ന്ന് എടുത്ത ഒരു പ്രതിജ്ഞയും…….I
അന്ന് വൈകിട്ട് പകല്‍ കണ്ടതും കേട്ടതുമായ സംഭവങ്ങളെല്ലാം ഉള്ളില്‍ ഒതുക്കി നൈറ്റ് സ്റ്റാഫിന് റിപ്പോര്‍ട്ട് കൊടുത്ത് ദിവസം പൂര്‍ത്തിയാക്കി ഇറങ്ങുമ്പോള്‍ നാളെയും ലേറ്റായി വന്നു യമുനാറാണിയുടെ പ്രസംഗം കേള്‍ക്കാന്‍ റെഡിയായി ആശുപത്രിയുടെ കല്‍പ്പടവുകള്‍ അനുരാധ ഒറ്റ ശ്വാസത്തില്‍ ഓടി ഇറങ്ങി…………….
അമ്പിളി ചന്ദ്രന്‍, വാട്ടര്‍ഫോര്‍ഡ്