നാല്‍പത് ദിവസങ്ങള്‍ക്ക് മുന്‍പ് അജ്മാനില്‍ നിന്ന് കാണാതായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് വലിയപറമ്പില്‍ നീലാംബരന്റെ മകന്‍ ശ്രീകുമാറി(35)നെ കണ്ടെത്തി. അജ്മാന്‍ കോര്‍ണിഷില്‍ നിന്നാണ് ശ്രീകുമാറിനെ കണ്ടെത്തിയത്. കാണാതായ ഇയാളെ തേടി വൃദ്ധനായ അച്ഛന്‍ അജ്മാനിലേക്ക് എത്തിയത് സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീകുമാറിനെ തിരിച്ചറിഞ്ഞ വര്‍ക്കല സ്വദേശി ഉമേഷ് മകനെ അന്വേഷിച്ചെത്തിയ നീലാംബരനെ വിവരമറിയിച്ചത്. ഇതനുസരിച്ച് ഇന്നലെ രാത്രി എട്ടിന് നീലാംബരനും ബന്ധുക്കളും ചെന്ന് ശ്രീകുമാറിനെ താമസ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു.
അജ്മാനിലെ ഒരു ട്രാവല്‍സില്‍ ടിക്കറ്റ് ക്ലാര്‍ക്കായി ജോലി ചെയ്തിരുന്ന ശ്രീകുമാറി(35)നെ ഏപ്രില്‍ 12 മുതലാണ് താമസ സ്ഥലത്ത് നിന്ന് കാണാതായത്. ഇയാള്‍ ഓഫീസിലെത്താത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം ട്രാവല്‍സ് ഉടമ അറിഞ്ഞത്. ആശുപത്രി, ജയില്‍, മോര്‍ച്ചറി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വ്യാപക അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പിതാവ് ഈ മാസം ഒന്‍പതിന് നാട്ടില്‍ നിന്നെത്തുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ പരിചയക്കാരോടൊപ്പം അദ്ദേഹവും അന്വേഷണം നടത്തി. അജ്മാന്‍ മദീന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതനുസരിച്ച് പോലീസും അന്വേഷണം നടത്തിവരികയായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രീകുമാര്‍ ജോലി ചെയ്തിരുന്ന അജ്മാനിലെ ട്രാവല്‍സില്‍ നിന്ന് കൃത്യമായി ശമ്പളം ലഭിക്കാത്തതും പാസ്‌പോര്‍ട് നല്‍കാത്തതിലുമുള്ള വിഷമമാണ് ഇത്രയും ദിവസം കോര്‍ണിഷില്‍ കഴിയാന്‍ കാരണമെന്ന് ശ്രീകുമാര്‍ പിതാവിനോട് പറഞ്ഞു. കൃത്യമായി ഭക്ഷണം കഴിക്കാതെയായിരുന്നു കഴിഞ്ഞിരുന്നത്. റമസാന്‍ തുടങ്ങിയതോടെ തൊട്ടടുത്തെ പള്ളിയില്‍ നിന്ന് വൈകിട്ട് ഭക്ഷണം കഴിച്ചു. തന്നെ അന്വേഷിച്ച് പിതാവ് നാട്ടില്‍ നിന്ന് വന്നതൊന്നും അറിഞ്ഞിരുന്നില്ല. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മകനെയും കൊണ്ട് നാട്ടിലേയ്ക്ക് പോകുമെന്ന് നീലാംബരന്‍ പറഞ്ഞു.