Breaking News
Home / Lifestyle / വേദനയും അമർഷവും അറപ്പും വെറുപ്പും കൊണ്ട് ഞരങ്ങുന്നതിനു പകരം അലറുക, അലറിയലറികരയുക, ഒരു കരൾ നോവുന്ന കുറിപ്പ് ഇതാ..!!

വേദനയും അമർഷവും അറപ്പും വെറുപ്പും കൊണ്ട് ഞരങ്ങുന്നതിനു പകരം അലറുക, അലറിയലറികരയുക, ഒരു കരൾ നോവുന്ന കുറിപ്പ് ഇതാ..!!

വകയിലല്ലാത്ത ചേച്ചീടെ കല്യാണം നിശ്ചയിക്കുന്നത് ഇരുപത്തിരണ്ടാം വയസ്സിലാണ്. രണ്ടുമാസത്തിനുള്ളിൽ കല്യാണം. ഇപ്പൊ നടന്നില്ലെങ്കിൽ പിന്നെ മുപ്പതു കഴിഞ്ഞേ നടക്കൂ എന്നും പറഞ്ഞു ബലം പിടിച്ച് നടത്തിയ കല്യാണം. കന്യാദാനത്തിന്റെ സമയത്ത് പൊട്ടിക്കരഞ്ഞ ചേച്ചിയുടെ വിറയ്ക്കുന്ന മുഖം ഇന്നും ഓർമയിലുണ്ട്. വിവാഹത്തെ ചേച്ചി ഒരുപാട് എതിർത്തിരുന്നു. പഠനം തുടരണം എന്നായിരുന്നു ആഗ്രഹം. അനിയത്തിമാരും കുറേ എതിർക്കാൻ ശ്രമിച്ചു.

കല്യാണത്തലേന്നു സംഭവിച്ച ഒരുകാര്യം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. ചേച്ചിക്ക് മൈലാഞ്ചിയിടാൻ ചേച്ചിയും അനിയത്തിമാരും കൂടെ വൈകിട്ട് അഞ്ചുമണിയോടെ കൂട്ടുകാരിയുടെ വീട്ടിൽ പോയി. രണ്ടുകയ്യിലും മുട്ടുവരെയും രണ്ടുകളിലും ഇട്ടതോടെ മണി എട്ട്. ഒരുപാട് തവണ ഫോൺ വന്നിരുന്നു. തിരിച്ചു വീട്ടിലെത്തിയതും ശകാരത്തിന്റെ മേളം. അതിനിടയിൽ പൊങ്ങിയ ഒരു വൃത്തികെട്ട ഡയലോഗ് ഇപ്രകാരമായിരുന്നു. “വല്യ എതിർപ്പായിരുന്നല്ലോ കല്യാണത്തിന്. എന്നിട്ടിപ്പോ കണ്ട വീട്ടില് ഒരുങ്ങാൻ പോയിരിക്കുന്നു.”

എതിർത്ത വിവാഹം നടക്കുന്നതിൽ ആർക്കും ചോദ്യങ്ങൾ ഉണ്ടായില്ല. ഇനി മുപ്പതിലേ നടക്കൂ എന്നത് എല്ലാത്തിനെയും കവച്ചുവെച്ചിരുന്നു. ഇഷ്ടമില്ലാതെ വിവാഹം ചെയ്തവന്റെ അതിലേറെ വെറുക്കപ്പെട്ട വിയർപ്പും ശുക്ലവും ! വിവാഹനിശ്ചയത്തിനു കുറച്ചുനാളുകൾ മുൻപ് വരെ ചിരിച്ച പോലെ ചേച്ചി പിന്നെ ചിരിച്ചിട്ടില്ല!!
വാ തുറന്നു പറയാൻ പാടില്ലായിരുന്നോ എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് : ചില വീടുകളിൽ പെണ്ണുങ്ങൾ ഉറക്കെ ചിരിക്കാറില്ല. ഉറക്കെ കരയാറുമില്ല. അടിവയറിൽ ചവിട്ട് കൊണ്ടാലും ഞരക്കങ്ങൾ മാത്രം ഉയരുംവിധമാണ് അവർ പാകപ്പെട്ടിട്ടുള്ളത് !

പതുക്കെ വീട്ടുകാർക്ക് കാര്യങ്ങൾ മനസ്സിലായിത്തുടങ്ങി. വിവാഹമോചനം നടന്നു. ചേച്ചി വീണ്ടും ചിരിച്ച് തുടങ്ങി. കൂടെയൊരു കുഞ്ഞും മനോഹരമായി ചിരിച്ചുകൊണ്ടിരിക്കുന്നു.
ചേച്ചിക്ക് മുപ്പതു വയസ്സ് കഴിഞ്ഞു. ഇനിയും ഒരു പങ്കാളി വന്നിട്ടില്ല. പങ്കാളി ഒരു അത്യാവശ്യ കാര്യമല്ല. പക്ഷേ ചില നേരങ്ങളിൽ ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആത്മാവിന്റെ ആഴങ്ങളിൽ എത്താൻ ശക്തിയുള്ള ഒരു സൗഹൃദം വേണമെന്ന് ഞാൻ വിശ്വസിക്കുന്നു. ലിംഗപദവി പോലും തിരിച്ചറിയാൻ നമ്മൾ നമ്മുടെ കുഞ്ഞുങ്ങളെ അനുവദിക്കുന്നില്ല. പെണ്ണാണെങ്കിൽ എൽകേജിയിൽ ചേർക്കുന്ന അന്ന് തുടങ്ങും boy friendനെ കിട്ടിയോ, ആണാണെങ്കിൽ തിരിച്ചും. പിന്നെയാണ് വിവാഹമോചനശേഷമുള്ള പങ്കാളി !

വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടികളുടെ ആത്മഹത്യ ചെയ്ത ശരീരങ്ങൾ കാണുമ്പോൾ എന്നും വിങ്ങലാണ്. കഴിഞ്ഞ ദിവസവും ഒരു ഇരുപതുകാരി ഇതേ കാരണത്താൽ ആത്മഹത്യ ചെയ്ത് മരിച്ചുകിടക്കുന്നത് കണ്ടു. കൺപോളകളിൽ കറുത്ത ലൈനറും കൈകാൽ വിരലുകളിൽ ക്യൂട്ടെക്സും മൈലാഞ്ചിയും കണ്ടപ്പോൾ എനിക്കാ പഴയ വൃത്തികെട്ട ചോദ്യം മനസിലേക്ക് തികട്ടി വന്നു. “വലിയ എതിർപ്പായിരുന്നല്ലോ. പിന്നെന്തിനാ ഒരുങ്ങിയത്?”

ഒരുപക്ഷെ, ഏതെങ്കിലും ഒരു പയ്യൻ വഴിയിൽ അവളെ നോക്കി ചിരിച്ചതുകൊണ്ടാവും ധൃതിപിടിച്ച് കല്യാണം നിശ്ചയിച്ചത്. അല്ലെങ്കിൽ വേറെ ജാതിയിലോ കുലത്തിലോ ഉള്ള ചെറുക്കനുമായുള്ള ഇഷ്ട്ടം കണ്ടുപിടിച്ചതുകൊണ്ടാവും. അല്ലെങ്കിൽ ജാതകം. അതുമല്ലെങ്കിൽ അച്ഛൻ മരിച്ച കൊച്ചിനെ വേഗം ബാധ്യത തീർത്തു കെട്ടിച്ചു വിടൽ ! നഷ്ട്ടം എങ്ങനെയായാലും ആ പെൺകുട്ടിക്ക് മാത്രം.
പക്ഷേ, ഇങ്ങനെ ബലി നടത്തുന്ന മാതാപിതാക്കൾക്ക് ഈ ശവമല്ലാതെ ഇതിലും വലിയ, അവർ അർഹിക്കുന്ന മറ്റൊന്ന് കിട്ടാനുണ്ടോ എന്ന് അമർഷം കൊണ്ട് ചിലപ്പോളൊക്കെ തോന്നിയിട്ടുണ്ട്.
പക്ഷേ, പെൺശരീരങ്ങളേ…

ആൺമേധാവിത്വസമൂഹത്തിന്റെ എല്ലാ ചങ്ങലകളും പൊട്ടിച്ചെറിയാൻ നിങ്ങൾക്ക്‌ കഴിയും. വേദനയും അമർഷവും അറപ്പും വെറുപ്പും കൊണ്ട് ഞരങ്ങുന്നതിനു പകരം അലറുക, അലറിയലറികരയുക, കൂക്കിവിളിക്കുക, സന്ദർഭം ആവശ്യപ്പെടുന്നെങ്കിൽ നീചമായി തെറികൾ വിളിക്കുക, നിയമസംവിധാനത്തെ ഉപയോഗപ്പെടുത്തുക. നിങ്ങളുടെ അലർച്ചകൾ വൈകിയാണെങ്കിലും പുഞ്ചിരിയിൽ എത്തിയിരിക്കും. ഉറപ്പ്.
ആൺമേധാവിത്വമനസ്സുള്ള പെണ്ണുങ്ങളെ കൂടുതൽ സൂക്ഷിക്കുക. ഇഷ്ടമില്ലാത്തവന്റെ കൂടെ വിവാഹമെന്ന ഒറ്റക്കാരണം കൊണ്ടു കിടന്നു കൊടുക്കേണ്ടിവന്നെങ്കിലും, ചാകാതെ പിടിച്ചുനിന്ന, എന്നെങ്കിലും പുഞ്ചിരിക്കുമെന്ന സ്വപ്നത്തിൽ ജീവിച്ചു വിജയിച്ച ആ ചേച്ചിക്ക് എന്റെ ഉമ്മകൾ. ഇനിയും ചിരിക്കൂ. പൊട്ടിപ്പൊട്ടി ചിരിക്കൂ.

=ഒരു കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്തുന്നത് കണ്ടോ,
=ശോ വേറെ കല്യാണം പോലും കഴിക്കാതെ അല്ലേ പാവം,
= ഒരുങ്ങി കെട്ടി നടക്കുന്നത് കണ്ടില്ലേ, നാണം ഉണ്ടോ
= ഒറ്റയ്ക്ക് സിനിമക്ക് പോകുമോ / വിവാഹമോചനം കഴിഞ്ഞു കൂട്ടുകാരുടെ കൂടെ ടൂർ പോകുന്നോ
= കണ്ടാൽ ചെറുപ്പമാണല്ലോ, ഇനി വല്ല അവിഹിതവും ഉള്ളോണ്ടാവുമോ ഈ ചെറുപ്പം
ഇമ്മാതിരി എല്ലാ ചോദ്യങ്ങളും പുല്ലുവിലക്കു തള്ളിക്കളഞ്ഞു ജീവിക്കുന്ന നിനക്കെന്റെ വിപ്ലവാഭിവാദ്യങ്ങൾ.

വിവാഹം കഴിഞ്ഞ എത്ര പെണ്ണുങ്ങൾക്ക് കൂട്ടുകാരുടെ കൂടെ ടൂർ പോകാൻ കുടുംബം എന്ന വ്യവസ്ഥ സഹായകമാവുന്നുണ്ട് ???? എണ്ണം തുച്ഛമാകാനേ വഴിയുള്ളൂ.
വിവാഹമോചനം നേടിയ ശേഷം പോയാൽ എന്ത് ? Marital status നോക്കാതെ നമുക്കെല്ലാം ചെയ്യാൻ കഴിയേണ്ടതുണ്ട്.

കഴിഞ്ഞയാഴ്ച മലപ്പുറത്തുള്ള ഒരു പെൺകുട്ടി എനിക്ക് മെസ്സേജ് അയച്ചു. ജോലിസാധ്യതയുള്ള എന്തേലും ഒരു കോഴ്സ് പറഞ്ഞുതരുമോ എന്ന്. പ്ലസ് ടു കഴിഞ്ഞു. അവളെ സംബന്ധിച്ച് വീട്ടുകാർക്ക് ഇനി ആലോചിക്കാനുള്ളത് കല്യാണം മാത്രമാണ്. ജോലിസാധ്യത ഉള്ള കോഴ്സ് തുടങ്ങിവെക്കാനെങ്കിലും പറ്റിയാൽ, വിവാഹത്തിന് ശേഷം ആ പഠനം എന്നെങ്കിലുമൊന്നു മുഴുമിപ്പിച്ചു, വൈകിയാണെങ്കിൽപ്പോലും എന്നെങ്കിലും ഒരു ജോലി നേടാല്ലോ എന്നാണ് പറഞ്ഞത്

About Intensive Promo

Leave a Reply

Your email address will not be published.