ഭാര്യയെ സ്‌നേഹിക്കുന്ന ഒരു ഭര്‍ത്താവിനും ഒരു പക്ഷെ ഇതുക്കും മേലെ ചെയ്യാന്‍ കഴിയില്ലായിരിക്കാം. അതാണ് ജപ്പാനിലെ ഷിന്‍ടോമി നഗരത്തില്‍ കുറോകി എന്നയാള്‍ കാഴ്ച നഷ്ടപ്പെട്ട തന്റെ ഭാര്യയുടെ സന്തോഷത്തിനായി ചെയ്തത്. പരവതാനി പോലെ പരന്നു കിടക്കുന്ന സുഗന്ധപൂരിതമായ ഒരു പൂന്തോട്ടമാണ് കുറോകി തന്റെ കാഴ്ചയില്ലാത്ത ഭാര്യക്കായി ഒരുക്കിയത്.
ആ പൂക്കളുടെ സൗന്ദര്യം കണ്ട് ആസ്വദിക്കാന്‍ കഴിയില്ലെങ്കിലും അതിന്റെ സുഗന്ധം തന്റെ ഭാര്യയ്ക്ക് ആസ്വദിക്കാന്‍ കഴിയുമല്ലോ എന്ന ചിന്തയാണ് കുറോകിയെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്.
52ആം വയസിലാണ് കുറോകിയുടെ ഭാര്യയ്ക്ക് കാഴ്ച നഷ്ടപ്പെട്ടത്. കാഴ്ചയില്ലാതായതോടെ അവര്‍ മാനസികമായി തളര്‍ന്നുപോവുകയും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും തയ്യാറാവാതെയുമായി. ഒരിക്കല്‍ തന്റെ പൂന്തോട്ടത്തില്‍ വെള്ളം നനച്ചു കൊണ്ടിരിക്കെ ഷിബാസാകുറ എന്ന പൂ കിറോകിയുടെ ശ്രദ്ധയില്‍പ്പെട്ടു. കാഴ്ചയിലെ ഭംഗി മാത്രമല്ല നല്ല സുഗന്ധവും ഈ പൂവിനുണ്ടെന്ന് കുറോകി മനസിലാക്കി.
അതോടെയാണ് രണ്ട് വര്‍ഷമെടുത്ത് കുറോകി ആയിരക്കണക്കിന് ഷിബാസാകുറ പൂവ് കൊണ്ട് ഒരു വലിയ പൂന്തോട്ടം തന്നെയുണ്ടാക്കിയെടുത്തത്. അതിനായി വലിയ മരങ്ങള്‍ കുറോകി മുറിച്ചുമാറ്റി. പിങ്ക് നിറത്തിലുള്ള ഒരു കടല്‍ പോലെയാണ് ഈ പൂന്തോട്ടം കണ്ടാല്‍ തോന്നുക.വസന്തകാലത്ത് ഈ പൂന്തോട്ടം കാണാന്‍ നിരവധി പേരാണ് ഇവിടെയെത്തുന്നത്.