നമ്പർ – 343 , ലൈസൻസ്ഡ് കൂലി , പോർട്ടർ , സൗത്ത് റെയിൽവേ സ്റ്റേഷൻ , എറണാകുളം ’… കെ. ശ്രീനാഥിന്റെ മുഷിഞ്ഞ, ചുവന്ന ഷർട്ടിന്റെ പോക്കറ്റിലെ നെയിം ബോർഡിലെ വിവരങ്ങളാണിവ. ഇനി ഏറെക്കാലം ഈ വിലാസം ശ്രീനാഥിനു കൊണ്ടു നടക്കേണ്ടി വരില്ല. പ്രതികൂല സാഹചര്യങ്ങളെ പൊരുതിത്തോൽപ്പിച്ച് സ്വന്തമാക്കിയ സർക്കാർ ജോലി ഈ ചെറുപ്പക്കാരന്റെ കൈയെത്തും ദൂരത്തുണ്ട്. ഈ നേട്ടത്തിലേക്കെത്താൻ അയാൾ താണ്ടിയ ദൂരം ലക്ഷ്യങ്ങളിലേക്കു സഞ്ചരിക്കുന്ന ആർക്കും പ്രചോദനമാകുമെന്നതിൽ തർക്കം വേണ്ട.
തെരുവു വിളക്കിന്റെ വെളിച്ചത്തിലിരുന്നു പഠിച്ച് അമേരിക്കൻ പ്രസിഡന്റ് പദവിയോളം വളർന്ന എബ്രഹാം ലിങ്കന്റെ ജീവിതം ഒരുപക്ഷേ ശ്രീനാഥിനെയും സ്വാധീനിച്ചിട്ടുണ്ടാകാം. എങ്കിലും തന്റെ ജീവിതത്തിൽ സമാനമായ ഒരനുഭവം ഈ ചെറുപ്പക്കാരൻ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. എന്നാൽ അതു സംഭവിക്കുക തന്നെ ചെയ്തു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ചുമട്ടു തൊഴിലാളിയായ ശ്രീനാഥ് ജോലിക്കിടെ സ്റ്റേഷനിലെ വൈ-ഫൈ സൗകര്യം പ്രയോജനപ്പെടുത്തി പഠിച്ച് പിഎസ്സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കഥയ്ക്ക് സിനിമാക്കഥയോളം ത്രില്ലുണ്ട്. പരീക്ഷ പാസായ ശ്രീനാഥ് അഭിമുഖം കൂടി കഴിഞ്ഞാൽ ലാന്‍ഡ് റവന്യു വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായി ജോലിക്കു കയറാം.
ഇടുക്കി പെരുവന്താനം സ്വദേശിയായ ശ്രീനാഥ് പഠനം കഴിഞ്ഞ് സാമ്പത്തിക ബുദ്ധിമുട്ടുകൾ വേട്ടയാടിത്തുടങ്ങിയപ്പോഴാണ് അഞ്ചു വർഷം മുൻപ് ചുമട്ടു തൊഴിലാളിയായത്. അപ്പോഴും മനസ്സു നിറയെ സർക്കാർ ജോലിയെന്ന സ്വപ്നമായിരുന്നു. സാഹചര്യങ്ങൾ പിന്നിലേക്കു വലിച്ചെങ്കിലും പിൻമാറാൻ ശ്രീനാഥ് തയ്യാറായിരുന്നില്ല. ജോലിക്കിടയിലും എന്തു ത്യാഗം സഹിച്ചും പഠിക്കാൻ തീരുമാനിച്ചു. രണ്ടു വര്‍ഷം മുൻപ് അതിനുള്ള ശ്രമങ്ങളാരംഭിച്ചു. ആദ്യകാലത്ത് കോച്ചിങ്ങിന് പോയിരുന്നു. എന്നാൽ ജോലിയും ക്ലാസും ഒന്നിച്ചു കൊണ്ടു പോകുക ബുദ്ധിമുട്ടായി.
ഒരു ഘട്ടത്തിൽ ജോലി നിർത്തി പഠിക്കാൻ പോയാലോ എന്നു പോലും ചിന്തിച്ചു. അങ്ങനെയിരിക്കെ സ്റ്റേഷനിൽ വൈഫൈ സംവിധാനമായി. ഡിജിറ്റൽ ഇന്ത്യക്ക് ഇങ്ങനെയും ചില ഗുണങ്ങളുണ്ടെന്ന് ശ്രീനാഥ് മനസ്സിലാക്കി. അങ്ങനെ സ്റ്റേഷനിലെ വൈഫൈ പ്രയോജനപ്പെടുത്തി ഓൺലൈനിൽ പഠനം തുടങ്ങി. ജോലിയുടെ ഇടവേളയിൽ പി.എസ്.സി കോച്ചിങ്ങ് സൈറ്റുകളിൽ നിന്നും പാഠഭാഗങ്ങൾ കണ്ടും കേട്ടും വായിച്ചും പഠിക്കാൻ തുടങ്ങി. ചോദ്യോത്തരങ്ങളടങ്ങിയ പി.ഡി.എഫുകൾ പരമാവധി ഡൗൺലോഡ് ചെയ്തു. വിഡിയോ കണ്ട് പ്രധാന സംഭവങ്ങളുടെ വിവരങ്ങളൊക്കെ മനസ്സിലാക്കി.
റെയിൽവേയും പരമാവധി തുണച്ചു. ചില ട്രെയിനുകള്‍ രണ്ടും മൂന്നും മണിക്കൂറുകൾ വൈകിയതോടെ പഠനത്തിന് ധാരാളം സമയം കിട്ടി. പുലർച്ചെ 12ന് വരേണ്ട ട്രെയിനിൽ മൂന്നു മണിക്കൂർ വൈകുമ്പോൾ അത്രയും സമയം പഠനത്തിനായി നീക്കി വയ്ക്കും. ഉറക്കവും നഷ്ടമാകില്ല, പഠനവും നടക്കും. ഓണ്‍ലൈനായി പഠിച്ചത് കൊണ്ട് തനിക്ക് പുസ്തകത്തിനുള്ള കാശ് ലാഭമായതായി ശ്രീനാഥ് ചിരിയോടെ പറയുന്നു. ചുമടെടുക്കുമ്പോൾ ഇയർ ഫോണിൽ പാഠഭാഗം കേൾക്കുന്നതും ശ്രീനാഥിന്റെ ശീലമാണ്. അങ്ങനെ ലക്ഷ്യം എത്തിപ്പിടിച്ചു. ഇപ്പോൾ കൊച്ചിയിൽ മാത്രമല്ല അങ്ങ് ഡൽഹി വരെ ശ്രീനാഥിന്റെ കഥ എല്ലാവർക്കും അറിയാം.
ഡിജിറ്റൽ ഇന്ത്യയുടെ പ്രതിനിധി എന്ന നിലയിലാണ് ദേശീയ മാധ്യമങ്ങൾ അദ്ദേഹത്തെ അവതരിപ്പിക്കുന്നത്. ഭാര്യയും ഒരു വയസ്സുള്ള മകളും അടങ്ങുന്നതാണ് കുടുംബം. ശ്രീനാഥിന്റെ നേട്ടം സഹപ്രവർത്തകരെയും ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ചുമട്ടു ജോലിയിൽ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് ശ്രീനാഥ് രക്ഷപ്പെടുന്നതു മാത്രമല്ല ഇവരെ ആഹ്ളാദിപ്പിക്കുന്നത്. ആരോഗ്യം ക്ഷയിച്ചു ജീവിക്കേണ്ട അവസ്ഥ ഒഴിവാക്കാൻ കൂട്ടുകാരനായല്ലോ എന്നതുമാണ്. ഇപ്പോഴത്തെ ജോലി സന്തോഷിപ്പിക്കുന്നുവെങ്കിലും കൂടുതൽ നല്ല ജോലി ലഭിക്കും വരെ ശ്രമം തുടരാനാണ് ശ്രീനാഥിന്റെ തീരുമാനം. ശ്രീനാഥിന്റെ ജീവിതം ഒരു പ്രതീകമാണ്.
അടങ്ങാത്ത മോഹവും പ്രതീക്ഷയുമുണ്ടെങ്കിൽ ഏതു പ്രതികൂല സാഹചര്യങ്ങളെയും പൊരുതിത്തോൽപ്പിച്ച് ആർക്കും തങ്ങളുടെ ലക്ഷ്യ സ്ഥാനത്തേക്കെത്താമെന്നതിന്..