Breaking News
Home / Lifestyle / വിവാഹം കഴിഞ്ഞ് ഒരു വർഷം ആയപ്പോഴാണ് ഗൾഫിലേക്ക് വണ്ടി കയറിയത്

വിവാഹം കഴിഞ്ഞ് ഒരു വർഷം ആയപ്പോഴാണ് ഗൾഫിലേക്ക് വണ്ടി കയറിയത്

വിവാഹം കഴിഞ്ഞ് ഒരു വർഷം ആയപ്പോഴാണ് ഗൾഫിലേക്ക് വണ്ടി കയറിയത്.

വിവാഹത്തിന് മുന്പേ…
വിസ ഇപ്പോ ശരിയാവും.. ഇപ്പോ ശരിയാക്കിത്തരാ.. എന്ന് പറയാൻ തുടങ്ങിയിരുന്നെങ്കിലും.. അവസാനം ഇതാ ശരിയായി എന്ന് പറഞ്ഞപ്പോഴാണ് നാലുമാസം മുൻപ് നികാഹ് കഴിച്ചശേഷം അനിയനും കൂടി ഒരു പെണ്ണിനെ കണ്ടുപിടിച്ച് ഒരുമിച്ചു മതി വിവാഹം എന്ന തീരുമാനം പുനഃപരിശോധിക്കേണ്ടി വന്നത്.

വിവാഹത്തിയതി നിശ്ചയിച്ചു അതെ തിയ്യതിയിലേക്കു തന്നെ അനിയന്റെയും വിവാഹം ശരിയായപ്പോഴും വിവാഹം കഴിഞ്ഞ ഉടനെ തന്നെ എങ്ങനെ ഞാൻ ഗൾഫിലേക്ക് പോവും എന്നൊരു ശങ്ക ഉള്ളിലുണ്ടായിരുന്നു..

മംഗളകരമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞെങ്കിലും ദാ.. ശരിയായി എന്ന് പറഞ്ഞ വിസ മാത്രം വന്നില്ല..

പുതിയതായി കിട്ടിയ ഭർത്താവുദ്യോഗം കൊണ്ട് അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടു പോവുമ്പോഴാണ് പുതിയൊരു ശങ്ക പിടികൂടിയത്.. അതും പൊണ്ടാട്ടിയുടെ അടുത്തുനിന്നും..

അനിയനും ഭാര്യയും തങ്ങളെ ഓവർടേക്ക് ചെയ്യുമോ എന്നൊരു പേടി.. അനിയന്റെ ഭാര്യ ആദ്യം ഗർഭിണിയായാൽ ഇവൾക്ക് നാണക്കേടാണത്രെ..

വിഷയം ലവൾക്കുമാത്രമല്ല എനിക്കും ബാധിക്കുന്നതാണെന്നു മനസ്സിലാക്കി കാര്യഗൗരവത്തിലെടുത്തെങ്കിലും ഓരോ മാസം കൂടുമ്പോഴും ആഗ്രഹങ്ങൾ ചില്ലുകൊട്ടാരം പോലെ തകർന്നടിഞ്ഞുകൊണ്ടിരുന്നു .

അങ്ങനെ നാണം കെടാതിരിക്കാൻ ഒരുവർഷം കാലാവധി തന്നതിന് ശേഷമാണ് വിസ വരുന്നേ… വിസ വരുന്നേ.. എന്ന് പറഞ്ഞു കൊണ്ടിരുന്ന വിസ ശരിക്കും വന്നത്..

ഏതായാലും നാണം കെടാൻ തന്നെയായിരിക്കും യോഗം എന്നതിന്റെ അടിസ്ഥാനത്തിൽ പോവാൻ തീരുമാനിച്ചു.. പോവാനുള്ള ദിവസം വരെ യുദ്ധകാലാടിസ്ഥാനത്തിൽ വിഷയം ചർച്ച ചെയ്‌തെങ്കിലും തീരുമാനമൊന്നുമാവാതെ കരച്ചിലും പിഴിച്ചിലുമായി വീട്ടിൽ നിന്നിറങ്ങി..

ഷാർജ എയർപോർട്ടിൽ കൂടപ്പിറപ്പുകളും കൂട്ടുകാരുമായി സ്വീകരിക്കാൻ ഒരുപാട് പേരുണ്ടായിരുന്നു..

മൊബൈൽ ഫോൺ വല്യ പ്രചാരത്തിൽ ആയിട്ടില്ലാത്തതുകൊണ്ടു കത്തെഴുതൽ തന്നെയായിരുന്നു നാട്ടിലേക്കും.. തിരിച്ചിങ്ങോട്ടും..

തുടക്കത്തിൽ റോഡ് സൈഡിലുള്ള ടെലഫോൺ ബൂത്തിൽ ചെന്ന് ഉമ്മയെയും ഭാര്യയെയും വിളിക്കാൻ തുടങ്ങുമ്പോഴേക്കും കണ്ണിൽ നിന്ന് കണ്ണുനീർ വരുന്ന അസുഖം ഉള്ളത് കൊണ്ട് വിളി കുറച്ചു.

വന്നു ജോലിയിൽ കയറി 15 ദിവസം കഴിഞ്ഞപ്പോഴാണ് രാത്രി കളിക്കൂട്ടുകാരനായ അമ്മാവന്റെ മകൻ റൂമിലേക്ക്‌ വന്നത്.

അവനിൽകൂടിയാണ് ഞാൻ പോരുന്നതിനു മുൻപ് യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്ത പ്രവൃത്തിയൊന്നും വ്യഥാവിലായില്ല എന്നും ഞാൻ ഒരച്ഛനാവാൻ പോവുകയാണെന്നും അറിഞ്ഞത്.

അപ്പോൾ തന്നെ നാട്ടിലേക്കു വിളിച്ച് ഭാര്യയുടെ വായിൽ നിന്ന് തന്നെ അവളൊരു അമ്മയാവാൻ പോവുന്നുണ്ടെന്നു കേട്ടപ്പോഴാണ് ഞാനും ഒരച്ഛനാവുകയാണെന്നു ഉറപ്പിച്ചത്.

തുടർന്നങ്ങോട്ട് എഴുത്തുകളുടെ മഹാ പ്രളയം തന്നെയായിരുന്നു . ഓരോ ദിവസവും ജോലികഴിഞ്ഞു വന്നാൽ അവൾക്കു ഒരുപാട് എഴുതും. ഓരോ ആഴ്ച കൂടുമ്പോഴും നാട്ടിലേക്ക് പോവുന്നവർ ഉള്ളത് കൊണ്ട് ചില സമയങ്ങളിൽ ഒരു നോട്ടുബുക്ക് തന്നെ കൊടുത്തുവിടാറാണ് പതിവ്…

നാട്ടിൽ നിന്ന് അവളുടെ ഗർഭാവസ്ഥയിലെ ഓരോകാര്യങ്ങളും എഴുത്തിലൂടെ എന്നെയും തേടി വന്നു..

അവൾക്കു എട്ട് മാസം തികഞ്ഞ സമയത്താണ് ഞാൻ ഇവിടെ ജോലിക്കിടയിൽ കുറച്ച് ഉയരത്തിൽ നിന്ന് താഴെ വീണ് കാല് പ്ലാസ്റ്ററിട്ടു കുറച്ചുനാൾ റൂമിൽ കിടക്കേണ്ടി വന്നത്..

ഇത് നാട്ടിൽ അറിയാതിരിക്കാൻ കൂടപ്പിറപ്പുകളും കൂട്ടുകാരും ഒത്തൊരുമിച്ചതു കൊണ്ട് ആരും അറിഞ്ഞില്ല.. ഒന്നും സംഭവിക്കാത്തതുപോലെ വീട്ടുകാരുമായി സംസാരിക്കും.

ഇവിടെയുള്ള ഡോക്ടർമാർക്ക് നാട്ടിലെ ഒരു നഴ്സിന്റെ വിവരവും കൂടി ഇല്ലാത്തത് കൊണ്ട് കാലിൽ പ്ലാസ്റ്റർ ഇടുമ്പോൾ തിങ്ങി നിൽക്കുന്ന രോമത്തിനു മുകളിൽ കൂടി നല്ല പശയുള്ള വീതിയുള്ള ബാൻഡേജ് രണ്ട് വശത്തും ഒട്ടിച്ചിരുന്നു..

പ്ലാസ്റ്റർ ഇട്ട് ഒരു മാസം കഴിഞ്ഞപ്പോഴാണ് പ്ലാസ്റ്റർ ഒഴിവാക്കാൻ പോയത്.
അന്ന് ഒരു ഫെബ്രുവരി 12..
തലേന്ന് ഭാര്യയെ പ്രസവത്തിനു വേണ്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരുന്നു.. അതിന്റെ ടെൻഷനിൽ തന്നെയാണ് ഹോസ്പിറ്റലിൽ പോയത്. പ്ലാസ്റ്റർ പൊളിച്ചു കളഞ്ഞതിനു ശേഷം ബാൻഡേജ് ഒട്ടിച്ചത് ഇളക്കാൻ നോക്കിയിട്ട് നടക്കുന്നില്ല.. ഒരു മാസം കൊണ്ട് രോമവും തൊലിയും എല്ലാം കൂടി സെറ്റായിട്ടുണ്ട്..

അവസാനം ഡോക്ടർ ഒരു ഭാഗത്തുനിന്ന് ഒരു കത്രികയും ബ്ലേഡും കൊണ്ട് തൊലിയുരിക്കുന്നതു പോലെത്തന്നെ രണ്ടുമണിക്കൂർ കൊണ്ട് കാല് ഒരു വിധം തൊലിയുരിച്ചു തന്നു..

വേദന കൊണ്ട് പുളയുമ്പോഴും എന്റെ മനസ്സ് എനിക്കൊരു കണ്മണി പിറക്കാൻ പോകുന്നതിനുവേണ്ടി തയ്യാറെടുക്കുന്ന ഭാര്യയുടെ അടുത്തായിരുന്നു.. അതുകൊണ്ട് തന്നെ എന്റെ വേദന ഒന്നും തന്നെ ഞാനറിഞ്ഞില്ല..

എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് നാട്ടിൽ നിന്നും കാൾ വന്നത് ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്നും രണ്ടുപേരും സുഖമായി ഇരിക്കുന്നു എന്നും..

തൊലിയുരിക്കുന്നതിനിടയിൽ ഭാര്യയുടെ പ്രസവവും അഡ്മിറ്റ്‌ഉം ഡോക്ടറോടുള്ള സംസാരത്തിൽ പരാമർശിച്ചപ്പോൾ ഡോക്ടർ പറഞ്ഞ ഒരു വാക്കുണ്ട് .

നിനക്ക് നിന്റെ ഭാര്യയോട് ധൈര്യമായി പറയാം.. “നീ പ്രസവ വേദന അനുഭവിക്കുന്ന സമയത്തു തന്നെ ഞാനും ഇവിടെ വേദന കൊണ്ട് പുളയുകയായിരുന്നു” എന്ന്..

ഒരു സ്ത്രീയുടെ പ്രസവ വേദനക്ക് മുമ്പിൽ എന്റെ ഈ വേദന ഒന്നുമല്ലെന്നറിയാം..
എന്നാലും മോന്റെ ഓരോ ജന്മദിനത്തിലും ഞാൻ ആ ഹോസ്പിറ്റലിലെ ടേബിളിൽ കിടക്കുന്നതോർക്കാറുണ്ട്..

About Intensive Promo

Leave a Reply

Your email address will not be published.