Breaking News
Home / Lifestyle / കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ ഒരു എംഎല്‍എയ്ക്ക് നൂറു കോടി: കള്ളപ്പണത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് മോഡിക്കും കൂട്ടര്‍ക്കും എവിടെ നിന്നാണ് ഇത്രയും പണം: ബിജെപിയെ പൊളിച്ചടുക്കി മുഹമ്മദ് റിയാസ്..!!

കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ ഒരു എംഎല്‍എയ്ക്ക് നൂറു കോടി: കള്ളപ്പണത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് മോഡിക്കും കൂട്ടര്‍ക്കും എവിടെ നിന്നാണ് ഇത്രയും പണം: ബിജെപിയെ പൊളിച്ചടുക്കി മുഹമ്മദ് റിയാസ്..!!

ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിച്ച് കര്‍ണാടകയില്‍ ഭരണം നേടാന്‍ ബിജെപി നടത്തുന്ന പണക്കൊഴുപ്പ് രാഷ്ട്രീയത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ്. കള്ളപ്പണത്തിനെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച മോഡിക്കും കൂട്ടര്‍ക്കും എംഎല്‍മാരെ മറുകണ്ടം ചാടിക്കാന്‍ എവിടെ നിന്നാണ് ഇത്രയധികം പണം ലഭിക്കുന്നതെന്ന് റിയാസ് ഫേസ്ബുക്കില്‍ രചിച്ച പോസ്റ്റില്‍ ചോദിക്കുന്നു.

2015-2016,2016-2017 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിയുടെ വരുമാനത്തിലുണ്ടായ വര്‍ദ്ധനവ് 81.18 ശതമാനമാണ്. ഔദ്യോഗിക കണക്കുകളില്‍ ഇത്രയും തുകയാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ ഇതിലുമെത്രയോ കോടികളായിരിക്കും അവരുടെ സമ്പാദ്യം.

നോട്ട് നിരോധനത്തിന്റെ ദുരിതം ജനംജീവിതത്തില്‍ ഇന്നും തുടരുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ അക്കൗണ്ടിലേക്ക് കോടികള്‍ ഒഴുകുന്നതെന്ന വസ്തുതയും റിയാസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. കര്‍ണാടകയില്‍ നടക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമല്ലെന്നും, മാഫിയ പ്രവര്‍ത്തനമാണെന്നും അഭിപ്രായപ്പെട്ടാണ് റിയാസ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

”ഇത് രാഷ്ട്രീയ പ്രവർത്തനമല്ല,
മാഫിയ പ്രവർത്തനമാണ്..”

ഒരു എം.എൽ.ഏക്ക് നൂറു കോടി രൂപ! ജനാധിപത്യത്തിന്റെ കൂട്ടക്കശാപ്പ് നടക്കുന്ന കർണ്ണാടകയിൽ ഭരണം പിടിക്കാൻ ബി.ജെ.പി ഒഴുക്കുന്ന പണത്തിന്റെ കണക്കാണിത്. അഴിമതിക്കും കള്ള പ്പണത്തിനുമെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച മോദിക്കും കൂട്ടർക്കും എവിടെ നിന്നാണ് ഇത്രയും പണം?

കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷത്തിൽ ബി.ജെ.പി തന്നെ സമർപ്പിച്ച വരുമാന നികുതി കണക്കുകൾ തന്നെ പരിശോധിക്കാം. 2015-16, 2016-17 സാമ്പത്തിക വർഷങ്ങളിൽ ബി.ജെ.പിയുടെ വരുമാനത്തിലുണ്ടായ വർദ്ധനവ് 81.18 ശതമാനമാണ്! അതായത് 570.86 കോടിയിൽ നിന്നും 1034 കോടിയായി വരുമാനം കൂടി.

ഈ കാലഘട്ടത്തിൽ ഇന്ത്യയിലെ എല്ലാ ദേശീയ പാർട്ടികൾക്കുമായി കിട്ടിയ സംഭാവനയിൽ 66.4 ശതമാനവും ബി.ജെ.പിയുടെ കീശയിലാണ് വീണത്. 606 കോടി രൂപയാണ് ഇതേ കാലയളവിൽ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള പ്രചരണ പ്രവർത്തനങ്ങൾക്കായി ബി.ജെ.പി ചിലവഴിച്ചത്. ഇതെല്ലാം ഔദ്യോഗിക കണക്കുകൾ മാത്രം. യഥാർത്ഥ കണക്കുകൾ ഇതിലുമെത്രയോ ഇരട്ടി കോടികളായിരിക്കാം.

രാഷ്ടീയ പാർട്ടികൾക്ക് സംഭാവനയായി ലഭിക്കുന്ന പണത്തിന്റെ ദാതാക്കളുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തേണ്ടത് നിർബന്ധമില്ല.
ബി.ജെ.പിക്ക് ലഭിച്ച 1034 കോടിയിൽ 997.12 കോടിയും ഇങ്ങനെ ‘അജ്ഞാതർ’ നൽകിയ സംഭാവനയാണ്. ജനസംഖ്യയുടെ ഭൂരിഭാഗവും നോട്ട് നിരോധനത്തിന്റെ കെടുതികൾ അനുഭവിച്ചു കൊണ്ടിരുന്ന അതേ സമയത്താണ്, ബി.ജെ.പിയുടെ അക്കൗണ്ടിലേക്ക് രേഖകളിലാത്ത കോടികൾ ഒഴുകിയെത്തിയതെന്ന് ഓർക്കണം.

തങ്ങൾക്ക് ലഭിക്കുന്ന കോടികളുടെ കണക്കു വിവരങ്ങൾ പൊതുജനങ്ങളിൽ നിന്നും, ആദായ നികുതി വകുപ്പിൽ നിന്നും മറച്ചു വെയ്ക്കുന്നതിനായി മോദി കൊണ്ടു വന്ന സ്ഥിരം സംവിധാനമാണ് ഇലക്ടോറൽ ബോണ്ട്. ആർക്കും എത്ര കോടിയുടെയും മൂല്യത്തിൽ വാങ്ങാം, ഏതു പാർട്ടിയുടേയും അക്കൗണ്ടിൽ നിക്ഷേപിക്കാം. കൊടുക്കുന്നവരുടെയും വാങ്ങുന്നവരുടെയും ‘സ്വകാര്യത’ കാത്തു സൂക്ഷിക്കപ്പെടും.

ഈ രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, എന്തിനധികം, ഇടത്തരക്കാരും പാവങ്ങളും ജീവനോപാധി കണ്ടെത്തുന്ന ചില്ലറ വ്യാപാര മേഖല സ്വദേശി- വിദേശി കുത്തകകൾക്ക് ഒരു നാണവുമില്ലാതെ കൊള്ളയടിക്കാൻ തുറന്നു കൊടുക്കുന്നതിന്റെ അച്ചാരം വാങ്ങിയാണ് ഇന്ന് ബി.ജെ.പി പണക്കൊഴുപ്പിൽ തടിച്ചു ചീർക്കുന്നത്. അധികാര ദുർമേദസിന്റെയും കള്ള പണ കൊഴുപ്പിന്റെയും ദുർഗന്ധമാണ് കർണ്ണാടകയിൽ വിഷം പോലെ പരക്കുന്നത്, അവിടുത്തെ ജനവിധി അട്ടിമറിക്കുന്നത്.

ഇത് രാഷ്ട്രീയ പ്രവർത്തനമല്ല..
മാഫിയ പ്രവർത്തനമാണ്..

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *