രചന: അസ് മാസ്
നിങ്ങളിതെന്തൊരു പിശുക്കനാണ് ഇക്കാ…
നിങ്ങളയച്ച പണം ഒന്നിനും തികഞ്ഞില്ല . മക്കൾക്ക് പോലും മനസ്സിനിഷ്ടപ്പെട്ട ഡ്രസ്സൊന്നും എടുക്കാൻ കഴിഞ്ഞില്ല..
എന്താണ് സുലൂ… നിയീ പറയുന്നത്…?
അൻപതിനായിരം രൂപ അയച്ചു തന്നിട്ട് നിങ്ങൾക്ക് മൂന്നു പേർക്ക് ഡ്രസ്സ് എടുക്കാൻ തികഞ്ഞില്ല എന്നോ…?
ഇക്കാ…. നിങ്ങളീ എച്ചികണക്ക്
പറയരുത് ട്ടോ..
എന്റെ ആങ്ങളയുടെ കല്യാണമല്ലേ…
തലേദിവസം അണിയാൻ ഒരുകൂട്ടം
ഡ്രസ്സ് വേണ്ടേ…
പെണ്ണിനെ കൊണ്ടുവരാൻ പോകുമ്പോൾ ഒരുകൂട്ടം മാറ്റിയുടുക്കണ്ടേ…
കല്യാണത്തിന്റെ പിറ്റേദിവസം സൽക്കാരത്തിന് പോകുമ്പോൾ തലേ ദിവസം കല്യാണത്തിന് ഉപയോഗിച്ച ഡ്രസ്സ് തന്നെ ഉപയോഗിക്കുന്നത് മോശമല്ലേ…
ഒന്നുമില്ലെങ്കിൽ ഞാനൊരു പ്രവാസിയുടെ ഭാര്യയല്ലേ…
സുലൂ…. ചുരുക്കിപ്പറഞ്ഞാൽ ഒരു കല്യാണത്തിന് മൂന്നു കൂട്ടം ഡ്രസ്സ് വേണമെന്ന്. അല്ലേ…
നിങ്ങൾക്കെന്താണിക്കാ ഒരു ഇഷ്ടമില്ലാത്തതുപോലെ ..
അല്ലെങ്കിലും ഞാൻ ഉടുത്തൊരുങ്ങി നടക്കുന്നത് നിങ്ങൾക്ക് ഇഷ്ടമല്ലല്ലോ…
നിങ്ങൾക്ക് എന്നോട് ഒരു സ്നേഹവും ഇല്ല.
നിങ്ങൾക്കറിയുമോ നമ്മുടെ അടുത്ത വീട്ടിലെ ഹസീനയുടെ കെട്ടിയവൻ അവള്‍ക്ക് …
തുടരാനനുവദിക്കാതെ സലിം ഇടക്ക്
കയറി പറഞ്ഞു..
മതി മതി ..
ഇനി നീ സലീനയുടേയും ഹസീനയുടെയും കഥ പറഞ്ഞ് പിണങ്ങണ്ട..
കുറവുള്ള പണം ഞാൻ അയച്ചു തരാം..
വല്ലപ്പോഴുമുള്ള ഈ ഫോണ്‍വിളി മാത്രമാണ് എന്റെ സന്തോഷം..
ആ സമയമെങ്കിലും നിന്റെ പരിഭവങ്ങളും പരാതികളും കേള്‍ക്കാതിരിക്കാനാണ് നീ ചോദിക്കുന്നതെല്ലാം നടത്തി തരുന്നത്..
പക്ഷേ നീ ഒന്ന് ഓർക്കണം ..
നമുക്ക് വളർന്നുവരുന്നത് രണ്ട് പെൺകുട്ടികളാണ് ..
അവരുടെ പഠനവും ഭാവിയും അങ്ങനെ ഒരുപാട് ഉത്തരവാദിത്തങ്ങൾ നമുക്കുണ്ട്..
നാളേക്കുവേണ്ടി നമുക്കൊന്നും
സ്വരുക്കൂട്ടി വെക്കാൻ കഴിഞ്ഞിട്ടില്ല..
ഇവിടത്തെ ജോലിക്ക് ഒരു ഗ്യാരണ്ടിയും ഇല്ല.. നാളെ നേരം വെളുക്കുമ്പോൾ നിന്നെയെനിക്ക് പണിക്ക് വേണ്ട എന്ന് മുതലാളി പറഞ്ഞാൽ പൊടിയുംതട്ടി
തിരിച്ചു പോരേണ്ടി വരും ..
വിദേശത്തുള്ള ഒരു ഭർത്താവിന് പണം സമ്പാദിക്കാൻ മാത്രമേ കഴിയൂ ..
അത് സൂക്ഷിച്ച് ചെലവഴിക്കാനും മിച്ചം വെക്കാനും മിടുക്കു കാട്ടേണ്ടത് ഭാര്യയാണ്..
ഒരു പ്രവാസിയുടെ കഷ്ടപ്പാടുകളും അവരുടെ പണത്തിന്റെ മൂല്യവും വീട്ടുകാർ മനസ്സിലാക്കിയില്ലെങ്കിൽ പ്രവാസിയുടെ ജീവിതം വെള്ളത്തിൽ വരച്ച വരപോലെ ശൂന്യമായിരിക്കും..
ഞങ്ങൾക്ക് ഇവിടെയുള്ള എല്ലാ കഷ്ടപ്പാടുകളും മറച്ചുവച്ചുകൊണ്ട് നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നടത്തിതരുന്നത് വല്ലപ്പോഴുമുള്ള ഈ ഫോൺ വിളിയിൽ നിങ്ങളുടെ പരിഭവങ്ങളും പരാതികളും കേൾക്കാതെ കുറച്ചു സമയമെങ്കിലും സന്തോഷത്തോടെ സംസാരിക്കാമല്ലോ എന്നു വിചാരിച്ചിട്ടാണ്..
എന്നാൽ ശരി എനിക്ക് ഡ്യൂട്ടിക്ക്
ഇറങ്ങാൻ സമയമായി.
ഒരു മണിക്കൂർ കൂടിയേ ബാക്കിയുള്ളൂ..
ആ സമയം കൊണ്ട് വസ്ത്രം അലക്കണം, കുളിക്കണം ,ഭക്ഷണം ഉണ്ടാക്കണം ,
അത് കഴിക്കണം..
എന്നാല്‍ ശരി
ഞാൻ പിന്നെ വിളിക്കാം … വെക്കട്ടേ..
ഫോൺ കട്ട് ചെയ്ത് സലീം അടുക്കളയിലേക്ക് പോകുമ്പോൾ മനസ്സിൽ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ..
ഇപ്പോള്‍ ഒരു ദിവസത്തില്‍ എട്ട് മണിക്കൂര്‍ ഒഴിവ് കിട്ടുന്നുണ്ട്…
ഉറക്കം നാല് മണിക്കൂറായാലും കുഴപ്പമില്ല.
ബാക്കിയുള്ള നാല് മണിക്കൂറില്‍ ചെയ്യാന്‍ പറ്റിയ എന്തെങ്കിലുമൊരു പാര്‍ട്ട്ടൈം ജോലി കണ്ടെത്തണം..
അല്ലാതെ മുന്നോട്ട് പോകില്ല…
അരി കഴുകിയിട്ട് ബാത്റൂമിലേക്ക് ഒാടുമ്പോഴും അലക്കലും കുളിയും കഴിഞ്ഞ് വന്ന് ഭക്ഷണം കഴിക്കാന്‍ സമയമില്ലാതെ ഇറങ്ങി ഒാടുമ്പോഴും മനസ്സില്‍ ഒരു ചിന്തയേ ഉണ്ടായിരുന്നൊള്ളു…
നാല് മണിക്കൂറിന് ഒരു പാര്‍ട്ട്ടൈം ജോലി കിട്ടണം…