കസ്റ്റഡിയില്‍ എടുത്ത യുവാവിനെ മൂക്കുകൊണ്ട് ഷൂ തുടപ്പിച്ച സംഭവത്തില്‍ പോലീസുകാരന് സസ്പെന്‍ഷന്‍. വീഡിയോയില്‍ പകര്‍ത്തിയ സംഭവം വൈറലായതോടെയാണ് പോലീസുകാരന് പിടിവീണത്.
ഉത്തര്‍പ്രദേശിലെ കൗറാ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ വിജേന്ദ്ര സിങ്ങിനെ മെയിന്‍പുരി എസ്പി അജയ് ശങ്കര്‍ റായ് ആണ് സസ്പെന്റ് ചെയ്തത്.
തിങ്കളാഴ്ച കൗറ പോലീസ് സ്റ്റേഷനിലാണ് വിവാദമായ സംഭവം നടന്നത്.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനാണ് പോലീസ് ഇടപെട്ടത്. ഒരു ചടങ്ങില്‍ ഡിജെയായി പ്രവര്‍ത്തിക്കാന്‍ സുധീര്‍ കുമാര്‍ എന്നയാളോട് രവി യാദവ് എന്നയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ പരിപാടി നടന്നില്ല. അതിന്റെ പേരില്‍ ഏറ്റിരുന്ന 2000 രൂപ കുമാറിന് നല്‍കാന്‍ യാദവ് തയ്യാറായില്ല. ഇതിനെചൊല്ലിയുള്ള തര്‍ക്കത്തിനിടെ കുമാര്‍ യാദവിനെ അടിച്ചിരുന്നു.
യാദവിന്റെ പരാതിയില്‍ കുമാറിനെ പിടികൂടാന്‍ കോണ്‍സ്റ്റബിള്‍ വീജേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അയാളുടെ വീട്ടിലെത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച കുമാറിനെ പോലീസുകാര്‍ പിടികൂടി. ഇതിനിടെയാണ് കോണ്‍സ്റ്റബിള്‍ വീജേന്ദ്ര സിംഗ് കുമാറിനെ നിലത്ത് കിടത്തി മൂക്ക് കൊണ്ട് തന്റെ ഷൂ തുടപ്പിച്ചത്. സ്ഥലത്തുണ്ടായിരുന്ന ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം നവമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് കോണ്‍സ്റ്റബിളിന് ‘പണികിട്ടിയത്’.