തെെറോയ്ഡിനകത്തെ പ്രശ്‌നങ്ങള്‍ കൊണ്ടല്ലാതെയും തൈറോയ്ഡ് രോഗങ്ങള്‍ വരാം. തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കുറഞ്ഞാലും കൂടിയാലും ശരീരത്തെ വലിയ തോതിലാണ് ബാധിക്കുന്നത്. തൈറോയ്ഡിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ഇന്‍ഫോ ക്ലിനിക്ക് ഫെയ്‌സ്ബുക്ക് പേജില്‍ ഡോ. ടി എം ജമാല്‍ എഴുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ഇയാളുടെ സ്വഭാവത്തിന് ഈയിടെ ആയി വല്ലാത്ത മാറ്റം. ആകെ കൂടി ഒരു വെപ്രാളം.. ഒരു സ്ഥലത്തു അടങ്ങി ഇരിക്കില്ല. ഉറക്കം തീരെ ഇല്ല.. എല്ലാരേയും എപ്പോഴും തുറിച്ചു നോക്കുന്നു…തടി മെലിഞ്ഞു പരവശമായി… തീറ്റ കുറവൊന്നും ഇല്ല താനും..’
ഇങ്ങനെ വെപ്രാളവും തുറിച്ചു നോക്കലും കാരണം ഒരു മാനസിക രോഗ ഡോക്ടറെ അടുത്തിടെ കാണിച്ചു. ഡോക്ടര്‍ മരുന്നു തന്നെങ്കിലും അസുഖത്തിന് മാറ്റമില്ല ‘
ഭര്‍ത്താവുമായി ഒപിയില്‍ വന്ന ഒരു സ്ത്രീ പറഞ്ഞ കാര്യങ്ങളാണ് മുകളില്‍ പറഞ്ഞത്.
എന്റെ മുന്നില്‍ ഇരിക്കുന്ന അയാളുടെ മുഖത്തേക്ക് ഞാനും ഒന്നു സൂക്ഷിച്ചു നോക്കി. മുഖത്തു നിറയെ വിയര്‍പ്പു കണങ്ങള്‍. ശരിയാണ്, കണ്ണുകള്‍ കുറച്ചു പുറത്തേക്കു തള്ളി വന്നിട്ടുണ്ട്.. കണ്ണിലേക്കു നോക്കിയാല്‍ തുറിച്ചു നോക്കുന്ന പോലെയുണ്ട്. മേശപ്പുറത്തു അലക്ഷ്യമായി വച്ച അയാളുടെ കൈകള്‍ ചെറുതായി വിറയ്ക്കുന്നുണ്ട്. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം വളരെ വ്യക്തമായ ഉത്തരം തരുന്നുണ്ടായിരുന്നു അയാള്‍.. മാനസികമായി ഒരു കുഴപ്പം ഉള്ളതായി തോന്നിയേ ഇല്ല .
ചില അസുഖങ്ങള്‍ അങ്ങനെയാണ്.. രോഗി റൂമിലേക്ക് കടന്നു വരുമ്പോള്‍ തന്നെ മനസിലാവും.. രോഗിയെ തൊട്ടു നോക്കേണ്ട കാര്യം പോലും ഇല്ല.. അകലെ നിന്നു നോക്കി മനസിലാക്കാവുന്ന ചുരുക്കം ചില രോഗങ്ങളില്‍ ഒന്നുമായാണ് അയാള്‍ എന്റെ മുന്നില്‍ ഇരിക്കുന്നത്..
‘നമുക്ക് തൈറോയ്ഡ് ഒന്നു പരിശോധിക്കണം . അയാളുടെ കഴുത്തില്‍ വളരെ ശ്രദ്ധയോടെ നോക്കിയാല്‍ മാത്രം കാണാന്‍ പാകത്തിലുള്ള തൈറോയ്ഡ് മുഴയിലേക്കു കണ്ണു പായിച്ചു കൊണ്ടു ഞാന്‍ പറഞ്ഞു..
പ്രതീക്ഷിച്ച പോലെ തന്നെ രക്തത്തില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് വളരെ കൂടുതല്‍.. Hyperthyroidism എന്ന അസുഖമാണ് ..ചികിത്സ തുടങ്ങി ഒരു മാസം കഴിഞ്ഞു അയാളെ വീണ്ടും കണ്ടപ്പോള്‍ അത്ഭുതകരമായ മാറ്റം.. നേരത്തെ ഉണ്ടായിരുന്ന അസ്വസ്ഥതയും ഉറക്കക്കുറവും തുറിച്ചു നോട്ടവും ഇല്ലാതായി. കൈ വിറയല്‍ പൂര്‍ണ്ണമായും മാറി. നഷ്ടപ്പെട്ട തടി വീണ്ടും കൂടാന്‍ തുടങ്ങി ..
തൈറോയ്ഡ് എന്താണെന്ന് അറിയാത്തവര്‍ ചുരുക്കമായിരിക്കും. തൈറോയ്ഡ് അസുഖങ്ങള്‍ പല തരത്തിലുണ്ട്. എന്നാല്‍ തൈറോയ്ഡ് പ്രവര്‍ത്തനം കുറഞ്ഞു പോവുന്ന Hypothyroidism എന്ന അസുഖമാണ് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പരിചയം. തൈറോയ്ഡ് രോഗം എന്നാല്‍ Hypothyroidism മാത്രമാണെന്ന് പോലും പലരും ധരിച്ചു വച്ചിരിക്കുന്നു. അതുകൊണ്ടാണ് ഡോക്ടര്‍മാരുടെ അടുത്തു ചെല്ലുമ്പോള്‍ തൈറോയ്ഡിന്റെ ഗുളിക കഴിക്കുന്ന ആളാണ് എന്നതില്‍ കവിഞ്ഞു കൂടുതല്‍ ഒന്നും പറയാന്‍ അറിയാതെ വരുന്നത്..
കഴുത്തിനു മുന്‍വശത്ത് പൂമ്പാറ്റയുടെ ആകൃതിയില്‍ കാണുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഹോര്‍മോണുകളുടെ അളവ് കുറഞ്ഞാലും കൂടിയാലും ശരീരത്തില്‍ അടിമുടി പ്രശ്‌നങ്ങളാണ്.. അത്രയും പ്രാധാന്യമുണ്ട് തൈറോയ്ഡിന്. എന്നാല്‍ തൈറോയ്ഡ് ഗ്രന്ഥി സ്വമേധയാ ആണോ ഈ ജോലികള്‍ എല്ലാം ചെയ്യുന്നത്? ഒരിക്കലുമല്ല.. മുകളില്‍ ഇരുന്നു ഒരാള്‍ എല്ലാം കാണുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.. അയാളാണ് തലയില്‍ സ്ഥിതിചെയ്യുന്ന ഇത്തിരിക്കുഞ്ഞന്‍ പിറ്റിയൂട്ടറി ഗ്രന്ഥി. ഈ ഗ്രന്ഥിയില്‍ നിന്നും വരുന്ന TSH എന്ന ഹോര്‍മോണ് നല്‍കുന്ന പ്രോത്സാഹനത്തിന്റെ ബലത്തിലാണ് തൈറോയ്ഡ് ഗ്രന്ഥി പ്രവര്‍ത്തിക്കുന്നത്. പിറ്റിയൂട്ടറി ഗ്രന്ഥിയാവട്ടെ hypothalamus എന്ന മറ്റൊരു ഗ്രന്ഥിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്..
പറഞ്ഞു വരുന്നത്, തൈറോയ്ഡിനകത്തെ പ്രശ്‌നങ്ങള്‍ കൊണ്ടല്ലാതെയും തൈറോയ്ഡ് രോഗങ്ങള്‍ വരാം എന്നതാണ്. മുകളില്‍ നിന്ന് ലഭിക്കുന്ന പ്രോത്സാഹനത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്താലും ആ വ്യത്യാസം തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തില്‍ കാണാന്‍ കഴിയും
ഇനി തൈറോയ്ഡിനെ ബാധിക്കുന്ന അസുഖങ്ങളിലേക്കു വരാം.
ഏറ്റവും സാധാരണയായി കാണപ്പെടുന്ന തൈറോയ്ഡ് രോഗം, ഹോര്‍മോണ്‍ കുറവാകുന്ന അവസ്ഥ അഥവാ Hypothyroidism ആണ്
Autoimmune thyroiditis /hashimoto’s thyroiditis എന്ന അസുഖമാണ് Hypothyroidism ത്തിന്റെ ഏറ്റവും പ്രധാന കാരണം. ശരീരത്തിലെ പ്രതിരോധ സമ്പ്രദായം തന്നെ സ്വന്തം. തൈറോയ്ഡിനെ അബദ്ധത്തില്‍ നശിപ്പിച്ചു കളയുന്ന അവസ്ഥ..
ഭക്ഷണത്തിലെ iodine അളവ് കുറഞ്ഞാലും കൂടിയാലും തൈറോയ്ഡ് പ്രവര്‍ത്തനം തകരാറില്‍ ആവാം. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി കഴുത്തില്‍ റേഡിയേഷന്‍ അടിച്ചാലും, തൈറോയ്ഡ് ഗ്രന്ഥിയില്‍ മറ്റു അസുഖങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സര്‍ജറി മൂലവുമെല്ലാം ഗ്രന്ഥിയിടെ പ്രവര്‍ത്തനം.കുറയാനിടയുണ്ട്. ഹൃദയതിന്റെ അസുഖം, മാനസിക രോഗങ്ങള്‍ തുടങ്ങിയ അവസ്ഥയില്‍ ഉപയോഗിക്കുന്ന ചില മരുന്നുകളും തയ്റോയ്ഡ് പ്രവര്‍ത്തനം തകരാറിലാക്കാറുണ്ട്.
അപൂര്‍വ്വമായി പാരമ്പര്യമായി ചില എന്‍സ്യ്മുകളുടെ പ്രവര്‍ത്തന തകരാര്‍ മൂലവും Hypothyroidism വരാം. Autoimmune അല്ലാത്ത മറ്റു ചില തരം thyroiditis ഉം പിന്നീട് തൈറോയ്ഡിന്റെ പ്രവര്‍ത്തനം തകരാറിലാക്കാറുണ്ട്.
തൈറോയ്ഡിനെ മുകളില്‍ നിന്നും നിയന്ത്രിക്കുന്ന പിറ്റിയൂട്ടറി, ഹൈപോതലാമസ് ഗ്രന്ഥികളുടെ പ്രവര്‍ത്തന തകരാറുകളും ചിലപ്പോള്‍ Hypothyroidism ത്തിനു കാരണമാവാറുണ്ട്
എന്തൊക്കെയാണ് Hypothyroidism ലക്ഷണങ്ങള്‍ ?
ദീര്‍ഘകാലമായിട്ടുള്ള കഠിനമായ Hypothyroidism പരിചയ സമ്പന്നനായ ഒരു ഡോക്ടര്‍ക്കു രോഗിയെ ദൂരെ നിന്ന് കാണുമ്പോള്‍ തന്നെ മനസിലാക്കാന്‍ കഴിയും. ഒന്നോ രണ്ടോ വാചകങ്ങള്‍ സംസാരിക്കുക കൂടി ചെയ്താല്‍ പിന്നെ ഒന്നും നോക്കാനില്ല.
നീരു വന്നു വീര്‍ത്ത മുഖം, കണ്‍പോളകള്‍, ആരോഗ്യമില്ലാത്ത, എളുപ്പത്തില്‍ കൊഴിയുന്ന തിളക്കമില്ലാത്ത മുടി, വരണ്ട, പരുപരുത്ത ചര്‍മ്മം, ഊര്‍ജ്ജം ഒട്ടും ഇല്ലാത്ത മുഖം… ഇത്തരത്തില്‍ ഒരാള്‍ നിങ്ങളോടു പരുപരുത്ത, ശബ്ദത്തില്‍ പതിയെ സാവധാനം സംസാരിക്കുന്നുണ്ടോ ? ഉറപ്പായും അയാളുടെ തൈറോയ്ഡ് പരിശോധിച്ചിരിക്കണം..
മറ്റനേകം ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവ മാത്രം താഴെ കൊടുക്കുന്നു..
ഉറക്കം കൂടുതല്‍, തടി കൂടല്‍
കാലില്‍ നീര്
ഹൃദയത്തിലും ശ്വാസകോശത്തിലും നീര്
മലബന്ധം
ആര്‍ത്തവ ക്രമക്കേടുകള്‍
വന്ധ്യത
ചില പേശികള്‍ അസാധാരണമാം വിധം വലുതാവല്‍
രക്ത സമ്മര്‍ദ്ദം, cholesterol തുടങ്ങിയവ വര്‍ധിക്കല്‍..
മേല്‍ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എല്ലാ രോഗികളിലും ഉണ്ടാവണം എന്നില്ല. ചിലരില്‍ വളരെ നേരിയ തോതിലുള്ള ലക്ഷണങ്ങള്‍ മാത്രമേ കാണൂ.. അതു കൊണ്ടു തന്നെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കൊണ്ടു വരാന്‍ സാധ്യതയുള്ള എന്ത് ലക്ഷണങ്ങളുമായി വന്നാലും സംശയം തീര്‍ക്കാന്‍ തൈറോയ്ഡ് പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടാറുണ്ട്.
ഇനി തൈറോയ്ഡ് ഹോര്‍മോണ്‍ അധികം ആയാലുള്ള Hyperthyroidism എന്ന അവസ്ഥ എങ്ങനെയെന്നു നോക്കാം
പല കാരണങ്ങള്‍ കൊണ്ടു തൈറോയ്ഡ് ഹോര്‍മോണ്‍ അളവില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കപ്പെടാം.. പ്രധാന കാരണങ്ങള്‍ ഇവയാണ്
Graves disease. തൈറോയ്ഡ് ഗ്രന്ഥി മൊത്തത്തില്‍ വീങ്ങി വലുതായി കൂടുതല്‍ ഹോര്‌മോണ് നിര്‍മ്മിക്കപ്പെടുന്നത് അവസ്ഥ
Toxic multi nodular goiter:- തൈറോയ്ഡ് ഗ്രന്ധിക്കകത്തു അനേകം ചെറിയ മുഴകള്‍ രൂപപ്പെട്ടു ആ മുഴകളില്‍ കൂടുതല്‍ ഹോര്‌മോണ് ഉല്‍പ്പാദനം നടക്കുന്ന അവസ്ഥ.
Toxic nodule: ഒരു മുഴ മാത്രം ഉണ്ടായി അതില്‍ നിന്നും കൂടുതല്‍ ഹോര്‌മോണ് നിര്‍മ്മിക്കപ്പെടുന്ന അവസ്ഥ.
പിറ്റിയൂട്ടറി, ഹൈപ്പോതലാമസ് ഗ്രന്ഥികളില്‍ ഉണ്ടാവുന്ന മുഴകള്‍..
Thyroiditis അസുഖത്തിന്റെ ചില ഘട്ടങ്ങള്‍
മറ്റു ചില അവയവങ്ങളില്‍ ഉണ്ടാവുന്ന മുഴകളും കാന്‍സറുകളും അപൂര്‍വ്വമായി തൈറോയ്ഡ് ഹോര്‌മോണ് നിര്‍മ്മിക്കുകയും ടോട്ടല്‍ ഹോര്‌മോണ് അളവ് കൂട്ടുകയും ചെയ്തു Hyperthyroidism ത്തിനു വഴിയൊരുക്കാം..
രോഗ ലക്ഷണങ്ങള്‍:
തുടക്കത്തില്‍ പറഞ്ഞ രോഗിയുടെ കാര്യം ഓര്‍ക്കുക. ശരീരം അടിമുടി ഉലച്ചു കളയുന്ന അസുഖമാണ് Hyperthyroidism . പ്രധാന ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്
ശരീരം മെലിയല്‍
പേശികള്‍ക്ക് ബലം കുറയല്‍
കൈ വിറയല്‍
നെഞ്ചിടിപ്പ് കൂടല്‍
കണ്ണുകള്‍ പുറത്തേക്കു തള്ളിവരിക
വിശപ്പ് കൂടല്‍
ഹൃദയത്തിന്റെ മിടിപ്പിലും pumping ലും പ്രശ്‌നങ്ങള്‍
കൂടുതല്‍ തവണ വയറ്റില്‍ നിന്നും പോവല്‍
വിയര്‍പ്പു കൂടുത്തലാവല്‍
കാരണം അറിയാത്ത, നീണ്ടു നില്‍ക്കുന്ന പനി
എല്ലാ രോഗികളിലും മേല്പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടാവണമെന്നില്ല.
Thyroiditis :
Thyroid കോശങ്ങള്‍ക്ക് താല്‍ക്കാലികമായോ സ്ഥിരമായോ വരുന്ന പരിക്ക് മൂലം അവിടെ സ്റ്റോര്‍ ചെയ്തു വച്ചിരിക്കുന്ന ഹോര്‍മോണുകള്‍ മുഴുവന്‍ ഒന്നിച്ചു രക്തത്തിലേക്ക് പുറംതള്ളപ്പെടുന്ന അവസ്ഥയാണിത്. ശരീരം സ്വന്തം കോശങ്ങളെ സ്വയം നശിപ്പിക്കുന്ന antibody നിര്‍മ്മിക്കുന്ന അവസ്ഥ മുതല്‍ ചില തരം വൈറസ് അണുബാധയും ചില മരുന്നുകളുമെല്ലാം ഈ അവസ്ഥയിലേക്ക് നയിക്കാം. സ്റ്റോര്‍ ചെയ്യപ്പെട്ട ഹോര്‍മോണുകള്‍ ഒന്നിച്ചു രക്തത്തിലേക്ക് തള്ളപ്പെടുന്നതിനാല്‍ ഈ അസുഖത്തിന്റെ ആദ്യ ഘട്ടത്തിലെ രക്തപരിശോധന റിപ്പോര്‍ട്ട് നേരത്തെ പറഞ്ഞ Graves disease പോലെ തന്നെയിരിക്കും.. ചിലപ്പോഴെങ്കിലും ഇത് കണ്ടു തെറ്റായ ചികിത്സ രോഗികള്‍ക്ക് ലഭിക്കാറുണ്ട്. എന്നാല്‍ graves disease ല്‍ കൊടുക്കുന്ന ചികിത്സ thyroidits ന് ആവശ്യമേ ഇല്ല. Graves disease രോഗികളില്‍ കാണുന്ന തരത്തിലുള്ള ഒരു ലക്ഷണങ്ങളും സാധാരണയായി ഇത്തരം രോഗികളില്‍ കണാറുമില്ല. Nuclear scan എന്ന ടെസ്റ്റ് ഉപയോഗിച്ചു കൃത്യമായ രോഗ നിര്‍ണ്ണയം സാധ്യമാണ്. എന്നാല്‍ ഈ ടെസ്റ്റ് ചുരുക്കം സ്ഥലങ്ങളില്‍ മാത്രമേ ചെയ്യുന്നുള്ളൂ.. പക്ഷെ പരിചയ സമ്പന്നനായ ഒരു ഡോക്ടര്‍ക്ക് ഈ ടെസ്റ്റ് ഇല്ലാതെ തന്നെ ശരിയായ രോഗനിര്‍ണ്ണയം നടത്താന്‍ പ്രയാസമില്ല.
കോശങ്ങള്‍ക്ക് സംഭവിച്ച നാശം മൂലം thyroid പ്രവര്‍ത്തനം മന്ദഗതിയിലായി ഹോര്‍മോണ്‍ ലെവല്‍ കുറഞ്ഞു hypothyroid അവസ്ഥയിലേക്ക് നീങ്ങുന്നതാണ് അസുഖത്തിന്റെ രണ്ടാം ഘട്ടം. പിന്നീട് ഏതാനും ആഴ്ചകള്‍ കഴിഞ്ഞാല്‍ thyroid കോശങ്ങള്‍ പൂര്‍വസ്ഥിതി കൈവരിക്കുന്നതോടെ ഹോര്‍മോണ്‍ ലെവല്‍ സാധാരണ സ്ഥിതിയിലേക്ക് വരും. എന്നാല്‍ ചെറിയൊരു ശതമാനം ആളുകളില്‍ പിന്നീട് കോശങ്ങള്‍ recover ചെയ്യാതെ സ്ഥിരമായി hypothyroid ആയി പോവാറുണ്ട്. അത്തരം ആളുകള്‍ ജീവിത കാലം മുഴുവനും Thyroxin ഗുളിക കഴിക്കേണ്ടി വരും
Thyroid മുഴകള്‍ :-
സര്‍വ്വ സാധാരണയായി കണ്ടു വരുന്ന അസുഖമാണ് Thyroid മുഴകള്‍. പലരിലും കടുത്ത ആശങ്ക ഉണ്ടാക്കുന്ന അവസ്ഥയാണിത്. Thyroid മുഴകള്‍ പലതരത്തിലുണ്ട്. ഭൂരിഭാഗം മുഴകളും കാര്യമായിട്ട് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കാത്തവയാണ് . പ്രശ്‌നക്കാരല്ല എന്ന് ഉറപ്പു വരുത്തിയ ശേഷം ഇത്തരം ഒരു മുഴ കഴുത്തില്‍ കൊണ്ട് നടക്കുന്നത് കൊണ്ട് പ്രത്യേകിച്ച് കുഴപ്പങ്ങള്‍ ഒന്നും ഇല്ല.. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ചെക്ക് അപ്പ് ചെയ്താല്‍ മതിയാകും. എന്നാല്‍ ക്രമാതീതമായി വലുതാവുകയും ശ്വാസകുഴലും അന്നനാളവും ചുറ്റുമുള്ള വസ്തുക്കളും അമര്‍ത്തപ്പെടുന്ന അവസ്ഥയാണെങ്കില്‍ ശസ്ത്രക്രിയ ചെയ്തു മുഴ നീക്കം ചെയ്യല്‍ നിര്‍ബന്ധമാണ്. കഴുത്തിന് മുന്‍ഭാഗത്തെ മുഴ ഒരു സൗന്ദര്യ പ്രശ്‌നമായി തോന്നുന്നവര്‍ക്കും മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതാണ്.
ഒരു Thyroid മുഴ കണ്ടാല്‍ എന്ത് ചെയ്യും ??
ഒട്ടുമിക്ക thyroid മുഴകളും പ്രശ്‌നക്കാരല്ല എന്ന് പറഞ്ഞല്ലോ.. ഈ പ്രശ്‌നം എന്ന് ഉദ്ദേശിച്ചത് പ്രധാനമായും Thyroid നെ ബാധിക്കുന്ന കാന്‍സറുകളെകളെയാണ്. ഒരു ഡോക്ടറുടെ പ്രധാനപ്പെട്ട ജോലി ഇക്കാര്യം ഉറപ്പു വരുത്തലാണെന്നു പറയാം. Thyroid കാന്‍സര്‍ പൊതുവേ അത്ര സാധാരണയായി കാണപ്പെടുന്നതല്ലെങ്കില്‍ പോലും തുടക്കത്തിലേ ചികിസിച്ചാല്‍ പരിപൂര്‍ണ്ണമായി സുഖപ്പെടുത്താവുന്ന തരം Thyroid cancers ഉണ്ട്. അബദ്ധവശാല്‍ അത് കണ്ടുപിടിക്കപ്പെടാതെ പോവുന്നത് ഒട്ടും ആശ്വാസ്യകരമല്ല.
Thyroid ഗ്രന്ഥി കൈ കൊണ്ട് വിശദമായി പരിശോധിക്കുന്നത് വഴി തന്നെ മുഴയുടെ ഏതാണ്ട് ഒരു സ്വഭാവം മനസിലാക്കാന്‍ കഴിയും. അടുത്ത പടിയായി thyroid ഹോര്‍മോണ്‍ ലെവല്‍ നോക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ Thyroid ഗ്രന്ഥിയുടെ ഒരു അള്‍ട്രാ സൗണ്ട് സ്‌കാനും ആവശ്യമാണ്. അള്‍ട്രാ സൗണ്ട് സ്‌കാനിലൂടെ ഏതു തരത്തില്‍ ഉള്ള മുഴയാണെന്ന് വ്യക്തത വരുത്താന്‍ കഴിയും. അതോടൊപ്പം തന്നെ കാന്‍സര്‍ സംശയിക്കാവുന്ന ലക്ഷണങ്ങള്‍ വല്ലതും ഉണ്ടോ എന്നും സ്‌കാനിലൂടെ അറിയാം . ഇത്തരം സംശയകരമായ വല്ലതുമുണ്ടെങ്കില്‍ FNAC എന്ന സൂചി കുത്തി സാമ്പിള്‍ എടുക്കുന്ന പരിശോധന നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട് . കാന്‍സര്‍ ലക്ഷണങ്ങള്‍ ആണ് FNAC യില്‍ കാണുന്നതെങ്കില്‍ അതതു കാന്‍സറിന് അനുസരിച്ചുള്ള ചികിത്സ ആവശ്യമാണ്.
ഇനി തൈറോയ്ഡ് function ടെസ്റ്റിനെ കുറിച്ചു ചില കാര്യങ്ങള്‍ മനസിലാക്കാം. വളരെ സാധാരണയായി ചെയ്യപ്പെടുന്ന ഒരു ടെസ്റ്റ് ആണിത്. ഒട്ടനവധി അബദ്ധ ധാരണകള്‍ ഇതേ കുറിച്ച് ജനങ്ങള്‍ക്ക് ഉണ്ട് താനും.
T3, T4 എന്ന രണ്ടു ഹോര്‍മോണുകളാണ് പ്രധാനമായും തൈറോയ്ഡ് ഗ്രന്ഥിയില്‍ നിര്‍മ്മിക്കപ്പെടുന്നത്. T3, T4 ഹോര്‍മോണുകള്‍ കുറഞ്ഞു പോവുന്ന അവസ്ഥയാണ് Hypothyroidism. പ്രസ്തുത ഹോര്‍മോണുകള്‍ കൂടുന്ന അവസ്ഥയെ Hyperthyroidism എന്നു പറയും. തൈറോയ്ഡിനകതെ പ്രശ്‌നങ്ങള്‍ കാരണം T3, T4 ഹോര്‍മോണുകള്‍ ആവശ്യത്തില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടാല്‍ സ്വാഭാവികമായും ശരീരം അതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴികള്‍ ആലോചിക്കും.. പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ നിന്നും ലഭിക്കുന്ന പ്രോത്സാഹനം വെട്ടിക്കുറച്ചാണ് ശരീരം അതിനായി ശ്രമിക്കുന്നത്.. T3, T4 വളരെ കൂടുതലും TSH വളരെ കുറവും ആണെങ്കില്‍ തൈറോയ്ഡ് ആവശ്യത്തില്‍ കൂടുതല്‍ ഹോര്‍മോണ്‍ നിര്‍മ്മിക്കുന്നുണ്ടെന്നു മനസിലാക്കാം.. Hyperthyroidism രോഗികളില്‍ ഇങ്ങനെയാണ് തൈറോയ്ഡ് ടെസ്റ്റിന്റെ റിപ്പോര്‍ട്ട് കിട്ടുന്നത്..
ഇനി തൈറോയ്ഡ് ഹോര്‍മോണ്‍ വേണ്ട രൂപത്തില്‍ ഉല്‍പാദനം നടക്കുന്നില്ലെങ്കിലോ .. T3, T4 ലെവല്‍ കുറയും.. സ്വാഭാവികമായും പിറ്റിയൂട്ടറി ഗ്രന്ഥി കൂടുതല്‍ TSH ഉല്‍പ്പാദിപ്പിച്ചു ഈ അവസ്ഥ മറികടക്കാന്‍ ശ്രമിക്കും… T3, T4 കുറഞ്ഞു TSH കൂടുന്ന ഈ അവസ്ഥയാണ് Hypothyroidism .
പലപ്പോഴും ജനങ്ങള്‍ TSH നെ തൈറോയ്ഡുമായി നേരിട്ടു ബന്ധിപ്പിക്കുന്നത് കാണാം. TSH കൂടിയാല്‍ തൈറോയ്ഡ് കൂടുതല്‍ എന്നും കുറഞ്ഞാല്‍ തൈറോയ്ഡ് കുറഞ്ഞു പോയി എന്നുമാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. അസുഖത്തിന്റെ വിവരങ്ങള്‍ ചോദിക്കുമ്പോള്‍ ഈ ആശയക്കുഴപ്പം പലരിലും പ്രകടമാവാറുണ്ട്.
മേല്‍ പറഞ്ഞ അത്ര തന്നെ എളുപ്പമല്ല ചില സന്ദര്‍ഭങ്ങളില്‍ തൈറോയ്ഡ് ടെസ്റ്റ് വിശകലനം ചെയ്യാന്‍.. പിറ്റിയൂട്ടറി, hypothalamus ഗ്രന്ഥികളുടെ തകരാര്‍ മൂലം ഉണ്ടാവുന്ന തൈറോയ്ഡ് പ്രശ്‌നങ്ങളില്‍ മുകളില്‍ പറഞ്ഞ രൂപത്തിലല്ല ഹോര്‌മോണ് റിപ്പോര്‍ട്ട് വരുന്നത്.. ഇത്തരത്തിലുള്ള തൈറോയ്ഡ് പ്രശ്‌നങ്ങള്‍ വളരെ അപൂര്‍വ്വം ആയതിനാലും ലേഖനം വലുതും complicated ഉം ആവുമെന്നതിനാലും തല്‍ക്കാലം ആ ഭാഗം വിശദീകരിക്കുന്നില്ല.
ഗര്‍ഭകാലത്ത് തൈറോയ്ഡ് ടെസ്റ്റ് ചെയ്യുമ്പോള്‍ ഇത്തരത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ഗര്‍ഭ സമയത്തു സാധാരണയായി ശരരീരത്തില്‍ ഉള്ള പല ഹോര്‌മോണുകളും തൈറോയ്ഡ് ടെസ്റ്റിനെ ബാധിക്കും. റിപ്പോര്‍ട്ട് വിശകലനം ചെയ്യുമ്പോള്‍ ഇക്കാര്യം ഓര്‍ക്കേണ്ടതുണ്ട്.
സ്റ്ററോയ്ഡ് മരുന്നുകള്‍, മാനസിക രോഗങ്ങള്‍ക്കുള്ള ചില മരുന്നുകള്‍, ചില ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങിയവയും കിഡ്‌നി, കരള്‍ സംബന്ധമായ ചില അസുഖങ്ങള്‍, കഠിന്യമേറിയ മറ്റു ചില അസുഖങ്ങളിലുമെല്ലാം തൈറോയ്ഡ് ടെസ്റ്റില്‍ മാറ്റങ്ങള്‍ വന്നേക്കാം. തൈറോയ്ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചികിത്സ തുടങ്ങുന്നതിനു മുന്നെ ഇക്കാര്യങ്ങളെല്ലാം ഡോക്ടര്‍മാര്‍ വിലയിരുത്താറുണ്ട്.
Thyroiditis എന്നറിയപ്പെടുന്ന അസുഖത്തിന്റെ കാര്യത്തിലും തൈറോയ്ഡ് ടെസ്റ്റ് തെറ്റിദ്ധരിപ്പിച്ചേക്കാം. ചിലപ്പോഴെങ്കിലും ടെസ്റ്റിന്റെ അടിസ്ഥാനതില്‍ തെറ്റായ രൂപത്തില്‍ രോഗികള്‍ ചികില്‌സിക്കപ്പെടാറുള്ള ഒരു അസുഖമാണ് thyroiditis.
ഗര്‍ഭിണിയും തൈറോയ്ഡും :-
ഗര്‍ഭ കാലത്തെ Thyroid പ്രശ്‌നങ്ങള്‍ പലരിലും ആശങ്കകള്‍ ഉണ്ടാക്കാറുണ്ട്. Thyroid ഹോര്‍മോണ്‍ കൂടിയാലും കുറഞ്ഞാലും അമ്മയ്ക്കും കുഞ്ഞിനും പ്രശ്‌നമാണ്..Hyperthyroidism അമ്മയ്ക്ക് രക്തസമ്മര്‍ദം കൂടല്‍, അബോര്‍ഷന്‍, പ്രായം തികയാതെയുള്ള പ്രസവം, കുഞ്ഞിനു വളര്‍ച്ചക്കുറവ് എന്നിവയിലേക്ക് നയിക്കാം. Hypothyroidism കുഞ്ഞിന്റെ ബുദ്ധി വികാസത്തിന് ഗുരുതരമായ തകരാറുകള്‍ വരുത്തിവെയ്ക്കാന്‍ സാധ്യതയുണ്ട്.
Thyroid സംബന്ധമായ അസുഖം നേരത്തെ ഉള്ളവര്‍ അസുഖം പരിപൂര്‍ണ്ണ നിയന്ത്രണത്തിലാക്കിയ ശേഷം ഗര്‍ഭിണിയാവുന്നതാണ് ഉചിതം. ഗര്‍ഭിണികള്‍ക്കും അതിനു തയ്യാറെടുക്കുന്നവര്‍ക്കുമുള്ള ടാര്‍ഗറ്റ് TSH ലെവല്‍ സധാരക്കാരിലും കുറവാണ്. ഒറ്റ നോട്ടത്തില്‍ നോര്‍മല്‍ എന്ന് തോന്നുന്ന റിപ്പോര്‍ട്ടുമായി ഡോക്ടറുടെ അടുത്ത് ചെന്നാലും Thyroxin മരുന്ന് കുറിച്ച് തരുന്നത് എന്തിനാണെന്ന് ശങ്ക വേണ്ട.
ജന്മനായുള്ള തൈറോയ്ഡ് ഹോര്‍മോണ്‍ കുറവ് (Congenital hypothyroidism)
തൈറോയ്ഡ് ഗ്രന്ഥി വേണ്ട വിധം വളര്‍ച്ച പ്രാപിക്കാതിരിക്കുകയോ തൈറോയ്ഡ് ഹോര്‍മോണ്‍ നിര്‍മ്മാണത്തിന് വേണ്ട ചില എന്‍സൈമുകള്‍ ജന്മനാ ഇല്ലാതിരിക്കുകയോ ചെയ്യുന്നതാണ് ജന്മനാ Hypothyroidism ഉണ്ടാവാനുള്ള പ്രധാന കാരണം. Hyperthyroidism ഉള്ള അമ്മ, തൈറോയ്ഡ് ഹോര്‍മോണ്‍ കുറക്കാന്‍ വേണ്ടി കഴിക്കുന്ന മരുന്നുകള്‍ ചിലപ്പോള്‍ കുഞ്ഞിന്റെ നോര്‍മല്‍ തൈറോയ്ഡ് ഗ്രന്ഥിയില്‍ കടന്നു ചെന്ന് Hypothyroidism ഉണ്ടാക്കിയേക്കാം . തക്ക സമയത്ത് ഇത് തിരിച്ചറിയപ്പെടാതെ പോയാല്‍ കുഞ്ഞിന്റെ ബുദ്ധി വികാസത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ ജനിച്ച ഉടനെ എല്ലാ കുഞ്ഞുങ്ങള്‍ക്കും തൈറോയ്ഡ് ഹോര്‍മോണ്‍ പരിശോധന നടത്താറുണ്ട്.
തടിച്ചു വീങ്ങിയ മുഖം, വലുതായി, ചിലപ്പോള്‍ പുറത്തേക്കു തള്ളി നില്‍ക്കുന്ന നാവ്, ആകെ കൂടി ബലം ഇല്ലാതെ ബ്ലാ ബ്ലാ എന്നമട്ടിലുള്ള രൂപം, പരുപരുത്ത ശബ്ദത്തിലുള്ള കരച്ചില്‍, കടുത്ത മലബന്ധം, പാല്‍ കൊടുക്കാനുള്ള ബുദ്ധിമുട്ട് , ഉന്തിയ വയര്‍, പൊക്കിള്‍ ഭാഗത്തുള്ള ഹെര്‍ണിയ, ത്വക്കിന് കൂടുതല്‍ മഞ്ഞ നിറം തുടങ്ങിയവയെല്ലാം കുഞ്ഞുങ്ങളിലെ തൈറോയ്ഡ് ഹോര്‍മോണ്‍ കുറവിന്റെ ലക്ഷണങ്ങള്‍ ആവാം
പ്രായ, ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍ വരാം. രോഗ ലക്ഷണങ്ങള്‍ ചിലപ്പോള്‍ നേരിയ തോതില്‍ മാത്രമേ കാണുകയുള്ളൂ.. ചെറിയ സംശയമാണെങ്കില്‍ പോലും വേണ്ട ടെസ്റ്റുകള്‍ നടത്തി വ്യക്തത വരുത്തുന്നതാണ് ഉചിതം.