Breaking News
Home / Lifestyle / അവസാനം ഭാര്യയെയും കൂട്ടി വീട് വിട്ട് ഇറങ്ങേണ്ടി വന്നപ്പോള്‍…!!

അവസാനം ഭാര്യയെയും കൂട്ടി വീട് വിട്ട് ഇറങ്ങേണ്ടി വന്നപ്പോള്‍…!!

മല്ലിയും മുളകും ചായപ്പൊടിയുമെല്ലാം ത്രാസിലെ സൂചിയെ ഒത്ത മധ്യത്തിൽ തൂക്കി നിർത്തി കൊണ്ട് കണ്ടോട എന്ന മട്ടിൽ രാമേട്ടനെന്നെ നോക്കി
പിന്നെ അതെല്ലാം പൊതിഞ്ഞ് സഞ്ചിയിലാക്കി തന്നു..

ഞാൻ അതിന്റെ പൈസ കൂടി പറ്റു ബുക്കിലേക്ക് എഴുതിക്കുമ്പോൾ രാമേട്ടൻ പറഞ്ഞു “ഇതിപ്പോ എഴുത്ത് മാത്രമേ നടക്കുന്നുള്ളൂ ട്ടോ ” എന്ന്..

രാമേട്ടാ അടുത്ത തവണ പറ്റു തീർത്തേക്കാം ഇപ്പോ ഇത്തിരി കുടുക്കിലാണ്..

ഒഴിവു പറഞ്ഞു രാമേട്ടന്റെ കടയിൽ നിന്നിറങ്ങുമ്പോൾ വീട്ടിലേക്ക് വേണ്ടതെല്ലാം വാങ്ങിയോ എന്ന് വീണ്ടുമൊന്നോർത്തു നോക്കി .
പെട്ടന്നാണ് അമ്മക്ക് വാങ്ങിക്കേണ്ട കുഴമ്പിന്റെ കാര്യം ഓർമ്മ വന്നത് .

നേരെ മാധവൻ വൈദ്യരുടെ കടയിൽ കയറി
പോക്കറ്റ് ഒന്നു തപ്പി നോക്കി..
ഒരു കുപ്പി വാങ്ങേണ്ട കുഴമ്പ് ഞാൻ അരക്കുപ്പി മതിയെന്ന് പറഞ്ഞ് വാങ്ങി വീട്ടിലേക്ക് നടന്നു..

വീട്ടിൽ എത്തി കുഴമ്പ് അമ്മയെയേയും പലചരക്ക് സാധനങ്ങൾ ഭാര്യയേയും ഏൽപ്പിച്ചു..
സാധനങ്ങളെല്ലാം വാങ്ങിയവൾ പെട്ടെന്ന് ചായ എടുക്കാൻ അടുക്കളയിലേക്ക് പോയി..

മോൾ ഓടി വന്ന് നെഞ്ചിലേക്ക് പിടിച്ചു കയറി പോക്കറ്റിലെ മിഠായി എടുത്ത് സന്തോഷത്തോടെ കുഞ്ഞു പല്ലു കാട്ടി ചിരിച്ചു..

അന്നേരം അരക്കുപ്പിയിലെ കുഴമ്പ് കണ്ട് അമ്മ കുഴമ്പ് മാറിയോ എന്ന മട്ടിൽ തിരിച്ചും മറിച്ചും നോക്കി .
അതു കണ്ടപ്പോൾ ഞാൻ പറഞ്ഞു കുഴമ്പൊന്നും മറിയിട്ടില്ലമ്മേ
ബാക്കി നാളെ വാങ്ങാം എന്ന്..

ഉടനെ അമ്മ പറഞ്ഞു “വല്ലാതെ കഷ്ടപ്പെടണുണ്ട് ന്റെ കുട്ടീന്ന്..

അച്ഛൻ വിട്ട് പോയ പിന്നെ കേൾക്കുന്ന അമ്മയുടെ ഈ വാക്കുകൾ എനിക്കെപ്പോഴും ഒരു വല്ലാത്ത സന്തോഷമായിരുന്നു..

അനിയത്തിയെ അച്ഛനില്ലെന്നറിയിക്കാതെ നാട്ടു നടപ്പനുസരിച്ച് അന്തസ്സായി കെട്ടിച്ചു വിട്ടപ്പോഴും അമ്മ പറഞ്ഞു ” വല്ലാതെ കഷ്ടപ്പെടണുണ്ട് ന്റെ കുട്ടീന്ന് ”
ആശ്വാസത്തിന്റെ ഒരു സന്തോഷം അപ്പോൾ എന്നെ തേടിയെത്തിയിരുന്നു..

അനിയനൊരുത്തൻ നന്നായി പഠിക്കുന്നുണ്ടന്നറിഞ്ഞപ്പോൾ അവനെ തുടർന്ന് പഠിപ്പിച്ച് ഒരു നിലയിലെത്തിച്ച നാളിലും അമ്മ പറഞ്ഞിരുന്നു വല്ലാതെ കഷ്ടപ്പെടണുണ്ട് ന്റെ കുട്ടീന്ന്.. ”
അവന്റെ ഉയർച്ചകളും വല്ലാത്തൊരു സന്തോഷം തന്നിരുന്നു..

ചോർന്നൊലിക്കുന്ന വീടൊന്നു പുതുക്കി പണിതപ്പോഴും അമ്മ പറഞ്ഞു ” വല്ലാതെ കഷ്ടപ്പെടണുണ്ട് ന്റെ കുട്ടീന്ന്.. ”
മനസ്സ് തിങ്ങി നിറയുന്ന ഒരു സന്തോഷം അപ്പോഴും കിട്ടിയിരുന്നു..

അത്താഴം വിളമ്പി തരുമ്പോൾ ഒരു തവി ചോറധികം വിളമ്പി തന്നമ്മ പറഞ്ഞിരുന്നു “വല്ലാതെ കഷ്ടപ്പെടണുണ്ട് ന്റെ കുട്ടി എന്ന്.. ”
അപ്പോഴും ഞാൻ മനസ്സിലാക്കിയിരുന്നു ഇതൊന്നും കഷ്ടപ്പെടലുകളല്ല എന്ന്
ഇതൊക്കെ തന്നെയാണ് ഏറ്റവും വലിയ സന്തോഷം എന്നൊക്കെ..

എന്നാൽ ആ സന്തോഷം കൊണ്ടാവാം ഇന്നനിയന്റെ കല്യാണം കഴിഞ്ഞത് മുതൽ ഞാനും എന്റെ ഭാര്യയും വീട്ടിലൊരു അധികപ്പറ്റായത്..

ആ സന്തോഷം കൊണ്ടാവാം ഇനിയും സ്ത്രീധനത്തിന്റെ ബാക്കി ഉണ്ടെന്ന് പറയുന്ന അനിയത്തിക്ക് ഞാൻ സ്നേഹമില്ലാത്തവനായത്..

ആ സന്തോഷങ്ങളുടെയെല്ലാം അവസാനമായത് കൊണ്ടാകാം ഇന്നമ്മ ഞാനും ഭാര്യയും വീടു വിട്ടിറങ്ങുമ്പോൾ ” വല്ലാതെ കഷ്ടപ്പെടണുണ്ട് ന്റെ കുട്ടീന്ന് ” പറയാതെ വീടിന്റെ കോലായിൽ ഒരക്ഷരം മിണ്ടാതെ ഇരുന്നത്..

രാമേട്ടന്റെ കടയിലെ പറ്റു തീർത്ത് വാടക വീട്ടിലേക്ക് നടക്കുമ്പോൾ കയ്യിലിരുന്ന മോൾ ചോദിച്ചു ” ഞമ്മൾ എങ്ങോട്ടാണച്ഛാ പോവണത് എന്ന്..
വിരുന്ന് പോവുകയാണെന്ന് ഞാൻ പറഞ്ഞപ്പോൾ
കുഞ്ഞു പല്ലുകളും കാട്ടി വീണ്ടുമവൾ സന്തോഷം കൊണ്ട് തുള്ളി ചിരിച്ചു..
കരങ്ങൾക്കൊരു കരുത്തായി എന്റെ പാതി അപ്പോഴെന്നെ ചേര്‍ത്ത് പിടിച്ചിരുന്നു ..

അച്ഛന്റെ ചില്ലിട്ട ഫോട്ടോ ഒരെണ്ണം വാടക വീടിന്റെ ചുവരിൽ തൂക്കുമ്പോൾ ഞാൻ മനസ്സിൽ അച്ഛനോട് ചോദിച്ചിരുന്നു ” ഞങ്ങളെ വളർത്താൻ അച്ഛനും ഒരു പാട് കഷ്ടപ്പെട്ട് കാണും ല്ലേ എന്ന്…

വീടിന്റെ കോലായിൽ കൂട്ടായി ഭാര്യ എനിക്കരികിൽ ചേര്‍ന്നിരുന്നപ്പോൾ അവളുടെ കൈകളിലേക്ക് ഞാൻ നോക്കി.
എനിക്ക് തോന്നി ഒരു പൊന്നിന്റെ വള പോലും ഞാനവൾക്കിതു വരെ സമ്മാനിച്ചില്ലല്ലോ എന്ന്..
അന്നേരം അവൾ സങ്കടത്തോടെ എന്റെ കാതിൽ മന്ത്രിച്ചു..
“നമുക്കൊരു വീട് പണിയണം , ആർക്കും നമ്മളെ ഇറക്കി വിടാനാവാത്ത ഒരു വീട്.. ”

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *