വല്യമ്മയുടെ കണ്ണുവെട്ടിച്ചു കാവിൽ പോകുമ്പോഴും, സന്ധ്യാനേരത്തു നാമം ജപിക്കാതെ മടിച്ചിരിക്കുമ്പോഴും വല്യമ്മ പറയുമായിരുന്നു
“ഉണ്യെ…… റൂഹാനി പിടിക്കൂട്ടോ…”
പള്ളികൂടത്തിൽ പോവാൻ മടി കാണിച്ചാലും സ്ഥിരം പല്ലവി ഇതു തന്നെ.
റൂഹാനി മുസ്ലിംകളുടെയാണെന്നും മ്മടെത് വല്ല ഒടിയനോ,യക്ഷിയോ ആണെന്ന് പറഞ്ഞുതരാൻ അന്ന് ഇത്രത്തോളം വർഗീയത ആരിലും ഉണ്ടായിരുന്നില്ല.
കളിക്കൂട്ടുകാരി അമ്മൂസിനോട് പിണങ്ങുമ്പോൾ ഭീഷണിപ്പെടുത്തി ഇണങ്ങാൻ പലപ്പോഴും വിഷയം തന്നതും റൂഹാനി ആയിരുന്നു. എന്റെ കുട്ടിക്കാലത്തെ സ്വപ്നങ്ങൾക്ക് കൂടുതൽ കൂട്ടുവന്നതും ഒരിക്കലും കാണാത്ത റൂഹാനി ആയിരുന്നു.
എന്തൊക്കെആയാലും അതുകേൾകുന്നത് എനിക്ക് പേടിയായിരുന്നു.വല്യമ്മ പറയണ ഓരോ കഥ കേൾക്കുമ്പോഴും
‘ഹോ… ഇത്രേം ക്രൂരൻ ആണോ?!’
എന്ന് ആര്ക്കായാലും തോന്നിപോകും. അതുകൊണ്ടായിരിക്കും എനിക്ക് അതിനോട് വല്ലാത്ത വെറുപ്പ് തോന്നി.
സ്ഥിരം കുടിച്ചു വന്ന് അമ്മയെ തല്ലുന്ന അച്ഛന്റെ ദേഹത്തു റൂഹാനിയാണെന്ന് പറയുമ്പോഴും…. ഒരിക്കൽ അടുക്കളയിൽ തുണ്ടം തുണ്ടമായി കിടന്ന അമ്മയെ കൊന്നതും അവൻ തന്നെയാണെന്ന് വിശ്വസിച്ചു.അപ്പോഴും വെറുപ്പ് കൂടി കൂടി വന്നു.
പക്ഷേ… അമ്മൂസിന്റെ വാടിയ ശരീരം വിറക് പുരക്ക് പുറകിൽ ഉപേക്ഷിച്ചു വിയർപ്പു തുടച്ചു നടക്കുന്ന അച്ഛനെ അപ്രതീക്ഷിതമായി കാണാൻB ഇടവന്നപ്പോൾ അന്നാദ്യമായി റൂഹാനിയെ മനസ്സ് നൊന്തു വിളിച്ചു വിളികേൾക്കും എന്ന പ്രതീക്ഷയിൽ കാവിലൊക്കെ തേങ്ങലോടെ ഓടി നടന്നു ….
പിറ്റേന്ന് കാവിലെ ചതുപ്പുകുളത്തിൽ നിന്നും അച്ഛന്റെ വിറങ്ങലിച്ച ശരീരം തോണ്ടിയെടുത്ത് പോലീസുകാർ എന്നെ പിടിച്ചു വണ്ടിയിലേക് കയറ്റുമ്പോഴും ചുളിഞ്ഞ കവിളിലൂടെ ഒലിച്ചിറങ്ങിയ വല്യമ്മയുടെ കണ്ണീരുതുടച്ചു മടങ്ങുമ്പോഴും അറിയാതെ സ്വയം പിറുപിറുക്കനുണ്ടായിരുന്നു,
“റൂഹാനി നല്ലവനാ വല്യമ്മേ… റൂഹാനി നല്ലവനാ. !”