Breaking News
Home / Lifestyle / കാമുകി ഒരു കളവാണ് ഭാര്യ ഒരു സത്യവും

കാമുകി ഒരു കളവാണ് ഭാര്യ ഒരു സത്യവും

ലോകത്തൊരു പെണ്ണും
വിവാഹശേഷം തന്റെ പൂർവ്വകാമുകനെ കാണാൻ ആഗ്രഹിക്കുകയില്ല…..,

മാത്രമല്ല
ഇനി അഥവ യാദൃശ്ചികമായി
കണ്ടാൽ തന്നെ അവിടുന്ന് മെല്ലെ മാറുകയോ മറ്റെന്തെങ്കിലും മറയാക്കി മറഞ്ഞു നിൽക്കുകയോ മാത്രമേ ചെയ്യൂ.,

എന്നിട്ടും
പന്ത്രണ്ടു വർഷങ്ങക്കിപ്പുറം..,
അവൾക്ക് എന്നെ ഒരിക്കൽ കൂടി കാണണമത്രെ…,

ഒരേയൊരു പകൽ മാത്രം തമ്മിൽ പഴയത് പോലെ ചിലവഴിച്ചാലോ എന്നതാണ് ഓഫർ…,
ഒരു രഹസ്യസമാഗമം…!

അവളുടെ ഓഫർ സ്വീകരിക്കണമോ വേണ്ടയോ എന്നൊരു സംശയം ..
അത് മറ്റൊന്നും കൊണ്ടല്ല,
അവൾക്ക് എന്തോ ഒരു ഉദ്ദേശ്യലക്ഷ്യം ഉണ്ട്…,

അതല്ലാതെ ഇത്രയും വർഷത്തിനിപ്പുറം വീണ്ടും ഇങ്ങനെയൊരു കൂടിക്കാഴ്ച അവൾ വെറുതെ പ്ലാൻ ചെയ്തതാവില്ല എന്നുറപ്പ്…,

ഒന്നുകിൽ
അവളുടെ ജീവിതം ഞാനില്ലാതെയും സുഖകരവും സന്തോഷവുമായി മുന്നോട്ടു പോകുന്നുണ്ടെന്നു കാണിക്കാൻ…

അല്ലെങ്കിൽ
ഇതുവരെ നേടിയതും സ്വന്തമാക്കിയതുമെല്ലാം അക്കമിട്ടു നിരത്തി അന്നവൾ എന്നോട് ചെയ്തതെല്ലാം അവളുടെ ജീവിതത്തിൽ ശരിയായിരുന്നു എന്ന് കാണിക്കാൻ…

കുറച്ചു നേരത്തെ ആലോചനകൾക്ക് ശേഷം ഞാനും അവളെ കാണാൻ തീരുമാനിച്ചു.
അതു മറ്റൊന്നും കൊണ്ടല്ല…,

ഒരിക്കൽ കൂടി അവളെ കാണാൻ
ഒരു മോഹം എന്തെങ്കിലും കെണിയും കൊണ്ടാവും അവൾ വരുകയെന്ന് അറിയാമായിരുന്നിട്ടും.

അവളെ കാണാൻ തീരുമാനിച്ചതു മുതൽ,
മനസ്സിന്റെ ഉള്ളിൽ ഉറക്കിക്കെടുത്തിയ പ്രണയത്തിന്റെ ആ പഴയ പൂക്കാലം വീണ്ടും തളിരിട്ടു.
അവളുമായി പ്രണയിച്ചിരുന്ന കാലത്തു കേട്ടിരുന്ന ശ്രുതിമധുരമായ പാട്ടുകൾ ഞാൻ മൊബൈലിൽ വീണ്ടും കേട്ടു,

ആ പാട്ടുകൾക്കെല്ലാം
ആ കാലത്തെയും ദിവസത്തെയും പോലും അതേ ആവേശത്തോടെ തിരിച്ചു നൽകാൻ ആവുമെന്നു കാലം തെളിയിച്ചു തന്നു.

അല്ലെങ്കിലും
വേർപിരിക്കാനും
വെട്ടി മുറിക്കാനുമൊക്കെയല്ലെ
പലർക്കും പറ്റൂ
അതല്ലാതെ അന്ന് പരസ്പരം
തമ്മിൽ അനുഭവിച്ചു കൊണ്ടിരുന്ന
ആ അനുഭൂതിയെ മാത്രം നമ്മളിൽ നിന്നടർത്തി മാറ്റാൻ ആരെ കൊണ്ടും സാധിക്കില്ലാല്ലോ…,

വീണ്ടും കണ്ടുമുട്ടാൻ പഴയ അതെ ഇടങ്ങൾ തന്നെയാണ് വീണ്ടും
ഞങ്ങൾ തിരഞ്ഞെടുത്തത്.

അതിൽ എന്റെതായ ഒരാഗ്രഹപൂർത്തീകരണം കൂടി ബാക്കിയുണ്ടായിരുന്നു.

ആ നാട്ടിൽ സ്റ്റീൽന്റെ
കപ്പും സോസറിലുമായി ബ്രൂ കോഫീ കിട്ടുന്നൊരു കടയുണ്ടായിരുന്നു.
അവിടെ അവളോടൊത്തിരുന്നു ഒരു കാപ്പി കുടിക്കണം എന്നൊരാഗ്രഹം മാത്രം അന്ന് സാധിച്ചില്ല….,

നടക്കില്ലെന്നു കരുതി കൈവിട്ട ആ മോഹം പിന്നെയും തന്നേ തേടിവന്നിരിക്കുന്നു….,

അങ്ങിനെ ഇന്നതും സാധ്യമായിരിക്കുന്നു..
ഇന്നവളോടൊത്ത് അതെയിടത്തു നിന്ന് കാപ്പി കുടിക്കുന്നതിനിടയിലും ഞാനവളെ ശ്രദ്ധിക്കുകയായിരുന്നു…

ആ പതിനെട്ടു വയസ്സുക്കാരിയിൽ നിന്ന് ഇപ്പോഴത്തെ മുപ്പതു വയസ്സുക്കാരിയിലേക്കു എത്തിയപ്പോൾ അവളുടെ കുട്ടിത്വമെല്ലാം നഷ്ടമായിരിക്കുന്നു..

ഇപ്പോഴവളെ ഒരു സ്ത്രീ എന്ന് പറയുന്നതായിരിക്കും ശരി. ..
എനിക്ക് അംഗീകരിക്കാൻ എന്തോ ആവുന്നില്ല ഇത് പഴയ അവൾ തന്നെയാണെന്ന്….,

അതിനിടയിലും ഞാൻ അവളോടു ചോദിച്ചു.
ഇത്ര വർഷങ്ങൾക്കു ശേഷം ഇപ്പോൾ വീണ്ടും എന്താ എന്നെ കാണണമെന്ന് ഒരു മോഹമെന്ന്..?

അതിനു അവൾ പറഞ്ഞ മറുപടി
ഇന്നു ഉച്ചക്ക് മൂന്നുമണി വരെ നമുക്ക് സമയമുണ്ടാലോ സാവധാനം പറയാമെന്ന്…,

പിന്നെ ഞാനൊന്നും ചോദിച്ചില്ല.
പഴയ വഴികളിലൂടെയെല്ലാം വീണ്ടും ഞങ്ങൾ നടന്നു.
ആർക്കും ലഭിക്കാത്ത ഒരു അപ്പൂർവ്വതയായിട്ടാണ് എനിക്ക് ഇതെല്ലാം തോന്നിയത്

സമയം മെല്ലെ കടന്നു പോയി.
സംസാരിച്ചതെല്ലാം വിവാഹശേഷം നടന്ന അവളുടെ കാര്യങ്ങൾ മാത്രമായിരുന്നു.

ഉച്ചയോടെ ഞങ്ങൾ പോയത് ഒരു ഉഡുപ്പി ഹോട്ടലിലേക്കായിരുന്നു.
ഊണിനൊപ്പം സ്പെഷ്യൽ ആയി തൈര് കൊണ്ട് വെച്ചപ്പോൾ തന്നെ അവൾ അത്ഭുതം കൂറി.

അത് കണ്ടപ്പോൾ പോക്കറ്റിൽ ഞാൻ കരുതിയ അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കടുമാങ്ങ അച്ചാറിന്റെ പാക്കറ്റ് പൊട്ടിച്ചു അവളുടെ പ്ലേറ്റിൽ ഒഴിച്ച് കൊടുത്തപ്പോൾ അവളൊന്നു ഞെട്ടി.,

അവൾക്ക് ഏറ്റവും പ്രിയമുള്ളതായിരുന്നു അതെല്ലാം
പിന്നെ ഹോട്ടലുകളിൽ കടുമാങ്ങ അച്ചാർ പൊതുവേ കിട്ടാറില്ലലോ…
അതാ ഞാനത് പുറത്തു നിന്നു വാങ്ങി കൈയിൽ വെച്ചത്..,

അവളുടെ ഇഷ്ടങ്ങളായ ചോറും തൈരും കടുമാങ്ങ അച്ചാറും ഒന്നും ഞാൻ മറന്നിട്ടില്ല എന്നതായിരുന്നു അവളുടെ കണ്ണിലെ വലിയ അത്ഭുതം.

അവൾ എന്നോട് പറഞ്ഞു
എന്റെ ഇഷ്ടങ്ങൾ എല്ലാം ഞാൻ തന്നെ മറന്നിട്ടു വളരെയധികം കാലമായെന്ന്..,
ഇപ്പോൾ എല്ലാം
ഭർത്താവിന്റെയും കുഞ്ഞുങ്ങളുടെയും ഇഷ്ടങ്ങൾ മാത്രമാണെന്ന്.,

അതിനു മറുപടിയായി ഞാൻ ചോദിച്ചു അതിൽ ഞാനും പെടില്ലേയെന്ന്….?

ആ ചോദ്യം അവൾ ഒട്ടും പ്രതീക്ഷിച്ചതല്ലായിരുന്നു.
അതു കേട്ട് ഒന്നു മൗനമായെങ്കിലും അവൾ എന്തോ ഓർത്തെടുത്ത പോലെ അവളെന്നെ നോക്കി പുഞ്ചിരിച്ചു.

കുറച്ചു നേരത്തെ ആലോചനക്കു ശേഷം അവളെന്നോടു ചോദിച്ചു….

കുറച്ചുകാലമായി ഒരു ചോദ്യം എന്നെ വല്ലാതെ അലട്ടുന്നു
ഞാനത് ചോദിച്ചാൽ നീ സത്യം പറയുമോയെന്ന് ?

ഞാനവളെ തന്നെ നോക്കി എന്നിട്ടവളോട് ഞാൻ പറഞ്ഞു
നിന്നോട് സത്യസന്ധമായിരിക്കാനാണ് ഞാൻ എന്നും ശ്രമിച്ചിട്ടുള്ളതെന്ന്…!

അതുകേട്ടതും അവൾ എന്നോട് ചോദിച്ചു.

നിന്റെയുള്ളിൽ എന്നോടുള്ള
ആ പഴയ ഇഷ്ടം ഇപ്പോഴും അതേപ്പടി നിന്നിലുണ്ടോയെന്ന്…?

അപ്പോൾ അതാണ് കാരണം
അവൾക്കറിയേണ്ടതും അതാണ്…..!
അല്ലെങ്കിലും ഈ ഒരു സംശയം എല്ലവരിലും ഉള്ളതാണ്…,

തങ്ങൾ തന്നെ സ്വയം വലിച്ചെറിഞ്ഞു കളയുന്നതാണെങ്കിലും അവർക്കുള്ളിൽ ഇപ്പോഴും താനുണ്ടോ എന്നറിയാനുള്ള ഒരു അടങ്ങാത്ത വെമ്പൽ…,
കാലം കൂടും തോറും അതറിയാനുള്ള ആകാംക്ഷയും അവരിൽ പതിൻമടങ്ങായി വർദ്ധിക്കും….!

അവർക്ക് തന്നെയറിയാം,
നമ്മുടെ മറുപടി എന്തായിരിക്കുമെന്നും, അവരെ മറന്നോ മറികടന്നോ മറ്റൊരാൾ നമ്മുക്കുള്ളിൽ ആ സ്ഥാനം സ്ഥാപിക്കില്ലായെന്നും,
എന്നാലും നമ്മുടെ നാവിൻ തുമ്പിൽ നിന്നു തന്നെ അവർക്ക് അത് കേൾക്കണം.

എന്റെ മറുപടിക്കായി കാത്തു നിൽക്കുന്ന അവളെ നോക്കി ഞാൻ പറഞ്ഞു പുറത്തിറങ്ങിയതിന് ശേഷം ഒരു മറുപടി തരാമെന്ന്.

അത് സമ്മതമായി തലയാട്ടി കൊണ്ട് അവൾ ആഹാരം കഴിക്കാൻ ആരംഭിച്ചു
ഓരോ മണിയും വളരെ ആസ്വദിച്ചാണ് അവൾ കഴിക്കുന്നത്, ഭക്ഷണശേഷം ഞങ്ങൾ അവിടെ നിന്നും ഇറങ്ങി
ഇനിയും ഒരു മണിക്കൂർ കൂടി ബാക്കിയുണ്ട്.

അവിടെ നിന്ന് ഞാനവളെ നേരെ കൊണ്ടുപോയത് ഒരു ഐസ്ക്രീം പാർലറിലേക്കാണ്.

അവിടെ വെച്ചു അവളെ ഒന്നു നോക്കി കൊണ്ട്‌ ഞാൻ ഫലൂദ ഓർഡർ കൊടുത്തപ്പോൾ അവളുടെ മുഖത്തു ഒരു ചിരി തട്ടി കളിച്ചു.
ആ പുഞ്ചിരിയുടെ അർത്ഥം പഴയതൊന്നും
മറന്നിട്ടില്ലാല്ലെ…?
എന്നായിരുന്നു

അവശേഷിക്കുന്ന സമയം അത്രയും അവൾ കഴിക്കുന്നത് നോക്കി ഞാനും ഞാൻ കഴിക്കുന്നത് നോക്കി അവളും വെറുതെ പുഞ്ചിരിതൂകി ഇരിക്കുകയായിരുന്നു.
സംസാരങ്ങളെല്ലാം പാതി വഴിയിൽ മുറിഞ്ഞു കൊണ്ടേയിരുന്നു.
എങ്കിലും സമയം വളരെ പെട്ടന്നു കടന്നു പോയി സമയം മൂന്നുമണിയായി അതോടെ പറഞ്ഞ സമയം അവസാന നിമിഷങ്ങളിലെക്കെത്തി വീണ്ടും തമ്മിൽ പിരിയാനായി
ഞങ്ങൾ അവിടെ നിന്നിറങ്ങി.

ഐസ്ക്രീം പാർലറിന് പുറത്തിറങ്ങിയതോടെ
അവൾ വീണ്ടും ആ ചോദ്യം ആവർത്തിച്ചു.

അപ്പോൾ ഞാൻ അവളോടു പറഞ്ഞു

ഞാനൊരു കഥ പറയാം…
അത് കേട്ടത് ശേഷം നിനക്ക് തീരുമാനിക്കാം പോരെ….?

അവൾ തലയാട്ടി അതിന് സമ്മതം അറിയിച്ചു….

തുടർന്നവളോട് ഞാൻ പറയാനാരംഭിച്ചു..

നീ പോയതിനു ശേഷമുള്ള രണ്ടു വർഷം എനിക്ക് എല്ലാറ്റിനോടും വെറുപ്പായിരുന്നു,
മാത്രമല്ല ലോകത്തുള്ള ഒരു പെണ്ണിനെയും വിശ്വാസവും ഇല്ലാതായി.

അവസാനം എല്ലാം തൽക്കാലത്തേക്ക് മറക്കാനും നിന്റെ ഓർമകളിൽ നിന്ന് രക്ഷ നേടാനും വേണ്ടിയാണ് കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് വണ്ടി കയറിയത്.,

പറയത്തക്ക വല്യ ജോലിയൊന്നും ഇല്ല. എന്നാലും ഭക്ഷണത്തിനും താമസത്തിനും പിന്നെ അല്ലറ ചില്ലറ ചിലവുകൾക്കുമുള്ള നല്ലൊരു ജോലിയായിരുന്നു അത്..

മൂന്നുമാസം അതു വെച്ചു പിടിച്ചു നിന്നതോടെ പതിയെ പതിയെ
ആ മണ്ണിൽ എന്റെ വേരുറക്കുകയായിരുന്നു…

ഒരു ദിവസം കൂട്ടുകാരനോടൊത്ത് ഒരു ഹോസ്‌പിറ്റലിൽ ബ്ലഡ്‌ കൊടുക്കാൻ പോയപ്പോൾ അവിടെ ഉള്ള ഒരു സിസ്റ്റർ കൂടെയുള്ള കൂട്ടുകാരന്റെ നമ്പർ വാങ്ങി. ആവശ്യം വരുമ്പോൾ വീണ്ടും വിളിക്കാനായിരുന്നു അത്……!

കുറച്ച് ദിവസങ്ങൾക്കു ശേഷം മറ്റൊരാൾക്ക് ബ്ലഡിനു വേണ്ടി വിളിച്ചപ്പോൾ അവൻ എത്തിപ്പെടാനാവാത്ത വിധം കുറച്ചു ദൂരെയായിരുന്നു അവനതു പറഞ്ഞെങ്കിലും വളരെ അത്യാവശ്യമാണെന്നും ഒരു ജീവന്റെ പ്രശ്നമാണെന്നും പറഞ്ഞ് സിസ്റ്റർ നിർബദ്ധിച്ചതോടെ പണി പാതിവഴിയിലിട്ട് അവൻ വന്നു

ആ സംഭവം ഒരു വഴിത്തിരിവായി…, തുടർന്ന് അവർ തമ്മിൽ വലിയ കമ്പിനി ആയി.

പിന്നെ വിളികളും ചാറ്റിങ്ങുമായി ആ ബന്ധം ആഴമേറിയതായി.

സ്വന്തം കഥകൾ പരസ്പരം പറഞ്ഞു പറഞ്ഞു തീർന്നതോടെ അവർക്കിടയിൽ പിന്നെ പറയാൻ ചുറ്റുമുള്ള വിഷയങ്ങൾ കടന്നു വന്നു അതോടെ അവൻ എന്റെ കഥയെടുത്ത് ചില പൊടിപ്പും തൊങ്ങലും വെച്ച് പല പല പാർട്ടുകളാക്കി അവൾക്ക് പറഞ്ഞു കൊടുത്തു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം
ഒരു ഒഴിവു ദിവസം അവർ തമ്മിൽ കാണാമെന്നു അവർ തീരുമാനിച്ചു…!

അവൻ എന്നോട് ഒന്നും പറഞ്ഞില്ല ഒരാളെ കാണാനുണ്ടെന്നും പറഞ്ഞ് എന്നെയും കൂട്ടി പോയി.

അവിടെ ചെന്നപ്പോൾ ആണ് സംഗതി ഞാനറിയുന്നത്….,

അവൻ അവളുടെ കൂടെ അവൾക്കു കൂട്ടു വന്ന അവളുടെ കൂട്ടുകാരിയെ എന്റെയടുത്തേൽപ്പിച്ച് അവർ തമ്മിൽ സൊള്ളാൻ പോയി.

കുരങ്ങന്റെ കൈയ്യിൽ മുഴുത്തേങ്ങ കിട്ടിയ കണക്കെ ഞാനവൾക്കു കാവലിരുന്നു തമ്മിൽ സംസാരിക്കാൻ ഒന്നുമില്ലാതെ ഇടക്കിടെ ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു.

കുറച്ചു നേരം നിന്ന് കാലു കുഴഞ്ഞപ്പോൾ ഞാൻ അവളെയും വിളിച്ചു ഒരിടത്തു ചെന്നിരുന്നു…,

അവർ അത്ര പെട്ടന്നൊന്നും വരില്ലെന്നു മനസ്സിലായതോടെ ഞാൻ പോയി മിൽമാ ബൂത്തിൽ നിന്ന് രണ്ട് കാപ്പി വാങ്ങി കൊണ്ടുവന്നു ഒന്നവൾക്കു കൊടുത്തു.

അവൾ ചിരിച്ചു കൊണ്ട് അത് വാങ്ങുകയും കുടിക്കുകയും ചെയ്തു..,
രണ്ട് മണിക്കൂറോളം പരസ്പര ബന്ധമില്ലാത്ത എന്തൊക്കയോ ഞങ്ങളും സംസാരിച്ചു.
കൂടുതലും പുഞ്ചിരിയിലൂടെയുള്ള ഉത്തരങ്ങളാണു അവളെനിക്കു നൽകിയത്..,

ആകെ ഓർമയുള്ളത് അവളുടെ പേര് മാത്രമായിരുന്നു

ദുർഗ്ഗാ ലക്ഷ്മി ”

എന്നാൽ കഥയിലെ യഥാർത്ഥ ട്വിസ്റ്റ്
അന്ന് തിരിച്ചു റൂമിൽ എത്തിയ ശേഷമാണ് അവൻ പറഞ്ഞത്….!

അവൻ അവന്റെ അവളോടു പറഞ്ഞ കാര്യങ്ങൾ അവൻ പറഞ്ഞതിനേക്കാൾ കുറച്ചുക്കൂടി പൊടിപ്പും തൊങ്ങലും വയ്ച്ചു അവൾ അതെപടി ദുർഗ്ഗയോട് പറഞ്ഞു..

എന്റെ കഥകളറിഞ്ഞ ദുർഗ്ഗക്ക് എന്നോട് ഒരു സോഫ്റ്റ്‌ കോണർ വളർന്നു….!

എന്നെ കാണാതെയും അവളിൽ ഞാൻ നിറഞ്ഞു….,
അവൾ എന്നെ രഹസ്യമായി പ്രണയിക്കാൻ തുടങ്ങി…,
എന്റ കാര്യങ്ങളെ കൂടുതലായി അറിയാൻ അവൾ താൽപ്പര്യം കാണിച്ചതോടെ ഇവർക്കു മനസ്സിലായി ദുർഗ്ഗയിൽ ഞാൻ വളരെ ആഴത്തിലാണ് പതിഞ്ഞിട്ടുള്ളതെന്ന്…,

അതൊടെ ദുർഗ്ഗക്ക് എന്നെ കാണാൻ വേണ്ടി അവർ മനഃപൂർവം സൃഷ്‌ടിച്ചതായിരുന്നു ആ കൂടിക്കാഴ്ച എന്നറിഞ്ഞതോടെ.,
എനിക്കമ്പരപ്പായിരുന്നു.

എന്തു ചെയ്യണം എന്നറിയാതൊ നിൽക്കുകയായിരുന്ന
അന്ന് രാത്രി എന്റെ മൊബൈലിലേക്ക്
I AM DURGA ” എന്നൊരു മെസ്സേജ് വന്നു.

തുടർന്ന് രണ്ടും മൂന്നും മെസ്സേജ് വേറെയും വന്നു…!

ഒരു പെണ്ണ് ചതിച്ചു എന്ന് വെച്ച് ലോകത്തുള്ള സകല പെണ്ണുങ്ങളും അങ്ങനെയല്ല…..!

ഒരു പ്രണയം ജനിക്കുമ്പോൾ അതിന്റെ കൂടെ ഒരു ഭയവും കൂടി ജനിക്കുന്നു.

ഇവ രണ്ടും നേർക്കു നേർ വരുമ്പോൾ ജയം പലപ്പോഴും ഭയത്തോടൊപ്പം ആയിരിക്കുകയും ചെയ്യും….!

അത് മറ്റൊന്നും കൊണ്ടല്ല,
ഏതൊരു പെണ്ണിന്റേയും ഹൃദയത്തിൽ പ്രണയം തളിരിടുമ്പോൾ തന്നെ വീട്ടുകാർ സമ്മതിക്കില്ലായെന്ന ഉൾഭയം കൊണ്ട്

സ്വന്തം ഇഷ്ടങ്ങൾ നടക്കുമോ ഇല്ലയോയെന്ന
പാതി മനസ്സുമായാണ് അവൾ തന്റെ പ്രണയം തുടങ്ങുന്നതു തന്നെ അതു കൊണ്ടു തന്നെ പാതി മനസ്സു കൊണ്ടു സൃഷ്ടിക്കപ്പെടുന്ന സ്നേഹം പാതി വഴിയിൽ തന്നെ അവസാനിക്കുന്നു….!

ഒരു കണക്കിന് അങ്ങിനെയുള്ളവർ അർഹിക്കുന്നത്തും അതാണ്..

അതു കൊണ്ടാണ്
അങ്ങിനെ വിട്ടു പോകുന്നവർ
അവൻ ഇപ്പോഴും തന്നെ ആലോചിച്ചിരിക്കുന്നുണ്ടാവുമോ…? എന്നോർത്ത് തന്റെ സ്വകാര്യ വേളകളിൽ തുറന്നിട്ട ജനല്പാളിയിലൂടെ പുറം കാഴ്ച്ചകളിലേക്ക് നോക്കി അവനേയോർത്ത് കണ്ണീർ പൊഴിച്ചുകൊണ്ടിരിക്കേണ്ടിവരുന്നത്….,

ഒരു പെണ്ണ് അവളുടെ മുലപ്പാൽ നിങ്ങളുടെ കുഞ്ഞിനു മാത്രമേ കൊടുക്കുകയുള്ളൂയെന്ന് ദൃഢതയോടെ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടെങ്കിൽ
ആ അവൾ നിങ്ങളെ ചതിക്കില്ല ”

എത്ര അടിയും പിടിയും തൊഴിയും ഏൽക്കേണ്ടി വന്നാലും എത്ര തന്നെ ക്രൂരമായി അപമാനിക്കപ്പെട്ടാലും ജീവന്റെ ഒരു കണികയെങ്കിലും അവളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അത് നിങ്ങൾക്കു മാത്രമുള്ളതായിരിക്കും…!
അതാണ് യഥാർത്ഥ പെണ്ണ്……!
വാക്കിന് ഉരുക്കിന്റെ ശക്തിയുള്ള പെണ്ണ്….!

എനിക്ക് നിങ്ങളെ ഇഷ്ടമാണ് അത് മറ്റെല്ലാവരും വിചാരിക്കും പോലെ സഹതാപം കൊണ്ടൊന്നുമല്ല…..,

സ്വന്തം കാമുകി തന്നെക്കാൾ പണവും പത്രാസുമുള്ള മറ്റൊരുത്തന്റെ കല്ല്യാണാലോചനക്ക് സമ്മതം മൂളി അയാളെ വിവാഹം കഴിക്കാൻ തയ്യാറായപ്പോൾ…,

ആ വിഷമം സഹിക്കാനാവാതെ അതെ കല്യാണത്തിന്റെ മുഹൂർത്തസമയത്ത് തന്നെ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ച ഒരേട്ടന്റെ അനിയത്തിക്കുട്ടി കൂടിയാണ് ഞാൻ…!

മറ്റാരെക്കാളും ആ വേദനയും മനസ്സും എനിക്ക് നന്നായി മനസ്സിലാവും എന്ന്.!

ഞാൻ കഥ പറഞ്ഞു നിർത്തി………!!!!!

പതിയെ അവളെ ഒന്നു നോക്കി വീണ്ടും തുടർന്നു..,

അവൾ കാൺകേ ഞാൻ മുന്നിലേക്ക് ചൂണ്ടിക്കാട്ടി അവിടെ ഒരു കാറിന്റെ അടുത്തു സാരിയുടുത്തു നിൽക്കുന്ന ഒരു പെൺകുട്ടിയെ കാണിച്ചു കൊണ്ടു ഞാൻ അവളോടു പറഞ്ഞു

” ഞാൻ കെട്ടിയ താലിയാണ് അവളുടെ കഴുത്തിൽ കിടക്കുന്നതെന്നും ”
അവളെന്നെ കൂട്ടി കൊണ്ടു പോകാൻ വന്നതാണെന്നും….,

അത് കേട്ടതും
അവൾ എന്നോട് ചോദിച്ചു

ദുർഗ്ഗ……?

അതെ എന്ന് ഞാൻ തലയാട്ടി സമ്മതിച്ചു കൊണ്ട് ഞാനവളിൽ നിന്നറങ്ങി
ദുർഗ്ഗയിലേക്ക് നടന്നു

ഞങ്ങൾ പോകുന്നതും നോക്കി അവൾ അവിടെ തന്നെ നിന്നു…,

എന്തായാലും
അവളുടെ ചോദ്യങ്ങൾക്കുള്ള
ഉത്തരം അവൾക്കു കിട്ടിയാലും ഇല്ലെങ്കിലും ഒന്നുറപ്പാണ്‌.,

അവൾ വന്നത് ഭർത്താവറിയാതെ ആണെങ്കിൽ.,
ഞങ്ങൾക്കിടയിൽ രഹസ്യങ്ങളൊന്നുമില്ലെന്ന്
അവൾ തീർച്ചയായും മനസ്സിലാക്കിയിരിക്കും…!

കാരണം…,

” കാമുകി ഒരു കളവാണ്..,
ഭാര്യ ഒരു സത്യവും….!!!

.
#Pratheesh

About Intensive Promo

Leave a Reply

Your email address will not be published.