പെൺകരുത്ത്.. ‘മാതാവേ, ഇത് അഴുത്തിട്ടില്ല.’ ശവക്കുഴിയില്‍ നിന്ന് കേറാതെ പതിനേഴുകാരിയായ ബേബി നിലവിളിച്ചു. അടക്കം ചെയ്ത് രണ്ട് വര്‍ഷം കഴിഞ്ഞ് കുഴി തുറന്ന് അസ്ഥിയും മുടിയും വാരാനിറങ്ങിയ അവള്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. അഭിപ്രായം ചോദിക്കാന്‍ അരികില്‍ ആരുമുണ്ടായിരുന്നില്ല. ചങ്കുറപ്പ് വീണ്ടെടുത്ത് ഇന്റാലിയത്തിന്റെ ശവപ്പെട്ടിയില്‍ വലിയ ദ്വാരങ്ങളിട്ട് പെട്ടിയടച്ചു. മണ്ണുവെട്ടിയിട്ട് കുഴിമൂടി. അന്ന് ബേബി ശവക്കുഴി വെട്ടലിലെ ആദ്യ പാഠം പഠിച്ചു.
ഫോര്‍മാലിനിലിട്ട് ദിവസങ്ങള്‍ പഴകിയ ശവം ഇന്റാലിയപ്പെട്ടിയിലല്ല, മരപ്പെട്ടിയില്‍ അടക്കണം. അഞ്ചുവര്‍ഷം കഴിഞ്ഞാണ് മൃതദേഹം പൂര്‍ണ്ണമായും ദ്രവിച്ചതെന്ന് ബേബി ഓര്‍ക്കുന്നു. ‘അമ്മാവനായിരുന്നു ഇവിടുത്തെ പള്ളിയില്‍ കുഴി വെട്ടിയിരുന്നത്. അമ്മാവന്‍ മരിച്ചുകഴിഞ്ഞപ്പോള്‍ പിന്നെ പട്ടിണിയായി. ആരെങ്കിലും തൊഴിലിന് ഇറങ്ങാതെ ഞങ്ങള്‍ അമ്മയ്ക്കും മൂന്ന് പെണ്‍മക്കള്‍ക്കും ജീവിതമില്ലെന്നായി. പേടിയല്ലല്ലോ, വിശപ്പല്ലേ വലിയ കാര്യം എന്ന മനക്കരുത്തായിരുന്നു എനിക്ക്. ആദ്യമൊക്കെ കുഴി വെട്ടാനും കുഴിതുറന്ന് അസ്ഥിയും മുടിയും നഖവും പുറത്തെടുക്കാനുമെല്ലാം അമ്മയും കൂടെ വരുമായിരുന്നു.
ബേബിയുടെ വാക്കുകളില്‍ അതിജീവനത്തിന്റെ കരുത്തുണ്ടായിരുന്നു. ആറടി നീളത്തിലും മൂന്നടി താഴ്ചയിലുമാണ് കുഴി വെട്ടുന്നത്. പുലര്‍ച്ചെ അഞ്ചുമണി. പള്ളിപ്പുറം മഞ്ഞുമാതാ പള്ളിയില്‍ നിന്ന് മരണമണി മുഴങ്ങുന്നതുകേട്ടാണ് ബേബി ഉണര്‍ന്നത്. സമയം പാഴാക്കാതെ ഇരുട്ടിന്റെ പുതപ്പുമൂടിക്കിടക്കുന്ന ഇടവഴിയിലൂടെ ബേബി നടന്നു. മണ്‍വെട്ടിയും തൂമ്പയും തോളിലേറ്റി ഡിസംബറിന്റെ തണുപ്പിനെ വകവയ്ക്കാതെ നടക്കുമ്പോള്‍ മനസിലോര്‍ത്തു, ‘ഇന്ന് ആരാണാവോ?’ ഇടവകയില്‍ പ്രായമായവരുടെ മുഖങ്ങള്‍ ഓരോന്നായി ബേബിയുടെ ചിന്തകളിലൂടെ കടന്നുപോയി.
പള്ളിയിലെത്തിയപ്പോഴും വെട്ടം വീണിട്ടില്ല. അക്കരെക്കടവിലെ തോമസിന്റെ അപ്പച്ചനാണ് മരിച്ചത്. വെളുപ്പിന് നാലരയ്ക്ക്. മരണവീട്ടില്‍ നിന്നെത്തിയ ബന്ധുവിനെയും പള്ളീലച്ചനെയും കണ്ടുകഴിഞ്ഞ് ബേബി സെമിത്തേരിയിലേക്കിറങ്ങി. കുടുംബവക കല്ലറ തുറന്ന് കുഴിവെട്ടാന്‍ തുടങ്ങി. ആണൊരുത്തന്‍ കൂടെയില്ലാതെ ഒറ്റയ്ക്ക് ബേബി ഈ പണി തുടങ്ങിയിട്ട് വര്‍ഷം 37 ആകുന്നു. ഇത് കഥയല്ല. എറണാകുളം ജില്ലയിലെ പള്ളിപ്പുറം മഞ്ഞുമാതാ പള്ളിയില്‍ വര്‍ഷങ്ങളായി ശവക്കുഴി വെട്ടുന്നത് ബേബി എന്ന 54കാരിയാണ്. പള്ളി ഇടവകയില്‍ മരിപ്പുണ്ടായാല്‍ ഇന്നും ആദ്യം മുട്ടുന്നത് ബേബിയുടെ വാതിലിലാണ്.
പതിനായിരക്കണക്കിന് ശരീരങ്ങളെ അടക്കിയപ്പോഴും പിന്നീട് കാലാവധിയെത്തുമ്പോള്‍ കുഴിയില്‍ നിന്ന് അസ്ഥിക്കിണറ്റിലിടുമ്പോഴും പേടി തോന്നിയിട്ടില്ലേ എന്നു ചോദിച്ചാല്‍ ചുണ്ടില്‍ ഒരു ചെറുചിരി വിടര്‍ത്തി ബേബി പറയും, ‘കുഴിയിലായവരെ എന്തിന് പേടിക്കണം, ഈ പ്രേതോം ഭൂതോമെല്ലാം ജീവിച്ചിരിക്കുന്നവര്‍ക്കിടയിലല്ലേ?’ ജീവിക്കാന്‍ മരണത്തെ കൂട്ടുപിടിച്ചെങ്കിലും ബേബിയുടെ മനസ് മനുഷ്യരുടെ അല്‍പ്പത്തരത്തിന് മുമ്പില്‍ പലപ്പോഴും എരിയാറുണ്ട്. ‘പത്രാസ് കാട്ടാന്‍ മാത്രം ശവക്കല്ലറ പണിയുന്നവരാണ് ഇപ്പോഴുള്ളത്. അപ്പനെയും അമ്മയെയും വളര്‍ത്തുപട്ടിയുടെ പോലും വില നല്‍കാത്തവരാണ് അവര്‍ മരിച്ചു കഴിയുമ്പോള്‍ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത്.
ഗ്രാനൈറ്റ് കൊണ്ടും മാര്‍ബിള്‍ കൊണ്ടുമൊക്കെ കല്ലറകളുണ്ടാക്കുന്നത് കാണുമ്പോള്‍ എനിക്ക് അരിശം വരാറുണ്ട്. സിമന്റിട്ട് ഉറപ്പിച്ച മാര്‍ബിള്‍ സ്‌ലാബുകള്‍ പൊക്കിമാറ്റി കുഴിയെടുക്കേണ്ടതും കുഴി മാന്തേണ്ടതും ഞാനാണല്ലോ മാതാവേ എന്ന് ഓര്‍ക്കും.’ ഏഴര രൂപയ്ക്കാണ് ബേബി പണി തുടങ്ങിയത്. ഇപ്പോള്‍ ഒരു ശവക്കുഴി വെട്ടിയാല്‍ കിട്ടുന്ന കൂലി 500 രൂപയാണ്. മരണങ്ങള്‍ ഏറ്റവുമധികം നടക്കുന്നത് ജൂണിലാണെന്നാണ് ബേബി പറയുന്നത്. ‘ ഇത് പണ്ടുമുതലേ അങ്ങനാ. മഴക്കാലം തുടങ്ങിയാല്‍ എല്ലാദിവസവുമെന്നോണം മരിപ്പുണ്ടാകും. പണ്ട് കടപ്പുറം മുതല്‍ മുനമ്പം വരെ നടക്കുന്ന മരിപ്പുകളെല്ലാം അടക്കിയിരുന്നത് മഞ്ഞുമാതാവിന്റെ പള്ളിയിലാണ്.
ഇപ്പോള്‍ ഇതുകൂടാതെ രണ്ട് പള്ളികള്‍ വന്നു. അതുകൊണ്ട് ഇവിടെ എല്ലാദിവസവും മരണങ്ങളൊന്നും നടക്കാറില്ല. നാല് മരണങ്ങള്‍ വരെ ഒരേ ദിവസം സംഭവിച്ചിട്ടുണ്ട്. നാല് കുഴിയും ഞാന്‍ തന്നെ വെട്ടും.’ രണ്ട് ആണുങ്ങള്‍ ചെയ്യുന്ന പണി ഒറ്റയ്ക്ക് പൂര്‍ത്തിയാക്കും ബേബി. എങ്ങും പതറാതെ നില്‍ക്കുന്ന ബേബിയോട് ചോദിച്ചു, ‘ഈ ജോലി ഉപേക്ഷിച്ച് മറ്റെന്തെങ്കിലും ചെയ്യണമെന്ന് എന്നെങ്കിലും തോന്നിയിട്ടുണ്ടോ?’ മറുപടിയായി ബേബിയുടെ വാക്കുകള്‍ ഇതായിരുന്നു, ‘ഞാനില്ലെങ്കില്‍ ഇവിടെ ആരിത് ചെയ്യും. എന്റെ മരണം വരെ ഞാന്‍ ഈ പണി പരാതികളില്ലാതെ ചെയ്യും.’