ദുബായില്‍ ചതിയുടെ ദുരിതക്കടല്‍ നീന്തിക്കടന്ന് മലയാളി വീട്ടമ്മ റസിയ അസീസിന് ഒടുവില്‍ മോചനവഴി തെളിയുന്നു. കടുത്ത മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കൊടുവില്‍ മലയാളി സാമൂഹിക പ്രവർത്തകരുടെ മേല്‍നോട്ടത്തില്‍ റസിയയെ സ്വദേശമായ കൊച്ചി പള്ളുരുത്തിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.
വീസാ ഏജന്റിന്റെ ചതിയിൽപ്പെട്ടാണ് റസിയ ദുരിതത്തിലായത്. ഒരു കാലിന് സ്വാധീനക്കുറവുള്ള റസിയോടാണ് ഏജന്റിന്‍റെ ക്രൂര പീഡനം.കഴിഞ്ഞ വർഷം നവംബർ 12നായിരുന്നു റസിയ യുഎഇയിലെത്തിയത്. നാട്ടുകാരനായ അസീസ് എന്നയാൾ നൽകിയ സന്ദർശക വീസയിൽഡൽഹിയിൽ നിന്ന് മലയാളികളടക്കം മറ്റു 15 സ്ത്രീകളോടൊപ്പം യുഎഇയിലേയ്ക്ക് വിമാനം കയറി.
ദുബായിൽ ഡോക്ടറുടെ വീട്ടിൽ പ്രതിമാസം 30,000 രൂപ ശമ്പളത്തിന് പാചകക്കാരിയുടെ ജോലിയായിരുന്നു വാഗ്ദാനം ചെയ്തത്. ഇതിന് 25,000 രൂപ ഏജന്റ് ആവശ്യപ്പെട്ടതിൽ 10,000 രൂപ നൽകി. ബാക്കി ശമ്പളത്തിൽ നിന്ന് പിടിക്കാനായിരുന്നു കരാർ. എന്നാൽ, ഇവിടെയെത്തിയപ്പോൾ ഏജന്റിന്റെ ദുബായിലെ സംഘം പലയിടത്തായി കഠിനമായ വീട്ടു ജോലി ചെയ്യാൻ നിയോഗിച്ചു. ഒരു കാലിന് അൽപം സ്വാധീനക്കുറവുള്ള റസിയ ഇൗ ജോലി ചെയ്യാൻ വിമുഖത കാണിച്ചെങ്കിലും ഏജന്റ് നിർബന്ധിച്ച് ചെയ്യിപ്പിച്ചു.
വീട്ടുടമയുടെ പീഡനവും കൂടിയായപ്പോൾ ഇവർ ശാരീരികമായും മാനസികമായും തകർന്നു. ഒടുവിൽ ഒരു വീട്ടിൽ നിന്ന് ആരുമറിയാതെ ഒാടി രക്ഷപ്പെടുകയായിരുന്നു. റോഡരികിൽ നിന്ന് കടന്നുപോകുന്ന വാഹനങ്ങൾക്കൊക്കെ കൈ കാണിച്ചപ്പോൾ മലയാളിയുടെ കാർ നിർത്തി. റസിയയുടെ ദുരിത കഥ ചോദിച്ചറിഞ്ഞ കാറുടമ അവരെ ഷാർജയിലെ ഒരു സുരക്ഷിത കേന്ദ്രത്തിൽ പാർപ്പിച്ചു.
അദ്ദേഹം വഴി പിന്നീട് സാമൂഹിക പ്രവർത്തകരായ ഷാജി എടശ്ശേരി, ഉമറുൽ ഫാറൂഖ് ചെർപുളശ്ശേരി എന്നിവരെ ബന്ധപ്പെടുകയായിരുന്നു. ഔട്ട്പാസ് സംഘടിപ്പിച്ച് റസിയയെ നാട്ടിലേയ്ക്ക് അയക്കാനുള്ള ശ്രമം ഇവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. റസിയയെ എട്ട് വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചതാണ്. അതിൽപ്പിന്നെ അഹോരാത്രം ജോലി ചെയ്ത് അവർ മൂന്ന് മക്കളിൽ മൂത്ത മകളെ വിവാഹം കഴിച്ചയച്ചു.
ഇതോടെ കടത്തിലായപ്പോഴാണ് യുഎഇ പരീക്ഷണത്തിന് മുതിർന്നതെന്ന് റസിയ പറഞ്ഞു. അവിവാഹിതയായ രണ്ടാമത്തെ മകൾക്ക് 23 വയസുണ്ട്. ഇളയ മകൻ വിദ്യാർഥിയാണ്. ജീവിതം വഴി മുട്ടിയതിനാൽ നാട്ടില്‍ ചെന്ന് വൃക്ക വിൽക്കാനുള്ള റസിയയുടെ തീരുമാനം തങ്ങള്‍ ഇടപെട്ട് വിലക്കിയതായി ഷാജി എടശ്ശേരി പറഞ്ഞു. കമല്‍ കാവ്യ മാധവനെ നായികയാക്കി സംവിധാനം ചെയ്ത് ഗദ്ദാമ എന്ന സിനിമയിലെ മുഖ്യകഥാപാത്രത്തിന്‍റെ ജീവിത ദുരിതത്തിനോട് ഏറെ സമാനകളുള്ളതാണ് ഈ റസിയയുടെ ജീവിതവും.