തിരുവനന്തപുരം: ചെമ്മീനും നാരങ്ങാവെള്ളവും ഒരുമിച്ച് കഴിക്കുന്നത് മരണത്തിന് കാരണമാകുമെന്ന സന്ദേശം കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ കഴിച്ച് ഒരു യുവതി മരിച്ചതായും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഡോക്ടറും എഴുത്തുകാരിയുമായ ഷിനു ശ്യാമളന് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
ഷിനു ശ്യാമളന്റെ പോസ്റ്റ് വായിക്കാം
കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ചു കുടിച്ചാല്‍ മരണപ്പെടുമോ?
കൊഞ്ചില്‍ അല്ലെങ്കില്‍ ചെമ്മീനില്‍ വളരെ ചെറിയ അളവില്‍ ഓര്‍ഗാനിക്ക് ആര്‍സെനിക്ക് അടങ്ങിയിട്ടുണ്ട്. കൂടാതെ inorganic ആര്‍സെനിക്ക്(Arsenic) 4 ശതമാനം മാത്രമേ കൊഞ്ചില്‍ ഉള്ളു. അതായത് ഒരു കിലോഗ്രാം കൊഞ്ചില്‍ 0.5 മില്ലി ഗ്രാമില്‍ താഴെ മാത്രമേ ഇന്‍ഓര്‍ഗാനിക്ക് ആര്‍സെനിക് അടങ്ങിയിട്ടുള്ളൂ. 100 mg മുതല്‍ 300 mg ആര്‍സെനിക്ക് എങ്കിലും മനുഷ്യശരീരത്തില്‍ ചെന്നാല്‍ മാത്രമേ മനുഷ്യനെ കൊല്ലാന്‍ സാധിക്കു.
അതായത് 200 കിലോഗ്രാം ചെമ്മീന്‍ എങ്കിലും കഴിക്കണം അതിലെ ആര്‍സെനിക്ക് മൂലം മരണപ്പെടാന്‍. 8 ഗ്രാം ആര്‍സെനിക്ക് കഴിച്ച 23 വയസ്സുള്ള യുവാവ് 8 ദിവസം ജീവിച്ചിരുന്നു. അതുകൊണ്ട് കൊഞ്ചും നാരങ്ങാ വെള്ളവും കുടിച്ചു മരിച്ചതാവില്ല. കോഞ്ചോ, മറ്റു കടല്‍ മല്‍സ്യമോ കഴിക്കുമ്ബോള്‍ ചിലര്‍ക്ക് അലര്‍ജി വരാം. അതുമൂലം മരണം സംഭവിക്കാം.
പല തവണയായി അമിതമായി ആര്‍സെനിക്ക് ഉള്ളില്‍ ചെന്നാല്‍ തലവേദന,വയറിളക്കം, മുടി കൊഴിച്ചില്‍, അപസ്മാരം, നഖങ്ങളില്‍ വെളുത്ത വരകള്‍ എന്നിവ അനുഭവപ്പെടാം. അമിതമായി ആര്‍സെനിക് ഒറ്റത്തവണ ഉപയോഗിച്ചാല്‍ ഛര്‍ദി, വയറിളക്കം, കോമ, അപസ്മാരം, മരണം സംഭവിക്കാം.ദയവ് ചെയ്തു ഇത്തരം hoax ഫേസ്ബുക്കില്‍ പ്രചരിപ്പിക്കരുത്. ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തരുത്. ആരോഗ്യ സംബന്ധമായ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുന്‍പ് അതിന്റെ സത്യാവസ്ഥ അറിയുവാന്‍ ശ്രമിക്കുക.