Breaking News
Home / Lifestyle / ടീച്ചറെ ഞാന്‍ അമ്മേന്ന് വിളിച്ചോട്ടെ വിക്കി വിക്കി അവന്റെ നിഷ്‌കളങ്കമായ ചോദ്യവും നോട്ടവും കണ്ടപ്പോള്‍ ടീച്ചര്‍ ശരിക്കും അത്ഭുതപ്പെട്ടു

ടീച്ചറെ ഞാന്‍ അമ്മേന്ന് വിളിച്ചോട്ടെ വിക്കി വിക്കി അവന്റെ നിഷ്‌കളങ്കമായ ചോദ്യവും നോട്ടവും കണ്ടപ്പോള്‍ ടീച്ചര്‍ ശരിക്കും അത്ഭുതപ്പെട്ടു

കഥ : ടീച്ചറമ്മ
രചന : അജ്മല്‍ സികെ

ടീച്ചറെ ഞാന്‍ അമ്മേന്ന് വിളിച്ചോട്ടെ ?

വിക്കി വിക്കി അവന്റെ നിഷ്‌കളങ്കമായ ചോദ്യവും നോട്ടവും കണ്ടപ്പോള്‍ ടീച്ചര്‍ ശരിക്കും അത്ഭുതപ്പെട്ടു.. എങ്കിലും മുഖത്ത് സ്ഥായിയായുള്ള പുഞ്ചിരിയില്‍ മുക്കി മിനി ടീച്ചര്‍ ആ നാലാം ക്ലാസുകരനോട് പറഞ്ഞു..

‘മോന്‍ വിളിച്ചോളു.. ഈ സ്‌കൂളിലെ എല്ലാരും എന്റെ സ്വന്തം മക്കള്‍ തന്നെയാ..’

അവന്റെ മുഖം അമ്പിളി നിലാവ് പോലെ പ്രകാശം പടരുന്നത് ടീച്ചര്‍ കാണുന്നുണ്ടായിരുന്നു. മിനി ടീച്ചര്‍ സ്‌കൂളില്‍ മലയാളം അദ്ധ്യാപികയായി ജോയിന്‍ ചെയ്തിട്ട് 2 മാസങ്ങളേ ആയുള്ളു. വന്ന നാള്‍ തൊട്ട് അവള്‍ കണ്ണനെ ശ്രദ്ധിക്കുന്നുണ്ട്.. ഒളിച്ചും പാത്തും തന്നെ കാണാന്‍ അവിടവിടങ്ങളില്‍ ഒളിച്ചു നില്‍ക്കുന്ന ആ നാലാം ക്ലാസുകരനെ…തന്റെ നോട്ടം അവനില്‍ പതിക്കുമ്പോള്‍ നാണം കൊണ്ട് ഒടി മറയുന്ന അവന്റെ ഭാവങ്ങള്‍ അവരില്‍ വല്ലാത്ത ഒരത്ഭുതമാണ് ഉണ്ടാക്കിയത്.

ഒരു ദിവസം സ്റ്റാഫ് റൂമിന്റെ മറവില്‍ നിന്ന് ടീച്ചറെ ഒളിച്ച് നോക്കുന്നതിനിടക്ക് സുധാകരന്‍ മാഷ് അവനെ കൈയ്യോടെ പിടികൂടി…

‘ നീയെന്തിനാടാ സ്റ്റാഫ് റൂമിന്റെ പരിസരത്ത് ഇങ്ങനെ ഒളിച്ചും പാത്തും നില്‍ക്കുന്നത്’

സുധാകരന്‍ മാഷ് കണ്ണുരുട്ടി ചോദിച്ചപ്പോള്‍.. കുറ്റം കണ്ടു പിടിക്കപ്പെട്ട കള്ളനെ പോലെ അവന്‍ നിന്നു പരുങ്ങി… ഇടയ്ക്ക് അവന്റെ കണ്ണുകള്‍ ടീച്ചറുടെ നേര്‍ക്ക് നീളുന്നുണ്ടായിരുന്നു. സുധാകരന്‍ മാഷ് ചൂരല്‍ വീശാന്‍ തുടങ്ങിയപ്പോള്‍ വിതുമ്പി കൊണ്ട് അവന്‍ പറഞ്ഞു.

‘ അത്.. അത്.. മിനി ടീച്ചര്‍ക്ക് എന്റെ അമ്മേടെ ഛായയാ, അതോണ്ടാ ഞാന്‍…’

വാക്കുകള്‍ കിട്ടാതെ അവനുഴറി, മുഴുമിക്കാതെ അവന്‍ ക്ലാസിലേക്ക് തിരിഞ്ഞോടി. സുധാകരന്‍ മാഷും ആകെ വല്ലാണ്ടായി. മിനി ടീച്ചര്‍നാണേല്‍ എന്തു പറയണംന്നറിയാത്ത അവസ്ഥ. അവന്‍ തന്നെ ടീച്ചറായിട്ടല്ല അമ്മയായിട്ടാ കാണുന്നത്. ഇടയ്ക്ക് ഒരിക്കല്‍ അവന് എന്‍.എസ് എസ് ക്യാംമ്പില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചപ്പോള്‍ അവനെ ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ ചുംബിച്ചത് അവരോര്‍ത്തു. ആ ചുംബനം അവനില്‍ വരുത്തിയ മാറ്റം… നിലത്തു നില്‍ക്കാതെ കുറച്ചു നേരത്തേക്ക് തുള്ളിച്ചാടുകയായിരുന്നു അവന്‍, ഏതോ വലിയ യുദ്ധം ജയിച്ച പോരാളിയെ പോലെ.

പിന്നീടവര്‍ അവനെകുറിച്ച് പലതും മറ്റു ടീച്ചര്‍മാരില്‍ നിന്നറിഞ്ഞു. അവന്റെ പ്രസവത്തോടെ മരിച് പോയ അവന്റെ അമ്മയെ കുറിച്ച്, അമ്മയുടെ മരണം താങ്ങാന്‍ വയ്യാതെ ആത്മഹത്യ ചെയ്ത അവന്റെ അച്ഛനെക്കുറിച്ച്… മാമന്മാരുടേയും മാമിമാരുടേയും ഇടയില്‍ ഒറ്റപ്പെട്ടു പോയ ബാല്യത്തെക്കുറിച്ച് എല്ലാം അവര്‍ പലപ്പോഴായി അറിഞ്ഞു.. ഒരു വല്ലാത്ത വാത്സല്യം ടീച്ചര്‍ക്ക് അവനോട് തോന്നി.

ആയിടക്കാണ്, സ്‌കൂളിന് മാതൃകാ വിദ്യാലയത്തിനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് ലഭിക്കുന്നത്. പ്രധാനാധ്യാപിക സരോജനി ടീച്ചര്‍ മലയാളം അദ്ധ്യാപികയായ മിനി ടീച്ചറെ വിളിച്ചു പറഞ്ഞു.

‘അടുത്ത പതിനഞ്ചാം തീയ്യതി സ്‌കൂളിനെ ആദരിക്കുന്ന ചടങ്ങ് നടത്താനിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിയൊക്കെ പങ്കെടുക്കുന്ന ചടങ്ങാണ്. നമ്മുടെ കുട്ടികളില്‍ ആരെങ്കിലും ഒരു 5 മിനുട്ട് സ്വാഗത പ്രസംഗം നടത്തണം. ടീച്ചറെ അതിന്റെ ഉത്തരാവാദിത്വം ഏല്‍പ്പിക്കുകയാണ്.. വേണ്ടത് ചെയ്‌തോണം.. ‘

പ്രസംഗം ആരെ ഏല്‍പ്പിക്കണം എന്ന കാര്യത്തില്‍ മിനി ടീച്ചര്‍ക്ക് ഒരു സംശയവും ഇല്ലായിരുന്നു. കണ്ണന്റെ അത്ര നന്നായ് പ്രസംഗിക്കാന്‍ അറിയാവുന്ന ആരുണ്ട് അവിടെ…

‘ മോനേ കണ്ണാ… നീ തകര്‍ക്കണം.. പ്രസംഗം ഞാനെഴുതി തരാം കാണാ പാഠം പഠിച്ച് സ്വാഗതം പറഞ്ഞ് എല്ലാവരേയും ഞെട്ടിക്കണം’

‘ ശരി ടീച്ചറമ്മേ…’

അവന്റെ അമ്മ വിളി അവന് ശരിക്ക് ഇഷ്ടപ്പെട്ടു. അകാലത്തില്‍ വിധവയായ ഒരു കുഞ്ഞിക്കാലു കാണാന്‍ ഭാഗ്യമില്ലാതെ പോയ ടീച്ചര്‍ക്ക് എന്തോ അവന്റെ അമ്മ വിളി ഒരാശ്വാസമായിരുന്നു. ഒരാഴ്ച്ചക്ക് ശേഷം അവന്‍ വീണ്ടും ടീച്ചര്‍ടെ അടുത്ത് വന്നു.

ടീച്ചറേ, ടീച്ചര്‍ തന്ന പ്രസംഗം ഞാന്‍ വള്ളി പുള്ള്ി തെറ്റാതെ പഠിച്ചു. ടീച്ചര്‍ ഒന്നു കേട്ടു നോക്കുമോ ?

‘ അതിനെന്താ കേള്‍ക്കാലൊ , പക്ഷെ നമുക്ക് പ്രിന്‍സിപ്പള്‍ന്റെ അടുത്തു പോകാം ആദ്യം.. പ്രിന്‍സിപ്പളും നിന്റെ പ്രസംഗം ഒന്നു കേള്‍ക്കട്ടെ’

ആദ്യം അവനൊരു ചമ്മല്‍ തോന്നിയെങ്കിലും ടീച്ചര്‍ പറഞ്ഞത് കൊണ്ട് അവന്‍ ടീച്ചറമ്മയുടെ കൂടെ പ്രിന്‍സിപ്പള്‍ന്റെ റൂമിലേക്ക് നടന്നു. റൂമിലേക്ക് കടന്ന വന്ന തന്നെ കണ്ടതും സരോജനി ടീച്ചറുടെ മുഖം കറുക്കുന്നത് അവനും മിനി ടീച്ചറും ശ്രദ്ധിച്ചു. ഒരു വിധം പ്രസംഗം നല്ല രീതിയില്‍ പറഞ്ഞ് അവന്‍ പ്രിന്‍സിപ്പള്‍ന്റെ മുറിയില്‍ നിന്ന് പുറത്ത് ചാടി… ടീച്ചറുടെ നോട്ടം അവനില്‍ വല്ലാതെ അലസോരമുണ്ടാക്കുന്നുണ്ടായിരുന്നു.

‘ മിനി ടീച്ചറെ ഇതു തമാശ കളിയല്ല.. എല്ലാ ചാനലുകളും കവര്‍ ചെയ്യുന്ന മന്ത്രി പങ്കെടുക്കുന്ന വലിയ ഒരു പോഗ്രാമാണ്.. ആ പ്രോഗ്രാമിലാണോ ഇവനെ പോലുള്ള ഒരു പയ്യന്‍..’

സരോജനി ടീച്ചര്‍ രോഷം കൊണ്ട് തുള്ളുകയായിരുന്നു.

‘ എന്താ അതിനിപ്പോള്‍.. അവന് എന്താ ഒരു കുഴപ്പം.. എത്ര ഭംഗിയായിട്ടാ അവന്‍ പ്രസംഗം അവതരിപ്പിച്ചത്.’

മിനിടീച്ചര്‍ക്ക് കാര്യം പിടികിട്ടിയില്ല.

‘ എന്റെ പൊന്നു ടീച്ചറെ കാണാന്‍ കൊള്ളാവുന്ന ചന്തമുള്ള എത്ര പേര്‍ നമ്മുടെ സ്‌കൂളിലുണ്ട്… അവരിലാരെയെങ്കിലും ചെന്ന് പ്രസംഗം പഠിപ്പിക്ക.. ഇത് ഒരു മാതിരി കറുത്തിരുണ്ട്.. സോമാലിയയില്‍ നിന്ന് ചാടി പോന്ന പോലെയൊരു നരുന്ത് പയ്യന്‍.. മന്ത്രിയും പരിവാരങ്ങളും എന്താ കരുതാ നമ്മളെ സ്‌കൂളിനെ കുറിച്ച്…’

സരോജനി ടീച്ചര്‍ പറയുന്ന്ത് പുറത്ത് നിന്ന് കണ്ണന്‍ കേള്‍ക്കുന്നുണ്ടായിരുന്നു… അവന്റെ കുഞ്ഞു മനസ്സ് ഒത്തിരിയധികം വേദനിച്ചു. ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ അവന്‍ ക്ലാസിലേക്ക് മടങ്ങി. ഇന്റര്‍ വെല്‍ സമയത്താണ് ക്ലാസിലെ ആകാശവാണി ജിനേഷ് ഓടി വന്ന് പറഞ്ഞത്

‘ അറിഞ്ഞോ…! നമ്മുടെ കണ്ണനെ കൊണ്ട് പ്രസംഗം പറയിപ്പിക്ക്ണില്ല.. വിഷ്ണുവാണെത്രെ സ്വാഗതം പറയാന്‍ പോണത്..’

‘ അതെന്തു പറ്റി എന്താ കണ്ണനെ കൊണ്ട് പറയിപ്പിക്കാതെ’

‘ അതില്ലേ… ഓന്‍ കറുത്തിട്ടല്ലെ അതോണ്ടാവും.. നാലാളു കാണുന്നിടത് ഓനെ പോലെ ചന്തമില്ലാത്ത കുട്ട്യോളെ ആരേലും കയറ്റി നിര്‍ത്തോ’

അപ്പോയേക്ക് കുട്ട്യോളെല്ലാവരും കൂടെ അവനെ ചക്കരയില്‍ ഈച്ച പൊതിയും പോലെ വളഞ്ഞിട്ട് കറുമ്പനെന്ന് വിളിച്ച് കളിയാക്കാന്‍ തുടങ്ങിയിരുന്നു.. അവന് സഹിക്കാനായില്ല… തലയില്‍ എന്തോ ഇരച്ചു കയറും പോലെ… അവന്‍ പോലും അറിയാതെ അവന്‍ പൊട്ടി പൊട്ടിക്കരഞ്ഞു… കരഞ്ഞു കൊണ്ടു തന്നെ അവന്‍ വീട്ടിലേക്കോടി. വീട്ടിലെത്തിയതും അവന്‍ കണ്ണാടിക്ക് മുമ്പില്‍ നിന്ന് അവന്റെ രൂപം നോക്കി… അതെ കറുത്തിരുണ്ട ഒരു രൂപം…. അവന് അവനോട് തന്നെ വെറുപ്പു തോന്നി.. തലയിണ കെട്ടിപ്പിടിച്ച് അവന്‍ പൊട്ടിക്കരഞ്ഞു..

എത്ര നേരം അങ്ങനെ കിടന്നെന്നറിയില്ല.. പുറത്ത് പരിചിതമായോ ആരുടേയോ ശബ്ദം.. അതെ തന്റെ ടീച്ചറമ്മയുടെ ശബ്ദം… മാമിമാര്‍ ടീച്ചറോട് എന്തൊക്കെയോ ചോദിക്കുന്നു…

‘ എന്താ ടീച്ചരെ ഇന്നു പറ്റിയെ അവന്‍ വന്നപാട് കിടന്നു കരയുന്നു.. ഇതു വരെ കരച്ചില്‍ നിര്‍ത്തിയിട്ടില്ല.. ചോദിച്ചിട്ടൊന്നും പറയുന്നുമില്ല..’

‘ അതൊക്കെ പറയാം, കണ്ണന്‍ എവിടെ ഞാനൊന്നു കാണട്ടെ… ‘

തന്റെ അടുക്കലേക്ക് നടന്നടുക്കുന്ന കാലടി ശബ്ദങ്ങള്‍ അവനറിഞ്ഞെങ്കിലും തലയണയില്‍ മുഖമമര്‍ത്തി ഒന്നും അറിയാത്ത പോലെ അവന്‍ കിടന്നു. തന്റെ മുടി ഇഴകളില്‍ ടീച്ചറുടെ കരങ്ങള്‍ വാത്സല്ല്യത്തോടെ തലോടിയപ്പോള്‍ അവന് പിടിച്ച് നില്‍ക്കാനായില്ല… അമ്മേന്ന് വിളിച്ച് അവന്‍ പൊട്ടിക്കരഞ്ഞു…

‘ ഇപ്പോ ഞാനിവിടെ വന്നതെന്തിനാണെന്നറിയോ കണ്ണന് ?

കരച്ചിലിനിടയില്‍ അവന് ചോദ്യഭാവത്തില്‍ കണ്ണുകളുയര്‍ത്തി നോക്കി…

‘ നീയന്ന് ചോദിച്ചില്ലേ.. അമ്മേന്ന് വിളിച്ചോട്ടേന്ന്… അന്ന് തീരുമാനിച്ചതാ നിന്നെ എന്റെ മകനായിട്ട് വിട്ടു തരുമോന്ന് ഇവിടെ വന്ന് ചോദിക്കണംന്ന്.. ഇപ്പോള്‍ ഞാന്‍ വന്നിരിക്കുന്നത് ഇവരോടൊക്കെ അനുവാദം ചോദിക്കാനാ’

അവന്റെ കരച്ചില്‍ എവിടെയോ പോയ് മറഞ്ഞു. കേട്ട വാക്കുകള്‍ വിശ്വസിക്കാതെ അവന്‍ കണ്ണുമിഴിച്ച് ടീച്ചര്‍ടെ മുഖത്ത് തന്നെ നോക്കി നിന്നു പോയി.

……………………………

വര്‍ഷങ്ങള്‍ക്കു ശേഷം ടീച്ചറുടെ വാത്സല്യത്തോടെയുള്ള മുടിയിഴകളെ തലോടലും ആസ്വദിച്ച് മടിയില്‍ കിടക്കുന്നതിനിടെ കണ്ണന്‍ ചോദിച്ചു.

‘ അമ്മേ.. അമ്മക്ക് എന്നേക്കാല്‍ നല്ല ചന്തമുള്ള ഒരു മകനെ കിട്ടുമായിരുന്നില്ലേ… എന്നിട്ടും എന്തിനാ എന്നെ…’

മുഴുമിക്കുന്നതിന് മുമ്പ്.. ടീച്ചര്‍ അവന്റെ തലയില്‍ ഒരു കൊട്ട് കൊടുത്തു… എന്നിട്ട് സ്വത്വസിദ്ധമായ ആ പുഞ്ചിരി മുഖത്ത് നിറച്ച് അവര്‍ പറഞ്ഞു.

‘ നീ പറഞ്ഞ പോലെ ആരെ വേണമെങ്കിലും എനിക്ക് മകനേന്ന് വിളിക്കാമായിരുന്നു… അവനെന്നെ അമ്മേന്നും വിളിക്കും.. പക്ഷെ നിന്നെ പോലെ.. മനസ്സ് നിറഞ്ഞ് എന്നെ അമ്മേന്ന് വിളിക്കാന്‍, എന്റെ മനസ്സിന്റെ അടിത്തട്ടില്‍ നിന്ന് ആത്മാര്‍ത്ഥതയോടെ എനിക്ക് മോനേന്ന് വിളിക്കാന്‍ അത് മറ്റാര്‍ക്കും പറ്റില്ലെന്ന് തോന്നി..’

ഒരു ഇളം കാറ്റ് ജനലഴികളിലൂടെ അവരെ തലോടി കടന്നു പോയി…

…………ശുഭം…………

About Intensive Promo

Leave a Reply

Your email address will not be published.