അത് ഒരു നിമിഷത്തെ സംഭ്രമത്തിലോ ആവേശത്തിലോ സംഭവിച്ചതായിരുന്നില്ല. മകന്‍ കിണറ്റില്‍ വീണതറിഞ്ഞപ്പോള്‍, ധരിച്ചിരുന്ന വസ്ത്രം എടുത്തുകുത്തി അരമതിലില്‍ കയറിയിരുന്ന് കിണറിന്റെ ഒത്തമധ്യത്തിലേക്ക് അളന്നുമുറിച്ച് ചാടുകയായിരുന്നു മിനി. മാതൃത്വത്തിന് മാത്രം കഴിയുന്ന ധീരതയോടെ.. 7 നാല്‍പതടിയിലേറെ ആഴമുള്ള കിണറ്റിലേക്ക് ചാടുമ്പോള്‍ ഭയം തെല്ലുമുണ്ടായിരുന്നില്ലെന്ന് മിനി പറയുന്നു.
ഉണ്ടായിരുന്നത് മകനെ എങ്ങനെയും രക്ഷിക്കണമെന്ന ചിന്തമാത്രം. മകനുവേണ്ടി ഇനിയുമൊരു നൂറുവട്ടം ചാടാന്‍ തനിയ്ക്ക് തരിമ്പും പേടിയില്ലെന്നു ഉറച്ചുപറയുന്ന മിനിയെ പക്ഷേ അധീരയാക്കുന്ന മറ്റൊന്നാണ്. വീഴ്ചയില്‍ മകന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ എന്ന ചിന്ത. അതിപ്പോഴും ഈ അമ്മയെ വേട്ടയാടുകയാണ്. സംഭവം നടന്നിട്ട് ദിവസങ്ങളായിട്ടും മിനിയ്ക്ക് ഇതുവരെ ശരിയ്ക്കൊന്നുറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഡോക്ടര്‍മാര്‍ നല്‍കിയ ശക്തിയേറിയ ഗുളികകള്‍ക്ക് പോലും അമ്മ മനസ്സിലെ ആശങ്കകളെ ഉറക്കിക്കിടത്താനാവുന്നില്ല.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലെ പടുത വലിച്ചുകെട്ടാന്‍ അച്ഛനെ സഹായിക്കുന്നതിനിടെ ഏഴു വയസ്സുകാരനായ അലന്‍ കാല്‍ വഴുതി വീട്ടുമുറ്റത്തെ കിണറ്റില്‍ വീഴുന്നത്. അച്ഛന്‍ ബിജുവും അപ്പൂപ്പന്‍ ചന്ദ്രനുമായിരുന്നു അപ്പോള്‍ കൂടെയുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് പിന്‍വശത്തുനിന്ന് ഓടിയെത്തിയ മിനി മകന്‍ കിണറ്റില്‍ വീണെന്നറിഞ്ഞ് പിന്നാലെ ചാടുകയായിരുന്നു. mom and son `കിണറ്റില്‍ കൊച്ചിന് നിലയുണ്ടാകില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ട് ആരെങ്കിലും വരുന്നതുവരെ കാക്കാനൊന്നും കഴിയില്ലായിരുന്നു. നേരെ അരമതിലില്‍ കയറിയിരുന്ന് കിണറ്റിലേക്ക് ചാടി.
മുങ്ങിനിവര്‍ന്നത് അവനെയും കൊണ്ടായിരുന്നു. കാര്യമായൊന്നും പറ്റിയിട്ടില്ലെന്നറിഞ്ഞപ്പോള്‍ ആശ്വാസമായി’ -മിനി പറഞ്ഞു. തനിയ്ക്കെന്തു പറ്റിയാലും മകനെ രക്ഷിക്കണമെന്ന ചിന്ത മാത്രമായിരുന്നു അപ്പോള്‍ മനസ്സിലെന്ന് മിനി പറയുന്നു. അവനെന്തെങ്കിലും പറ്റിയിട്ട് പിന്നെ ഞാന്‍ ജീവിച്ചിരിക്കുന്നത് എന്തിനാണ്. എനിയ്ക്ക് നിലയില്ലെങ്കില്‍ തന്നെ മകനെ മോട്ടറിന്റെ ഫുട്ട് വാല്‍വില്‍ ബന്ധിപ്പിക്കാമെന്നാണ് കരുതിയിരുന്നതെന്നും മിനി കൂട്ടിച്ചേര്‍ത്തു. 6 അലനെ മുങ്ങിയെടുത്ത ശേഷം അര മണിക്കൂറോളം പെരുവിരലൂന്നിയാണ് മിനി കിണറ്റില്‍ നിന്നത്. പിന്നീട് നാട്ടുകാര്‍ ഇറക്കിക്കൊടുത്ത ഏണിയില്‍ മകനെ തോര്‍ത്തുകൊണ്ട് ബന്ധിച്ച് കയറ്റിവിട്ടു.
ചാട്ടത്തില്‍ തല എവിടെയോ ശക്തിയായി ഇടിച്ചതിനാല്‍ ഏണി വഴി കയറിപ്പോരാന്‍ മിനിയ്ക്കായില്ല. ഒരു മണിക്കൂറിന് ശേഷം ഫയര്‍ ഫോഴ്സ് എത്തിയാണ് മിനിയെ കരയ്ക്കെത്തിച്ചത്. വീഴ്ചയില്‍ അലന്റെ തലയ്ക്കും മുറിവു പറ്റിയിരുന്നു. മുറിവില്‍ ആറു സ്റ്റിച്ചുകളുണ്ട്. രണ്ടു ദിവസം മൂവാറ്റുപുഴ നിര്‍മലാ മെഡിക്കല്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ അമ്മയ്ക്കും മകനും കാര്യമായ മറ്റു ക്ഷതങ്ങളൊന്നുമേറ്റിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മയുടെ ധീരതയ്ക്കുള്ള ആദരവായി ചികിത്സയും സൗജന്യമായിട്ടാരുന്നു. ഡിസ്ചാര്‍ജാകും മുമ്പ് മിനിയെ ആദരിക്കാന്‍ പ്രത്യേക ചടങ്ങും ആശുപത്രി അധികൃതര്‍ സംഘടിപ്പിച്ചിരുന്നു.
ആശുപത്രി വിട്ടതോടെ ധീരയായ അമ്മയെയും മകനെയും കാണാനും അഭിനന്ദിക്കാനും ദൂരെദേശത്തു നിന്നുപോലും നിരവധി പേരാണ് മൂവാറ്റുപുഴ കാലാമ്പൂര്‍ കുന്നക്കാട്ടുമലയിലെ ഇവരുടെ വീട്ടിലേക്കെത്തുന്നത്. മിനിയുടെ ഫോണിനും വിശ്രമമില്ല. സുഖവിവിരമന്വേഷിച്ചും മറ്റും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിളികള്‍ വന്നുകൊണ്ടേയിരിക്കുന്നു. എല്ലാവരോടും മിനി സന്തോഷത്തോടെ മറുപടി പറയുന്നു. `പകല്‍ ആളുകളുള്ളതിനാല്‍ കുഴപ്പമില്ല. എന്നാല്‍, രാത്രി കിടക്കാന്‍ നേരമാണ് പ്രശ്നം.’ മിനി പറയുന്നു.
`കണ്ണടച്ചാല്‍ അവന്‍ വീഴുന്നതാണ് ഓര്‍മ വരിക. അവനെന്തെങ്കിലും പറ്റിയാലോ എന്ന ആധിയാണ് പിന്നെ. ഉറങ്ങാന്‍ പോലുമാവില്ല.’ മിനിയുടെ ശബ്ദമിടറി. ഈ ആധിമൂലമാവണം കുറച്ചുനേരം അലനെ കണ്ടില്ലെങ്കില്‍ മിനി നീട്ടി വിളിക്കും `കൊച്ചേ…’, പിന്നാലെ ചേച്ചിയോടൊപ്പം അലന്‍ ഹാജരാകും. അമ്മ തിരക്കിലാകുമ്പോള്‍ ചേച്ചി മീനുവിനാണ് ഇപ്പോള്‍ അലന്റെ സംരക്ഷണച്ചുമതല. 3 പറമ്മഞ്ചേരി സെന്റ് സ്റ്റീഫന്‍സ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അലന്‍. ഈ വര്‍ഷം മൂന്നാം ക്ലാസിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.
കിണറ്റില്‍ വീണതിനെ കുറിച്ചൊന്നും അലന് കൃത്യമായ ഓര്‍മയില്ല. അമ്മ പൊക്കിയെടുത്തതുമാത്രമാണ് ആകെ ഓര്‍മയുള്ളത്. അമ്മയെ കണ്ടതിനാല്‍ പ്രത്യേകിച്ച് പേടിയൊന്നും തോന്നിയില്ലെന്നും അലന്‍ പറയുന്നു. വെക്കേഷനാണെങ്കിലും അലനെ ഇപ്പോള്‍ വീട്ടില്‍ തന്നെ ഇരുത്തിയിരിക്കുകയാണ്. `മുമ്പേ തന്നെ പുറത്തുവിടാത്തതിന് അവന് എന്നോട് ദേഷ്യമാണ്. കുറുമ്പ് ഇത്തിരി കൂടുതലാണ്, അടങ്ങിയിരിക്കില്ല. പുറത്തൊക്കെ കൊണ്ടുപോകുന്നതിനാല്‍ അച്ഛനെയാണ് ഇഷ്ടമെന്ന് എപ്പോഴും പറയും’ -മകനെ കുറിച്ച് മിനി വാചാലയാകുന്നു.
അതുകേട്ടപ്പോള്‍ അലനോട് കളിയായി ചോദിച്ചു, ‘എന്നിട്ട് കിണറ്റില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ വന്നത് അമ്മയാണല്ലോ?’ അതിനൊരു നാണച്ചിരിയായിരുന്നു മറുപടി. എന്നിട്ടവന്‍ അമ്മയുടെ അരയില്‍ കൈചുറ്റി കൂടുതല്‍ ചേര്‍ന്നുനിന്നു. എന്തൊക്കെ പറഞ്ഞാലും അമ്മയ്ക്കെന്നോടുള്ള സ്നേഹത്തിന് ഒരു കുറവും വരില്ലെന്ന് പറയാതെ പറയുമ്പോലെ. Courtesy : Mathrubhumi