വൃദ്ധരായ മാതാപിതാക്കളെ കയ്യൊഴിയുന്ന മക്കൾക്ക് തടവു ശിക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മാതാക്കളെ ഉപേക്ഷിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ ആറു മാസമായി ഉയര്‍ത്തുന്ന ബില്ലിന്‍റെ കരട് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി. പരമാവധി പ്രതിമാസം 10,000 രൂപ ജീവനാംശം നൽകിയാൽ മതിയെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു.
2007ലെ മെയിന്‍റനൻസ് ആൻഡ് വെൽഫയര്‍ ഓഫ് പാരന്‍റ്സ് ആൻഡ് സീനിയര്‍ സിറ്റിസൺസ് നിയമത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തുന്നത്. മാതാപിതാക്കളെ വൃദ്ധസധനങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്ന മക്കൾക്കുള്ള ശിക്ഷ മൂന്ന് മാസം തടവിൽ നിന്ന് നിന്ന് ആറുമാസമാക്കി ഉയര്‍ത്തി. ദത്തെടുത്ത മക്കളും മരുമക്കളും മാതാപിതാക്കൾക്ക് ജീവനാംശം നൽകാൻ നിയമപരമായി ബാധ്യസ്ഥരാകും.
സ്വന്തം മക്കളും ചെറുമക്കളും മാത്രമേ നിലവിൽ മക്കൾ എന്ന നിര്‍വ്വചനത്തിലുള്ളൂ. ജീവനാംശത്തിൽ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യ പരിരരക്ഷ എന്നിവയ്ക്ക് പുറമേ സുരക്ഷയും സംരക്ഷണവും ഉൾപ്പെടുത്തി. മാതാപിതാക്കൾക്ക് പരാമാവധി മാസം 10,000 രൂപ ജീവനാംശം നൽകിയാൽ മതിയെന്നതിന് പകരം മക്കളുടെ വരുമാനത്തിന് ആനുപാതികമായി ജീവനാംശത്തുക നൽകാൻ വ്യവസ്ഥയുണ്ടാകും.
നിയമ ലംഘനമുണ്ടായാൽ മാതാപിതാക്കൾക്ക് ട്രൈബ്യൂണലിനെ സമീപിക്കാം. ഓരോ ജില്ലയിലും സര്‍ക്കാര്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അഭയകേന്ദ്രമൊരുക്കും. അവഗണിക്കപ്പെടുന്നുവെന്ന് തോന്നിയാൽ എഴുതി നൽകിയ സ്വത്തുക്കൾ തിരിച്ച് പിടിക്കാൻ മാതാപിതാക്കൾക്കുള്ള അവകാശം തുടരും. .