Breaking News
Home / Lifestyle / മിനി റിച്ചാര്‍ഡ് അര്‍ഹിക്കുന്നത് പരിഹാസമല്ല, കൈയടിയാണ്..!!

മിനി റിച്ചാര്‍ഡ് അര്‍ഹിക്കുന്നത് പരിഹാസമല്ല, കൈയടിയാണ്..!!

തന്നെക്കാള്‍ പ്രായം കുറഞ്ഞ യുവാവുമായി പ്രണയലീലകള്‍ ചെയ്യുന്ന ഒരുവള്‍ എന്നതിലെ ലോജിക് എനിക്ക് ഒട്ടുമേ മനസിലാവുന്നില്ല. മമ്മൂട്ടിയോ മോഹന്‍ലാലോ തന്നെക്കാള്‍ എത്രയോ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുമായി (അങ്ങിനെയുള്ളവരുമായി മാത്രം എന്നു പോലും ) സിനിമയില്‍ അഭിനയിക്കുമ്പോള്‍ പൊട്ടാത്ത ഏത് കുരുവാണ് മറിച്ച് സംഭവിക്കുമ്പോള്‍ പൊട്ടുന്നത്?

‘മല്ലു ആന്റി’ എന്നൊരു പ്രയോഗം എനിക്കിഷ്ടമുള്ളതോ ഞാന്‍ ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടുള്ളതോ അല്ല.

അതിന്റെ വ്യംഗ്യാര്‍ത്ഥത്തെ പ്രതി മാത്രമല്ല അത്, മലയാളിയെ പ്രതിനിധീകരിക്കുവാന്‍ വേണ്ടി മല്ലു എന്ന ചുരുക്കവാക്ക് ഉപയോഗിക്കുമ്പോള്‍ അത് എന്തോ ഒരു അശ്ലീലം പോലെയാണ് എനിക്ക് തോന്നുക, ആന്റി എന്ന വാക്കും എനിക്ക് ഇഷ്ടമുള്ള ഒന്നല്ല. ഇഷ്ടമില്ലാത്ത രണ്ട് വാക്കുകള്‍ കൂടിച്ചേര്‍ന്ന് ഉണ്ടായ ഈ പുതിയ വാക്ക് അത് കൊണ്ട് തന്നെയാവണം എനിക്ക് പഥ്യവുമല്ല.

വാക്കുകള്‍ ഉണ്ടാവുന്നതില്‍ നമുക്ക് സങ്കല്‍പ്പിക്കാനാവാത്ത ചില ട്വിസ്റ്റുകള്‍ ഉണ്ട്. ആന്റി എന്ന പ്രയോഗം കൂടുതല്‍ ചേരുമായിരുന്ന വിദേശവാസികളായ ആന്റിയെ നമ്മള്‍ വിളിക്കുന്നത് അമേരിക്കന്‍ അമ്മായി എന്നാണ്. അമ്മായി എന്ന നല്ല നാടന്‍ വിളി ചേരുന്ന അടുത്ത വീട്ടിലെ സ്ത്രീയാണ് മല്ലു ആന്റി. ഇത് രണ്ടും തീര്‍ച്ചയായും അവരെ അഭിസംബോധന ചെയ്യാനുള്ള പേരുകളല്ല താനും, രണ്ടും ഒരു തരം ബ്രാന്‍ഡ് നെയിമുകളാണ്. അമേരിക്കന്‍ അമ്മായി ധനാഢ്യയും പൊങ്ങച്ചക്കാരിയുമായ ഒരു മധ്യവയസ്‌കയെ സൂചിപ്പിക്കുമ്പോള്‍ മല്ലു ആന്റി എന്നത് തീര്‍ത്തും ഒരു ലൈംഗിക സൂചനയാണ്.

അതവിടെ നില്‍ക്കട്ടെ നമ്മുടെ വിഷയം മല്ലു ആന്റിയാണ്.

എനിക്ക് ഇഷ്ടമുള്ളതോ ഇല്ലാത്തതോ എന്നുള്ളതല്ല,പക്ഷേ മലയാളികള്‍ക്കിടയില്‍ വളരെയേറെ പ്രചാരത്തിലുള്ള ഒരു വാക്കാണ് അത് എന്നതില്‍ ഒരു തര്‍ക്കവുമില്ല. പുരുഷന്മാരുടെ ലൈംഗിക വൊക്കാബുലറിയിലെ ഒരു പ്രധാന വാക്കു തന്നെയാണ് അത്.

മല്ലു ആന്റി എന്നത് തീര്‍ത്തും ഒരു ലൈംഗിക സൂചനയാണ്.

സകല പോണ്‍ സൈറ്റുകളിലെയും ഒരു കാറ്റഗറി ആണത്. സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ കമ്പനിക്കാര്‍ക്ക് അത് ശക്തമായൊരു കീ വേര്‍ഡാണ്. ധാരാളം ഹിറ്റുകളെ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ശക്തമായ ഒരു കീ വേര്‍ഡ്. ലോകത്താകമാനമുള്ള പുരുഷന്മാര്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന ഒരു വാക്ക്.

ഇത്രയും ആമുഖമായി ഞാന്‍ പറഞ്ഞത് ‘മിനി റിച്ചാര്‍ഡ്’ എന്ന മലയാളി സ്ത്രീയെക്കുറിച്ച് സംസാരിക്കുവാന്‍ വേണ്ടിയാണ്. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്ന ഒരു വിദേശമലയാളി സ്ത്രീയാണ് മിനി റിച്ചാര്‍ഡ്. (ഇങ്ങനെ പരിചയപ്പെടുത്തുന്നതില്‍ പരിഹസിക്കരുത്. മലയാള സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒരു നടനാണ് മോഹന്‍ലാല്‍ എന്ന് എഴുതിയാല്‍ അതില്‍ വലിയ ശരികേടൊന്നും ഇല്ലല്ലോ)

നടപ്പ് രീതിയനുസരിച്ച് ഞാന്‍ മുമ്പ് പറഞ്ഞ രണ്ട് വിശേഷണങ്ങളും ഏകദേശം വേണമെങ്കില്‍ ചേര്‍ക്കാവുന്ന ഒരു സ്ത്രീ. കലാകാരി ,ബിസിനസ് വുമണ്‍ ,സോഷ്യല്‍ വര്‍ക്കര്‍ എന്നൊക്കെ സ്വയം പരിചയപ്പെടുത്തുന്ന ഒരു മലയാളി മദ്ധ്യവയസ്‌ക.

മിനിറിച്ചാര്‍ഡിന്റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്തിരിക്കുന്നത് പതിനെട്ട് ലക്ഷത്തില്‍ പരം ആളുകളാണ്.

മോഹന്‍ലാലിനേയും മഞ്ജുവാര്യരെയും കളക്ടര്‍ ബ്രദറിനെയുമൊക്കെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരുള്ള ഒരു സെലിബ്രിറ്റി. സ്വന്തം വെബ്‌സൈറ്റും ഫാന്‍ പേജുമുള്ളവള്‍

അങ്ങനെ പറഞ്ഞാല്‍ മതിയാവുമോ ആവോ ?

മിനിറിച്ചാര്‍ഡിന്റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്തിരിക്കുന്നത് പതിനെട്ട് ലക്ഷത്തില്‍ പരം ആളുകളാണ്. മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടേത് എത്രയെന്ന് നിങ്ങള്‍ ഒന്ന് സ്വന്തം പോയി നോക്കിയാല്‍ മതി.

ഏറെനാളുകളായി അവര്‍ സിനിമയടക്കമുള്ള ഷോ ബിസിനസ് രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും ഈയടുത്ത് യു ട്യൂബില്‍ റിലീസ് ചെയ്ത ഒരു ആല്‍ബമാണ് അവരെ കൂടുതല്‍ പ്രസിദ്ധയാക്കിയത്. ലക്ഷക്കണക്കിന് ആളുകള്‍ റിലീസിന് തൊട്ടു പുറകെ പ്രസ്തുത ആല്‍ബം കണ്ടു. എങ്കിലും അതിനു ശേഷം അവര്‍ വ്യാപകമായ രീതിയില്‍ പരിഹസിക്കപ്പെട്ടു. അവരെ ലേഡി സന്തോഷ് പണ്ഡിറ്റ് എന്ന് വിളിച്ചുകൊണ്ട് രണ്ടുപേരെയും ട്രോളന്മാര്‍ ഒരുപോലെ അപഹസിച്ചു.

പ്രായം കൂടിയ ഒരു അമ്മായി ഒരു ചെറിയ പയ്യനോടൊപ്പം ആടിപ്പാടുന്നു എന്നതായിരുന്നു ആരോപണങ്ങളില്‍ തെളിഞ്ഞു നിന്ന പ്രധാന ഭാഗം. അവര്‍ക്കറിയാത്ത കാര്യങ്ങള്‍ ചെയ്തു കൂട്ടുന്നതായും ശരീരപ്രദര്‍ശനത്തെക്കുറിച്ചുമൊക്കെയായിരുന്നു അനുബന്ധമായി വന്ന വര്‍ത്തമാനങ്ങള്‍.

ഇവര്‍ക്കിത് എന്തിന്റെ കേടാണ്. ഒരു നാണവുമില്ലാത്ത സ്ത്രീ എന്ന രീതിയില്‍ പടര്‍ന്നു പരസ്യമായിട്ടല്ലാത്ത പരദൂഷണ കരകമ്പികള്‍.

സന്തോഷ് പണ്ഡിറ്റും മിനി റിച്ചാര്‍ഡുമൊക്കെ പരിഹസിക്കപ്പെടേണ്ടവരല്ല

സന്തോഷ് പണ്ഡിറ്റിനെ കുറിച്ച് പറയുമ്പോഴൊക്കെ അയാളുടെ ബുദ്ധിയില്ലായ്മ, അല്‍പ്പപത്തരം, ഉളുപ്പില്ലായ്മ എന്നീ വിഷയങ്ങളിലാണ് നമ്മള്‍ തിരിഞ്ഞുകളിച്ചിരുന്നതെങ്കില്‍ ഇവര്‍ ഒരു സ്ത്രീയാണ് എന്നതിനാല്‍ സ്വാഭാവികമായും ശ്രദ്ധയും വര്‍ത്തമാനവും അവരുടെ ശരീരത്തിലേക്ക് തിരിഞ്ഞു. അതില്‍ അവര്‍ക്ക് സങ്കടമായിട്ടുണ്ടാവില്ല കാരണം തന്നിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള ടൂള്‍ ആയി അവര്‍ ശരീരത്തെ അതിനും മുമ്പേ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു.

(നിങ്ങള്‍ക്ക് വേണമെങ്കില്‍ അതിനെ വള്‍ഗര്‍ എന്നു വിളിക്കാം പക്ഷേ അവര്‍ അതിനെ ഗ്‌ളാമര്‍ എന്ന് തന്നെയാണ് കാണുന്നത് )

തലച്ചോറിന് പല ഭാഗങ്ങളുണ്ടെന്നും അതില്‍ ഫ്രോണ്ടല്‍ ലോബ് എന്ന ഭാഗം മനുഷ്യന്റെ വികാരങ്ങളെയും പെരുമാറ്റങ്ങളെയും ഒക്കെ നിര്‍ണ്ണയിക്കുന്നു എന്നതും ശാസ്ത്രമാണ്. ഭൂമിയിലെ എല്ലാ മനുഷ്യരുടേയും തലച്ചോറ് ഒരേ പോലെയിരുന്നാല്‍ ഏക സ്വഭാവികളും യന്ത്രതുല്യരുമായ മനുഷ്യരായിരിക്കും ഭൂമിയില്‍ നിറയെ.

എന്തൊരു വൃത്തികെട്ട ഒരു ലോകമായിരിക്കും അത് ?

ഒരു വിധ യാദൃശ്ചികതകളുമില്ലാത്ത ഒരു അറുബോറന്‍ ലോകം. അത് അങ്ങനെയാവരുത് എന്നത് ഒരു പ്രകൃതി നിയമമാണ്. അതുകൊണ്ട് തന്നെയാണ് ഭൂമിയിലെ മനുഷ്യര്‍ പലതരമായിപ്പോയത്.

പാട്ടുകാരില്‍ ചിത്രയും റിമി ടോമിയും വേണം. അവതാരകാരില്‍ രഞജിനി ഹരിദാസും രാജശ്രീവാര്യരും വേണം. രാഷ്ട്രീയക്കാരില്‍ പിസി ജോര്‍ജ്ജും കാനം രാജേന്ദ്രനും വേണം. അങ്ങനെയങ്ങനെ നോക്കുംബോള്‍ വ്യത്യസ്തതയാണ് ലോകത്തിന്റെ ജീവന്‍ എന്ന് നമുക്ക് തിരിഞ്ഞു വരും.

ആ വെളിച്ചത്തില്‍ നോക്കുമ്പോള്‍ സന്തോഷ് പണ്ഡിറ്റും മിനി റിച്ചാര്‍ഡുമൊക്കെ പരിഹസിക്കപ്പെടേണ്ടവരല്ല എന്ന് നമുക്ക് മനസിലാവും. അന്യന്റെ സ്വാതന്ത്ര്യങ്ങളെ ഹനിക്കാത്തിടത്തോളം അവര്‍ക്ക് അവരുടെ സ്‌പേസ് ഉപയോഗപ്പെടുത്തുക തന്നെ ചെയ്യാം എന്നു സാരം.

വയറുകുറയാന്‍ ആണും പെണ്ണും പട്ടിണികിടക്കുന്നത് ആരോഗ്യപരമായ കാരണങ്ങളാല്‍ മാത്രമാകുമോ ?

നവകാല മാധ്യമങ്ങള്‍ നമുക്ക് തരുന്ന ഒരു വലിയ സാധ്യതയാണ് അത്. പണ്ട്, പ്രകടിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ കുറവായിരിക്കുകയും ആയതിന് മറ്റുചിലരുടെ അനുകൂലങ്ങള്‍ ആവശ്യമായി വരികയും ചെയ്തിരുന്ന കാലത്ത് ഏറ്റവും നല്ലതെന്ന് ഭൂരിപക്ഷം കരുതുന്ന ആളുകള്‍ക്ക് മാത്രമേ പ്രകടങ്ങള്‍ക്കുള്ള അവസരങ്ങള്‍ വരുമായിരുന്നുള്ളൂ.

നിങ്ങള്‍ സ്വയമൊന്ന് ആലോചിച്ചു നോക്കൂ ഫേസ് ബുക്ക് എന്നൊരു മീഡിയം ഇല്ലാതിരുന്നുവെങ്കില്‍ എത്ര എഴുത്തുകാരുണ്ടാവുമായിരുന്നു നമുക്കിടയില്‍? എത്ര ഫോട്ടോഗ്രാഫര്‍മാര്‍? എത്ര ചിത്രം വരക്കാര്‍? എത്ര പാട്ടുകാര്‍? എത്ര നര്‍ത്തകര്‍?

അതെ ഇത് അവനവനെ പ്രകാശിപ്പിക്കുവാനുള്ള അനന്തമായ സാധ്യതകളുടെ കാലമാണ്

അവനവനെ ജനസമക്ഷം തുറന്നു വെക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാന്‍ നിങ്ങള്‍ തയ്യാറുമായിരിക്കണം എന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ മിനിറിച്ചാര്‍ഡിന് നേരെ നടന്ന പരിഹാസങ്ങളെ അതിന്റെ സ്വാഭാവികതയോടെ കാണാന്‍ എനിക്ക് കഴിയുന്നുണ്ട്

എന്നാല്‍ വെളിച്ചത്തില്‍ നില്‍ക്കുന്നതിനെ മാത്രം നോക്കാതെ നിഴലില്‍ നില്‍ക്കുന്നതിനെക്കൂടി തിരയുന്ന കണ്ണുകള്‍ ഉണ്ടായിപ്പോയി എന്നതിനാല്‍ ഒന്ന് രണ്ട് കാര്യങ്ങള്‍ എനിക്ക് പറയാതെ വയ്യ.

അത് അവര്‍ക്ക് നേരെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മിനി റിച്ചാര്‍ഡ് പറഞ്ഞ ചില കാര്യങ്ങളെക്കുറിച്ചാണ് അത്.

ലൈംഗികമായി അതൃപ്തരായ ആളുകളുടെ ഒരു സമൂഹമാണ് മലയാളികള്‍ എന്നതാണ് അതില്‍ ഒന്ന്. അവരെപ്പോലൊരാള്‍ക്കാണ് അത് കൃത്യമായി പറയാന്‍ കഴിയുക എന്നതില്‍ സംശയമെന്തുണ്ട് ?

അതിമാന്യരായി പെരുമാറുന്ന സ്ത്രീകളുടെ ഇന്‍ബോക്‌സില്‍ പോലും കാമച്ചെളി വാരിയിടുന്ന പുരുഷന്മാര്‍ ധാരാളമുള്ള സോഷ്യല്‍ മീഡിയയില്‍ അവരെ പിന്തുടരുന്ന പതിനെട്ട് ലക്ഷത്തിലധികം ആരാധകരില്‍ നിന്ന് അവര്‍ക്കതിനുള്ള ഡാറ്റ കിട്ടുമെന്നുള്ളതില്‍ എനിക്കൊരു സംശയവുമില്ല.

തന്നെക്കാള്‍ പ്രായം കുറഞ്ഞ യുവാവുമായി പ്രണയലീലകള്‍ ചെയ്യുന്ന ഒരുവള്‍ എന്നതിലെ ലോജിക് എനിക്ക് ഒട്ടുമേ മനസിലാവുന്നില്ല. മമ്മൂട്ടിയോ മോഹന്‍ലാലോ തന്നെക്കാള്‍ എത്രയോ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുമായി (അങ്ങിനെയുള്ളവരുമായി മാത്രം എന്നു പോലും ) സിനിമയില്‍ അഭിനയിക്കുമ്പോള്‍ പൊട്ടാത്ത ഏത് കുരുവാണ് മറിച്ച് സംഭവിക്കുമ്പോള്‍ പൊട്ടുന്നത്?

പിന്നെയുള്ളത് ശരീര സൗന്ദര്യ പ്രദര്‍ശനത്തെക്കുറിച്ചാണ്. ഒന്നോര്‍ത്തു നോക്കൂ,അവനവന്റെ സൗന്ദര്യത്തില്‍ ശ്രദ്ധയില്ലാത്തവരായി ,അപരന്റെ ശ്രദ്ധ തന്നിലേക്കെത്തണമെന്ന് ആഗ്രഹിക്കാത്തവരായി നമ്മില്‍ എത്രപേരുണ്ട് ?

അതി സ്വതന്ത്രയും വിജയിച്ചവളുമായ ഒരു സ്!ത്രീയുണ്ട് മിനി റിച്ചാര്‍ഡില്‍.

നാമിടുന്ന വസ്ത്രങ്ങള്‍ തൊട്ട് നാട്ടില്‍ വിറ്റഴിക്കപ്പെടുന്ന മറ്റ് ലക്ഷക്കണക്കായ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വരെയുള്ളവയുടെ കമ്പോളം മനുഷ്യരുടെ ഈ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ളതല്ലേ?

എന്തുകൊണ്ടാവും ഉള്ളതില്‍ നല്ലതായ ഒരു ഫോട്ടോ മാത്രം നമ്മള്‍ ഫേസ് ബുക്കിലിടുന്നത് ?

അതും പോട്ടെ.

നയന്‍ താരയെ, വിദ്യാബാലനെ ഒക്കെ ആരാധിക്കുന്നവരില്‍ മുഴുവന്‍ പേരും അവരുടെ അഭിനയത്തെ പ്രതി മാത്രമായിരിക്കുമോ അങ്ങനെ ചെയ്യുന്നത് ?

സത്യസന്ധമായി പറയൂ നിങ്ങള്‍ ഒരു സ്ത്രീയെ നോക്കുമ്പോള്‍ എല്ലായ്‌പോഴും അവളുടെ മുഖത്ത് മാത്രമാണോ നോക്കുന്നത് ?

വയറുകുറയാന്‍ ആണും പെണ്ണും പട്ടിണികിടക്കുന്നത് ആരോഗ്യപരമായ കാരണങ്ങളാല്‍ മാത്രമാകുമോ ?

പഞ്ച ജീരക ഗുഡം പോലുള്ള ലേഹ്യങ്ങള്‍ പെണ്‍കുട്ടികള്‍ വെട്ടി വിഴുങ്ങുന്നത് എന്തിനാവും ?

കമ്പിയുള്ളതും ,ഇല്ലാത്തതും പലതരം പാഡുകള്‍ വെച്ചവയുമായ അടിവസ്ത്രങ്ങള്‍ സ്ത്രീകള്‍ വാങ്ങി ധരിക്കുന്നത് ഒന്നിനുമല്ലാതെ വെറുതെയാവുമോ ?

അത് മനുഷ്യരില്‍ മാത്രമല്ല ജീവനുള്ളവയില്‍ ഒക്കെയുള്ള ഒരു പ്രതിഭാസമാണ്. മറ്റുള്ളവരുടെ പ്രത്യേകിച്ചും എതിര്‍ലിംഗത്തില്‍ പെട്ടവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുക എന്നത് ഒരു ജൈവ സ്വഭാവമാണ്.

നാം പരിഷ്‌കരിക്കപ്പെട്ട ഒരു സമൂഹമാകയാല്‍ അതിനെ അല്പം ഗോപ്യമായി ചെയ്യുന്നു എന്ന് മാത്രം കരുതിയാല്‍ മതി. പക്ഷേ അതങ്ങനെത്തന്നെയേ പാടുള്ളൂ എന്ന് വാശിപിടിക്കേണ്ടതില്ല. ആ ചേഷ്ടകള്‍ അപരന് ദ്രോഹമാവാത്തിടത്തോളം കാലം.

ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാമെന്ന് കരുതുന്നു, യാതൊന്നിനും വേണ്ടിയല്ലാതെ എഴുതിത്തുടങ്ങിയ ഈ കുറിപ്പ്.

സൂക്ഷ്മമായ അര്‍ത്ഥത്തില്‍ നോക്കിയാല്‍ അതി സ്വതന്ത്രയും വിജയിച്ചവളുമായ ഒരു സ്!ത്രീയുണ്ട് മിനി റിച്ചാര്‍ഡില്‍. പരിഹാസം പാടില്ലെന്ന് മാത്രമല്ല ബഹുമാനിക്കപ്പെടേണ്ടവര്‍ കൂടിയാണ് ആ അര്‍ത്ഥത്തില്‍ അവര്‍.

തന്റെ സ്വപ്നങ്ങളെ പിന്തുടരുകയും അതില്‍ വിജയം വരിക്കുകയും ചെയ്ത ഒരു സ്ത്രീയാണവര്‍. മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന് തലപുകക്കാതെ തന്റെ ജീവിതം തന്നിഷ്ടപ്രകാരം ജീവിച്ചു കാണിച്ച സ്വതന്ത്രയായ സ്ത്രീ.

വിദേശിയായ ഒരു ഭര്‍ത്താവ് എന്നത് അവരെ തീര്‍ച്ചയായും സഹായിച്ചിട്ടുണ്ടാകാം. എങ്കിലും അവരില്‍ ഒരു പോരാളി ഉണ്ട് എന്നത് നിശ്ചയം . ഇത്തരം കാര്യങ്ങളില്‍ അവനവനോടുള്ള യുദ്ധം ജയിക്കാന്‍ തന്നെ ധാരാളമായി ശക്തി ആവശ്യമായി വരും, സ്ത്രീകള്‍ക്ക്. അവര്‍ തോറ്റു പോകുന്ന സ്ഥലവും അവിടെ തന്നെയാണ.

പരിഹാസം പാടില്ലെന്ന് മാത്രമല്ല ബഹുമാനിക്കപ്പെടേണ്ടവര്‍ കൂടിയാണ് ആ അര്‍ത്ഥത്തില്‍ അവര്‍.

ജീവിതത്തോട് കോംപ്രമൈസ് ചെയ്യാന്‍ നിങ്ങള്‍ വഴിയിലുപേക്ഷിച്ച് കളഞ്ഞ നിങ്ങളുടെ സ്വപ്നങ്ങളെ ഒന്ന് ഓര്‍ത്തെടുക്കൂ. വലിയവ വേണ്ട, നല്ല ടീച്ചറാവണം,പാട്ടുകാരിയാവണം, തൃശൂര്‍ പൂരം കാണണം ,ഒരു പെരുമഴ നനഞ് നടക്കണം ,നക്ഷത്രങ്ങളെ നോക്കി ഒരു രാത്രിയില്‍ വീടിന് പുറത്തുറങ്ങണം അങ്ങിനെയുള്ള കൊച്ചു കൊച്ചു മോഹങ്ങളെയെങ്കിലും.

എന്നിട്ട് ഇവരുടെ പ്രൊഫൈലില്‍ പോയി ഒന്ന് നോക്കൂ. ചെറിയ രീതിയിലെങ്കിലും മോട്ടിവേറ്റ് ചെയ്യപ്പെടാനുള്ള വക നിങ്ങള്‍ക്കതില്‍ കാണാന്‍ കഴിഞ്ഞേക്കും ..

പെരുംതച്ചന്‍ നിര്‍മ്മിച്ച ആ കുളം പോലെയാണ് ആ സ്ത്രീയുടെ ജീവിതം എന്നു വേണമെങ്കില്‍ പറയാം. അത് വട്ടത്തിലും,നീളത്തിലും,ചതുരത്തിലും , മറ്റെന്തൊക്കെയോ ആകൃതികളിലും കാണാവുന്ന ഒന്നാകുന്നു.

About Intensive Promo

Leave a Reply

Your email address will not be published.