Breaking News
Home / Lifestyle / പ്രസവം പെണ്ണുങ്ങൾക്ക് മാത്രമല്ല ആണുങ്ങൾക്കും നിർത്താം; തൊലിക്ക്‌ തൊട്ടു താഴെ ചെയ്യാവുന്ന ലളിതമായ ഒരു പ്രൊസീജറിലൂടെ-വൈറലായി ഫേസ്ബുക് പോസ്റ്റ്

പ്രസവം പെണ്ണുങ്ങൾക്ക് മാത്രമല്ല ആണുങ്ങൾക്കും നിർത്താം; തൊലിക്ക്‌ തൊട്ടു താഴെ ചെയ്യാവുന്ന ലളിതമായ ഒരു പ്രൊസീജറിലൂടെ-വൈറലായി ഫേസ്ബുക് പോസ്റ്റ്

പ്രസവിക്കുന്നത് പെണ്ണല്ലേ അപ്പോൾ പിന്നെ പ്രസവം നിർത്തേണ്ടതും പെണ്ണല്ലേ ഇതാണ് നമ്മുടെ സമൂഹത്തിലെ പൊതുവായ ധാരണ. എന്നാൽ ഈ ധാരണ മാറ്റേണ്ട സമയമായിരിക്കുന്നു എന്ന ഓർമപ്പെടുത്തലാണ് പാലക്കാട് സ്വദേശി ഹബീബിന്റെ കുറിപ്പ്. അദ്ദേഹം ചെയ്ത വാസക്ടമി എന്ന ശസ്ത്രക്രിയയെ കുറിച്ച് നമ്മളുമായി പങ്കുവെയ്ക്കുകയാണ് ഹബീബ്. എന്നുവെച്ചാൽ ആണുങ്ങൾക്ക് ചെയ്യാവുന്ന പ്രസവം നിർത്തൽ പ്രക്രിയ എന്നർത്ഥം.

കൂടുതൽ വിവരങ്ങൾക്ക് ഹബീബിന്റെ പോസ്റ്റ് വായിക്കാം…

“പെണ്ണുങ്ങൾ ആയാൽ പലതും സഹിക്കേണ്ടി വരും”, ” എനിക്കൊന്നും ചെയ്യാൻ പറ്റില്ല, വേണെങ്കിൽ അവൾ ചെയ്‌തോട്ടെ”, “ആ പെണ്ണിന്റെ അഹങ്കാരം കണ്ടില്ലേ, അവന്റെയൊരു കഷ്‌ടപ്പാട്‌!”… ആശ്‌ചര്യചിഹ്‌നങ്ങളും ആത്മഗതങ്ങളും ആഴ്‌ന്നിറങ്ങുന്ന നോട്ടങ്ങളും പെണ്ണിന്‌ പുതുമയല്ല. ഇവിടെ പറയുന്നത്‌ പെണ്ണിനെ കുറിച്ചുമല്ല, എന്നാൽ പെണ്ണിന്‌ വേണ്ടിയാണ്‌.

ഒന്നു കൂടി വ്യക്തമാക്കിയാൽ, ഒരു ആവശ്യം പരിഗണിക്കുമ്പോൾ തൊലിക്ക്‌ തൊട്ടു താഴെ ചെയ്യാവുന്ന ലളിതമായ ഒരു പ്രൊസീജർ വേണോ അതോ വയറ്‌ കീറി തൊലിയും പേശികളും തുളച്ച് അതിനുള്ളിലെ അവയവത്തിൽ ചെയ്യുന്ന ശസ്ത്രക്രിയ വേണോ എന്ന് രണ്ട്‌ ഓപ്‌ഷൻ ഡോക്ടർ മുന്നിൽ വച്ചാൽ നിങ്ങളേത് തിരഞ്ഞെടുക്കും? ലളിതമായത് തിരഞ്ഞെടുക്കും, ഉറപ്പല്ലേ…?

പക്ഷേ, എന്ത് കൊണ്ടാണ് ഫാമിലി പ്ലാനിംഗിന്റെ കാര്യം വരുമ്പോൾ മാത്രം ലളിതമായ മാർഗത്തിന്‌ പകരം താരതമ്യേന സങ്കീർണമായ ഒന്ന്‌ സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നത്…?

ഇവിടെ രണ്ട് കുട്ടികൾ ആയ ശേഷം ഇനിയങ്ങോട്ട് ഏത്‌ സാഹചര്യത്തിലും കുട്ടികൾക്കുള്ള പ്ലാനില്ല എന്ന് തീരുമാനിച്ചപ്പോഴാണ് എന്തൊക്കെയാണ് മുന്നിലുള്ള മാർഗ്ഗങ്ങൾ എന്ന് തിരഞ്ഞത്. Anjuവിന് സിസേറിയൻ വേണ്ടി വന്നാൽ ഒപ്പം ട്യൂബക്‌ടമി ചെയ്യാം, അതല്ലെങ്കിൽ എനിക്ക് വാസക്ടമി ചെയ്യാം എന്നായിരുന്നു തീരുമാനം. എന്ത് കൊണ്ട് അങ്ങനെ ഒരു തീരുമാനത്തിലെത്തിയെന്ന് പറയാം, ഒപ്പം എന്ത് കൊണ്ട് ഓരോ സ്ത്രീയും പ്രസവം നിർത്താൻ പോവുന്നതിനു മുൻപ് തിരിച്ചും മറിച്ചും ഒന്നാലോചിക്കണമെന്നും.

ഇവിടെ ഞങ്ങളുടെ ഹൗസോണർ അമ്മമ്മ കാലിൽ സർജറി കഴിഞ്ഞ് നാലഞ്ച് ദിവസമായി ഹോസ്പിറ്റലിലാണ്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വരുന്നതിനിടെ അവരെ കാണാൻ കേറിയപ്പോ ഒപ്പം ഒരു ഓ.പി. ടിക്കറ്റെടുത്ത് ജനറൽ സർജ്ജനെ പോയിക്കണ്ട് കാര്യം പറഞ്ഞു. അന്ന് മറ്റ് ചില കേസുകളുടെ തിരക്കുള്ളത് കൊണ്ട് വൈകിട്ട് ആറ് മണിക്കേ ഫ്രീയാവൂ, അപ്പോൾ വേണോ അതോ വേറൊരു ദിവസം വരണോന്ന് ചോദിച്ചു. അന്ന് വൈകിട്ട് തന്നെ ആവാം ന്നു മറുപടി പറഞ്ഞു. ഒന്ന് രണ്ട് ബ്ലഡ് ടെസ്റ്റ് ചെയ്യാനുള്ളത് ചെയ്തു. ഏതാണ്ട് ആറു മണിയോടടുത്ത് അറ്റൻഡറും നഴ്സും വന്ന് എന്നെ ക്ലീനാക്കി, കാനുലയിട്ട്‌, ഡ്രസ്സൊക്കെ മാറ്റി തിയറ്ററിലേക്ക് കൊണ്ടോയി.

ഒറ്റക്കായിരുന്നതു കൊണ്ട് അമ്മമ്മയുടെ ബൈസ്റ്റാൻഡർ തൽക്കാലം എന്റെയും ബൈസ്റ്റാൻഡറായി കൂടെ വന്നു. തുടക്കത്തിൽ ഒരു കുഞ്ഞു ഇഞ്ചക്ഷൻ എടുത്തതല്ലാതെ മറ്റൊന്നും അറിഞ്ഞില്ല. സർജറി ടേബിളിൽ ഏതാണ്ട് ഒരു ഇരുപത് മിനിറ്റ് കിടന്നു കാണും. പിന്നെ നഴ്സുമാർ നോട്സെല്ലാം എഴുതി ഫയൽ ക്ലോസ് ചെയ്ത് എന്നെ തിരിച്ച് വാർഡിലേക്കയക്കാൻ ഒരു അരമണിക്കൂർ കൂടി. താഴെ വന്ന് ഡ്രസ്സ് ചേഞ്ച് ചെയ്ത് കൗണ്ടറിൽ പോയി ബില്ല്‌ അടച്ചതും മരുന്നുകൾ വാങ്ങിയതും തിരിച്ച് ബൈക്കോടിച്ച് വീട്ടിലെത്തിയതും ഞാനൊറ്റക്ക് തന്നെയാണ്.

ചുരുക്കത്തിൽ ഓഫീസ് വിട്ടു വരുന്ന വഴിക്ക് ഒരു സിനിമ കാണാൻ കയറിയാൽ എത്ര സമയം പോവുമോ, അത്രയും സമയമേ വേണ്ടൂ ഇത് ചെയ്യാൻ. ഒരാഴ്‌ചത്തേക്ക്‌ വളരെ ഹെവി ആയ എന്തെങ്കിലും ഉയർത്തുന്നത്‌ പോലുള്ള കാര്യങ്ങൾ ചെയ്യാൻ പാടില്ല എന്നതൊഴിച്ചാൽ മറ്റൊരു എക്സ്ട്രാ കെയറും വേണ്ട എന്ന് ഡോക് പറഞ്ഞിരുന്നു. വീട്ടിൽ വന്ന് കുളിച്ച് ഭക്ഷണം കഴിച്ച് കിടന്നുറങ്ങി. പിറ്റേന്നെണീച്ച് രാവിലെ ഉണ്ടായിരുന്ന വർക്കുകൾ ചെയ്ത് സാധാരണ പോലെ മുന്നോട്ടു പോയി.

വാസക്ടമി എന്നു പറയുന്നത് വളരെ ലളിതമായ ഒരു പ്രൊസീജറാണ്. ലോക്കൽ അനസ്തേഷ്യ നൽകി ആ ഭാഗം മാത്രം തരിപ്പിച്ചതിനു ശേഷം വൃക്ഷണസഞ്ചിയിൽ ഒരു ചെറിയ മുറിവുണ്ടാക്കി ശുക്ലത്തിൽ ബീജം എത്തുന്ന മാർഗ്ഗം തടസ്സപ്പെടുത്തുകയാണിവിടെ ചെയ്യുന്നത്. അതിനു ശേഷവും ശരീരത്തിൽ ബീജോല്പാദനം നടക്കുമെങ്കിലും അത് സെമനിൽ എത്താത്തതുകൊണ്ട് ഗർഭധാരണം സംഭവിക്കില്ല.

ഈ ഉൽപ്പാദിപ്പിക്കപ്പെടുന്ന ബീജം ശരീരം തിരിച്ച് അബ്സോർബ് ചെയ്തോളും. വാസക്ടമി ഉദ്ധാരണത്തെയോ സ്ഖലനത്തെയോ രതിമൂർച്ഛയെയോ ഒരു തരത്തിലും ബാധിക്കില്ല. സ്ഖലനം നടക്കുമ്പോൾ വരുന്ന ഫ്ലൂയിഡിൽ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ബീജങ്ങൾ ഉണ്ടാവുക എന്നതിനാൽ വാസക്ടമിക്കു മുൻപും ശേഷവും പ്രത്യക്ഷത്തിൽ ഒരു വ്യത്യാസവും ഉണ്ടാവുകയും ഇല്ല.

വാസക്ടമി താരതമ്യേന വേദനയോ മുറിവോ ഇല്ലാത്ത ശസ്ത്രക്രിയയാണ്. തൊലിയിൽ ഉണ്ടാക്കുന്ന കുഞ്ഞു ഇൻസിഷനാണ് വാസക്ടമിക്ക് ആകെ വേണ്ടത്. ഇത്തിരിയോളം ചോര മാത്രം നഷ്‌ടപ്പെടുന്ന, പത്തിരുപത് മിനിറ്റിൽ കഴിയുന്ന, വളരെ ചിലവ്‌ കുറവായ ഒന്ന്. കഴിഞ്ഞാലുടനെ എണീറ്റ് വീട്ടിൽ പോകാൻ പറ്റുന്നത്ര ലളിതമായ ഒന്ന്. ഈ പരിപാടി കഴിഞ്ഞ് ദീർഘമായ റിക്കവറി പിരീഡില്ല.

വിശ്രമമോ കാര്യമായ നിയന്ത്രണങ്ങളോ ഇല്ല, വളരെ പെട്ടെന്ന് തന്നെ ലൈംഗികബന്ധം പുനസ്ഥാപിക്കുകയും ചെയ്യാം. സ്പേം കൗണ്ട് സീറോ ആവുന്നത് വരെ രണ്ടോ മൂന്നോ മാസം കൂടി ശുക്ലത്തിൽ മുൻപത്തെ ബീജം ഉണ്ടായേക്കാം എന്ന സാധ്യത മുൻ നിർത്തി ആ സമയത്തേക്ക് കൂടി കോണ്ടം പോലെയുള്ളവ ഉപയോഗിക്കാൻ നിർദേശമുണ്ട്‌.

അതേ സമയം സ്ത്രീകൾക്ക് പ്രസവം നിർത്താൻ ചെയ്യുന്ന പി.പി.എസ് അഥവാ ട്യൂബക്ടമി ഒരു മേജർ സർജറിയാണ്. സിസേറിയൻ ചെയ്യേണ്ടിവരുന്നവർക്ക് കൂട്ടത്തിൽ ചെയ്യാം എന്നുള്ളത്‌ കൊണ്ട്‌ ഇത്‌ തന്നെയാണ്‌ നല്ല ഓപ്‌ഷൻ. പക്ഷേ, നോർമൽ ഡെലിവറി കഴിഞ്ഞവർക്കോ..? ഇവിടെ നട്ടെല്ലിൽ അനസ്തേഷ്യ അല്ലെങ്കിൽ ജനറൽ അനസ്‌തേഷ്യ നൽകിയതിനു ശേഷം ഓപ്പണായോ ലാപ്രോസ്കോപിക്‌ രീതിയിലോ വയറ്റിൽ മുറിവുണ്ടാക്കി ഫലോപിയൻ റ്റ്യൂബിൽ നിന്നും അണ്ഡം ഗർഭപാത്രത്തിലേക്ക് പോകുന്നത് തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്.

മേജർ സർജ്ജറിയായ റ്റ്യൂബക്ടമിക്ക്‌ താരതമ്യേന ചിലവ് കൂടുതലാണ്. ശസ്ത്രക്രിയ കഴിഞ്ഞാലുടനെ ചാടിയെണീറ്റ് വീട്ടിൽ പോവാൻ പറ്റില്ല. ആഴ്ചകൾ നീണ്ട നിയന്ത്രണങ്ങളുണ്ട്‌. ഇൻഫെക്ഷനും മറ്റ് കോമ്പ്ലിക്കേഷനുകൾക്കും സാധ്യത താരതമ്യേനെ കൂടുതലുമാണ്.

എന്തുകൊണ്ടാണ് എപ്പോഴും എല്ലാ ബുദ്ധിമുട്ടുകളും സ്ത്രീകൾ മാത്രം സഹിച്ചോട്ടെ എന്നൊരു നാട്ടുനടപ്പുണ്ടാവുന്നത്…? എന്ത് കൊണ്ടാണ് ഫാമിലി പ്ലാനിംഗിന്റെ കാര്യം വരുമ്പോൾ മാത്രം ലളിതമായ ഒരോപ്ഷനു പകരം താരതമ്യേന കോമ്പ്ലിക്കേറ്റഡായ ഒരെണ്ണം സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നത്? പ്രസവം അനുഭവിച്ച്‌ കഴിഞ്ഞ പെണ്ണിനെ എന്തിനാണ്‌ വീണ്ടും ഒരു കത്തിക്ക്‌ മുന്നിലേക്ക്‌ നീട്ടിക്കൊടുക്കുന്നത്‌?

തനിക്കൊരു കുഞ്ഞിനെ തരാൻ അത്രയും നോവ്‌ സഹിച്ച പെണ്ണിന്‌ വേണ്ടി പറയത്തക്ക ഒന്നും സഹിക്കാനില്ലാത്ത ഒരു കുഞ്ഞു സംഗതിക്ക്‌ വഴങ്ങിയാൽ എന്താ? ‘കുഞ്ഞാവയെ ഉണ്ടാക്കൽ’ എന്ന ചടങ്ങ്‌ കഴിഞ്ഞാൽ ആണിന്റെ കടമ കഴിഞ്ഞു എന്ന ചിന്തയിൽ നിന്നും നമ്മളെന്ന്‌ മാറും?

ആണാകുന്നത്‌ ഒരു പരമാധികാരമല്ല. ഒഴിവാക്കാൻ പറ്റുന്നിടത്ത് പോലും പെണ്ണിനെ വേദനിപ്പിക്കുന്നതുമല്ല ആണത്തം. അതവളുടെ വേദനയകറ്റുന്നതിന്റെ പാതിയാകുന്നതിലും കൂടിയാണ്.

അപ്പോൾ പ്രിയപ്പെട്ട പെണ്ണുങ്ങളേ, ഫാമിലി പ്ലാനിംഗ് ചെയ്യാൻ രണ്ട് പേർക്കും തുല്യ അവസരം ഉള്ള ഈ കാലത്ത്, നിങ്ങൾ ചെയ്യുന്നതിലും വളരെയേറെ എളുപ്പത്തിൽ മറ്റൊരു ഓപ്ഷൻ ഉണ്ടെന്നിരിക്കേ, ശസ്ത്രക്രിയക്ക് നിങ്ങളെ സ്നേഹപൂർവ്വം നിർബന്ധിക്കുന്ന ആണിനോട് കാര്യകാരണസഹിതം തിരിച്ച് ആവശ്യപ്പെടുക. “ഇത് താങ്കൾ പോയി ചെയ്തിട്ട് വരൂ”, എന്ന്. പ്രസവിക്കാനൊന്നുമല്ലല്ലോ പറയുന്നത്‌ !

About Intensive Promo

Leave a Reply

Your email address will not be published.