Breaking News
Home / Lifestyle / രാത്രിയില്‍ കയറി ആക്രമണം കഴിയുമ്പോളേക്കും ഞാന്‍ ജീവച്ഛവം ആയിട്ടുണ്ടാകും..!!

രാത്രിയില്‍ കയറി ആക്രമണം കഴിയുമ്പോളേക്കും ഞാന്‍ ജീവച്ഛവം ആയിട്ടുണ്ടാകും..!!

“ഞാൻ ഒരു സാരി വാങ്ങാൻ വന്നതാണ്”.

എടുത്തു കൊടുക്കാൻ നിന്ന പെൺകുട്ടി നിറഞ്ഞ ചിരിയോടെ ചോദിച്ചു

“ഡെയിലി യൂസ് ആണോ അതോ ഓഫീസിൽ പോകുമ്പോൾ ഉടുക്കാനോ ???

എനിക്ക് പെട്ടന്ന് എന്ത് പറയണം എന്നു മനസിലായില്ല.

കഴിഞ്ഞ പിറന്നാളിന് കുട്ടിമാളു വാങ്ങി തന്ന സാരി ആണ് ഉടുത്തിരുന്നത്. അത് കൊണ്ടാവണം വെച്ചു വിളമ്പാൻ നടക്കുന്ന എന്നെ കണ്ടിട്ട് അവർക്കു ഓഫീസ് ജോലിക്കാരി എന്നു തോന്നിയത്

അതിനുള്ള പണം തുണി തയ്ച്ചു കൊടുത്തു അവൾ തന്നെ ഉണ്ടാക്കിയതാണ്

വീട്ടിൽ ഒരു തയ്യൽ മെഷീൻ ഉണ്ട് കുട്ടിമാളു വല്ലപ്പോഴും വരുമ്പോൾ ഒരു കെട്ടു തുണിയും ആയാണ് വരിക. അവളുടെ കൂട്ടുകാരികൾക്കു അവൾ ചുരിദാർ തയ്ച്ചു കൊടുക്കും

വില കൂടിയ തുണികൾ തുന്നാൻ മാത്രം യോഗം ഉള്ള അവളെ കാണുമ്പോൾ എനിക്ക് കണ്ണ് നിറയും

“മ്മ്മ് ? പാറുക്കുട്ടി അമ്മ എന്തിനാ കണ്ണും നിറച്ചു നോക്കി നിക്കുന്നത് ??? കുട്ടിമാളൂന്റെ പഠിത്തം കഴിയട്ടെ എന്റെ പാറുക്കുട്ടി അമ്മേ ഞാൻ വാങ്ങി തരാലോ ! അത് വരെ ഒന്ന് ക്ഷമിച്ചു കൂടെ ?

ശുഷ്കിച്ച എന്റെ കൈ പിടിച്ചു അവൾ തലോടും, അവളുടെ കണ്ണും നിറയും. ഒടുവിൽ ” ഈ പാറുക്കുട്ടി അമ്മേടെ ഒരു കാര്യം ”
എന്നെ ചുമ്മാ കരയിപ്പിച്ചു ആ ഫ്ലോ അങ്ങ് പോയി !!

എന്നു പറഞ്ഞു അവൾ എണീറ്റു പോകും. കുട്ടിമാളു എനിക്കൊരു അദ്‌ഭുതമാണ്. വേണ്ടായെന്നു ആഗ്രഹിച്ചിട്ടും ജന്മം എടുത്തു വന്നവൾ ആണ്

അങ്ങനെ ഉള്ള കുഞ്ഞുങ്ങൾക്കു ഇത്ര സ്നേഹം ഉണ്ടാകുമോ ?

അവളുടെ പ്രായത്തിൽ അവള്ക്കുള്ളത്തിന്റ പത്തിലൊന്നു പക്വത പോലും ഇല്ലാത്തൊരു സ്വപ്നജീവി ആയിരുന്നു താൻ

കല്യാണം ഉറപ്പിച്ചിരുന്നു.ബാലഗോപാലിന്‌ ജോലിയും ഉണ്ടായിരുന്നു.അയാളുമായി പട്ടണത്തിൽ ജീവിതം തുടങ്ങുന്നത് സ്വപ്നം കണ്ടിരിക്കുമ്പോൾ ആണ്, അച്ഛൻ സുഹൃത്തുമായി ചേർന്നു നടത്തിയിരുന്ന ചിട്ടി കമ്പിനി പൊളിയുന്നതും, അച്ഛൻ നിലയില്ലാ കടത്തിൽ ആകുന്നതും

കല്യാണം മുടങ്ങി. ഉള്ളതൊക്കെ വിറ്റു പെറുക്കി കടം വീട്ടിയപ്പോൾ മിച്ചം വന്ന തുച്ഛമായ തുക കൊണ്ട് കൈയ്യിൽ ഒതുങ്ങുന്ന ഒരാളെ കണ്ടു പിടിച്ചു കല്യാണം നടത്തി

അത് വരെ പരിചയിച്ചിട്ടില്ലാത്ത വ്യക്തിബന്ധങ്ങളും, ജീവിത രീതികളും, സംസ്ക്കാരവും ഉള്ള ഒരു കുടുംബം

എല്ലാം സഹിക്കണം പെണ്ണിന്റെ ജീവിതം അഡ്ജസ്റ്മെന്റ് ആണെന്ന അമ്മയുടെ ഉപദേശം പരമാവധി പാലിക്കാൻ ശ്രമിച്ചു

പക്ഷേ അയാൾ “എന്റെ കുട്ടിമാളുവിന്റെ അച്ഛൻ “. അയാളെ സഹിക്കാൻ ഒരു പെണ്ണിനും കഴിയില്ല

കണ്ടാൽ വളരെ ശാന്തനും വളരെ സൗമ്യനും ആയിരുന്ന അയാളുടെ തനി സ്വഭാവം എനിക്ക് മാത്രമേ അറിയുമായിരുന്നുള്ളു

രാത്രി മുഴുവൻ എന്നെ മുട്ടിന്മേൽ നിർത്തുക. നനഞ്ഞ തോർത്ത്‌ കൊണ്ട് അടിക്കുക എന്നിങ്ങനെ ഉള്ള പീഡനങ്ങൾക്കു പുറമെ അയാൾ എന്റെ മേലേ കുതിര കയറി ഇറങ്ങുന്ന അയാളുടെ ആക്രമണം കഴിയുമ്പോളേക്കും ഞാൻ ജീവച്ഛവം ആയിട്ടുണ്ടാകും

കല്യാണം കഴിഞ്ഞു ആറാം മാസം ഗർഭിണി ആകുമ്പോഴേക്കും ഞാൻ എല്ലും തോലും ആയി മാറിയിരുന്നു

ഗർഭിണി ആണെന്ന് അറിഞ്ഞ ഉടൻ അയാൾ പറഞ്ഞു ” നമുക്കിപ്പോൾ കുഞ്ഞ് വേണ്ടാ ” നാളെ റെഡി ആയി നിന്നോ! ഡോക്ടറെ കണ്ടിട്ട് വരാം

മനസ് മുറിഞ്ഞു ചോര വരുന്നത് പോലെ തോന്നി എങ്കിലും എനിക്കും തോന്നി “ഇങ്ങനെ ഒരു അച്ഛന്റെ കുഞ്ഞായി എന്റെ കുഞ്ഞ് പിറക്കേണ്ട ” ഇനി അതും ഒരു പെണ്ണാണ് എങ്കിൽ ?

അനീമിയ ഉള്ളതിനാൽ അബോർട് ചെയ്യാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞു ! വീട്ടിൽ എത്തിയ അയാൾ “നിന്റെ ഗർഭം ഞാൻ ഉണ്ടാക്കിയതാണെങ്കിൽ അത് കലക്കാനും എനിക്ക് അറിയാം, അതിനൊരു ഡോക്ടറും വേണ്ടടി !!

എന്ന ആക്രോശത്തോടെ അടുത്തപ്പോൾ ആദ്യമായി മുറിക്കുള്ളിൽ നടന്നിരുന്നത് പുറം ലോകം അറിഞ്ഞു, മുറി തുറന്നു ഞാൻ പുറത്തേക്കിറങ്ങി ഇനി നിങ്ങളെ സഹിക്കാൻ വയ്യാ !!

കൈയ്യിൽ കിട്ടിയതൊക്കെ വാരി നിറച്ചു ഒരു ബാഗുമായി മൂവന്തിക്ക് ഒറ്റയ്ക്ക് പടി കയറി ചെല്ലുമ്പോഴേ അമ്മ കുത്തു വാക്ക് പറയാനും നാത്തൂൻ മുഖം വീർപ്പിക്കാനും തുടങ്ങിയിരുന്നു

ഞാൻ പറഞ്ഞതൊക്കെ വിശ്വസിച്ചു പോയി ചോദിക്കാൻ ഇറങ്ങിയ അച്ഛനെയും എന്നെയും അമ്പരപ്പിച്ചു കൊണ്ട് അയാൾ എന്നെ വിളിക്കാൻ വന്നു !!

ആരെയും വിശ്വസിപ്പിക്കുന്ന തരത്തിൽ വലിയ വീട്ടിൽ ജനിച്ച എനിക്ക് ഭർത്താവിനെയോ വീട്ടുകാരെയോ ഉൾകൊള്ളാൻ കഴിയുന്നില്ല എന്ന് ഒരു കഥയും പറഞ്ഞു എന്നെ പ്രതി സ്ഥാനത്തു നിർത്തി, ഒരു കരച്ചിൽ കൂടി ആയപ്പോൾ

എന്റെ അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെട്ടു. തിരിച്ചു അയാളുടെ കൂടെ വീടിന്റെ പടി കയറി വരുമ്പോൾ അയാളുടെ കണ്ണിലെ ചെകുത്താൻ ചിരിക്കുന്നത് ഞാൻ മാത്രം കണ്ടു

പിന്നീടുള്ള രാത്രികളിൽ അടിവയറിൽ ലഭിച്ചേക്കാവുന്ന ഒരു തൊഴിയിൽ കലങ്ങി പോകാവുന്ന എന്റെ ജീവനെ ഓർത്തു ഞാൻ അയാളുടെ എല്ലാ നിബന്ധനകളും അനുസരിച്ചു കൊണ്ടിരുന്നു

മാസം തികഞ്ഞു പ്രസവിക്കാൻ പോകുമ്പോൾ അയാൾ കൂടെ വന്നില്ല. അബോർഷൻ ചെയ്യാൻ വന്നിട്ട് പിന്നെ വരുന്നത് പ്രസവിക്കാൻ ആണെങ്കിൽ ആശുപത്രിക്കാരുടെ സ്വീകരണം എങ്ങനെ ആയിരിക്കും എന്നു ഊഹിച്ചയാൾ

വന്നത് പ്രസവം കഴിഞ്ഞു കുഞ്ഞിനെ കാണാൻ ആയിരുന്നു. റോഡ് ക്രോസ്സ് ചെയ്യുമ്പോൾ പാഞ്ഞു വരികയായിരുന്ന ഒരു ആംബുലൻസിന്റെ അടിയിൽ തീരുമ്പോൾ

എന്റെ കുട്ടിമാളുവിന്‌ പുതിയ പട്ടം കിട്ടി “തന്തയെ കൊല്ലി ”

അവിടുന്നിങ്ങോട്ടു ജീവിക്കാൻ പല പല വീടുകളിലെ പാചകവും, അടുത്തുള്ള ബേക്കറികളിൽ പലഹാരം ഉണ്ടാക്കി കൊടുക്കലും ആയി ജീവിതം മുന്നോട്ടു പോകുമ്പോൾ ആകെ ഒരാശ്വാസം

കുട്ടിമാളുവിന്റെ ചിരി ആയിരുന്നു. ഒറ്റക്ക് വിട്ടിട്ടു പോകാൻ ഭയന്ന് സ്കൂൾ ഇല്ലാത്ത നാളുകളിലും കുട്ടിമാളു ബുക്കും എടുത്തു എന്റെ കൂടെ വരും

ഞാൻ ജോലി ചെയ്യുമ്പോൾ അവൾ അടുക്കള പടികളിൽ ഇരുന്നു പഠിക്കും.

വയസറിയിച്ചു അരക്കൊപ്പം നീണ്ട മുടിയും, വലിയ കണ്ണുകളും ആയി കുട്ടിമാളു സുന്ദരി ആയപ്പോൾ എന്റെ ഉള്ളിൽ തീയായിരുന്നു

പക്ഷേ ഈ ജീവിതത്തിൽ എന്നെ മനസിലാക്കിയത് കുട്ടിമാളു മാത്രമേ ഉള്ളു, അത് കൊണ്ട് തന്നെ എന്റെ കുഞ്ഞിന്റെ ശ്രദ്ധ എങ്ങും തിരിഞ്ഞിട്ടില്ല.

നാളെ അവളുടെ ബിരുദ ദാനം ആണ്. അതിനു പോകണം.എന്റെ കുഞ്ഞ് ഡോക്ടർ ആകുന്നതു എനിക്ക് കാണണം

പോകുമ്പോൾ ഒരു നല്ല സാരി ഉടുത്തു കൊണ്ട് വേണം പോകാൻ, രാത്രി ബ്ലൗസ് തയ്ക്കണം..

ഞാൻ എങ്ങനെ ചെന്നാലും എന്റെ കുട്ടിമാളു എന്നെ അഭിമാനത്തോടെ കൂട്ടുകാരുടെ അച്ഛനും അമ്മക്കും പരിചയപ്പെടുത്തും എന്നറിയാം

എന്നാലും എനിക്കിത്തിരി ഗമ വേണമല്ലോ, അതിനാണ്. സുന്ദരി കുട്ടിമാളൂന്റെ അമ്മ മോശമാകാൻ പാടില്ലല്ലോ

“ഡെയിലി യൂസ് അല്ല. ഒരു ആഘോഷത്തിന് ആണ്, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷത്തിന് !!

ഒരു സമ്പൂർണ പരാജയം ആയി പോകാമായിരുന്ന എന്റെ ജീവിതം പൂവണിയുന്നതിന്റെ ആഘോഷം

എന്റെ ജീവിതത്തെ പറ്റി വലിയ ഉത്കണ്ഠകൾ ഒന്നും ഇല്ലാതിരുന്ന എന്റെ മാതാപിതാക്കളുടെയും, സഹോദരിയെ ഭാരം ആയി കണ്ട സഹോദരന്റെയും

എന്നെ ചവിട്ടി അരച്ച ഭർത്താവിന്റെയും, അപശകുനം എന്നു എന്റെ മകളെ വിളിച്ച ബന്ധുക്കളുടെയും മുൻപിൽ ഞാൻ ജയിച്ച ദിവസം

നന്ദി ഉണ്ട് !!എന്റെ മകളെ എനിക്ക് തന്ന ഈശ്വരനോടും, അവളുടെ അച്ഛനോടും

About Intensive Promo

Leave a Reply

Your email address will not be published.