Breaking News
Home / Lifestyle / പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കാനായി ഒരു ആദിവാസി യുവാവ് ഇന്ത്യയിൽ നിന്ന് സ്വീഡനിലേക്ക്‌ സൈക്കിൾ ചവിട്ടിയ ഉദ്വേഗജനകമായ കഥ..!!

പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കാനായി ഒരു ആദിവാസി യുവാവ് ഇന്ത്യയിൽ നിന്ന് സ്വീഡനിലേക്ക്‌ സൈക്കിൾ ചവിട്ടിയ ഉദ്വേഗജനകമായ കഥ..!!

പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കാനായി ദരിദ്രനായ ഒരു ആദിവാസി യുവാവ് ഇന്ത്യയിൽ നിന്ന് സ്വീഡനിലേക്ക്‌ സൈക്കിൾ ചവിട്ടിയ ഉദ്വേഗജനകമായ കഥയാണ് ‘ദ അമൈസിങ്ങ് സ്റ്റോറി ഓഫ് ദ മാൻ ഹൂ സൈക്കിൾഡ് ഫ്രം ഇന്ത്യ ടു യൂറോപ്പ് ഫോർ ലവ്’ എന്ന പുസ്തകം പറയുന്നത്.എന്നാൽ അടിസ്ഥാനപരമായി ഇതൊരു രസികൻ യാത്രാവിവരണം കൂടിയാണ്.

ബൈജു എൻ നായർ
————————–

പ്രാണപ്രേയസിയെ ഒരു നോക്കു കാണാനായി ഒരു ദരിദ്ര യുവാവ് ഇന്ത്യയിൽ നിന്ന് സ്വീഡൻ വരെ നടത്തിയ സൈക്കിൾ യാത്രയുടെ കഥയാണ്

‘ദ അമൈസിങ്ങ് സ്റ്റോറി ഓഫ് ദ മാൻ ഹൂ സൈക്കിൾഡ് ഫ്രം ഇന്ത്യ ടു യൂറോപ്പ് ഫോർ ലവ്’. പ്രണയത്തിനു മുന്നിൽ രാജ്യാതിർത്തികൾ വരെ മലർക്കെ തുറക്കുന്നത് വിസ്മയത്തോടെ നമ്മൾ വായിച്ചറിയുന്നു. ഒറീസയിലെ, കാട് അതിരിടുന്ന ഒരു കുഗ്രാമത്തിൽ ജനിച്ചുവളർന്ന പ്രദ്യുമ്‌നകുമാർ അഥവാ പികെ എന്ന യുവാവാണ് കഥാനായകൻ. പട്ടിണി സഹിക്കാനാവാതെ 1970 കളിൽ പികെ നാടുപേക്ഷിച്ച് ഡെൽഹിയിലെത്തുന്നു. ചിത്രം വരയിൽ താൽപര്യമുള്ള പികെ ഡെൽഹിയിലെ തെരുവീഥികളിൽ ഇരുന്ന് ഛായാചിത്രങ്ങൾ വരച്ചുകൊടുത്ത് ജീവിക്കാനുള്ള വക കണ്ടെത്തുന്നു.

ഇതിനിടെ ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി അപ്രതീക്ഷിതമായി പികെയുടെ കലാവൈഭവം കണ്ടെത്തി അയാളെ ഇന്ദിരാഗാന്ധിയുടെ മുന്നിലുമെത്തിച്ചു. അതോടെ പത്രമാധ്യമങ്ങളിൽ പികെയെക്കുറിച്ച് ഫീച്ചറുകൾ പ്രത്യക്ഷപ്പെട്ടെങ്കിലും ദാരിദ്ര്യം മാറിയില്ല.ഒരിക്കൽ കോണാട്ട്‌പ്ലേസിലെ ഫൗണ്ടനരികിൽ ഛായാചിത്ര രചനയിൽ ഏർപ്പെട്ടിരുന്ന പികെ ഒരു സുന്ദരിയായ മദാമ്മയെ കണ്ടു. സ്വീഡൻകാരിയായ ലോത്ത എന്ന ആ സുന്ദരിയ്ക്ക് ഇന്ത്യ എന്നുമൊരു സ്വപ്‌നമായിരുന്നു. വേദങ്ങളും യോഗയുമൊക്കെ വർഷങ്ങളായി മനസ്സിൽ കൊണ്ടു നടന്നിരുന്ന ലോത്ത ജോലി ചെയ്ത് പണം സമ്പാദിച്ചതു തന്നെ ഇന്ത്യയിലെത്താനായിരുന്നു.

ഛായാചിത്രം വരയ്ക്കാനായി തന്റെ മുന്നിൽ ഇരുന്ന ലോത്തയിൽ പികെ ആകൃഷ്ടനായി. ഏതാനും ദിവസങ്ങൾ കൊണ്ട് അവർ അടുത്തു. തന്റെ വൃത്തിഹീനമായ കുഞ്ഞുമുറിയിൽ ലോത്തയോടൊപ്പം നിരവധി രാത്രികൾ ചെലവഴിക്കുകയും ചെയ്തു, പികെ. അവധിക്കാലം കഴിഞ്ഞ് ലോത്ത തിരിച്ചുപോയി. വീണ്ടും പണം സമ്പാദിച്ച് തിരികെ വരാമെന്ന് അവൾ ഉറപ്പു നൽകി.ഒരു വർഷം കടന്നുപോയി. അവർ കത്തിടപാടുകളിലൂടെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. പക്ഷേ ഇന്ത്യയിലേക്ക് വീണ്ടുമൊരു യാത്ര ലോത്തയ്ക്ക് താങ്ങാനാവുമായിരുന്നില്ല.

വിരഹദുഃഖം തീവ്രമായപ്പോൾ പികെ ഒരു തീരുമാനമെടുത്തു-സ്വീഡനിലേക്ക് റോഡ്മാർഗ്ഗം പോവുക! അക്കാലത്ത് ഇന്ത്യയും നേപ്പാളുമെല്ലാം യൂറോപ്പിൽ നിന്നുള്ള ‘ഹിപ്പി’ സഞ്ചാരികളുടെ സ്വർഗ്ഗമായിരുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്ന് തുർക്കിവഴി ഇറാനിലെത്തി, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് നിത്യേനയെന്നവണ്ണം വാനുകളിലും ബൈക്കുകളിലും കാറുകളിലും സഞ്ചാരികൾ എത്തിക്കൊണ്ടിരുന്നു. അവരിൽ ചിലരോട് യാത്രയുടെ പ്രാഥമികമായ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയിട്ട് പികെ ആദ്യം ചെയ്തത് ഒരു സൈക്കിൾ വാങ്ങിക്കുകയാണ്.

എന്നിട്ട് ചിത്രരചനയിലൂടെ സമ്പാദിച്ച 80 ഡോളറും രണ്ട് പാന്റുകളും രണ്ട് ഷർട്ടുകളും ബാഗിലാക്കി ഒരു സുപ്രഭാതത്തിൽ ഡൽഹിയിൽ നിന്ന് സൈക്കിൾ ചവിട്ടാൻ തുടങ്ങി.സ്വീഡിഷ് യുവതിയാണ് ലോത്ത എന്ന് അറിയാമെങ്കിലും സ്വീഡൻ എന്നൊരു രാജ്യമുണ്ടെന്നു പോലും പാവം പികെയ്ക്ക് അറിയാമായിരുന്നില്ല. സ്വീഡിഷ് എന്നാൽ സ്വിറ്റ്‌സർലണ്ടുകാരി എന്നാണ് പികെ മനസ്സിലാക്കിയിരുന്നത്. യാത്ര ലക്ഷ്യം വെച്ചതും സ്വിറ്റ്‌സർലന്റിലേക്കു തന്നെ.പികെയും സൈക്കിളും അമൃത്‌സറിലെ വാഗ അതിർത്തിയിലെത്തി.

തന്നെപ്പറ്റി ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ കാണിച്ച്, ലോത്തയെക്കുറിച്ചുള്ള വിവരങ്ങളും പറഞ്ഞപ്പോൾ മനസ്സലിഞ്ഞ് പാകിസ്ഥാൻ പട്ടാളക്കാർ പികെയെ അതിർത്തി കടത്തിവിട്ടു.പാകിസ്ഥാൻ എന്ന വലിയ കടമ്പ കടന്ന ആശ്വാസത്തോടെ അഫ്ഗാനിസ്ഥാൻ ലക്ഷ്യമാക്കി സൈക്കിൾ ചവിട്ടിയപ്പോൾ പിന്നാലെ ജീപ്പിലെത്തിയ പാക് പട്ടാളം പികെയെ തടഞ്ഞു. എന്നിട്ട് സൈക്കിൾ എടുത്ത് ജീപ്പിലിട്ട് പികെയെയും പിടിച്ച് കയറ്റി, തിരികെ വാഗയിലേക്ക്.

വിസയില്ലാത്ത പികെയ്ക്ക് ഏതോ പട്ടാളക്കാരൻ അബദ്ധവശാൽ ഗേറ്റ് തുറന്നു കൊടുത്തതാണെന്ന് പിടികൂടിയ പട്ടാളക്കാരൻ പറഞ്ഞു. നേരെ വാഗയിലെത്തിച്ച പികെയുടെ പിന്നിൽ പാകിസ്ഥാന്റെ ഗേറ്റ് അടഞ്ഞു.തന്റെ യാത്ര നടക്കില്ലെന്ന് പികെയ്ക്ക് ബോധ്യമായി. പക്ഷേ അന്നുവൈകീട്ട് അമൃത്‌സറിൽ വെച്ച് പികെ, ജെയിൻ എന്ന പഴയ പരിചയക്കാരനെ കണ്ടുമുട്ടി. ഡെൽഹിയിൽ വിദേശമന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന ജെയിൻ ഒരുപായം പറഞ്ഞുകൊടുത്തു:

സൈക്കിൾ ഇവിടെ ഉപേക്ഷിക്കുക എന്നിട്ട് അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക് വിമാനടിക്കറ്റെടുത്ത് അവിടെ നിന്ന് പുതിയ സൈക്കിൾ വാങ്ങി യാത്ര തുടരുക.പികെ അങ്ങനെ തന്നെ ചെയ്തു. അതിനിടെ യൂറോപ്പിലേക്ക് വാനിൽ പോവുകയായിരുന്ന ഒരു ജർമ്മൻകാരൻ പികെയുടെ സൈക്കിൾ കാബൂളിലെത്തിക്കാമെന്നും ഏറ്റു.

പികെയുടെ ആദ്യ വിമാനയാത്ര. വിമാനം പറന്നുതുടങ്ങി. പികെ നെഞ്ചിടിപ്പോടെ ലോത്തയെ മനസ്സിൽ ധ്യാനിച്ച് കാത്തിരുന്നു. അപ്പോൾ അറിയിപ്പു വന്നു: വിമാനത്തിന് യന്ത്രത്തകരാർ. തിരികെ അമൃത്‌സറിൽ ലാൻഡ് ചെയ്യാൻ പോകുന്നു.ഇടിവെട്ടിയവനെ പാമ്പുകടിച്ച അവസ്ഥയിലായി പികെ. യാത്ര തുടരാൻ സാധിക്കുമോ എന്ന ശങ്ക. പക്ഷേ അന്ന് യാത്രികരെ ഹോട്ടൽ മുറിയിൽ താമസിപ്പിച്ച ശേഷം പിറ്റേന്ന് വീണ്ടും വിമാനം പറന്നുയർന്നു, കാബൂളിലേക്ക്.

കാബൂൾ. തീവ്രവാദികളുടെ തേരോട്ടം മൂലം തകർന്നടിഞ്ഞ നഗരം. എന്നും സ്‌ഫോടനങ്ങൾ, നൂറുകണക്കിന് മരണങ്ങൾ. പക്ഷേ, പികെ കണ്ട കാബൂൾ അതായിരുന്നില്ല. യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്കുള്ള വഴിയാത്രക്കാരുടെ ‘സ്റ്റോപ്പ് ഓവർ’ ആയിരുന്നു, അതിസുന്ദരമായ കാബൂൾ നഗരം. ഇംഗ്ലീഷ് സ്റ്റൈൽ കോഫിഷോപ്പുകളും നൃത്തശാലകളും നൈറ്റ് ക്ലബ്ബുകളും ബാക്ക് പാക്കേഴ്‌സ് ഹോസ്റ്റലുകളുമൊക്കെയായി, ഒരു രസികൻ നഗരം. എവിടെ നോക്കിയാലും ഇന്ത്യയിലേക്ക് വിനോദ സഞ്ചാരികളെയും വഹിച്ചുകൊണ്ടു പായുന്ന ഫോക്‌സ്‌വാഗൺ വാനുകൾ. പശ്ചാത്തലഭംഗി പകർന്ന് മഞ്ഞണിഞ്ഞ മലനിരകൾ.

ഈ പുസ്തകം വായിക്കുമ്പോൾ മറ്റൊരു കാര്യം കൂടി മനസ്സിലാക്കി. അക്കാലത്ത് യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്ക് ബസ് സർവീസുണ്ടായിരുന്നു. ഡെൽഹി, കാഠ്മണ്ഡു എന്നിങ്ങനെ ബോർഡ് വെച്ച നിരവധി ബസ്സുകൾ പികെ തന്റെ യാത്രയിൽ കാബൂളിലും ഇറാനിലും മറ്റും കണ്ടു. തുർക്കിയിൽ ഒരു ഹോട്ടലിൽ കണ്ട ബോർഡ് ഇങ്ങനെ: ഡെൽഹിയിലേക്ക് മറ്റന്നാൾ പുറപ്പെടുന്ന ബസ്സിൽ നാലു സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർക്ക് ഇവിടെ സീറ്റ് ബുക്ക് ചെയ്യാം.ഏതാനും ദിവസങ്ങൾ കാബൂളിൽ താമസിച്ച്, ഛായാചിത്രം വരച്ച് തുടർയാത്രയ്ക്കുള്ള പണം സമ്പാദിച്ച്, പികെ ഇറാനിലേക്ക് സൈക്കിൾ ചവിട്ടി (പികെയുടെ സൈക്കിൾ ജർമ്മൻകാരൻ കാബൂളിലെത്തിച്ചിരുന്നു).

യാത്രാമദ്ധ്യേ റോഡപകടത്തിൽപ്പെട്ട ഒരു സ്വിറ്റ്‌സർലണ്ടുകാരിയെ ആശുപത്രിയിലെത്തിച്ചതും പികെയാണ്. ഇവൾ പിന്നീട് സ്വിറ്റ്‌സർലണ്ടിലെത്തിയ പികെയെ സഹായിക്കുന്നുണ്ട്. കാണ്ഡഹാർ വഴി പികെ ഇറാൻ അതിർത്തിയിലെത്തി.തടസ്സങ്ങളിലാതെ ഇറാനിൽ കടന്ന പികെ വിസ്മയഭരിതനായി. അക്കാലത്തേ വളരെ ആധുനിക മായിരുന്നത്രേ ഇറാൻ. ‘ഇറാനിൽ സമ്പൽസമൃദ്ധിയുടെ കാഴ്ചകളേ കാണാനുള്ളു. അതിസുന്ദരമായ വസ്ത്രം ധരിച്ച ജനത. നിരത്തുകളിൽ കാറുകളെല്ലാം അത്യാധുനികം.

നല്ല ആരോഗ്യമുള്ള ജനത. റോഡരികിലെ ബസ്‌സ്റ്റോപ്പുകളിൽ യാത്രികൾക്ക് വിശ്രമിക്കാനായി സ്ഥാപിച്ചിരിക്കുന്നത് ആഢംബര സോഫകളാണ്. റോഡരികിൽ സൗജന്യമായി തണുത്ത ജ്യൂസും മറ്റും കിട്ടുന്ന വെൻഡിങ് മെഷീനുകൾ… ഇറാനെപ്പറ്റി പികെ എഴുതുന്നത് ഇങ്ങനെയാണ്.

ഇറാനിലെ ടെഹ്‌റാൻ, ക്യാസ്പിൻ വഴി തുർക്കിയിലെത്തിയപ്പോഴേക്കും പികെ മൂന്നു സൈക്കിളുകൾ മാറിയിരുന്നു. എന്നുതന്നെയുമല്ല, ചില സ്ഥലങ്ങളിൽ ചിലർ പികെയെ സൈക്കിൾ ഉൾപ്പെടെ വാനിലും മറ്റും കയറ്റി ദൂരം പിന്നിടാൻ സഹായിക്കുകയും ചെയ്തിരുന്നു.

ഇസ്താംബൂൾ വഴി ഓസ്ട്രിയയിലെത്തിയ പികെ, കത്തിലൂടെ ലോത്തയുമായി ബന്ധം തുടർന്നുകൊണ്ടിരുന്നു.
യൂറോപ്പ് പികെയുടെ മുന്നിൽ പുതിയ ലോകം തുറന്നിട്ടു. കലാകാരന്മാർക്ക് വളരാനുള്ള വളക്കൂറ് യൂറോപ്പിന്റെ മണ്ണിലുണ്ടല്ലോ. പല നഗരങ്ങളിലും ഛായാചിത്രം വരച്ചുകൊടുത്ത് സമ്പന്നനായി, പികെ.
ഓസ്ട്രിയയിൽ നിന്ന് ജർമ്മനി, ഡെന്മാർക്ക് വഴി സൈക്കിൾ യാത്ര നീണ്ടു.

പിന്നെ യാത്ര സൈക്കിൾ അടക്കം തീവണ്ടിയിലാക്കി.അങ്ങനെ, യാത്രയുടെ അവസാനപാദത്തിൽ സ്വീഡനിലേക്ക് ട്രെയിനിൽ യാത്ര ചെയ്യവേ പോലീസ് പിടികൂടി. മുഷിഞ്ഞ വസ്ത്രങ്ങളുമായി രേഖകളില്ലാതെ യാത്ര ചെയ്യുന്ന ഇന്ത്യക്കാരനെ തങ്ങളുടെ രാജ്യത്ത് പ്രവേശിപ്പിക്കാനാവി ല്ലെന്ന് സ്വീഡിഷ് പോലീസ് ആണയിട്ടു. താൻ ലോത്ത എന്ന സ്വീഡിഷ് യുവതിയുടെ ഭർത്താവാണെന്ന് പികെ പോലീസിനോട് നിർദാക്ഷിണ്യം കാച്ചി! രേഖകളൊന്നും ഹാജരാക്കാനില്ലെങ്കിലും പികെയെ പോലീസ് വിശ്വസിച്ചു.

അതിനായി കൈക്കൂലി കൊടുക്കേണ്ടി വന്നെന്നു മാത്രം!
ഒടുവിൽ സ്വീഡനിലെ ഗോത്തൻബർഗിൽ ഒരു ഹോട്ടൽമുറിയിൽ വെച്ച് ലോത്തയും പികെയും സംഗമിച്ചു. അപ്പോഴേക്കും പികെ യാത്ര പുറപ്പെട്ടിട്ട് ആറുമാസം പിന്നിട്ടിരുന്നു.ഇപ്പോൾ സ്വീഡിഷ് സർക്കാരിന്റെ കലാ-സാംസ്‌കാരിക മന്ത്രാലയത്തിൽ ഉപദേഷ്ടാവാണ് പികെ. ഒറീസയുടെ സ്വീഡനിലെ കൾച്ചറൽ അംബാസഡർ കൂടിയാണിദ്ദേഹം.ലോത്ത, ഇപ്പോഴും ഇന്ത്യയെ സ്‌നേഹിച്ചുകൊണ്ട്, തന്റെ വിശാലമായ ഫാം ഹൗസിൽ പികെയോടൊപ്പം കഴിയുന്നു.

എമിലി, സിദ്ധാർത്ഥ എന്നീ രണ്ടു മക്കളുണ്ട്. കുട്ടികൾക്കും ഇന്ത്യയെന്നാൽ ജീവനാണ്. എല്ലാ വർഷവും പികെ കുടുംബസമേതം ഇന്ത്യ സന്ദർശിക്കുന്നു.ഈ പുസ്തകം വായിച്ചപ്പോൾ പികെയുടെ സൈക്കിൾ യാത്രയെക്കാൾ എന്റെ മനസ്സിൽ തട്ടിയത് അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളുടെ അന്നത്തെ പുഷ്‌കലാവസ്ഥയാണ്. മതവും തീവ്രവാദവും ചേർന്ന് കുട്ടിച്ചോറാക്കിയ അഫ്ഗാനിസ്ഥാനൊക്കെ ഇനി എന്നെങ്കിലും പൂർവസ്ഥിതിയിലെത്തുമോ?അതുപോലെ, എത്ര എളുപ്പമായിരുന്നു,

അക്കാലത്ത് ഇന്ത്യയിൽ നിന്ന് യൂറോപ്പിൽ റോഡ്മാർഗ്ഗമെത്താൻ! ആധുനിക കാലത്ത് ആദ്യമായി ലണ്ടനിലേക്ക് ഇന്ത്യയിൽ നിന്ന് റോഡുമാർഗ്ഗം പോയ ഞങ്ങൾക്ക് ചൈന കടക്കാൻ മാത്രം 14 ദിവസമെടുത്തു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ വഴിയാണെങ്കിൽ ഇന്ത്യയിൽ നിന്ന് യൂറോപ്പിലെത്താൻ പോലും 14 ദിവസം വേണ്ടിവരില്ലായിരുന്നു!അതിർത്തികൾ തുറക്കട്ടെ, ജനങ്ങൾ മറ്റു സംസ്‌കാരങ്ങളിലേക്ക് അവിഘ്‌നം യാത്രകൾ തുടരട്ടെ, ലോകാ സമസ്താ സുഖിനോ ഭവന്തു!

About Intensive Promo

Leave a Reply

Your email address will not be published.