Breaking News
Home / Lifestyle / ഹാച്ചികോ – ഒരിക്കലും അവസാനിക്കാത്ത കാത്തിരിപ്പ്…!!

ഹാച്ചികോ – ഒരിക്കലും അവസാനിക്കാത്ത കാത്തിരിപ്പ്…!!

1923 നവംബര്‍ 10 ലെ ഒരു തണുപ്പുള്ള സായാഹ്നത്തില്‍ തെരുവില്‍ നിന്നും ഒരു നായകുട്ടിയെ എടുത്തു വീട്ടില്‍ കൊണ്ടുവരുമ്പോള്‍ പ്രൊഫസര്‍ ഹിടെസാബുരോ ഉയേനോ(Hidesaburo Ueno) കരുതിയിട്ടുണ്ടാവില്ല ഈ നായയുടെ പേരില്‍ താന്‍ എല്ലാ കാലവും ഒര്മിക്കപെടുമെന്ന്.

ജപ്പാനിലെ ടോകിയോ യുനിവേര്‍സിറ്റിയിലെ കാര്‍ഷിക വിഭാഗത്തിലെ ഒരു പ്രോഫെസര്‍ ആയിരിന്നു ഉയേനോ. തന്‍റെ ജോലി കഴിഞ്ഞു വീട്ടിലേക്കു വരുന്ന വഴിയില്‍ ആണ് അദ്ദേഹം അകിതാ എന്ന നായ ഇനത്തില്‍പെട്ട ഒരു നായക്കുട്ടിയെ തെരുവില്‍ കണ്ടത്. അതിനെ വഴിയില്‍ ഉപേക്ഷിച്ചു പോകാന്‍ അദ്ധേഹത്തിന്റെ നല്ല മനസ് അനുവദിച്ചില്ല. അദ്ദേഹം അവനെ ഹാച്ചികോ എന്ന് പേര് നല്‍കി തന്‍റെ വളര്‍ത്തു നായ ആയി വളര്‍ത്താന്‍ തുടങ്ങി.

അന്നുമുതല്‍ ഉയെനോയുടെ ജീവിതകാലം മുഴുവന്‍ ഹാച്ചികോ ആയിരുന്നു ഷിബുയ റെയില്‍വേ സ്റ്റേഷന്‍റെ വാതില്‍ക്കല്‍ അദ്ദേഹത്തെ എതിരേറ്റു കൊണ്ടിരുന്നത്. കൃത്യമായി പറഞ്ഞാല്‍ 1925 മെയ്‌ മാസം 20 വരെ. എല്ലാ ദിവസവും കൃത്യം ട്രെയിന്‍ വരുന്ന സമയം ആകുമ്പോള്‍ ഹാച്ചി ഷിബുയ സ്റ്റേഷന്‍റെ വാതില്‍ക്കല്‍ തന്‍റെ യജമാനന് വേണ്ടി കാത്തിരിക്കുവായിരുന്നു. ഉയെനോയുടെ സഹയാത്രികര്‍ക്കും സ്റ്റേഷനിലെ ജോലിക്കാര്‍ക്കും പിന്നെ സ്റ്റേഷന്‍റെ പുറത്തുള്ള പതിവുകാര്‍ക്കും ഒക്കെ ഇതൊരു സ്ഥിരം കാഴ്ച തന്നെ ആയിരുന്നു.

പതിവ് പോലെ 1925 മെയ്‌ 21 ന് ഉയേനോ ജോലിക്ക് പോയി പക്ഷെ അതു അദ്ദേഹത്തിന്റെ അവസാനത്തെ യാത്ര ആയിരുന്നു എന്ന് ആരും അറിഞ്ഞില്ല. യുനിവേര്‍സിറ്റിയില്‍ വച്ചുണ്ടായ മസ്തിഷ്ക ആഘാതത്തെ തുടര്‍ന്ന് അദ്ദേഹം മരണപ്പെട്ടു. പക്ഷെ ഇതൊന്നും അറിയാതെ തന്റെ യജമാനന്‍ വരുന്നതും കാത്തു ഷിബുയ സ്റ്റേഷന്‍റെ വാതില്‍ക്കല്‍ ഹാച്ചി ദിവസവും കാത്തിരുന്നു, ഒന്നും രണ്ടുമല്ല നീണ്ട 9 വര്‍ഷവും 9 മാസവും 15 ദിവസവും, അതായതു തന്റെ അവസാന ശ്വാസം വരെ ഹാച്ചി തന്‍റെ യജമാനന് വേണ്ടി കാത്തിരുന്നു.

ഹാചികൊയുടെ കാത്തിരുപ്പ് ഷിബുയ സ്റ്റേഷനില്‍ ഉള്ളവര്‍ക്ക് ഒരു പുതുമയുള്ള കാര്യം അല്ലായിരുന്നു. അവര്‍ വര്‍ഷങ്ങള്‍ ആയി ഇത് തന്നെ കാണുന്നു. പക്ഷെ 1932 ഒക്ടോബര്‍ 4 നു അസാഹി ഷിമ്ബുന്‍( Asahi Shimbun) എന്നാ ജാപ്പനീസ്‌ ന്യൂസ്‌ പേപ്പറില്‍ ഹാച്ചികൊയെ പറ്റി ഒരു ലേഖനം വരുന്നത് വരെ.

1932 സെപ്തംബറില്‍-ല്‍ ഉയെനോയുടെ ഒരു ശിഷ്യനായ ഹിരോകിച്ചി സൈടോ(Hirokichi Saito) ഹാച്ചിയുടെ കാത്തിരുപ്പിന്റെ കഥ അറിയാനിടായി. അന്നുമുതല്‍ സൈടോ ഹാച്ചിയെ നിരീക്ഷിക്കാന്‍ തുടങ്ങി. എല്ലാ ദിവസവും കൃത്യം തന്‍റെ യജമാനന്‍ ദിവസും വന്നുകൊണ്ടിരുന്ന ട്രെയിന്‍ വരുന്ന സമയം ആകുമ്പോള്‍ ഹാച്ചി ഷിബുയ സ്റ്റേഷന്‍റെ വാതിലില്‍ അദേഹത്തെ പ്രതീക്ഷിച്ചു അവിടെ കാത്തിരിക്കും, കുറെ സമയം കഴിയുമ്പോള്‍ അവന്‍ എങ്ങോട്ടോ പോകും. പിന്നെയും ഇത് തന്നെ ആവര്‍ത്തിച്ച്‌കൊണ്ടിരുന്നു. ഒരു ദിവസം സൈടോ ഹാചിയെ പിന്തുടര്‍ന്നു കികുസാബോറോ കൊബായാഷി (Kikuzaboro Kobayashi) എന്ന ആളുടെ വീട്ടില്‍ ചെന്നു.

കൊബായാഷി, പ്രൊഫസര്‍ ഉയെനോയുടെ പഴയ ഒരു ജോലിക്കാരന്‍ ആയിരുന്നു. അദ്ദേഹം സൈടോയോട് ഹാച്ചിയുടെ പഴയ യജമാനനോടുള്ള ആത്മാര്‍ത്ഥതയുടെയും സ്നേഹത്തിന്‍റെയും കരളലിയിപ്പിക്കുന്ന കഥ വിവരിച്ചു. പ്രൊഫസര്‍ ഉയെനോയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബം മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കുക ഉണ്ടായി,പോയപ്പോള്‍ അവര്‍ ഹാചിയെയും കൂടെ കൊണ്ടുപോയി, പക്ഷെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഹാച്ചി അവിടേക്ക് തന്നെ തിരിച്ചു വന്നു. പിന്നെ അവന്‍ എങ്ങും പോയിട്ടില്ല, തന്‍റെ പ്രിയപ്പെട്ട യജമാനന്‍റെ വരവും കാത്തു ശിഷ്ടകാലം അവിടെ തന്നെ കഴിഞ്ഞു.

ഇത്രയും കാര്യങ്ങള്‍ അറിഞ്ഞ സൈടോ ഹാച്ചികൊയുടെ ഈ കാത്തിരുപ്പിന്റെ അവിശ്വസനീയമായ കഥ അസാഹി ഷിമ്ബുന്‍( Asahi Shimbun) എന്നാ ജാപ്പനീസ്‌ ന്യൂസ്‌ പേപ്പറില്‍ പ്രസധീകരിചു. ഹാച്ചിയുടെ ഈ കഥ വളരെ പെട്ടന്ന് ജപ്പാന്‍ മുഴവനും പിന്നെ ലോകം മുഴുവനും പരന്നു. ഹാച്ചികോ ജപ്പാന്‍റെ ദേശിയ വികാരം തന്നെ ആയി മാറി. അതിനു ശേഷം ഹാച്ചിയെ കാണാനും അവന്‍റെ കഥ അറിയാനും നൂറു കണക്കിന് ആള്‍ക്കാര്‍ ഷിബുയ സ്റ്റേഷനില്‍ എത്താന്‍ തുടങ്ങി. ഹാച്ചിയുടെ യജമാനനോടുള്ള കൂറും വിശ്വസ്തതയും ജപ്പാനിലുള്ള ആള്‍ക്കാര്‍ മാതൃക ആക്കാന്‍ തന്നെ ശ്രമിച്ചു.

എന്തിനേറെ ജപ്പാനിലെ മാതാപിതാക്കളും അധ്യാപകരും അര്‍പ്പണ ബോധത്തിന്റെ മാതൃകയായി കുട്ടികള്‍ക്ക് ഹാച്ചിയുടെ കഥ പറഞ്ഞു കൊടുക്കാന്‍ തുടങ്ങി. ആത്യന്തികമായി ഹാച്ചികൊയുടെ ഐതിഹാസികമായ വിശ്വസ്തതയും കൂറും ജപ്പാന്‍റെ ദേശീയ പ്രതീകം തന്നെ ആയി മാറി.

അതിനു ശേഷവും സൈടോ ഹാച്ചിയെ കാണാന്‍ പലവുരു വന്നു കൊണ്ടേയിരുന്നു, കൂടെ അവന്‍ പത്രത്തില്‍ ഹാച്ചിയുടെ കഥ വര്‍ഷങ്ങളോളം എഴുതികൊണ്ടിരുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം അദ്ദേഹം ജപ്പാനിലുള്ള അകിതാ ഇനത്തില്‍ പെട്ട നായകളുടെ ഒരു സെന്‍സസ് പ്രസിദ്ധീകരിക്കുക ഉണ്ടായി അതില്‍ ഹാച്ചികോ ഉള്‍പെടെ 30 നായകള്‍ മാത്രമേ ശേഷിക്കുന്നോള്ളൂ എന്ന് കണ്ടെത്തുകയും ചെയ്തു.

അതിനു ശേഷം സൈടോ അകിതാ ഇനത്തില്‍ പെട്ട നായകളെ വളര്‍ത്തുന്നതിനു ജനങ്ങളെ ബോധവല്‍ക്കരണം നടത്തുകയും കാലക്രമേണ ജപ്പാനിലെ അറിയപ്പെടുന്ന ഒരു അകിതാ ബ്രീടെര്‍ ആകുകയും ചെയ്തു.

1934 ഏപ്രിലില്‍ ഹാച്ചികൊയുടെ ഒരു വെങ്കല പ്രതിമ ഷിബുയ സ്റ്റേഷന്‍റെ മുന്‍പില്‍ സ്ഥാപിക്കുക ഉണ്ടായി, ഹാച്ചിയുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു പ്രതിമയുടെ ഉത്ഘാടനം നടന്നത്. പക്ഷെ രണ്ടാം ലോക മഹായുദ്ധത്തില്‍ ഈ പ്രതിമ നശിച്ചു പോകുകയും ചെയ്തു അതിനു ശേഷം 1948 ഓഗസ്റ്റില്‍ പുതിയ പ്രതിമ സ്ഥാപിച്ചു. പ്രതിമക്കു അടുത്തുള്ള ഷിബുയ സ്റ്റേഷന്‍റെ എന്ട്രന്‍സിനു ഹാച്ചികൊയുടെ ആദരസുചകമായി Hachiko-Guchi (Hachiko Entrance/Exit) എന്നു നാമകരണം നല്‍കുകയും ചെയ്തു.

1935 മാര്‍ച്ച്‌ 8 നു ഹാച്ചികോ ഈ ലോകത്തോട്‌ യാത്ര പറഞ്ഞു. ഷിബുയയിലെ ഒരു തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു. മരണാനന്തരം ഹാച്ചിയുടെ മൃതദേഹം സ്ടഫ് ചെയ്തു ടോകിയോയിലെ നാഷണല്‍ സയന്‍സ് മ്യുസിയം ഓഫ് ജപ്പാനില്‍ സ്ഥാപിച്ചു. കൂടെ ഹാച്ചിയുടെ ഒരു സ്മാരകം തന്‍റെ പ്രിയപ്പെട്ട യജമാനന്‍റെ ശവക്കല്ലറക്ക് സമീപം സ്ഥാപിക്കുകയും ചെയ്തു. കാന്‍സര്‍ മൂലമാണ് ഹാച്ചി മരിച്ചതെന്ന് 2011 മാര്‍ച്ചില്‍ ശാസ്ത്രലോകം സ്ഥിതീകരിച്ചു.

ഹാച്ചികൊയുടെ ചരമ വാര്‍ഷികം എല്ലാ വര്‍ഷവും ഏപ്രില്‍ 8 നു ഷിബുയ റെയില്‍വേ സ്റ്റേഷനില്‍ നൂറു കണക്കിന് ശ്വാന പ്രേമികളുടെ സാന്നിദ്ധ്യത്തില്‍ നടത്തിവരുന്നു.

ഹാച്ചികൊയുടെ കഥ അസ്പദമായി പല സിനിമകളും ഡോകുമെന്ടരികളും ഇറങ്ങിയിട്ടുണ്ട്. ആദ്യം ഇറങ്ങിയത്‌ 1987 ല്‍ Hachiko Monogatari എന്ന ജാപ്പനീസ് ചലച്ചിത്രം ആണ്. ആ കാലത്തെ ഏറ്റവും വലിയ ബ്ലോക്ക്‌ ബസ്ടരുകളില്‍ ഒന്നായിരുന്നു ഈ സിനിമ. അതിനു ശേഷം 2009 ഓഗസ്റ്റില്‍ റിച്ചാര്‍ഡ്‌ ഗിയര്‍ നായകന്‍ ആയി Hachi:A Dog’s Tale എന്ന പേരില്‍ ഒരു ഹോളിവൂഡ്‌ ചിത്രവും ഇറങ്ങി. ഈ സിനിമ അമേരിക്കയില്‍ റിലീസ് ആയതിനു ശേഷം ചിത്രീകരണം നടന്ന റോഡ്സ് ഐലന്‍ഡില്‍ ഉള്ള വൂന്സോകെറ്റ് ഡിപോ ചത്വരം എന്ന റെയില്‍വെ സ്റ്റേഷനില്‍ അമേരിക്കയിലുള്ള ജാപ്പനീസ് എംബസ്സിയുടെ സഹായത്തോടെ ഹാച്ചിയുടെ ഒരു പ്രതിമ സ്ഥാപിച്ചു. (ഇവിടമാണ് ഹാച്ചി യജമാനനെ നോക്കി കാത്തു കിടന്നിരുന്നത് -സിനിമയില്‍)

കടപ്പാട് – റാന്തല്‍ മാസിക

About Intensive Promo

Leave a Reply

Your email address will not be published.