അഹമ്മദാബാദ്: മണ്ണില്‍ പൊന്ന് വിളയിക്കുക എന്നത് കേവലം ഒരു ആലങ്കാരികമായ പ്രയോഗം അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഗുജറാത്തിലെ ബനാഷ്‌കന്തില്‍ നിന്നൊരു കര്‍ഷകന്‍. ഖേതാജി സോളങ്കി എന്ന നാല്‍പത്തൊന്നുക്കാരന്‍ എഴുപത് ദിവസങ്ങള്‍ കൊണ്ട് നേടിയത് 21 ലക്ഷം രൂപയുടെ ആദായമാണ്. ജ്യൂസിനും, ജെല്ലികള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന തയ്ക്കുമ്പളത്തിന്റെ കൃഷിയിലൂടെയാണ് ഖേതാജി ഈ നേട്ടം കൈവരിച്ചത്. 1.21 ലക്ഷം രൂപയാണ് ആകെയുള്ള മുതല്‍ മുടക്ക്.
ഉരളകിഴങ്ങിന് വിലയിടിഞ്ഞതോടെയാണ് ഖേതാജി മസ്‌ക്മലണ്‍ എന്ന തയ്ക്കുമ്പളത്തിലേക്ക് ചുവട് മാറിയത്. നല്ല വിളവ് ലഭിച്ചതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം ചന്ദജി ഗോലിയ എന്ന കൊച്ചു ഗ്രാമത്തിലേക്ക് ആളുകള്‍ ഒഴികയെത്തുകയായിരുന്നു. ഇവര്‍ നല്ല വില നല്‍കി കാര്‍ഷിക ഉത്പന്നം വാങ്ങുകയും ചെയ്തു.
ഏഴാം ക്ലാസ് വിദ്യാഭാസം മാത്രമുള്ള ഖേതാജി വര്‍ഷങ്ങളായി കാര്‍ഷിക മേഖലയില്‍ തന്നെയാണ്. വിത്ത് തെരഞ്ഞെടുക്കുന്നത് മുതല്‍ വിളവാകുന്നത് വരെ അതീവ ശ്രദ്ധയാണ് അദ്ദേഹം കൃഷിയിടത്ത് ചെലത്തുന്നത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ ജലസേചനത്തിനായി സ്ഥാപിച്ചിട്ടുണ്ട്. ഫെബ്രുവരി 12നാണ് തന്റെ രണ്ടരയേക്കറോളം വരുന്ന ഭൂമിയില്‍ ഖേതാജി തയ്ക്കുമ്പളത്തിന്റെ വിത്തുകള്‍ പാകുന്നത്. ഏപ്രില്‍ പകുതിയോടെ 140 ടണ്‍ തയ്ക്കുമ്പളം വിളവെടുത്തു.
ഇത്രയും കുറച്ച് ദിവസം കൊണ്ട് ഇത്രയേറെ ആദായം കിട്ടുന്ന മറ്റൊരു കൃഷിയും താനിതുവരെ ചെയ്തിട്ടില്ലെന്ന് ഖേതാജി പറയുന്നു. പുതിയ കൃഷിരീതികള്‍ ആസൂത്രണം ചെയ്യുന്നതിലും വിപണനത്തിന് പുതിയ രീതികള്‍ തേടുന്നതിനും ഖേതാജി ശ്രദ്ധപുലര്‍ത്തുന്നു. കൃഷിരീതികളെക്കുറിച്ചറിയാന്‍ മൊബൈല്‍ ആപ്പുകളുടെ സഹായം തേടുന്നു. പഴവര്‍ഗത്തില്‍പ്പെട്ടവ കൃഷി ചെയ്യുന്നതിനോടാണ് ഖേതാജിക്ക് കൂടുതല്‍ താത്പര്യം. അടുത്തതായി തന്റെ കൃഷിയിടത്തില്‍ ചെറി ടുമാറ്റോ കൃഷിചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ കര്‍ഷകന്‍.