അവൾ ഒരു പടക്കം ആണെന്ന് എല്ലാവരും പറയുന്നുണ്ട്…
എനിക്ക് അറിയില്ല!
അവളെന്തായാലും എനിക്കെന്താ?അവളായി അവളുടെ പാടായി…
അതിരാവിലെ ഉടുത്തൊരുങ്ങി നടന്ന് പോകുന്നത് കാണാറുണ്ട്…എങ്ങോട്ടാണോ ആവോ?അത് പ്രത്യേകിച്ച് ചോദിക്കാനുണ്ടോ…
എങ്ങോട്ടായാലും എനിക്ക് എന്താ…
പുറമ്പോക്ക്!
അവൻ വായിൽ പൊടിഞ്ഞ ഉമിനീർ തുപ്പിക്കളഞ്ഞു…
“ആഹ്,ഇന്ന് ചൊകപ്പാണല്ലോ”സൈക്കിളിൽ ഇരുന്ന് അവന്റെ പ്രായത്തിലുള്ള മറ്റുചെക്കന്മാർ പടക്കത്തെ ഇഴകീറി പരിശോധിക്കുന്നത് കണ്ടപ്പോഴും അവനിലെ സദാചാരം ഉണർന്നു.
“നാട്ടിലുള്ളോരെ വഴി തെറ്റിക്കാൻ വേണ്ടി പെറന്നോൾ”എന്ന് കടത്തിണ്ണയിൽ ഇരുന്ന മുതുക്കിതള്ള പുലമ്പി,അവനും അതിന് ശെരി വെച്ചു…
വഴിപിഴച്ചവൾ!
“ഉണ്ണിക്ക് അവളെ എന്ത് കാര്യായിരുന്നു ന്ന് അറിയോ…
എന്നിട്ടും അവൾ ഏതവന്റെയോ മുൻപിൽ കെടന്ന് കൊടുത്ത് പിഴച്ചു,ഒരുമ്പെട്ടോള്”
വലിയമ്മ ഇടക്ക് പറയാറുള്ളത് അവനോർത്തു…
അന്ന് തുടങ്ങിയ വെറുപ്പാണ്…
വെറുപ്പല്ല, അറപ്പ്!
“നിനക്കൊക്കെ മര്യാദക്ക് പണിയെടുത്ത് ജീവിച്ചൂടെ”ഇടവഴിയിൽ വെച്ച് കണ്ടപ്പോൾ അപ്പു അവളെ ഉപദേശിച്ചു…
അവളോട് മിണ്ടണം എന്ന് കരുതിയതല്ല…നാട്ടിലെ മറ്റ് ആണുങ്ങളെയും കൂടി ചീത്തയാക്കാൻ ഇറങ്ങിയാൽ പിന്നെ കൈയും കെട്ടി നോക്കിനിൽക്കാൻ പറ്റുമോ?
അവൾ പതിയെ അവന്റെ നെഞ്ചിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു
“അത് തന്നെയാ ഞാനും ചെയ്യുന്നത്…പണിയെടുത്ത് ജീവിക്കുന്നു..”
അവനാകെ വിയർത്തിരുന്നു…
“മാറി നില്ല്…ത്ഫൂ… ഇത് ജീവിതമാണോ”അവൻ അവളുടെ കൈ പിടിച്ചുമാറ്റി…
“മര്യാദയ്ക്ക് ജോലി ചെയ്യാൻ പോയപ്പോൾ മടിക്കുത്തഴിച്ചു ഏമാന്മാർ… പിന്നെ ഇതാണ് നല്ല പണിയെന്ന് തോന്നി..”അവൾ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്…
“മുടന്തൻ ന്യായീകരണങ്ങൾ”അവൻ അവളെ വകഞ്ഞുമാറ്റി നടന്നു…
“അപ്പുവിന്റെ മുൻപിൽ ന്യായീകരിക്കേണ്ട ആവശ്യമൊന്നും എനിക്കില്ല…”
“അപ്പു എന്ന് എന്നെ വിളിക്കരുത്…നിങ്ങൾ എന്റെ ഏട്ടനെ ചതിച്ചു.പുറമ്പോക്ക്”
“അപ്പുവിന് അറിയുമോ എന്നെ ആദ്യം പിഴപ്പിച്ചത് നിന്റെ ചേട്ടനായിരുന്നു…വിളവ് മൂക്കുന്നതിന് മുൻപേ ഉണങ്ങിപ്പോയി…നിന്റെ ചേട്ടൻ ഗള്ഫിലേക്കും പോയി…”
അവന് എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു…
അവൾ ഒന്നും പറയാതെ നടന്നുപോയി…
എല്ലാവരും പറഞ്ഞത് ശരിയാണ്,
അതെ, അവൾ ഒരു പടക്കമാണ്…
തീ കൊളുത്തിയാൽ പൊട്ടിത്തെറിക്കുന്നവൾ…
#ആദി