Breaking News
Home / Lifestyle / നിന്നേം കൊണ്ടേ ഈ വീട്ടിലേക്ക് വരാവൂ, എന്ന് പറഞ്ഞ നമ്മുടെ പെങ്ങളോട് എന്ത് പറയും ഞാൻ? ;

നിന്നേം കൊണ്ടേ ഈ വീട്ടിലേക്ക് വരാവൂ, എന്ന് പറഞ്ഞ നമ്മുടെ പെങ്ങളോട് എന്ത് പറയും ഞാൻ? ;

തന്റെ എഴുത്തുകളില്‍ നിറഞ്ഞ ആത്മഹത്യയെ തന്നെ ഒടുവില്‍ യുവകവി തിരഞ്ഞെടുത്തപ്പോൾ ജിനേഷിന്റെ അവസാന ദിവസങ്ങളില്‍ ഒപ്പമുണ്ടായിരുന്ന ആത്മസുഹൃത്ത് ലിജീഷ്‌ കുമാര്‍ ഫേസ്ബുക്കിലെഴുതിയ വരികള്‍ ഈറനണിയിക്കുന്നു.

ലിജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്

മൂന്നാല് ദിവസം മുമ്പ് ജസില വിളിച്ച് പറഞ്ഞു, “ലിജീഷേ, ഏട്ടൻ സ്കൂളിൽ പോയിട്ടുണ്ട്. രാവിലേ പോയതാ. ഉച്ചയായി” എന്ന്. ഓടിക്കാവുന്നത്രയും വേഗതയിൽ വണ്ടിയോടിച്ചാണ് ഞാനന്ന് ഒഞ്ചിയം സ്കൂളിൽ ചെന്നത്. മനസ്സ് കൈവിട്ടു പോകുമ്പോൾ ഈയിടെയായി വടകര പുതിയ ബസ്റ്റാന്റിലെ ഡോക്ടർ ദിനീഷ് കുമാറിനെ ആണ് അവൻ ചെന്ന് കാണാറുള്ളത്. അവനെയും കൂട്ടി ദിനീഷ് ഡോക്ടറുടെ ക്ലിനിക്കിൽ വന്നു. ഒരു കെട്ട് മരുന്നു പൊതികളുമായി അവൻ പുറത്ത് വരും വരെ കാത്തിരുന്നു. മരുന്ന് കെട്ട് കൈയ്യിൽ തന്നെ പിടിച്ചാണിരുന്നത്. ബാഗ് അവനന്ന് സ്കൂളിൽ വെച്ച് മറന്നിരുന്നു. അവന് പ്രിയപ്പെട്ടത് പലതും സൂക്ഷിക്കുന്ന ഒരിക്കലും മറക്കാത്ത ബാഗാണത്, എന്നിട്ടും അത് മറന്നതെന്താണെന്ന് ചോദിക്കാൻ മറന്നു.

പാർകോ ഹോസ്പിറ്റലിന് മുമ്പിലെ തട്ടുകടയിൽ നിന്ന് മോരും വെള്ളം വാങ്ങിക്കുടിച്ച് പാസ്പോർട്ട് ഓഫീസിനരികിൽ വണ്ടി പാർക്ക് ചെയ്ത് കുറെ നേരം സംസാരിച്ച് കിടന്നു. ശശി മാഷ് കൊണ്ടുവന്ന കല്യാണാലോചന ജസിലയ്ക്കും അവളുടെ അഖിലേഷേട്ടനും ഇഷ്ടമായിരുന്നു. അളിയനെന്ന് തന്നെയാണ് ജിനേഷ് അഖിലേഷേട്ടനെ വിളിച്ചിരുന്നത്. ആ കല്യാണാലോചനയെപ്പറ്റി പറഞ്ഞപ്പൊഴും അവൻ മൂളിക്കേട്ടു, എതിർത്തില്ല. ഞാനവന് വേണ്ടി വാടകയ്ക്ക് വാങ്ങിയ ഫ്ലാറ്റിലേക്ക് താമസം മാറാമെന്ന് ഉറപ്പ് തന്നു. വൈകുമ്പഴൊക്കെയും നിന്റെ കൂടെത്തന്നെയല്ലേ എന്ന് ജസില വിളിച്ച് ചോദിച്ചു കൊണ്ടിരുന്നു. വൈകുന്നേരമാണ് അവനെ വീട്ടിലിറക്കുന്നത്.

അമ്മ മരിച്ച ശേഷം അവന്റെ കല്യാണവും വീടുമാറ്റവും മാത്രമായിരുന്നു എന്റെ മുന്നിലുണ്ടായിരുന്ന ലക്ഷ്യങ്ങൾ. ജീവിതത്തിലൊന്നിനും ഇന്നോളം പ്ലാനിംഗില്ലായിരുന്ന ഞാൻ ആദ്യമായി പലതും പ്ലാൻ ചെയ്ത് കൂട്ടുകയായിരുന്നു. മെയ് 4 ന് രാത്രി വന്ന് നേരം വെളുക്കുവോളം ദിപിൻ പെയിന്റ് ചെയ്തു. പണികളെല്ലാം തീർത്ത് താക്കോൽ വാങ്ങി. ആ താക്കോലുമായി 5 ന് രാത്രി ഞാൻ വരുമെന്ന് അവനറിയാമായിരുന്നു. അവനതിനോട് പ്രതികരിച്ചത്,

“യുദ്ധത്തിൽ വെടിയേറ്റ് ചോരയൊലിച്ച് കിടക്കുന്ന ഒരു പട്ടാളക്കാരന്, പുതിയ ആയുധങ്ങളും ഭക്ഷണവുമൊക്കെയായി വരുന്ന വണ്ടി കാണുമ്പോൾ എന്ത് തോന്നും. ആ മരവിപ്പാണ് എനിക്ക് തോന്നുന്നത്.” എന്നായിരുന്നു.
ഞാൻ പറഞ്ഞു, തുരുതുരാ വെടി കൊണ്ട് തുളഞ്ഞ ഒരു ബങ്കറിൽ നിന്ന് വീണ്ടും വെടി കൊള്ളും മുമ്പ് അയാളെ മാറ്റിക്കിടത്തണം, അതാണ് ശരി എന്ന്. “ഇല്ല അപ്പുറത്ത് നിന്ന് ഇപ്പോൾ വെടിയൊന്നുമില്ല, എല്ലാം ശാന്തമാണ്.” അങ്ങനെ പറഞ്ഞ് എന്നെ പറ്റിച്ച് പോയതാണവൻ.

മെയ് 5 ന് രാത്രി അവനെയും തേടി ഓടാവുന്നിടത്തെല്ലാം ഞാനോടി. റെയിൽവേ സ്റ്റേഷനിൽ ചെന്ന് ട്രെയിൻ കയറാനിരുന്നവരെ മുഴുവൻ നോക്കി. ബസ് സ്റ്റാൻഡിൽ ചെന്ന് ബസ്സ് കയറാനിരുന്നവരെ, സ്വസ്ഥതയ്ക്ക് വേണ്ടി കടപ്പുറത്ത് ചെന്നിരിക്കുന്നവരെ … കടലിലോ റെയിൽവേ ട്രാക്കിലോ നോക്കിയില്ല – അവനെന്നോട് പറഞ്ഞിട്ടേ പോകൂ എന്നുറപ്പായിരുന്നു. വിളിക്കാവുന്നവരെ മുഴുവൻ വിളിച്ചു. ചെല്ലുമെന്നുറപ്പുണ്ടായിരുന്ന അഖിൽ.എസ്.ആറിന്റെയും ശ്രീജിത്ത് അരിയല്ലൂരിന്റെയും വീട്ടിൽ ചെന്നോ എന്ന് വിളിച്ചു നോക്കി. ശ്രീജിത്തേട്ടൻ പറഞ്ഞു,

“ഇങ്ങനെ പേടിക്കണ്ട. അവൻ വിളിച്ചിരുന്നു, നാളെയോ മറ്റന്നാളോ ഒക്കെയായി വീട്ടിൽ വരും. അങ്ങനെ പറഞ്ഞതാണ്, ഒന്നും ചെയ്യില്ല.” എന്ന്. അഖിലേഷേട്ടൻ കരഞ്ഞു കൊണ്ട് വിളിച്ചപ്പോൾ ഞാനിത് പറഞ്ഞു. “എല്ലാരും അവനെ നോക്കുന്നുണ്ട്. ഇവിടെ ഓന്റെ ചങ്ങായിമാറൊക്കെയുണ്ട്. കാണാതായ വിവരം എല്ലാരും അറിഞ്ഞൂന്നറിഞ്ഞാ ഓനതൊരു കുറച്ചിലായിരിക്കും. നീ ഓനേം കൂട്ടി വരുമ്പഴേക്കും ഞാനെല്ലാരേം മാറ്റട്ടെ,”

എന്ന് പറഞ്ഞാണ് അഖിലേഷേട്ടൻ ഫോൺ വെച്ചത്. ഓർക്കാട്ടേരി ആണ് ടവർ ലൊക്കേഷൻ കാണിക്കുന്നതെന്ന് പറഞ്ഞത് അഖിലേഷേട്ടനാണ്. കൈയ്യും കാലുമൊക്കെ വിറയ്ക്കുന്നത് കൊണ്ട് മഞ്ജുവിനെ കൂട്ടാൻ വീട്ടിൽ വന്നു. അവളെയും കയറ്റി ഓർക്കാട്ടേരി ഭാഗത്തേക്ക് പുറപ്പെടുമ്പോ അവിടെയവൻ പോയിരിക്കാൻ സാധ്യതയുള്ള വീടേതാണെന്നന്വേഷിക്കാൻ ശ്രീലാലിനെ വിളിച്ചു. ഇനി പോണ്ട ലിജീഷേട്ടാ, എന്ന് പറഞ്ഞത് ശ്രീലാലാണ്.

ബാഗൊന്നും എടുക്കാതെയാണ് അവനന്ന് ഒഞ്ചിയം സ്കൂളിലേക്ക് പോയത്. വീട്ടിൽ നിന്ന് ബാഗിലാക്കി കൊണ്ടുപോയ കയറും ബാഗും മുമ്പേ സ്കൂളിൽ സൂക്ഷിച്ചിരുന്നു. മറന്നുവെച്ചതായിരുന്നില്ല, ഓർമ്മിച്ചൊളിപ്പിച്ചു വെച്ചതായിരുന്നു അവനന്നാ ബാഗ്. ആത്മഹത്യ ചെയ്യാനുള്ള തീരുമാനം ഉപേക്ഷിച്ചല്ല, നീട്ടിവെച്ചാണ് അന്നെന്റെ കൂടെ അവൻ കാറിൽ കയറി പോന്നത്.

നിനക്ക് വേണ്ടി ഞാൻ കണ്ട പെണ്ണിനെ, നിനക്ക് വേണ്ടി വാങ്ങിയ വീടിനെ – നീ എന്നെ പറ്റിക്കുകയായിരുന്നു ജനേഷ്. മരിച്ചത് നീയല്ല, ഞാനാണ്. എന്നെക്കൊന്നിട്ടാണ് നീ പോയത്. നിന്നെ എനിക്ക് കാണണ്ടെന്ന് പറഞ്ഞിട്ടും ടൗൺ ഹാളിൽ നിന്ന് പുറത്തിറക്കിയ ആംബുലൻസിന് മുമ്പിലേക്കുന്തി, “മരിച്ചെന്ന് നിനക്ക് ബോധ്യപ്പെടണ്ടേ ?” എന്ന് ചോദിച്ചു സുഭാഷേട്ടൻ.

നിന്നേം കൊണ്ടേ ഈ വീട്ടിലേക്ക് വരാവൂ, എന്ന് പറഞ്ഞ നമ്മുടെ പെങ്ങളുണ്ട് നിന്റെ വീട്ടിൽ. ഞാനെങ്ങനെയാണ് അവളുടെ മുമ്പിൽ പോയി നിൽക്കുക. നിന്റെ ചിതയടങ്ങിയിട്ടും ബോധം വരുമ്പഴൊക്കെ അവളെന്റെ ഫോണിലേക്ക് തുടരെത്തുടരെ വിളിക്കുന്നു. ജസിലേ, ഞാൻ തോറ്റു പോയി. ഏട്ടൻ നമ്മളോട് ചെയ്തത് ശരിയല്ല. മരിച്ചത് ജിനേഷല്ല – ഞാനാണ്. അതാണ് നീ എന്നെ കാണാത്തത്.

About Intensive Promo

Leave a Reply

Your email address will not be published.