Breaking News
Home / Lifestyle / ഞാൻ മരിച്ചാൽ പാവം എന്റെ അമ്മ അച്ഛൻ ,ഏട്ടൻ , ഭാര്യ അവർക്ക് മാത്രമായിരിക്കും നഷ്ടം..!!

ഞാൻ മരിച്ചാൽ പാവം എന്റെ അമ്മ അച്ഛൻ ,ഏട്ടൻ , ഭാര്യ അവർക്ക് മാത്രമായിരിക്കും നഷ്ടം..!!

ഡിവൈഎഫ്‌ഐ നേതാവ് വിശ്വ ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കണ്ടവന്റെ വാള്‍തലപ്പില്‍ ഒടുങ്ങാന്‍ വയ്യാത്തതു കൊണ്ട് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞ് ആരംഭിക്കുന്ന പോസ്റ്റ് അരാഷ്ട്രീയവാദത്തെ പരിഹസിക്കുന്നതാണ്.

അതുപോലെ മതത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടക്കുന്നതിനാല്‍ മതപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഇദ്ദേഹം പറയുന്നു. ഭഗത്സിംഗ് എന്തൊരു വിഡ്ഢിയായിരുന്നെന്നും കേവലം ഇരുപത്തി നാലാം വയസില്‍ ജീവിതമെറിഞ്ഞുടച്ചു കളയുന്നതിന് മുമ്പ് അമ്മയെ കുറിച്ച് ഒന്നാലോചിക്കാമായിരുന്നില്ലെയെന്നും വിശ്വദാസ് കുറിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയപ്പോഴെങ്കിലും മതേതരത്വം പറഞ്ഞ് രാജ്യം മുഴുവന്‍ തെണ്ടാതെ വല്ല പയറും പുഴുങ്ങി തിന്ന് വീട്ടിലിരിക്കാമായിരുന്നില്ലെ മഹാത്മാവിനെന്നും ദയവ് ചെയ്ത് വരും തലമുറയെ കൂടി കേടാക്കാതെ സിലബസുകളില്‍ നിന്ന് ഇറങ്ങി പോകാനും പറയുന്നുണ്ട് കുറിപ്പില്‍.

സ്‌നേഹിതരെ, നാം നമ്മെയല്ലാതെ നോക്കുന്ന ഓരോ കാഴ്ചയും നമുക്ക് നഷ്ടമാണ്. നഷ്ടങ്ങള്‍ പരമാവധി ഒഴിവാക്കൂ. അവനവന്റെ നാറ്റത്തിലേക്ക് മാത്രം മൂക്കൊളിപ്പിച്ച് സുഖമായി ഉറങ്ങൂ. മരിക്കുന്നതുവരെ ശവമായി ജീവിക്കുന്നതാകുന്നു ജീവിതമെന്നും വിശ്വദാസ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുകയല്ല, മറിച്ച് രാഷ്ട്രീയ കൊലപാതകങ്ങളെ അരാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ സര്‍ഗാത്മകമായി ഇദ്ദേഹം പരിഹസിക്കുകയായിരുന്നുവെന്ന് ഈ പോസ്റ്റ് വായിക്കുമ്പോള്‍ വ്യക്തമാണ്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും അധ്യാപകനുമാണ് കെ.എം. വിശ്വദാസ്‌.

ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണമായും വായിക്കാം…

സ്നേഹിതരെ,

ഞാനെന്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണ്.
ഈ കെട്ട കാലത്ത് കണ്ടവന്റെ
വാൾതലപ്പിൽ ഒടുങ്ങാൻ വയ്യ.
ഞാൻ മരിച്ചാൽ പാവം എന്റെ അമ്മ
അച്ഛൻ ,ഏട്ടൻ , ഭാര്യ അവർക്ക്
മാത്രമായിരിക്കും നഷ്ടം.

മറ്റെല്ലാരും വന്നു നോക്കി തിരിച്ചു പോകും.
നേതാക്കൻമാർ എന്നു പറയുന്നവർ
നമ്മളേക്കാൾ സേഫ് ആണ്…
അവരെ ആരും ഒന്നും ചെയ്യില്ല..
അതു കൊണ്ട് ഇനി എന്റെ
കാര്യം മാത്രം നോക്കി മുന്നോട്ട്.

പ്രിയപെട്ട മത വിശ്വാസികളെ…
നിങ്ങളിനി മത പ്രവർത്തനളിൽ
ഏർപ്പെടരുത്.. എത്ര പേരാണ്
മതത്തിന്റെ പേരിൽ കൊലചെയ്യപെടുന്നത്.
സ്വാമിയും ബിഷപ്പും ഒക്കെ സേഫാണ്.
പാവപെട്ട വിശ്വാസികളാണ് ഇരകൾ.
നിങ്ങളുടെ ഉമ്മ, അമ്മ.. അവർക്ക്
നിങ്ങളല്ലാതെ മറ്റാരുണ്ട്.

നിങ്ങൾ ചത്താൽ മത നേതാക്കൾ
ഒക്കെ വന്നു നോക്കി പോവുമായിരിക്കും.
പക്ഷെ നഷ്ടം നിങ്ങളുടെ
ഉമ്മമാർക്കും അമ്മമാർക്കും
മാത്രമായിരിക്കും….

സ്നേഹം നിറഞ്ഞ ദൈവവിശ്വാസികളെ..
നിങ്ങളിനി തീർത്ഥാടനങ്ങൾക്കൊന്നും
പോകാൻ നിക്കരുതേ….
പേടിയാണ് ഓരോന്ന് കേൾക്കുമ്പോൾ.
എത്ര പേരാണ് ഓരോ വർഷവും
ശബരിമലയ്ക്കു പോണ വഴിയിലും
ഹജ്ജിനിടയിലും അപകടത്തിൽ പെടന്നത്.
തന്ത്രിയും ഇമാമും ഒന്നാം സാധാരണ
അപകടത്തിൽ പെടാറില്ല.

നമ്മുടെ വിശ്വാസം മനസിലൊതുക്കി
നമുക്ക് വീടുകളിൽ ഇരിയ്ക്കാം..
നമ്മുടെ കുഞ്ഞുങ്ങൾക്ക്
നമ്മളല്ലാതെ മറ്റാരുണ്ട്.

ഭഗത് സിംഗ്….
നീ എന്തൊരു വിഡ്ഢിയായിരുന്നു.
ഇപ്പോൾ എനിക്കെല്ലാം മനസിലാവുന്നുണ്ട്.
കേവലം ഇരുപത്തി നാലാം വയസിൽ
നീ തന്നെ പറഞ്ഞതു പോലെ
ജീവിതത്തെ കുറിച്ച് നിറമുള്ള
കിനാവുകൾ ഉണ്ടായിരുന്നപ്പോഴും
ജീവിതമെറിഞ്ഞ് ഉടച്ചു
കളഞ്ഞില്ലെ നീ മഠയാ …
നിനക്ക് നിന്റെ അമ്മയെ കുറിച്ച്
ഒന്നാലോചിക്കാമായിരുന്നില്ലെ…?

അവരുടെ തോരാത്ത
കണ്ണുനീരിനെ കുറിച്ച്….
എവിടെയോ നിനക്കായി
കാത്തിരിന്നേക്കാവുമായിരുന്ന
ആ പെൺകുട്ടിയെ കുറിച്ച്.

ഗാന്ധി ബ്രൊ…
ങ്ങളെന്ത് മണ്ടത്തരമാണ് ഭായ് കാണിച്ചത്.
സ്വാതന്ത്ര്യം കിട്ടിയപ്പോഴെങ്കിലും
മതേതരത്വം എന്നൊക്കെ പറഞ്ഞ്
ഇന്ത്യ മുഴുവൻ തെണ്ടാതെ
വല്ല പയറും പുഴുങ്ങി തിന്ന്
വീട്ടിലിരിക്കാമായിരുന്നില്ലെ.
എന്നാൽ മനുവിനും ആഭയ്ക്കെങ്കിലും
പിതൃ തുല്യനായ അങ്ങയെ
നഷ്ടപെടില്ലായിരുന്നു.
ദയവു ചെയ്ത് ഞങ്ങളുടെ
വരും തലമുറയെ കൂടി കേടാക്കാതെ
സിലബസിൽ നിന്ന് കൂടി
ഇറങ്ങി പോവുക.

സ്നേഹിതരെ, സുഹൃത്തുക്കളെ..
നാം നമ്മെയല്ലാതെ നോക്കുന്ന
ഓരോ കാഴ്ചയും നമുക്ക് നഷ്ടമാണ്.
നഷ്ടങ്ങൾ പരമാവധി ഒഴിവാക്കൂ..
അവനവന്റെ നാറ്റത്തിലേക്ക് മാത്രം
മൂക്കൊളിപ്പിച്ച് സുഖമായി ഉറങ്ങൂ..
മരിക്കുന്നതുവരെ ശവമായി
ജീവിക്കുന്നതാകുന്നു ജീവിതം.

About Intensive Promo

Leave a Reply

Your email address will not be published.