ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ‘സ്വദേശി യുവതി’യുമായി മസാജ് ഡേറ്റിന് ദുബായിലെത്തിയ ആളെ ഹോട്ടല്‍ മുറിയില്‍ വെച്ച് ആറ് നൈജീരിയക്കാര്‍ ചേര്‍ന്ന് കൊള്ളയടിച്ചു. ബ്ലാക് മെയില്‍ ചെയ്യാനായി ഇയാളുടെ നഗ്ന ചിത്രമെടുത്തുവെന്നും പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട ആറ് പ്രതികളെയും വ്യാഴാഴ്ച ദുബായ് ഫസ്റ്റ് ഇന്സ്റ്റ്സ് കോടതിയില്‍ ഹാജരാക്കിയിതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2017 സെപ്തംബര്‍ 12നാണ് അല്‍ ബര്‍ഷ പൊലീസ് സംഭവത്തിന് ആസ്പദമായ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വദേശിയെന്ന് ഓണ്‍ലൈനിലൂടെ പരിചയപ്പെടുത്തിയ യുവതിയുമായി പരാതിക്കാരന് അടുപ്പത്തിലായി. പിന്നീട് ഒരു മസാജ് ചാറ്റിനായി പരസ്പരം കണ്ടുമുട്ടാന്‍ ഇരുവരും ധാരണയുണ്ടാക്കി. ഇതനുസരിച്ച് ഹോട്ടലില്‍ മുറിയെടുത്ത് കാത്തിരുന്നെങ്കിലും ഒരു നൈജീരിയക്കാരിയും അവരുടെ അഞ്ച് സുഹൃത്തുക്കളുമാണ് മുറിയിലെത്തിയത്.
ഇവര്‍ പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന 2900 ഡോളറും 1000 ദിര്‍ഹവും 7000 ഡോളര്‍ വില വരുന്ന വാച്ചും കൈക്കലാക്കി. ഇതിന് പുറമെ തന്നെ നിര്‍ബന്ധിച്ച് വസ്ത്രങ്ങള്‍ അഴിപ്പിച്ച ശേഷം നഗ്ന ചിത്രങ്ങള്‍ എടുത്തുവെന്നും പരാതിയില്‍ പറയുന്നു. ഹോട്ടല്‍ മുറിയുടെ താക്കോലും മുറിക്കുള്ളിലെ ലോക്കറിന്റെ പാസ്വേഡും ചോദിച്ചു. പാസ്വേഡ് തെറ്റാണെങ്കില്‍ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അന്യായമായി തടങ്കലില്‍ വെയ്ക്കുക, ലൈംഗിക ചൂഷണം, ബ്ലാക്മെയില്‍, മറ്റൊരാളുടെ സ്വകാര്യത ഹനിക്കല്‍, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരനെ കൊള്ളയടിച്ച അതേ ഹോട്ടലില്‍ നിന്ന് തന്നെയാണ് ഇവരെ പൊലീസ് പിടികൂടിയത്.
നേരത്തെയും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു. അറസ്റ്റിലായവരില്‍ മൂന്ന് പേരെ പരാതിക്കാരന് പൊലീസ് സ്റ്റേഷനില്‍ വെച്ച് തിരിച്ചറിയുകയും ചെയ്തു.