ആറ് വർഷങ്ങൾക്ക് മുമ്പായിരുന്നു ജീതുവും ബിരാജും വിവാഹിതരായത്. ഗൾഫിലായിരുന്ന ബീരാജു വിവാഹത്തിനു ശേഷവും ഗൾഫിലേക്ക് പോയി. ഇടയ്ക്ക് ലീവിൽ വരും. ജീതുവിന്റെയും ബിരാജുവിന്റെയും ജീവിതം വളരെ സന്തോഷത്തോടെയായിരുന്നു മുന്നോട്ടു പോയത്. അസ്വാരസ്യങ്ങൾ ഒന്നുപോലും ജീവിതത്തിൽ ഉണ്ടായിരുന്നില്ല. കുട്ടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് രണ്ട് വർഷം മുമ്പ് ബിരാജു നാട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചത്.
നാട്ടിൽ സ്റ്റീൽ ഫാബ്രിക്കേഷൻ ജോലിയായിരുന്നു. ആറു മാസം മുമ്പാണ് ബിരാജു സ്വന്തം വീട്ടിൽ നിന്നും മാറി വാടകയ്ക്ക് താമസമാക്കിയത്. ഈ കാലയളവിലാണ് സംശയങ്ങൾ ഇവർക്കിടയിൽ തല ഉയർത്തിയത്. പിന്നെ കാണുന്നതും കേൾക്കുന്നതും എല്ലാം സംശയത്തിന്റെ വഴിയിലൂടെയായി.
ജീതുവിന് കോടാലിയിൽ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ബിരാജ് അറിഞ്ഞതോടെ ഉള്ളിൽ കുടികൊണ്ടത് കൊടും പക. ഇതിനിടെ ജീതുവിന് തൈറോയ്ഡ് തകരാറുണ്ടെന്നും ഇതിന് മരുന്ന് കഴിക്കുന്നുണ്ടെന്നും ബിരാജു കണ്ടെത്തി. കുട്ടികൾ ഉണ്ടാകാത്തത് ബിരാജുവിന് കൗണ്ട് കുറവുള്ളതിനാലാണെന്ന് ജീതു ബന്ധുക്കളോട് കള്ളം പറഞ്ഞതായും ബിരാജ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
ജീതു ശമ്പളത്തെ കുറിച്ചൊന്നും ബിരാജുവുമായി സംസാരിക്കാറില്ലെന്നും ബിരാജ് പറയുന്നു. മനസിലെ സംശയങ്ങളും വിദ്വേഷങ്ങളും ഉള്ളിലൊതുക്കി ആർക്കും സംശയം ഇല്ലാത്ത വിധം ഇരുവരും ജീവിച്ചു. സുഹൃത്തുക്കളൊന്നിച്ച് കമ്പനി കൂടൽ ബിരാജുവിൽ വർദ്ധിച്ചു. കഴിഞ്ഞ മാർച്ച് 25ന് വീടിനടുത്ത ചെങ്ങാലൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി അൽപ്പ സമയത്തിനകം തിരിച്ചെത്തി ഭാര്യയുടെ ഫോൺ പരിശോധിച്ചു. കോടാലിയിലെ സുഹൃത്തിന് മോബൈലിൽ നിന്നും സന്ദേശം അയച്ചതായി മനസിലാക്കിയ ബിരാജിന്റെ സമതല തെറ്റി ക്രൂരനായി.
പിന്നീട് ഭാര്യയുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി യുവാവിനെ രാത്രി തന്നെ വിളിച്ചു വരുത്തി. മുറിക്കകത്ത് ഭാര്യയോടൊപ്പം പൂട്ടിയിട്ട് സുഹൃത്തുക്കളെ വിളിച്ചു വരുത്തി. താനില്ലാത്ത സമയം ഭാര്യ മറ്റൊരാളെ വിളിച്ചു വരുത്തിയതാണെന്ന് പ്രചരിപ്പിച്ചു. യുവാവിനെ മർദ്ദിച്ചവശനാക്കി.
ഫോട്ടോകളും വീഡിയോയും ചിത്രീകരിച്ചു. ഉത്സവപ്പറമ്പിൽ നിന്നും പൊലീസിനെ വിളിച്ചു വരുത്തി. യുവാവിനെ പൊലീസിൽ എൽപ്പിച്ചു. ജീതുവിന്റെയും യുവാവിന്റെയും രക്ഷിതാക്കളെ പൊലീസ് വിളിച്ചു വരുത്തി. സംഭവത്തിന്റെ യഥാർത്ഥ വസ്തുത പൊലീസ് മുഖവിലയ്ക്കെടുത്തില്ല.
സ്റ്റേഷനിൽ വെച്ചാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. ഇതിനായി കുടുംബക്കോടതിയിൽ സംയുക്ത ഹർജി നൽകി. ഞാൻ ജീവിച്ച് കാട്ടിക്കൊടുക്കാം എന്ന് ബിരാജുവിനോട് ജീതു പറഞ്ഞുവത്രെ. ഒരു മാസത്തിനകം താൻ ഗൾഫിൽ പോകുമെന്നും അതുവരെയെങ്കിലും ജീതുവിനോട് സുഹൃത്തായ യുവാവുമായി ബന്ധം പാടില്ലെന്നും ബിരാജു അപേക്ഷിച്ചുവെന്നും പറയുന്നു. പക്ഷേ ജീതു യുവാവിനൊടൊപ്പം ബൈക്കിൽ പോകുന്നത് ബിരാജു കണ്ടതോടെ പകയായി. ഇതോടെ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം ആത്മഹത്യ ചെയ്യണമെന്ന് കരുതിയെങ്കിലും പിന്നീട് വേണ്ടെന്ന് വച്ച് നാടുവിട്ടത്.