ഭർത്താവിന്റേയോ ഭാര്യയുടേയോ മരണ ശേഷം ജീവിതം മുഴുവൻ സ്വന്തം മക്കൾക്കായി ഉഴിഞ്ഞുവയ്ക്കുന്ന മാതാപിതാക്കളെ നിങ്ങള്‍ക്ക് പരിചയമുണ്ടോ..? എന്നാൽ ഇൗ കഥ വായിക്കാതെ പോകരുത്. ഷബീർ കളിയാട്ടമുക്ക് ഫെയ്സ്ബുക്കിൽ കുറിച്ച അനുഭവകഥ സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.
തന്നെ പോറ്റി വളർത്തിയ ഉമ്മയെ മറ്റൊരു വിവാഹം കഴിപ്പിക്കാതെ സ്വന്തമായൊരു ജീവിതം വേണ്ടെന്നു വച്ച സുഹൃത്തിന്‍റെ കഥ പറയുകയാണ് ഷബീർ കളിയാട്ടമുക്ക്.
ഹൃദയം തൊടുന്ന ആ കുറിപ്പ് വായിക്കാം.
എന്റെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ഒരു ബെറ്റര്‍ ലൈഫ് സ്വപ്നം കണ്ടാണ് സൗദിയിലേക്ക് പറക്കുന്നത്. ആടിനെ മേയ്ക്കുന്ന വിസയായിരുന്നെങ്കിലും വലിയ അലച്ചിലില്ലാതെ മെക്കയിലെ ഒരു പോളിക്ലിനിക്കില്‍ ഇന്‍ഷൂറന്‍സ് സെക്ഷനില്‍ ജോലി കിട്ടി.
ക്ലിനിക്കിന്റെ വിസയല്ലാത്തതു കാരണം പോലീസ് ചെക്കിംങ്ങിന്റെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ക്ലിനിക്കിന്റെ തൊട്ടടുത്ത് തന്നെയുള്ള റൂമിലാണ് താമസം ഒരുക്കിയിരുന്നത്. രാത്രിയിലും മറ്റും അത്യാവശ്യത്തിന് ഉപയോഗിക്കുന്ന സ്റ്റാഫാണ് അവിടെ സഹമുറിയന്മാരായി ഉണ്ടായിരുന്നത്.
കൊണ്ടോട്ടിക്കാരന്‍ റസാഖ് ഭായ്,മഞ്ചേരിയുള്ള ഷൗക്കു,വളാഞ്ചേരിക്കാരന്‍ ശിഹാബ് ഭായ്…പിന്നെ അവനും. ഞാന്‍ ആ റൂമിലേക്ക് കയറിച്ചെല്ലുമ്പോള്‍ ശരിക്കും അധികപ്പറ്റായിരുന്നു. കിടക്കാന്‍ ഒരൊറ്റ കട്ടിലും ഒഴിവുണ്ടായിരുന്നില്ല. ഇക്കാര്യം മാനേജര്‍ എന്നോട് സൂചിപ്പിച്ചിരുന്നു..
“അതൊന്നും പ്രശ്നമില്ല,തറയില്‍ കിടന്നോളാമെന്ന് “ഞാന്‍. ഒന്നാമത്തെ ദിവസം തന്നെ അവന്‍ കട്ടിലില്‍ നിന്നിറങ്ങി തറയില്‍ ബെഡ് നിവര്‍ത്തി,അവന്റെ കട്ടില്‍ എനിക്കായ് ഒഴിഞ്ഞു തന്നു. അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു.. പുറംവാസം ജീവിതത്തിന്റെ വസന്തകാലമായ നാളുകള്‍..
രാവേറെ ചെന്നും ഞങ്ങള്‍ സംസാരിച്ചിരുന്നു.. സ്വപ്നങ്ങളെക്കുറിച്ച്, സംഗീതത്തെക്കുറിച്ച്, കുടുംബത്തെക്കുറിച്ച്.. എന്നെക്കാള്‍ രണ്ട് വയസ്സ് കൂടുതലുണ്ടായിരുന്നെങ്കിലും അവന്റെ വിവാഹം കഴിഞ്ഞിരുന്നില്ല. ഉമ്മയും,അനിയത്തിയും ചേര്‍ന്നതാണ് അവന്റെ കുടുംബം. അനിയത്തിയുടെ വിവാഹം കഴിഞ്ഞു.