Breaking News
Home / Lifestyle / പ്രവാസിയുടെ ഭാര്യയുടെ കുറിപ്പ് വൈറലാകുന്നു.. എല്ലാ പ്രവാസികളും ഇത് വായിക്കണം…

പ്രവാസിയുടെ ഭാര്യയുടെ കുറിപ്പ് വൈറലാകുന്നു.. എല്ലാ പ്രവാസികളും ഇത് വായിക്കണം…

വ ര്‍ഷങ്ങളുടെ ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടെങ്കിലും സംതൃപ്തമായൊരു ജീവിതം നയിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞോയെന്നതില്‍ എനിക്കിന്നും സംശയമാണ്.വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്നല്ലാതേ ഒരുമിച്ചോരു ജീവിതം വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒന്നോ രണ്ടോ മാസം മാത്രമായിരുന്നു. അത് എന്‍റെ പരിഭവങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും മൂര്‍ച്ച കൂട്ടിയെന്നല്ലാതെ സ്നേഹിക്കാന്‍ ഞങ്ങള്‍ അപ്പോഴും മറന്നു…..

മണിയറയുടെ മണം മാറും മുമ്പേയായിരുന്നു ആദ്യയാത്ര. അന്ന് മധുരപ്പതിനേഴിന്‍റെ മലര്‍വാടിയില്‍ ഞാനും എന്റെ സ്വപ്നങ്ങളും തനിച്ചായിപ്പോയിയെന്നായിരുന്നു എന്‍റെ പരിഭവം. അന്നോക്കെ രാത്രികളെ ഞാനൊരുപാടു വെറുത്തു.എന്‍റെ ഒറ്റപ്പെടലിന്‍റെ പ്രതീകമായിരുന്നു രാത്രികള്‍. രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അദ്ദേഹം വന്നെങ്കിലും മനസ്സിനുള്ളിലെ ആഗ്രഹങ്ങള്‍പങ്കുവെച്ചു തീരും മുമ്പേ എന്‍റെ ഉദരത്തിന് ഒരു സമ്മാനവും നല്‍കി വീണ്ടും യാത്രയായി.

വീര്‍ത്തു വരുന്ന എന്‍റെ ഉദരത്തില്‍ ഒരു ചുംബനം നല്‍കാന്‍. ശരീരത്തിന്റെ അവശതയില്‍ ഒരു കരസ്പര്‍ശമേകാന്‍ അദ്ദേഹം വന്നില്ലല്ലോയെന്നായിരുന്നു അന്നൊക്കെ എന്‍റെ പരാതി.മറ്റുള്ളവരുടെ സ്വാര്‍ത്ഥതക്കിടയില്‍ എന്‍റെ പകലുകള്‍ കടന്നുപോയിക്കൊണ്ടിരുന്നു.

പക്ഷേ രാത്രി എനിക്ക് ഏകാന്തത മാത്രമേ സമ്മാനിച്ചുള്ളു.ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന നിലാവുള്ള രാത്രി പോലും എനിക്കസഹ്യമായി.വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അദ്ദേഹം വന്നപ്പോള്‍ ഞങ്ങളുടെ കുഞ്ഞിന്‍റെ നിഷ്കളങ്കമായ ചിരിയിലും കളിയിലും തിരിച്ചു പോകാന്‍ ഒന്നുശങ്കിച്ചെങ്കിലും വീടെന്ന സ്വപ്നം വീണ്ടും അദേഹത്തേ ഗള്‍ഫിലേക്ക് തിരിച്ചയച്ചു.വര്‍ഷങ്ങള്‍ ആര്‍ക്കും പിടികൊടുക്കാതേ ഓടിക്കൊണ്ടിരുന്നു.

അതിനിടയില്‍ നിരവധി തവണ അദ്ദേഹം നാട്ടില്‍ വന്നു.ഓരോ തവണയും നാട്ടില്‍നില്‍ക്കാന്‍ അദ്ദേഹവും ഞാനും ഒരുപാടാശിച്ചു…
പക്ഷേ കുട്ടികളുടെ പഠിപ്പ് ഭക്ഷണം… വസ്ത്രം… ചിലവുകള്‍ കൂടിക്കൊണ്ടിരുന്നു.

കരയോടടുക്കും തോറും ആഴങ്ങളിലേക്കു തന്നെ പോകുന്ന തിരമാല പോലെയായി ഞങ്ങളുടെ ജീവിതം. പണം ആവശ്യം എന്നതിലുപരി അത്യാവശ്യമായിക്കൊണ്ടിരുന്നു.പക്ഷേ..എന്‍റെ ജീവിതം പ്രവാസിയുടെ ഭാര്യയാരെന്ന് എനിക്ക് കാട്ടിതന്നു.ഞാനോരു പ്രവാസിഭാര്യയായി.

മക്കള്‍ക്കുവേണ്ടി….മറ്റാര്‍ക്കൊക്കെയോ വേണ്ടി സ്വന്തം സുഖങ്ങളെ വേണ്ടന്നു വെച്ച പ്രവാസിക്കൊപ്പം ഞാനും കൂടി.ഇന്നു ഞാന്‍ ഇരുട്ടിനെ സ്നേഹിച്ചു തുടങ്ങി….അരണ്ട നിലാവിനെ സ്നേഹിച്ചു തുടങ്ങി…ഒരു പക്ഷേ എന്‍റെ പ്രിയപ്പെട്ടവനും ഇപ്പോള്‍ രാത്രിയെ….ഇരുട്ടിനെ സ്നേഹിച്ചു തുടങ്ങിയിട്ടുണ്ടാകും.നാളെയും ഞങ്ങള്‍ക്ക് ഇരുട്ടു തന്നയാണല്ലോ കൂട്ട്…

About Intensive Promo

Leave a Reply

Your email address will not be published.