Breaking News
Home / Lifestyle / ശീലാവതിമാരുടെ കാലം കഴിഞ്ഞു. ഭര്‍ത്താവിന്റെ അടിമയല്ലെന്ന ബോധം ഇന്ന് നല്ലൊരുശതമാനം സ്ത്രീകള്‍ക്കുമുണ്ട്.

ശീലാവതിമാരുടെ കാലം കഴിഞ്ഞു. ഭര്‍ത്താവിന്റെ അടിമയല്ലെന്ന ബോധം ഇന്ന് നല്ലൊരുശതമാനം സ്ത്രീകള്‍ക്കുമുണ്ട്.

ഭര്‍ത്താവ് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നു; തന്റെ ഭാര്യയുമായി ഒളിച്ചോടിയ സുഹൃത്തിനെ ഭര്‍ത്താവ് മര്‍ദിച്ച് കൊന്നു; ഭാര്യ ഭര്‍ത്താവിനെ ആസിഡൊഴിച്ച് കൊന്നു; ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീ മക്കളെയും മാതാപിതാക്കളെയും എലിവിഷം കൊടുത്തു കൊന്നു… കഴിഞ്ഞ ഒരാഴ്ചത്തെ പ്രധാനവാര്‍ത്തകളില്‍ ചിലതാണിത്…ഓരോ സംഭവവും പരിശോധിക്കുമ്പോള്‍ വിവാഹേതരബന്ധങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് കൊലപാതകങ്ങളുടെ അടിസ്ഥാനകാരണമെന്ന് വ്യക്തമാകും.

മുമ്പെങ്ങുമില്ലാത്തവിധം വിവാഹേതരബന്ധങ്ങളും അതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളും സമൂഹത്തില്‍ പെരുകിവരുന്നു എന്നത് സത്യമാണ്. അന്യസ്ത്രീയെ തേടുന്ന പുരുഷന്മാരും അന്യപുരുഷന്മാര്‍ക്ക് കിടക്കവിരിക്കുന്ന സ്ത്രീകളുമൊക്കെ പണ്ടേയുള്ളതാണ്. വേലിചാട്ടത്തിനുള്ള ത്വര എല്ലാമനുഷ്യരിലും അന്തര്‍ലീനമാണെന്ന് മനശ്ശാസ്ത്രജ്ഞര്‍ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്.

എന്നാല്‍ സമൂഹത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുംവിധം വിവാഹേതര ബന്ധങ്ങളുടെ പൂക്കാലമാണെങ്ങും. ഇതില്‍ 50 ശതമാനവും ആരുമറിയാതെ സമര്‍ത്ഥമായി കൊണ്ടുപോകുന്നവരാണ്. ബാക്കിയില്‍ 25 ശതമാനം വിവാഹമോചനക്കേസുകളിലേക്ക് എത്തുന്നു. ശേഷിക്കുന്നവരില്‍ ഭൂരിഭാഗവും സഹിച്ചും കലഹിച്ചും പരസ്പരം വഞ്ചിച്ചുമൊക്കെ അങ്ങുപോകുന്നു.

മുമ്പൊരിക്കല്‍ വിവാഹേതരബന്ധങ്ങളില്‍ പോയി കുരുങ്ങുന്ന സ്ത്രീകളെക്കുറിച്ചെഴുതിയപ്പോള്‍ ഒരുസ്ത്രീ അയച്ച ഇമെയില്‍ ഇപ്രകാരമായിരുന്നു.”ഭര്‍ത്താവ് ഓഫീസിലെ സഹപ്രവര്‍ത്തകയുമായി കിടപ്പറ പങ്കിടുമ്പോള്‍ ഞാനെന്തിന് മടിക്കണം? കുറേനാള്‍ സഹിച്ചു; ഇപ്പോള്‍ ഞാന്‍ എന്റെ ഒരകന്ന ബന്ധുവിനൊപ്പം കിടക്കപങ്കിടുന്നു.അങ്ങേര്‍റിയാമെങ്കിലും മിണ്ടില്ല.

ശീലാവതിമാരുടെ കാലം കഴിഞ്ഞു. ഭര്‍ത്താവിന്റെ അടിമയല്ലെന്ന ബോധം ഇന്ന് നല്ലൊരുശതമാനം സ്ത്രീകള്‍ക്കുമുണ്ട്. ജോലിയും ശമ്പളവുമുള്ളവര്‍ എന്തിന് സഹിക്കണമെന്ന ചോദ്യം പ്രസക്തം. പണ്ട് മക്കളേയോര്‍ത്ത് ഒതുങ്ങിക്കഴിഞ്ഞ സ്ത്രീകളുണ്ടായിരുന്നു. ഇപ്പോള്‍ പല വിവാഹമോചനക്കേസുകളിലും മക്കളെ വേണ്ട എന്നാണ് സ്ത്രീകള്‍ പറയുന്നത്. പുനര്‍വിവാഹത്തിന് മക്കള്‍ ഒരു തടസ്സമാകുമെന്ന ഭയമാണ് ചിലര്‍ക്കെങ്കിലും.

സാമൂഹികസാഹചര്യങ്ങളില്‍ വന്ന മാറ്റത്തേക്കാളുപരി സമൂഹമാധ്യമങ്ങളുടെ കുത്തൊഴുക്കാണ് കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നതില്‍ പ്രധാനം. ബ്രിട്ടനില്‍പോലും നാല്‍പ്പതുശതമാനം വിവാഹമോചനത്തിനും കാരണം സോഷ്യല്‍ മീഡിയ ആണെന്ന് അടുത്തയിടെ കണ്ടെത്തിയിരുന്നു. ഇവിടെയും വിവാഹേതരബന്ധങ്ങള്‍ വിവാഹമോചനത്തിനുള്ള മുഖ്യ കാരണമായി മാറിയിട്ടുണ്ട്.

മൊബൈല്‍ ഫോണും ഫെയ്‌സ് ബുക്കും വാട്‌സ് ആപ്പും തുറന്നിടുന്ന സാതന്ത്ര്യത്തിന്റെ ലോകം അനാശാസ്യബന്ധങ്ങള്‍ക്ക് വളക്കൂറുള്ള ഇടമാണ്. രഹസ്യമായി ഇടപഴകാനുള്ള സാഹചര്യങ്ങള്‍ പെരുകി. മിസ്ഡ് കോളിലും ‘ഹായ്…, പൂയ്…’ സൗഹൃദത്തിലും ഗുഡ്‌മോണിങ് മെസേജുകളിലും തുടങ്ങുന്ന സൗഹൃദങ്ങള്‍ പിന്നീട് അതിരുവിടുകയാണ് പതിവ്.

ടെലഫോണ്‍ സെക്‌സ് മുമ്പെങ്ങുമില്ലാത്തവിധം വര്‍ദ്ധിച്ചതായി പഠനങ്ങള്‍ പറയുന്നു. ഉന്നതപദവികള്‍ അലങ്കരിക്കുന്ന വയോധികര്‍പോലും ടെലഫോണ്‍ കെണിയില്‍ വീണത് കേരളം കൗതുകത്തോടെ കണ്ടതാണല്ലോ. ഫോണിലൂടെ നഗ്‌നത പങ്കുവെച്ച് കുരുക്കില്‍പ്പെട്ടവരില്‍ സ്ത്രീകളും പുരുഷന്‍മാരുമുണ്ട്.

ഇത്തരം ബന്ധങ്ങളിലേക്ക് പോകുന്നവര്‍ക്കെല്ലാം ഓരോ ന്യായങ്ങളുണ്ടാകും. പങ്കാളിയുടെ അവഗണന, വൈകാരികപിന്തുണ ലഭിക്കാത്തത്, തന്നെ മനസ്സിലാക്കാത്തത്.ചിലര്‍ പ്രണയത്തിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞാകും ഇത്തരം വേലിചാട്ടങ്ങളെ ന്യായീകരിക്കുക, മറ്റുചിലര്‍ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയുമൊക്കെ മറപിടിച്ചാകും ഇടപാടുകള്‍ നടത്തുക.

സത്യത്തില്‍ ബഹുഭൂരിപക്ഷവും കാമത്തിന്റെ പൂത്തിരികത്തിക്കല്‍ തന്നെയാണ്. തങ്ങളുടെ പകുതിപോലും പ്രായമില്ലാത്തവരുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാരും സ്ത്രീകളുമൊക്കെ ധാരാളമുണ്ട്. വാട്‌സ് ആപ്പിലും യൂ ട്യൂബിലുമൊക്കെ പ്രചരിക്കുന്ന വേലിചാട്ടത്തിന്റെ ക്ലിപ്പിങ്ങുകള്‍ ഇതിന് സാക്ഷ്യം പറയുന്നു.

എല്ലാം ശമിക്കുമ്പോഴാകും പലരും അത് തിരിച്ചറിയുക. അപ്പോഴേക്കും കുടുംബവും ബന്ധങ്ങളുമൊക്കെ കൈമോശം വന്നിരിക്കും ചിലര്‍ കുറ്റബോധത്തിന് അടിമകളാകും. പലരും ആത്മഹത്യയിലാണ് അവസാനിക്കുന്നത്. ഫോണില്‍മാത്രം പരിചയമുള്ള യുവാക്കളെ തേടി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് തീവണ്ടിസ്റ്റേഷനുകളിലെത്തുന്ന സ്ത്രീകളെക്കുറിച്ച് എത്രവാര്‍ത്തകള്‍ വന്നാലും കെണിയില്‍പെടാന്‍ പിന്നെയും ജന്മങ്ങള്‍ ബാക്കിയുണ്ട്.

തൊഴിലിടങ്ങളില്‍ വളരുന്ന സൗഹൃദം പലപ്പോഴും കിടപ്പറയിലേക്ക് നീളുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. പങ്കാളിയേക്കാള്‍ കൂടുതല്‍ സമയം തൊഴിലിടത്തെ ചങ്ങാതിമാര്‍ക്കൊപ്പമാണ് പലരും കഴിയുന്നത്. ജോലിയുടെ അമിതസമ്മര്‍ദം അതിജീവിക്കുവാന്‍ നേരമ്പോക്കിന് തുടങ്ങുന്ന ബന്ധങ്ങള്‍ പിന്നീട് പിടിച്ചാല്‍ കിട്ടാത്ത തലങ്ങളിലേക്ക് പോകും.

അടുത്തിടെ ഒരു സ്ത്രീ തന്റെ വിവാഹമോചനത്തിന്റെ കഥപറഞ്ഞു. സ്‌നേഹനിധിയായ ഭര്‍ത്താവും മകളുമായി സുഖമായി കഴിഞ്ഞതാണ്. അഞ്ചുവര്‍ഷംമുമ്പ് ഭര്‍ത്താവ് പഠിച്ച കോളേജില്‍ ബാച്ച്‌മേറ്റ് സംഗമം നടന്നു. ഡിഗ്രിക്കാലത്ത് ഭര്‍ത്താവിന് ഇഷ്ടമുണ്ടായിരുന്ന പെണ്‍കുട്ടിയെ അവിടെ വീണ്ടും കണ്ടു. ഗള്‍ഫിലായിരുന്ന അവര്‍ ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയാണ്.

വൈകാതെ തന്റെ ഭര്‍ത്താവ് പഴയ കൂട്ടുകാരിയുടെ ഫ്‌ളാറ്റില്‍ നിരന്തരം പോകുന്നത് അവള്‍ മനസ്സിലാക്കി.വഴക്കും ബഹളവുമായി, ഒടുക്കം വിവാഹമോചനവും പെരുകുന്ന വിവാഹേതര ബന്ധങ്ങള്‍ക്കിരകളാകുന്നത് പലപ്പോഴും കുട്ടികളാണ്. അടുത്തയിടെ തൃശ്ശൂരിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞ കഥ കേള്‍ക്കുക. ബാങ്ക് ജോലിക്കാരിയായ ഭാര്യക്ക് ഇടുക്കി ജില്ലയിലേക്ക് സ്ഥലംമാറ്റം കിട്ടി. പിന്നീടറിയുന്നത് അവിടുത്തെ ചെറുപ്പക്കാരുമായി ഭാര്യക്ക് വഴിവിട്ട ബന്ധമുണ്ടെന്നതാണ്.

ഒടുവില്‍ തെളിവുസഹിതം പിടിച്ചപ്പോള്‍ അവര്‍ പറഞ്ഞു, ‘എനിക്ക് നിങ്ങളെയും കുട്ടികളെയും വേണ്ട, എന്റെ ഇഷ്ടത്തിന് ജീവിക്കണം’ രണ്ടാണ്‍കുട്ടികളാണവര്‍ക്ക്. അവരുടെ ഭാവിയോര്‍ത്ത് ഭര്‍ത്താവ് ഭാര്യയുടെ കാലുപിടിച്ച് ബന്ധം വേര്‍പെടുത്തരുതെന്ന് പറയേണ്ട അവസ്ഥവന്നു. എന്റെ ജീവിതം ഇങ്ങനെയായി, അവള്‍ എങ്ങനെയും ജീവിക്കട്ടെ.എന്റെ മക്കള്‍ക്ക് അമ്മയില്ലാതാവരുത്.

ഇതാണ് അയാള്‍ പറയുന്നത്‌വിവാഹബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകേണ്ട കാലമാണിത് പുറംപകിട്ടിനപ്പുറം ആഴത്തില്‍ സ്‌നേഹിക്കാനും പങ്കാളിയെ കരുതാനും ഓരോരുത്തരും മനസ്സുവെക്കണം. സാമൂഹികവിനിമയങ്ങള്‍ കൂടിയപ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും കുടുംബാംഗങ്ങള്‍ തമ്മിലും വ്യക്തിപരമായ വിനിമയങ്ങള്‍ കുറഞ്ഞു. രണ്ടുപേരും ജോലിക്കാര്‍, പലപ്പോഴും രണ്ടു ഷിഫ്റ്റുകളില്‍.കണ്ടുമുട്ടുമ്പോള്‍ പോലും ഫോണിലാകും രണ്ടുപേരും.

മനുഷ്യനാണ്, മനസ്സാണ്… പെട്ടെന്ന് വീണുപോകാം, അതിന് സാഹചര്യവും അവസരവും നല്‍കാതിരിക്കുക. ഒരുവട്ടം വഴിതെറ്റിപ്പോയാല്‍ പിന്നെ രമ്യതയിലെത്തിയാലും ഹൃദയങ്ങള്‍ക്കിടയില്‍ ഒരുവിടവുണ്ടാകും. തെറ്റ് പൊറുക്കാനേ കഴിയൂ, മറക്കാന്‍ കഴിയില്ല.

പുകഞ്ഞുപുകഞ്ഞ് വീണ്ടും ആളിക്കത്തും. കാലം മോശമാണ്. പക്ഷികള്‍ തലയ്ക്കുമുകളില്‍ പറക്കരുതെന്ന് നമുക്ക് ശഠിക്കാനാവില്ല, പക്ഷേ, അവ തലയില്‍ കൂടുവെയ്ക്കുന്നത്. തടയാന്‍ കഴിയും.# ജിജോ സിറിയക്

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *