ജാര്‍ഖണ്ഡില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കു മുമ്പില്‍ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തി. നക്സല്‍ ബാധിത മേഖലയായ ഛത്ര ജില്ലയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി കൂട്ടമാനഭംഗത്തിനിരയാക്കിയ പതിനാലുകാരിയെ വെള്ളിയാഴ്ച ആരോപിതരായ യുവാക്കള്‍ ജീവനോടെ കത്തിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയം പെണ്‍കുട്ടിയെ നാലംഗ സംഘം വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. മദ്യലഹരിയിലായിരുന്ന സംഘം പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി പീഡിപ്പിച്ചു.
സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ഗ്രാമസഭയിലും പഞ്ചായത്ത് അംഗങ്ങളോടും പരാതിപ്പെട്ടു. ഇവര്‍ ആരോപിതരായ യുവാക്കള്‍ക്ക് 100 സിറ്റ്-അപ്പ് ശിക്ഷ വിധിച്ചു കാര്യമൊതുക്കി. 50,000 രൂപ യുവാക്കള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനു നല്‍കണമെന്നും വിധിച്ചു.
എന്നാല്‍ ശിക്ഷ വിധിച്ചതില്‍ പ്രകോപിതരായ യുവാക്കള്‍ വെള്ളിയാഴ്ച വീട്ടിലെത്തി മാതാപിതാക്കളെ മര്‍ദിക്കുകയും പെണ്‍കുട്ടിയെ ജീവനോടെ തീ കൊളുത്തുകയുമായിരുന്നു. ഇതിനുശേഷം യുവാക്കള്‍ ഒളിവില്‍പോയി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നു പോലീസ് അറിയിച്ചു.