Breaking News
Home / Lifestyle / “ഞാൻ തന്ന ടാബ്‌ലറ്റ് നീ കഴിച്ചില്ലേ മീനു….” “അത്!!! നമുക്കൊരു വാവയെ വേണം ന്ന് അമ്മ പറഞ്ഞപ്പോ”

“ഞാൻ തന്ന ടാബ്‌ലറ്റ് നീ കഴിച്ചില്ലേ മീനു….” “അത്!!! നമുക്കൊരു വാവയെ വേണം ന്ന് അമ്മ പറഞ്ഞപ്പോ”

“മീനു, മോളെ ഇന്ന് തന്നെ പോണോ?? ”

“പോണം അമ്മെ…. ഇതിപ്പോ രണ്ടാഴ്ച ഉണ്ടാവില്ലേ?? ഇന്നലെ അമ്മേടെ കാല് കണ്ടു പോവാൻ തോന്നിയില്ല.. അതോണ്ട് മാത്രാ…. പ്പോ അമ്മടെ കാലിലെ നീരും മുഴോൻ വാർന്നുണ്ണു… ഇനി നിക്കണില്ല അമ്മെ… എന്തുണ്ടെലും വിളിച്ചാ മതി… ഒട്ടു ദൂരണ്ടോ?? ഓടിയെത്തില്ലേ ഞാൻ??”

“പൊയ്ക്കോ മോളെ… അമ്മക്കറിയാം… ന്റെ കയ്യെത്തും ദൂരത്ത് ,അമ്മേടെ വിളിപ്പുറത്ത് ന്റെ കുട്ടി ണ്ടാവും ന്ന്….”

അമ്മയെ കെട്ടിപ്പിടിച്ചു തിരിഞ്ഞു നടക്കുമ്പോൾ ശ്രീയേട്ടൻ ഉമ്മറത്തിരിക്കുന്നുണ്ടായിരുന്നു… ഒന്നും മിണ്ടിയില്ല… അല്ലെങ്കിൽ തന്നെ മിണ്ടാൻ എന്താണുള്ളത് ? മിണ്ടാനും പറയാനുമൊക്കെയുള്ളത് എന്നേ തീർന്നിരിക്കുന്നു…

” കുറുപ്പ് മാമേ, അമ്മേടെ തൈലോം കൊഴമ്പും ഒക്കെ വാതിലിന്റെ ഉമ്മറപടീല് വെച്ചിട്ടുണ്ട്.. കഷായം വാങ്ങേണ്ടി വരും.. അതിന്റെ ശീട്ട് മേശപ്പുറത്തു വെച്ചിട്ടുണ്ട്..രാത്രി ഗോതമ്പു കഞ്ഞി കൊടുത്താ മതി..

തൊഴുത്തിലെ കാര്യം ജാനകിയേടത്തിയോട് ഞാൻ പറഞ്ഞിട്ടുണ്ട്… ന്നാലും മാമെടെ കണ്ണെത്തണം എല്ലാടത്തും….ഞാൻ ഇറങ്ങാട്ടോ അമ്മാമേ, എന്തുണ്ടെലും വിളിച്ചാ മതി”…

” കുറുപ്പ് മാമേ!! വണ്ടിടെ ചാവി എന്റെ പാന്റിലുണ്ട്… കൊണ്ട് പോയാക്കിക്കോളു” ശ്രീയേട്ടനാണത് പറഞ്ഞത്…

“മാമേ!! ശരി ന്നാ.. ദാസേട്ടന്റെ ഓട്ടോ പടിക്കല് നിക്കുന്നുണ്ട്…”…..

അതും പറഞ്ഞവൾ ബാഗുമെടുത്തു ഉണ്ണിമോളെയും തോളിലിട്ടു പുറത്തിറങ്ങി….

ഔദാര്യം!!…. മീനാക്ഷിക്ക് ആരുടെം ഔദാര്യം വേണ്ട.. ഒറ്റക്ക് ഇങ്ങോട്ടു വരാൻ അറിയാമെങ്കിൽ പോവാനും അറിയാം. അമ്മയെ ഓർത്തിട്ട് മാത്രാണ് ഇന്നലെ തന്നെ ഇവിടെ നിന്നത്…

അമ്മക്ക് തീരെ വയ്യ എന്നറിഞ്ഞത് കൊണ്ട് മാത്രം.. പണ്ടും മീനു ഒന്നും ആഗ്രഹിച്ചിട്ടില്ല… വീടും വണ്ടിം സ്വത്തും മുതലുമൊന്നും മീനുന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നില്ല… ഇത്തിരി സ്നേഹമല്ലാതെ… അതൊട്ട് കിട്ടിയതുമില്ല…

ഓരോന്നാലോചിച്ചു പടിക്കലെത്തിയത് അറിഞ്ഞില്ല… ദാസേട്ടൻ വണ്ടിയുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു…

“പോവല്ലേ മീനുട്ടി”??……”

“പോവാം ദാസേട്ട.. ഇതിപ്പോ ഇത്ര ദിവസത്തേക്കാ??…..”

പുഞ്ചിരിച്ചു കൊണ്ട് ഓട്ടോയിൽ ചാരിയിരുന്ന് താൻ വന്ന വഴികൾ പിന്നിടുമ്പോൾ അവളുടെ മനസും പുറകിലേക്ക് സഞ്ചരിക്കുകയായിരുന്നു.. അഞ്ചു വർഷം പുറകിലേക്ക്.. ആദ്യമായി ഈ വീട്ടിലേക്ക് വന്ന ദിവസം..

ശ്രീയേട്ടന്റെ താലിയും കഴുത്തിലണിഞ്ഞ് ശ്രീയേട്ടന്റെ പെണ്ണായി വലതുകാല് വെച്ച് കയറിയ ദിവസം… കല്യാണപെണ്ണിന്റെ എല്ലാ സ്വപ്നങ്ങളോടും കൂടി ആ വീട്ടിലേക്ക് പടി കയറിയ ദിവസം…

ശ്രീയേട്ടന്റെ അമ്മ എന്റെ അച്ഛന്റെ ശിഷ്യ ആയിരുന്നു.. ഒരു പാവം സ്കൂള് മാഷുടെ മോളായിരുന്നു എല്ലാരുടേം മീനുട്ടിയായ ഈ മീനാക്ഷി… പൊതുപ്രവർത്തനോം സാമൂഹ്യ സേവനോം തലക്ക് പിടിച് ഉള്ളതെല്ലാം വിറ്റു തുലച്ച ഒരു പാവം മനുഷ്യന്റെ മോള്..

സ്നേഹമുള്ള ഒരു മനസ്സല്ലാതെ ഒന്നും കൊടുക്കാൻ കെല്പില്ലാത്തൊണ്ട് വരുന്ന വിവാഹാലോചനകൾ എല്ലാം മുടങ്ങി കൊണ്ടേയിരുന്നു… പിന്നെ പിന്നെ താനും ഒന്നും ആഗ്രഹിക്കാതെയായി….

അങ്ങിനെയിരിക്കുമ്പോഴാണ് ശ്രീയേട്ടന്റെ അമ്മ അമ്പലത്തില് പോണ വഴീല് തല ചുറ്റി വീഴുന്നതും താൻ അത് കാണുന്നതും, അമ്മയെ വീട്ടിലേക്ക് കൊണ്ട് വരുന്നതും…

അവിടെ വെച്ച് അമ്മ അമ്മയുടെ പഴയ മാഷെ കാണുന്നതും, ഞങ്ങടെ അപ്പോഴത്തെ സ്ഥിതി ഒക്കെ കണ്ടിട്ടാണെന്നു തോന്നുന്നു അമ്മ എന്നെ ശ്രീയേട്ടന് വേണ്ടി ആലോചിച്ചു… അമ്മയുടെ ഒറ്റ മകൻ.. ബാങ്ക് ഉദ്യോഗസ്ഥൻ…പിന്നെ എല്ലാം പെട്ടെന്നായിരുന്നു…അച്ഛന്റെ പഴയ ശിഷ്യ ആയതു കൊണ്ട് അച്ഛനും എതിർപ്പില്ലായിരുന്നു…

പിന്നെ ഇത്രക്കും നല്ല ഒരു ബന്ധം, അതും ഒന്നും ആവശ്യപ്പെടാതെ.. സൗഭാഗ്യമാണ് എന്ന് തന്നെ കരുതി… വിവാഹത്തിന് മുൻപ് ഒരേയൊരു വട്ടമേ ശ്രീയേട്ടനെ കണ്ടുള്ളൂ..

അന്നും ശ്രീയേട്ടൻ കാര്യമായൊന്നും മിണ്ടിയില്ല.. കല്യാണം കഴിഞ്ഞു സന്തോഷത്തോട് കൂടിയുള്ള ജീവിതം തന്നെയായിരുന്നു.. അമ്മയും ഞാനും ശ്രീയേട്ടനും അടങ്ങുന്ന ഒരു കൊച്ചു സ്വർഗം… ശ്രീയേട്ടൻ ജോലിക്ക് പോയാൽ ഒരാഴ്ച കഴിഞ്ഞേ തിരിച്ചെത്തു…

അപ്പോഴൊക്കെ ഞാനും അമ്മയും തൊടിയിൽ വെണ്ട നട്ടും പൂവാലിയെ നോക്കിയും ജീവിതം ഇത്രയും മനോഹരമാണെന്നു ഞാൻ തിരിച്ചറിഞ്ഞ ദിവസങ്ങൾ…

ഒരാഴ്ച കഴിഞ്ഞു ശ്രീയേട്ടൻ എത്തുമ്പോൾ എനിക്ക് പറയാൻ ഒത്തിരി വിശേഷങ്ങളുണ്ടാവും.. എല്ലാ വിശേഷങ്ങളും ആ നെഞ്ചിൽ തല ചായ്ച്ചു വെച്ചു പറയുമ്പോൾ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണ് ഞാനാണെന്നോർത്തു അഹങ്കരിക്കുകയായിരുന്നു…

പൂവാലിക്ക് പുല്ലു കൊടുക്കന്നതിനിടയിൽ തല ചുറ്റി വീണപ്പോഴാണ് എന്റെ ഉള്ളിൽ ശ്രീയേട്ടന്റെ ജീവൻ തുടിക്കുന്നുണ്ടെന്ന സത്യം തിരിച്ചറിഞ്ഞത്…

അന്നുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു… അമ്മ ശ്രീയേട്ടനെ വിളിച്ചറിയിച്ചപ്പോൾ ഓടി വന്നെന്നെ കെട്ടിപിടിക്കും എന്നാണ് കരുതിയത്…പക്ഷെ, അന്നാണ് എനിക്ക് തെറ്റ് പറ്റിയതായി ഞാൻ അറിയുന്നത്…

ശ്രീയേട്ടൻ ദേഷ്യപ്പെട്ടു കൊണ്ടാണത് പറഞ്ഞത്.. “ഞാൻ തന്ന ടാബ്‌ലറ്റ് നീ കഴിച്ചില്ലേ മീനു….”

“അത്!!! നമുക്കൊരു വാവയെ വേണം ന്ന് അമ്മ പറഞ്ഞപ്പോ”….. ശ്രീയേട്ടാ സന്തോഷായില്ലേ?? നമ്മുടെ വാവ, ശ്രീയേട്ടനെ പോലെ,അല്ലെങ്കി എന്നെ പോലെ…..”

” നിർത്തുന്നുണ്ടോ മീനു……പിന്നെ !! സന്തോഷം കൊണ്ട് കെട്ടി തൂങ്ങി ചാവാനാ തോന്നണെ.. നിനക്കെന്താ പ്രാന്തുണ്ടോ മീനു.. ??

നിന്നെ തന്നെ സഹിക്കാൻ വയ്യ.. അമ്മയെ ഓർത്തു മാത്രം ക്ഷമിക്കുന്നതാ… അമ്മേടെ ഓരോ പ്രാന്ത്… അതാണ് നീയിന്നിവിടെ നിക്കുന്നെ…

ഒരു ബാങ്ക് മാനേജരുടെ ഭാര്യയാവാനുള്ള എന്ത് ക്വാളിഫിക്കേഷൻ ആണ് നിനക്കുള്ളത്??..

എപ്പൊഴും തൊടിയിലും തൊഴുത്തിലും… നീ വരുമ്പോഴേ ചാണകത്തിന്റെ മണമാണ് എനിക്ക് ഫീൽ ചെയ്യാ… അമ്മയോട് ഞാൻ ആവും വട്ടം പറഞ്ഞതാണ് കല്യാണം വേണ്ടാന്ന്…

അമ്മക്കായിരുന്നു മാഷോടുള്ള കടപ്പാട്, കടമ,തേങ്ങാക്കൊല ന്നും പറഞ്ഞു നിന്നെ കെട്ടിയെടുക്കാനുള്ള ധൃതി.. എനിക്ക് വേണ്ടി മാത്രം ജീവിച്ച അമ്മയാണ്.. ആ അമ്മയെ വേദനിപ്പിക്കാൻ എനിക്കാവില്ല… അതോണ്ട് മാത്രം നിന്നെ സഹിക്കുന്നതാ ഞാൻ….”

“വന്നാ തുടങ്ങും കുറിഞ്ഞി പൂച്ച നിന്നോട് അത് പറഞ്ഞു,പൂവാലി വാലിളക്കി, കാശിത്തുമ്പ വിരിഞ്ഞു… വെണ്ടക്ക് മുള വന്നു… നിന്റെ കൂടെ ഇരുന്ന ഓരോ നിമിഷവും തല പെരുത്തിട്ടുണ്ട്…

അത് സഹിക്കാൻ വയ്യത്തോണ്ടാണ് ആദ്യ മാസം കഴിഞ്ഞപ്പോഴേ ട്രാൻസ്ഫെർന് അപ്ലൈ ചെയ്ത് ദൂരേക്ക് മാറിയെ… നീയും അമ്മേം എന്താച്ച ആയിക്കോട്ടെ ന്ന് വിചാരിച്…

ജീവിതകാലം മുഴോൻ നിന്നേം തലേല് ചുമക്കാൻ എനിക്ക് ഭ്രാന്തൊന്നും ഇല്ല.. അമ്മടെ കാലം കഴിയുന്നത് വരെ … അത്രേ വിചാരിച്ചിരുന്നുള്ളൂ… അപ്പോഴാ അവൾടെ ഒരു വാവ… നാളെ എന്റെ കൂടെ ഹോസ്പിറ്റലിൽ വന്നോണം….”

നിന്ന നിൽപ്പിൽ ഭൂമി പിളർന്നു പോയെങ്കിൽ എന്നോർത്തതാണ് അപ്പോൾ….ഇപ്പോഴും ആ വാക്കുകളും ആ നിമിഷങ്ങളും മനസ്സിൽ മായാതെ കിടക്കുന്നു… കേട്ടതൊക്കെ സത്യമാണെന്നു തിരിച്ചറിയാൻ ഒരുപാട് സമയമെടുത്തു..

ഇത്രയും നാൾ താൻ പറ്റിക്കപ്പെടുകയായിരുന്നു..ആ തിരിച്ചറിവ് എന്നിലേല്പിച്ച ആഘാതം വളരെ വലുതായിരുന്നു… പുറത്തു നിന്ന് എല്ലാം കേട്ട് കൊണ്ടിരുന്ന അമ്മയ്ക്കും അത് താങ്ങാൻ പറ്റിയിരുന്നില്ല….

പിന്നീടങ്ങോട്ട് കണ്ണീരിന്റെ ദിനങ്ങളായിരുന്നു..പ്രാർത്ഥനയുടെയും.. എന്നെങ്കിലും ശ്രീയേട്ടൻ ശരിയാവും,എന്നെ ഉൾക്കൊള്ളും ,എന്നെ സ്നേഹിക്കും എന്ന പ്രതീക്ഷയിൽ ജീവിച്ച ദിനങ്ങൾ..

എല്ലാറ്റിനും മൂകസാക്ഷിയായി പാവം അമ്മയും… മോനെ അമിതമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഒരമ്മയുടെ സ്വാർത്ഥതയിൽ പൊലിഞ്ഞു പോയതാണ് എന്റെ ജീവിതം എന്നും പറഞ്ഞ് അമ്മയെന്നും കരഞ്ഞിട്ടെ ഉള്ളൂ..

അമ്മ കാരണമാണ് എനിക്ക് ഈ വിധിയുണ്ടായതെന്നു പറഞ്ഞു ആ പാവം സ്വയം ഉരുകി തീരുകയായിരുന്നു.. എപ്പോഴും ശ്രീയേട്ടനെ തിരുത്താൻ ശ്രമിക്കും…. ശ്രീയേട്ടന്റെ വെറുപ്പിൽ അമ്മയും ദഹിക്കുകയായിരുന്നു…

ശ്രീയേട്ടന്റെ കുത്തു വാക്കുകൾ കേട്ട്, അമ്മയുടെ മടിയിലിരുന്നു കരഞ്ഞു തീർത്ത ദിവസങ്ങൾ… വീട്ടിലെ കുറിഞ്ഞി പൂച്ചയോടും പൂവാലിയോടും പരാതിയും പരിഭവങ്ങളും പറഞ്ഞു തീർത്ത ദിവസങ്ങൾ….എന്റെ ഓരോ പ്രവർത്തിയിലും ശ്രീയേട്ടൻ കുറ്റം മാത്രം കണ്ടെത്തി..

പതിയെ പതിയെ ശ്രീയേട്ടനുള്ളടിത്തു നിന്ന് ഞാൻ മാറി നില്ക്കാൻ തുടങ്ങി… ഞാനും അമ്മയും ഒരുമിച്ചെടുത്ത തീരുമാനം….ശ്രീയേട്ടനെ തിരുത്തിയെടുക്കാനുള്ള എന്റെ അവസാന ശ്രമം…..

ആ അകൽച്ച ശ്രീയേട്ടനെ ഒത്തിരി മാറ്റിയെടുത്തു… സ്നേഹം അകന്നു പോവുമ്പോഴേ തിരിച്ചറിയാൻ സാധിക്കൂ എന്ന് പറയുന്നത് എത്ര ശരിയാണ്…..

ശ്രീയേട്ടനിപ്പോൾ തീർത്തും തിരിച്ചറിയുന്നുണ്ട് ഞാനാണ് ശ്രീയേട്ടന്റെ ജീവിതം എന്ന്….. ഓരോ തവണ ഞാൻ മോളെയുമെടുത്തു പടിയിറങ്ങുമ്പോഴും ശ്രീയേട്ടന്റെ മുഖത്ത് വരുന്ന വല്ലാത്തൊരു ദയനീയത ഞാൻ കണ്ടിട്ടും കാണാത്തത് പോലെ ഭാവിക്കുന്നത് ആ മനസ്സ് പൂർണമായും എന്റേതാവാൻ വേണ്ടി മാത്രമാണ്….

വർഷമിപ്പോൾ അഞ്ചു കഴിഞ്ഞു.. പഴയ പൊട്ടിപെണ്ണിൽ നിന്ന് ഞാൻ ഒത്തിരി മാറി … ഉണ്ണിമോളും അമ്മയും വീടും പശുക്കളുമായി ജീവിതം മുന്നോട്ട് തന്നെ പോവുന്നു.. അല്ലെങ്കിലും സമയം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ലല്ലോ….

ശ്രീയേട്ടൻ വരുമ്പോൾ മാത്രം ഞാൻ വീട്ടിൽ നിന്ന് മാറി എന്റെ വീട്ടിലേക്ക് പോവും.. ഒന്നിനും വേണ്ടിയല്ല… ശ്രീയേട്ടന് മുന്നിൽ തോറ്റു പോവാതിരിക്കാൻ വേണ്ടി മാത്രം…..

ഭാര്യയും അമ്മയുമൊക്കെ ആവുന്നതിനും മുന്നേ ഞാനൊരു പെണ്ണാണ്.. ആത്മാഭിമാനമുള്ള പെണ്ണ്… ആ പെണ്ണിന് താങ്ങാവുന്നതിലപ്പുറമായിരുന്നു ശ്രീയേട്ടൻ ഏല്പിച്ച മുറിവ്… അതുണങ്ങാൻ സമയമെടുക്കും… ഓരോന്നോർത്തു വീട്ടിലെത്തിയത് അറിഞ്ഞില്ല..

മുറ്റത്തു തന്നെ അച്ഛൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു… ഉണ്ണിമോളെ അച്ഛന്റെ കയിലേല്പിച്ചു കോലായിലേക്ക് കേറാൻ തുടങ്ങിയപ്പോഴാണ് ശ്രീയേട്ടന്റെ കാർ പടി കടന്നു വരുന്നത് കണ്ടത്.. ഈ കൂടിക്കാഴ്ച ഞാൻ എത്രയോ തവണ മനസ്സിൽ കണ്ടതാണ്…

ശ്രീയേട്ടൻ കാറിൽ നിന്നിറങ്ങി അച്ഛന്റെ കയ്യിലിരുന്ന ഉണ്ണിമോളെ വാരിയെടുത് തെരുതെരെ ചുംബിച്ചു.. ആ കണ്ണുകളിലപ്പോൾ പശ്ചാത്താപം അലയടിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു… ഒരു കൊച്ചു കുഞ്ഞിനെ പോലെ അച്ഛന്റെ ചുമലിൽ ചേർന്ന് നിന്ന് കരഞ്ഞ ശ്രീയേട്ടനെ കണ്ടപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു… എന്നിട്ടും ഒന്നും മിണ്ടാതെ തൊഴുത്തിലേക്ക് നടന്നു….

” മീനു…. മീനുട്ടി”……..

ഈ കാലമത്രയും ഈയൊരു വിളിക്കായാണ് താൻ കാത്തിരുന്നത്… മനസ്സ് നിറഞ്ഞിട്ടും,കണ്ണ് നിറയാതിരിക്കാൻ ശ്രമിച്ചു…. പശുവിന് വൈക്കോൽ ഇട്ടു കൊടുത്തു കൊണ്ടേ ഇരുന്നു….

“മീനുട്ടി… എന്നോട് ക്ഷമിച്ചൂടെ ഇനിയെങ്കിലും? എവിടെയാണ് എനിക്ക് തെറ്റ് പറ്റിയത് എന്നറിയില്ല മോളെ..

പക്ഷെ തെറ്റ് പറ്റി പോയി… അമ്മ എനിക്ക് നൽകിയ മാണിക്യമാണ് നീയെന്ന് തിരിച്ചറിയാൻ ഒത്തിരി വൈകിപ്പോയി.. നീയെനിക്ക് ചേർന്നവളല്ല എന്ന് ആദ്യമേ മനസിലേക്ക് ചേക്കേറിയപ്പോൾ നിന്റെ സ്നേഹം,നിന്റെ കരുതൽ ഒന്നും കാണാനുള്ള കണ്ണുണ്ടായില്ല നിന്റെ ശ്രീയേട്ടന്…

നീ നൽകുന്ന സ്നേഹത്തിനു പകരം നൽകാൻ എന്റെ ഒരു ഡിഗ്രിക്കും ഒരു ഉദ്യോഗത്തിനും കഴിയില്ല എന്ന് മനസ്സിലാക്കിയപ്പോഴേക്കും നീയെന്നിൽ നിന്നും ഒത്തിരി അകന്നിരുന്നു…

ഓരോ തവണ നീയാ പടിയിറങ്ങുമ്പോഴും പോവല്ലേ മീനുട്ടി എന്ന് പറയാൻ എന്റെ മനസ്സ് കൊതിച്ചിരുന്നു… പക്ഷെ,എന്റെ ഈഗോ അത് എന്നെക്കൊണ്ട് ഒരു ശബ്ദം പോലും പുറപ്പെടുവിച്ചില്ല…

ഇക്കാലമത്രയും നമ്മുടെ മോളെ ഒന്നെടുക്കാൻ പോലുമാവാതെ നീറി നീറി മരിക്കുകയായിരുന്നു ഞാൻ.. നെഞ്ച് പൊട്ടി മരിക്കാറാവും എന്ന് തോന്നിയത് കൊണ്ടാണ് ഞാനിന്നിവിടെ വന്നത്…

നീ ക്ഷമിക്കില്ല എന്നെനിക്കറിയാം.. അത്രക്കും വലിയ തെറ്റാണ് ഞാൻ ചെയ്തത്… ക്രൂരത… എന്നാലും മീനു നമ്മുടെ മോളെ ഒന്നെടുക്കാനുള്ള അവകാശമെങ്കിലും എനിക്ക് തന്നൂടെ…. വന്നൂടെ നിനക്കെന്റെ കൂടെ അങ്ങോട്ട്??.. ”

പൊട്ടിക്കരഞ്ഞു കൊണ്ട് എന്റെ കാൽക്കൽ വീണ ശ്രീയേട്ടനെ നെഞ്ചോട് ചേർക്കുമ്പോൾ ഞാൻ ഒന്നേ പറഞ്ഞുള്ളു “അന്നും ഇന്നും മീനുട്ടിക്ക് ഒരേ മണാണ്‌ ശ്രീയേട്ടാ…..

നല്ല ചാണകത്തിന്റെ മണം… അന്നേട്ടന് അതൊരു നാറ്റമായി തോന്നി, അതിലെ സ്നേഹം തിരിച്ചറിഞ്ഞ ഇന്ന് മുതൽ ഏട്ടനത് സുഗന്ധമാവും.. അത് മതി മീനുട്ടിക്ക് എല്ലാം പൊറുക്കാൻ… ഏട്ടൻ പറഞ്ഞില്ലേ ഈഗോ…. ആ രണ്ടക്ഷരം നമ്മുടെ ജീവിതത്തിലെ അഞ്ചു വർഷങ്ങളാണ് കവർന്നെടുത്തത് ….

ഇന്ന് ഏട്ടൻ വാരിപുണർന്ന നമ്മുടെ ഉണ്ണിമോളെ ആണ് ഏട്ടൻ വേണ്ടാന്ന് വെക്കാൻ പറഞ്ഞത്… ഒരു പെണ്ണിനും അത് താങ്ങാനാവില്ല… പക്ഷെ,എനിക്കറിയായിരുന്നു ഏട്ടൻ എന്നെങ്കിലും എല്ലാം തിരിച്ചറിയും എന്ന്… ആ കാത്തിരിപ്പിന്, എന്റെ സ്നേഹത്തിന്, ഞാൻ ബലി കഴിച്ചതാണ് എന്റെ ഈ അഞ്ചു വർഷങ്ങൾ…

മീനു ക്ഷമിക്ക് എന്ന് ഏട്ടന്റെ നാവിൽ നിന്നും കേൾക്കാൻ… ഒരു പിണക്കവും മീനുവിനില്ല ശ്രീയേട്ടാ… അന്നും ഇന്നും ഇനിയെന്നും ശ്രീയേട്ടനെ സ്നേഹിക്കാൻ മാത്രേ മീനുന് കഴിയൂ…. ”

ശ്രീയേട്ടന്റെ കണ്ണുനീര് എന്റെ വേഷ്ട്ടിതുമ്പ് കൊണ്ട് തുടച്‌ ആ നെറുകയിലൊരു മുത്തം നൽകിയപ്പോൾ ഞാൻ അറിയുകയായിരുന്നു ഒരു ഭാര്യക്ക് മാത്രമേ ഇത് കഴിയൂ…

അവൾ ചിലപ്പോൾ കൂട്ടുകാരിയാവേണ്ടി വരും, ചിലപ്പോൾ അമ്മയാവേണ്ടി വരും, ചിലപ്പോൾ മകളും പെങ്ങളുമാവേണ്ടി വരും… ഒരു ഭാര്യക്ക് മാത്രമേ ഇതിനൊക്കെ കഴിയൂ…. എത്ര തെറ്റ് ചെയ്താലും അത് തിരുത്തിയെടുത്ത് പഴയതിനേക്കാളും കൂടുതൽ സ്നേഹിക്കാൻ…. ഭാര്യ ഒരു വലിയ സത്യമാണ്… സ്നേഹമുള്ള സത്യം…..

About Intensive Promo

Leave a Reply

Your email address will not be published.