വിവാഹം രണ്ടുപേരുടെ ജീവിതത്തിന്റെ പുതിയ തുടക്കം മാത്രമല്ല. അനേകമനേകം ബന്ധങ്ങളുടെ സമരസപ്പെടലും കൂടിയാണ്. എന്നാല്‍ തന്റെ മകള്‍ക്കോ മകനോ അനുയോജ്യരായവരെ കണ്ടെത്താന്‍ അച്ഛനമ്മമാര്‍ വിവിധ മാനദണ്ഡങ്ങളുമായി തന്ത്രപ്പെടുമ്പോള്‍ ലൈംഗീക ജീവിതം വ്യക്തികളുടെ മാനസികപൊരുത്തങ്ങള്‍ ഇവ്‌ക്കൊന്നിനും വേണ്ട ശ്രദ്ധ കൊടുക്കാനാകാതെ വരുന്നു
കല്യാണമണ്ഡപം തെരഞ്ഞെടുക്കന്നതിനുള്ള ശ്രദ്ധ പോലും അടിസ്ഥാന പരമായ ലൈംഗികവിദ്യാഭ്യാസം നല്‍കുന്നതിനോ ബന്ധപ്പെട്ട ചെറുകാര്യങ്ങള്‍ക്കോ ചിലപ്പോള്‍ വലിയതും, നമ്മള്‍ നല്‍കാറില്ല. നമ്മുടെ നോവലുകളും സിനിമകളും വിലയിരുത്തിയാല്‍ തന്നെ ഇതറിയാം. പലതും വിവാഹത്തോടെ സമംഗളം സമാപിക്കുന്നു. അതുകൊണ്ട് തന്നെ ദാമ്പത്യത്തെ നന്നായി കൈകാര്യം ചെയ്യാനാറിയുന്നതിനു ചില പരിശീലനങ്ങളൊക്കെ വേണമെന്നത് ഇനിയെങ്കിലും നാം അംഗീകരിക്കണം.
വിവാഹത്തിലും ദാമ്പത്യത്തിലും വെറും സൗഹൃദമല്ല സൃഷ്ടിക്കപ്പെടുന്നത്. വൈകാരികവും ലൈംഗികവുമായ പങ്കിടലാണെന്നതു മറക്കരുത്. എന്നാല്‍ വിവാഹജീവിതത്തിലെ ലൈംഗികാംശത്തെ തീരെ അവഗണിക്കുമ്പോഴും സര്‍വവും ലൈംഗികതയാണെന്നു കരുതുമ്പോഴും അബദ്ധങ്ങള്‍ ആരംഭിക്കുന്നു. തെറ്റായ മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും വലിയ വഴിതെറ്റലുകളിലേക്കു നയിക്കുന്നു. ഇന്റര്‍നെറ്റിലൊക്കെ ശരിയായ വിവരത്തോടൊപ്പം തെറ്റായ വിവരങ്ങളും ധാരാളമായുണ്ട്. ഇന്റര്‍നാഷണല്‍ സൊസൈററി ഫോര്‍ സെക്ഷ്വല്‍ മെഡിസിന്‍ പോലുള്ള ശാസ്ത്രീയമായ സൈറ്റുകള്‍ സാധാരണക്കാര്‍ക്കു ലഭ്യമല്ല.
സ്വയംഭോഗം, കന്യാകാത്വം, ലിംഗവലിപ്പം പോലുള്ള പ്രശ്‌നങ്ങള്‍ ആഗോളവും കാലാതിവര്‍ത്തിയുമായി തുടരുകയാണ്. അതുകൊണ്ടുതന്നെ യുവത്വം ആദ്യരാത്രിയെ പറ്റിയൊക്കെ ഇപ്പോഴും കൗതുകങ്ങള്‍ പറഞ്ഞു പരത്തുന്നുണ്ട്. ലൈംഗികതയുടെ ശാസ്ത്രീയവശം വേണ്ടത്ര മനസിലാക്കുന്നില്ല. ഈ മനസിലാക്കപ്പെടായ്കളില്‍ കുരുങ്ങിപ്പോകുന്നത് പച്ചയായ ജീവിതങ്ങളാണ്. പലപ്പോഴും പുതുതലമുറ ചിന്താക്കുഴപ്പത്തിലാക്കുന്നതിനു പിന്നില്‍ തെറ്റിദ്ധാരണകളാണ്. പത്രമാധ്യമങ്ങളില്‍ വരുന്ന മറുപടികള്‍ ആ ചോദ്യകര്‍ത്താവിനു മാത്രമുള്ളതാണെന്നും തങ്ങളെ ബാധിക്കില്ലെന്നും ഇവര്‍ കരുതുന്നു.
ഇന്റര്‍നെറ്റും സൈറ്റുകളും ശാസ്ത്രീയമായ അവബോധം വര്‍ധിപ്പിക്കുന്നില്ല. കൗമാരക്കാരില്‍ ലൈംഗികവൈകൃതങ്ങളുടെ കടല്‍പോലെയാണ് സെക്‌സ് സൈറ്റുകള്‍ എത്തപ്പെടുന്നത്. അവരെ ഈ കടല്‍ മുക്കിക്കളയുന്നു. സംശയങ്ങള്‍ക്ക് കൃത്യമായ പരിഹാരത്തിനു പകരം വഴിതെറ്റലുകളിലേക്കാണ് പുതിയ ആശയവിനിമയ ഉപാധികള്‍ യുവാക്കളെ നയിക്കുന്നത്. മുതിര്‍ന്നവരെ പോലും അബദ്ധത്തില്‍ ചാടിക്കുന്നുണ്ട്. വിവേചനബുദ്ധിയോടെ ഈ കാര്യങ്ങളെ കാണാനുള്ള പക്വതയും ശിക്ഷണവും ആരും നല്‍കുന്നില്ല. വഴികാട്ടാന്‍ മാതാപിതാക്കളും അധ്യാപകരും മുന്നോട്ടു വരികതന്നെ വേണം.