തൃശൂര്‍ ചെങ്ങാലൂർ കുണ്ടുകടവില്‍ പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പുതുക്കാട് പോലീസിന്റെ പിടിയിലായി. സംഭവത്തിനുശേഷം ഒളിവില്‍പോയ കുണ്ടുകടവ് പയ്യപ്പിള്ളി വിരാജുവാണ് അറസ്റ്റിലായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാളെ പുതുക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. അതിനിടെ ജീതുവിനെ താന്‍ എന്തിനാണ് കൊലപ്പെടുത്തിയത് എന്ന് വ്യക്തമാക്കുന്ന വിരാജിന്റെ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായ ജീതുവും വിരാജും ചില കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ ഒരു മാസത്തോളമായി വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. ഇരുവരും ചേര്‍ന്ന് വിവാഹ മോചനത്തിന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. സംഭവ ദിവസമായ ഞായറാഴ്ച അച്ഛന്‍ ജനാര്‍ദ്ധനന് ഒപ്പമാണ് ജീതു വിരാജിന്റെ വീടിന് തൊട്ടടുത്തുള്ള കുടുംബശ്രീ യൂണിറ്റിലെത്തിയത്. കുടുംബശ്രീ വായ്പയുടെ കുടിശ്ശിക തീര്‍ക്കാനായിരുന്നു അത്.
ജീതുവും അച്ഛനും കുടുംബശ്രീ യൂണിറ്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്നത് കണ്ട വിരാജ് അടുത്ത് ചെന്ന് കുറച്ച് നേരം സംസാരിച്ചു നിന്നു. അപ്പോഴൊന്നും ആര്‍ക്കും അപകടത്തിന്റെ സൂചനയുണ്ടായിരുന്നില്ല. പൊടുന്നനെയാണ് ജിതുവിന്റെ തലയിലേക്ക് വിരാജ് പെട്രോള്‍ കമഴ്ത്തിയത്. അച്ഛന്റെ സമീപത്തേക്ക് ഓടിയ ജീതുവിനെ വിരാജ് പിന്തുടര്‍ന്ന് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.
ജീതുവിനെ കൊലപ്പെടുത്തണം എന്ന് തീരുമാനിച്ച് ഉറപ്പിച്ച് തന്നെയാണ് വിരാജ് എത്തിയതെന്ന വ്യക്തമാക്കുന്നതാണ് വിരാജിന്റെ ബാഗില്‍ നിന്നും പോലീസിന് ലഭിച്ചിരിക്കുന്ന കുറിപ്പ്. ജീതുവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച സ്ഥലത്ത് വിരാജ് ഉപേക്ഷിച്ചതാണ് ഈ ബാഗ്. ഇതൊരു ആത്മഹത്യാക്കുറിപ്പാണെന്ന് കേസന്വേഷിക്കുന്ന പുതുക്കാട് പോലീസ് പറയുന്നു. മനപ്പൂര്‍വ്വമാണ് ഈ കുറിപ്പ് വിരാജ് സംഭവ സ്ഥലത്ത് ഉപേക്ഷിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു.
ജീതുവിനെ വിരാജ് മറ്റൊരാള്‍ക്കൊപ്പം കണ്ടതിന് ശേഷമാണ് ഇവരുടെ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത് എന്ന് പോലീസ് പറയുന്നു. ജീതു തന്നെ ചതിച്ചുവെന്നും അവള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലെന്നും വിരാജിന്റെ കുറിപ്പില്‍ പറയുന്നു. ജീതു കാരണം തനിക്ക് വലിയ സാമ്ബത്തിക ബാധ്യതയുണ്ടായെന്നും വിരാജ് പറയുന്നു. മാത്രമല്ല താനും ഈ ലോകം വിടുകയാണ് എന്നും വിരാജിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.