വാഴമുട്ടത്തെ കണ്ടല്‍ക്കാടിനുള്ളില്‍ വിദേശവനിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഉമേഷ് ക്രൂരനായ പുരുഷ വേശ്യയാണെന്ന് വെളിപ്പെടുത്തല്‍. ഉമേഷ് ആറു പുരുഷന്‍മാര്‍ അടക്കം 14 പേരെ ലൈംഗികമായി പീഡിപ്പിച്ചെന്നു വിവരം ലഭിച്ചതായി പൊലീസ്. കൂടുതലും പരിസരവാസികളായ സ്ത്രീകളും പുരുഷന്‍മാരുമാണ്. ഇരകളില്‍ പത്തു മുതല്‍ 50 വരെ പ്രായമുള്ളവര്‍ ഉണ്ട്.
ഒരിക്കല്‍ ഇരയാകുന്നവരെ പിന്നീടു ഭീഷണിപ്പെടുത്തി ഉപദ്രവിക്കുകയാണു പതിവെന്നു പൊലീസ് പറഞ്ഞു. ഇപ്രകാരം സ്ഥിരം ഇരകളായ അഞ്ചുപേരുണ്ട്. അതിലൊരാളാണു പൊലീസിനു വിവരം നല്‍കിയതും പീഡനത്തിനിരകളായ മറ്റുള്ളവരുടെ വിവരം കൈമാറിയതും. ഈ സംഭവങ്ങളുടെ പേരിലും ഉമേഷിനെതിരെ പൊലീസ് കേസ് എടുക്കും.
ലഹരിക്കടിമയായ ഇയാള്‍ ചിലപ്പോള്‍ കേറ്ററിങ് ഏജന്‍സിയില്‍ ജോലിക്കു പോകാറുണ്ട്. അവരെ ചോദ്യംചെയ്തപ്പോള്‍, നാലഞ്ചു പേര്‍ ചേര്‍ന്നു പൊക്കിയെടുക്കുന്ന വലിയ ബിരിയാണി ചെമ്പുപാത്രം പലപ്പോഴും ഇയാള്‍ ഒറ്റയ്‌ക്കെടുക്കാറുണ്ടെന്നു പൊലീസിനു വിവരം കിട്ടി. കൊല്ലപ്പെട്ട സ്ത്രീയെ ഒറ്റയ്ക്കു പൊക്കിയെടുത്തു വള്ളിയില്‍ കെട്ടിത്തൂക്കിയതെങ്ങനെ എന്ന ചോദ്യത്തിന് അങ്ങനെയാണു പൊലീസിന് ഉത്തരം ലഭിച്ചത്. ഉമേഷിനെ ഭയന്നാണ് ആരും മൊഴി നല്‍കാത്തതെന്നും പൊലീസ് പറഞ്ഞു.
അതേസമയം മാനഭംഗം സ്ഥിരീകരിച്ചതിനാല്‍ യുവതിയുടെ പേരോ മറ്റു വിവരങ്ങളോ ചിത്രങ്ങളോ പ്രസിദ്ധീകരിക്കുന്നതു നിയമലംഘനമാണെന്ന് ഡിജിപി അറിയിച്ചു. വനിതയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയില്‍ വീഴ്ത്തുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം. സുഹൃത്തായ ഉദയനുമൊത്തു ചേര്‍ന്നു യുവതിക്കു ലഹരിമരുന്നു നല്‍കി കാടിനുള്ളില്‍ കൊണ്ടുപോയി നാലുതവണ മാനഭംഗപ്പെടുത്തി.
വൈകിട്ടോടെ ബോധം വീണ്ടെടുത്ത യുവതി കണ്ടല്‍ക്കാട്ടില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുംതുടര്‍ന്നുള്ള മല്പിടിത്തത്തില്‍ യുവതി മരണപ്പെടുകയുമായിരുന്നു. ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം സമീപത്തുള്ള മരത്തില്‍ കാട്ടുവള്ളി ഉപയോഗിച്ചു കെട്ടിത്തൂക്കി. പിന്നീടുള്ള പല ദിവസങ്ങളിലും പ്രതികള്‍ സ്ഥലത്തെത്തി മൃതദേഹം നിരീക്ഷിക്കുന്നുണ്ടായിരുന്നതായും പൊലീസ് സൂചിപ്പിച്ചു. ദിവസങ്ങള്‍ കഴിഞ്ഞു വള്ളി അഴുകിയതിനെത്തുടര്‍ന്നു ശരീരം പൊട്ടിവീഴുകയായിരുന്നു. ശിരസ്സ് അറ്റുപോകുകയും ചെയ്തു.
ഉമേഷ് ലഹരിമരുന്ന്, അടിപിടി ഉള്‍പ്പെടെ 13 കേസുകളിലും ഉദയന്‍ ആറു കേസുകളിലും പ്രതിയാണ്. ഉമേഷ് സ്ത്രീകളെയും ആണ്‍കുട്ടികളെയും ഉള്‍പ്പെടെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതികളുണ്ട്. ഇയാളുടെ അതിക്രമത്തിനിരയായ ചിലര്‍ നല്‍കിയ സൂചനകളാണ് ഉമേഷിലേക്കു പൊലീസിനെ എത്തിച്ചത്. ഇരുവരും ലഹരിമരുന്നിന് അടിമകളാണ്. വാഴമുട്ടത്തെ കണ്ടല്‍ക്കാടായിരുന്നു ഇവരുടെ വിഹാരകേന്ദ്രം.കൊലപാതകശേഷവും സാധാരണപോലെ ഇവര്‍ പെരുമാറി.
എന്നാല്‍ മൃതദേഹം കണ്ടെത്തിയ തുരത്തിലെ പ്രധാനികള്‍ ഇവരായിരുന്നുവെന്ന് പോലീസ് മനസിലാക്കിയതോടെയാണ് അന്വേഷണം ഉമേഷിലേക്കും ഉദയനിലേക്കും എത്തിയത്. മുപ്പതു തികഞ്ഞിട്ടില്ലെങ്കിലും ഉമേഷും ഉദയനും ക്രൂരതയുടെ പര്യായമെന്ന് പോലീസ്. അടിപിടി, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കല്‍, അബ്കാരി കേസുകള്‍ ഉള്‍പ്പെടെ 13 കേസുകള്‍ ഉമേഷിന്റെ പേരിലുണ്ട്. ഉദയന്റെ പേരില്‍ ആറും.
പ്രദേശവാസികള്‍ക്കും കോവളത്തെ വ്യാപാരികള്‍ക്കുമൊക്കെ ഇവരെ ഭയമായിരുന്നു. അതുകൊണ്ടു തന്നെ ഇരുവര്‍ക്കുമെതിരെ മൊഴിനല്‍കാന്‍ പോലും പലരും തയാറായില്ല. പ്രദേശത്തെ ചില പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധമാണ് ഇവര്‍ക്കു വളമായത്.