Breaking News
Home / Lifestyle / ട്രാഫിക് പോലീസുകാരന്റെ ഹൃദ്യമായ ഫേസ്ബുക് പോസ്റ്റ്…..!!

ട്രാഫിക് പോലീസുകാരന്റെ ഹൃദ്യമായ ഫേസ്ബുക് പോസ്റ്റ്…..!!

പ്രവീണിന്റെ ഹൃദ്യമായ ഫേസ്ബുക് പോസ്റ്റിലൂടെ…

മനോനിലതെറ്റിയ അമ്മയും; കൃത്യനിർവ്വഹണ ചാരിതാർഥ്യത്തോടെ, അഭിമാനത്തോടെ ഞാനും….

അൽപ്പം വാക്കുകൾ ഞാനിവിടെ കുറിക്കട്ടെ…

സുഹൃത്തുക്കളെ….
ഇന്നത്തെ എന്റെ സുദിനം എനിക്കൊരു നാവ്യാനുഭൂതി സമ്മാനിച്ചിരിക്കുന്നു. ഇന്നത്തെ കൃത്യനിർവഹണത്തിൽ ഉണ്ടായ ഒരു അനുഭവം ഞാൻ ഇവിടെ പങ്കുവയ്ക്കുന്നു…

തമ്പാനൂരിന് സമീപം, മോഡൽ സ്കൂൾ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടി നോക്കി വരവേ ഏകദേശം 12 മണിയോട് കൂടി 50 വയസ്സിനുമേൽ പ്രായമുള്ള മനോനില തെറ്റിയ ഒരു അമ്മ റോഡിനു ഒത്ത നടുക്ക് നിൽക്കുന്നു, മാത്രമല്ല അതു വഴി പോയ കാൽനടയാത്രക്കാരെയും, വാഹനങ്ങളെയും തടയുകയും, വലിയ കല്ലു പെറുക്കി എറിയുകയും ചെയ്യുന്നത് കണ്ടു. തടയാൻ ചെന്ന എന്നെയും എറിയാൻ ശ്രമിച്ചു. ബസ്സിന്‌ മുന്നിൽ കയറിനിന്ന് പൂർണമായും ഗതാഗത തടസ്സം ഉണ്ടാക്കി.

ഞാൻ നന്നെ പരിശ്രമിച്ചിട്ടും അവർ മാറാൻ കൂട്ടാക്കിയില്ല. എന്റെ അമ്മയുടെ പ്രായം എങ്കിലും ഇന്നത്തെ ‘സദാചാര സമൂഹത്തിനു മുന്നിൽ’ ആ അമ്മയോട് ബലപ്രയോഗത്തിനും എനിക്ക് ആകില്ല എന്നത് പറയാതെ വയ്യ. ദൗർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ, അതു വഴി പോയ കാൽനടയാത്രക്കാർ, മറ്റു ബസ് യാത്രക്കാർ, ഓട്ടോ, കാർ യാത്രക്കാർ എല്ലാവരും ഡ്യൂട്ടിയിലുള്ള, യൂണിഫോം ഇട്ട ഒരു ഉദ്യോഗസ്ഥന്റെ നിസ്സഹായാവസ്ഥ കണ്ടു പുച്ഛിച്ചു ചിരിക്കുന്നുണ്ടായിരുന്നു.

അതിൽ ഒരാൾ പോലും എന്നെ സഹായിക്കാനുള്ള മനോഭാവം കാണിച്ചില്ല. ഞാൻ തനിയെ ഒരു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് ആ അമ്മയെ അവിടെ നിന്നും അനുനയിപ്പിച്ചു പിന്തിരിപ്പിക്കാൻ ആയതു. ഭാഗ്യം എന്നു പറയാട്ടെ ആ അമ്മയ്ക്കോ, അതുവഴി പോയ യാത്രക്കാർക്കോ ആർക്കും തന്നെ ഒരു പരിക്കും പറ്റാതെ നോക്കാൻ എനിക്ക് സാധിച്ചു എന്നത് ദൈവഹിതം മാത്രം. അതു തന്നെയാണ് എന്റെ ഉത്തരവാദിത്വവും, കർത്തവ്യവും എന്നതിൽ ഞാൻ അഭിമാനിക്കുന്നു.

പക്ഷേ……

ഈ കാര്യം ഇവിടെ എഴുതി മഹാനാവാൻ ഞാൻ ആളല്ല, എന്നിരുന്നാലും ഈ സംഭവത്തിൽ നാം ഏവരും വിസ്മരിക്കുന്ന, കാണാതെ പോവുന്ന ഒരു വസ്തുതയിലേക്ക് ഞാൻ എന്റെ ചിന്തകളെ നയിക്കട്ടെ…..

ഇന്നിവിടെ സംഭവിച്ച ഈ കാര്യത്തിന്റെ മറുപുറം ചിന്തിക്കാം നമുക്ക്….

ആ അമ്മയുടെ മനസിന്റെ നിയന്ത്രണത്തിൽ അസുരഭാവം വന്നു, ആ അമ്മയുടെ പ്രവർത്തിയിൽ ആ അമ്മയ്ക്കോ, മറ്റു കാൽനട, വാഹന യാത്രക്കാർക്കോ, തിരക്കേറിയ റോഡിലൂടെ ഓടുന്ന വാഹനങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഇന്ന് ഈ വരികൾ കുറിക്കുന്ന എന്റെ അവസ്ഥ പോലും മറിച്ചാകുമായിരുന്നു എന്ന സത്യം വിശദീകരിക്കാതെ വയ്യ….

നാടിന്റെ നന്മയ്ക്കും, സുരക്ഷയ്ക്കും, ജനത്തിന്റെ ജീവനും, സ്വത്തിനും, സമാധാന ജീവിതത്തിനും പോലീസ് വഹിക്കുന്ന പങ്കു ഒരിക്കലെങ്കിലും ആരും ഓർക്കാത്ത, അതല്ലെങ്കിൽ ഓർക്കാൻ ശ്രമിക്കാത്ത ഒന്ന് തന്നെ. നിയമപാലകന്റെ കുടുംബവും, കുടുംബ ജീവിതവും എല്ലായ്‌പ്പോഴും സന്തുലനം ആയിരിക്കില്ല എന്നതാണ് സത്യം. ആഘോഷങ്ങളും, ഉത്സവങ്ങളും, രാവും, പകലും, ഞായറും, തിങ്കളും എന്ന വേർതിരിവില്ലാതെ കൃത്യനിർവ്വഹണം നടത്തുന്ന ഞാൻ അടക്കമുള്ള സേനയെ കുറിച്ചു,

അവരുടെ കഷ്ടതകളും, വേദനകളും ആരോർക്കാൻ ഈ ആധുനിക കാലത്തു. വിരലിലെണ്ണാവുന്ന ചില പഴയതും, ആനുകാലികവുമായ സംഭവവികാസങ്ങളിലൂടെ, ആ ദൃഷ്ടിയോടെ ഒരു വലിയ നാടിന്റെ സേവകരെ വീക്ഷിക്കുന്ന ജനത്തെ കുറ്റം പറയുന്നില്ല, പക്ഷെ രാവെന്നും, പകലെന്നും ഇല്ലാതെ ജീവിക്കുന്ന ഞങ്ങളും നിങ്ങൾ ഏവരേയും പോലെ മനുഷ്യർ ആണെന്ന പരിഗണന എങ്കിലും തന്നാൽ നന്നായിരുന്നു.

ഇന്നിവിടെ ആ അമ്മയെ അനുനയിപ്പിച്ചു അന്തരീക്ഷം ശാന്തമാക്കാൻ കഴിയാതെ വന്നിരുന്നിരുന്നെങ്കിൽ പോലീസിന് നേരെയും, മറ്റു നിയമ വ്യവസ്ഥയ്ക്ക് എതിരെയും പുച്ഛത്തോടെ കടന്നുപോയ ആ ഓരോ കാൽനട, ബസ്, മറ്റു വാഹന യാത്രികരും പാഞ്ഞടുക്കുമായിരുന്നു, ചാനൽ ചർച്ചകൾ, പോലീസിന്റെ വീഴ്ചകൾ എന്നുവേണ്ട ലോകത്തെ സകല തെറ്റിനു വരെ ഞാൻ അടക്കമുള്ള സേവകർ ഇരയാകുമായിരുന്നു.

ആ അമ്മയെ പിന്തിരിപ്പിക്കാൻ മനസ്സ് കൊണ്ട് പോലും ചിന്തിക്കാത്ത വലിയ ജനവിഭാഗം ചിന്തിക്കേണ്ടിയിരിക്കുന്നു നാടിന്റെ നന്മയ്ക്കു ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു എന്ന വസ്തുത. ബസ്സിലും, കാറിലും , ഓട്ടോയിലും ഇരുന്നു ചിരിച്ചവർ നിമിഷ നേരം കൊണ്ട് രൂപം മാറി എന്തൊക്കെ അവസ്ഥാന്തരങ്ങളിലൂടെ കടന്നു പോകുമായിരുന്നു….

ഇതുപോലെ ദിനംതോറും ഒരായിരം നന്മ ചെയ്യുന്ന പോലീസ് സേനയിലെ ഒരംഗമായ ഞാൻ അഭിമാനിക്കുന്നു നിങ്ങളെ ഏവരേയും സേവിക്കുന്നതിലും, സംരക്ഷിക്കുന്നതിലും. ഇത്തരം നല്ല പ്രവർത്തനങ്ങൾക്ക് പിന്തുണ ഏകിയില്ലെങ്കിലും ഞങ്ങളിൽ ഉള്ള നല്ലവരെ കൂടെ ദുഷ്ടതയുടെ പര്യങ്ങളായി കാണാതെ എങ്കിലും ഇരുന്നാൽ ഞങ്ങൾ ഏവരും കൃതർത്ഥരായി…

നന്ദി..
പ്രവീൺ. ആർ
സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷൻ
തിരുവനന്തപുരം

About Intensive Promo

Leave a Reply

Your email address will not be published.