Breaking News
Home / Lifestyle / ദേശീയ അവാര്‍ഡും അത്താഴ വിരുന്നും സ്മൃതി ഇറാനിയില്‍ നിന്ന് വേണ്ട; ‘ഡല്‍ഹി വിട്ട്’ ഫഹദ് പോരാടിയത് സംഘപരിവാര്‍ ഫാസിസത്തോട്

ദേശീയ അവാര്‍ഡും അത്താഴ വിരുന്നും സ്മൃതി ഇറാനിയില്‍ നിന്ന് വേണ്ട; ‘ഡല്‍ഹി വിട്ട്’ ഫഹദ് പോരാടിയത് സംഘപരിവാര്‍ ഫാസിസത്തോട്

രാഷ്ട്രപതിയുടെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയവര്‍ സംഘപരിവാര്‍ ഫാസിസത്തോട് പ്രതികരിച്ചപ്പോൾ തന്നെ കൂടുതൽ കടുത്ത നിലപാടെടുത്ത് ഫഹദ് ഫാസില്‍. അവാര്‍ഡ് ചടങ്ങ് തുടങ്ങിയ സമയത്ത് ജീവിതത്തില്‍ ആദ്യത്തെ ദേശീയ അവാര്‍ഡ് സ്വീകരിക്കാതെ ഫഹദ് ഡല്‍ഹി വിട്ടു. രാഷ്ട്രപതിയുടെ കയ്യില്‍ നിന്നല്ല കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയില്‍ നിന്നാണ് അവാര്‍ഡ് സ്വീകരിക്കേണ്ടത് എന്നതിനാലാണ് ഫഹദും നടി പാര്‍വ്വതിയും അടക്കം അവാര്‍ഡ് ജേതാക്കളായ 66 പേര്‍ അവാര്‍ഡ് ചടങ്ങ് ബഹിഷ്‌ക്കരിച്ചത്.

രാഷ്ട്രപതിയാണ് കഴിഞ്ഞ 64 വര്‍ഷമായി അവാര്‍ഡ് വിതരണം ചെയ്യുന്നത്. രാഷ്ട്രപതിയാണ് അവാര്‍ഡ് നല്‍കുന്നത് എന്നുമാണ് അറിയിച്ചിരുന്നത്. അവസാന നിമിഷം വന്ന മാറ്റമാണ് പ്രതിഷേധത്തിലേയ്ക്ക് നയിച്ചത്. 11 പുരസ്‌കാരങ്ങള്‍ മാത്രം രാഷ്ട്രപതി നല്‍കുകയും ബാക്കി മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നുമായിരുന്നു ഉദ്യോ​ഗസ്ഥർ അറിയിച്ചത്. ഇതോടെയാണ് ഇവർ ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചത്. മലയാളികളായ അവാര്‍ഡ് ജേതാക്കളില്‍ നിന്നാണ് പ്രതിഷേധ തീരുമാനം ഉണ്ടായതെന്നും മറ്റുള്ള സംസ്ഥാനത്തു നിന്നുള്ളവര്‍ അതേറ്റെടുക്കുകയായിരുന്നു എന്നും വിവരമുണ്ട്.

അതേസമയം, ഇതുസംബന്ധിച്ച് രാഷ്ട്രപതിക്കുള്ള പ്രതിഷേധ മെമ്മോറാണ്ടത്തില്‍ അവാര്‍ഡ് ജേതാക്കള്‍ നല്‍കിയ പരാതിയില്‍ ഒപ്പിട്ട ജയരാജും യേശുദാസും അവാര്‍ഡ് സ്വീകരിച്ചു. സ്മൃതിയില്‍ നിന്നാണ് ജയരാജ് സ്വീകരിച്ചത്. രാഷ്ട്രപതി നേരിട്ട് നല്‍കിയില്ലെങ്കില്‍ വിട്ടുനില്‍ക്കുമെന്ന് കാട്ടിയാണ് അവാര്‍ഡ് ജേതാക്കള്‍ രാഷ്ട്രപതിയുടെ ഓഫീസിനും സര്‍ക്കാരിനും കത്ത് നല്‍കിയത്. സംവിധായകന്‍ ദിലീഷ് പോത്തന്‍, തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ തുടങ്ങിയവരും ചടങ്ങ് ബഹിഷ്‌ക്കരിച്ചു. സ്മൃതി ഇറാനി നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കില്ലെന്നും നടി പാര്‍വ്വതി അറിയിച്ചു.

ഇതിനിടെ, ചടങ്ങിൽ പങ്കെടുക്കില്ല എന്നറിയിച്ചവരുടെ പേരെഴുതിയ കസേരകള്‍ ഒഴിവാക്കി. ചടങ്ങില്‍ പേരുകള്‍ വായിച്ചതുമില്ല. ഇതോടെ ചലച്ചിത്ര അവാര്‍ഡുകളുടെ ചരിത്രത്തിലെ സുപ്രധാന ബഹിഷ്‌ക്കരണമാണ് നടന്നിരിക്കുന്നത്. അതിന്റെ മുന്‍പന്തിയില്‍ മലയാളികളായ ചലച്ചിത്ര പ്രവര്‍ത്തരായിരുന്നു. ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തുന്നവരാണ് ബഹിഷ്‌ക്കരിച്ചവരില്‍ ഏറെയും. നടി പാര്‍വ്വതി ഡല്‍ഹി വിട്ടിട്ടില്ല. ശക്തമായാണ് പാര്‍വ്വതിയും പ്രതികരിക്കുന്നത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നായിരുന്നു അറിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള പതിവും അതാണ്. എന്നാല്‍, ബുധനാഴ്ച വിജ്ഞാന്‍ ഭവനില്‍ നടന്ന പുരസ്‌കാരച്ചടങ്ങിന്റെ റിഹേഴ്സലിനിടയിലാണ് ഈ തീരുമാനം മാറ്റിയതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്.

11 പേരല്ലാതെ മറ്റുള്ളവർ കേന്ദ്രമന്ത്രിയിൽ നിന്നും അവാർഡ് വാങ്ങിയാലും അവർക്കൊപ്പം രാഷ്ട്രപതി ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും ഇവർ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ചൂണ്ടിക്കാണിച്ചുള്ള അച്ചടിച്ച നടപടിക്രമങ്ങളും റിഹേഴ്സലില്‍ നല്‍കി. എന്നാല്‍, തീരുമാനത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. കേരളത്തില്‍നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുയര്‍ത്തിയത്. തങ്ങളെ അറിയിച്ചത് രാഷ്ട്രപതി പുരസ്‌കാരം നല്‍കുമെന്നാണെന്നും തീരുമാനം മാറ്റിയതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെടുകയായിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *