സ്വപ്‌നം എന്ന വാക്കിനെ കുറിച്ചു ചിന്തിക്കാന്‍ പോലും നേരമില്ലാത്ത ഉമ്മയ്ക്ക് ഒരു മുത്തം നല്‍കുകയാണ് ശാഹിദ് ആദ്യം ചെയ്തത്. കാരണം സിവില്‍ സര്‍വീസ് എന്നത് ഉമ്മയുടെ ആലോചനയുടെ എത്രയോ അകലയായിരുന്നു. അന്നവും അരിയും ഒക്കെയായിരുന്നു ഉമ്മയുടെ ചിന്തയും തിരക്കും. നിനക്കു പണിയൊന്നുമായില്ലേ ? ഈ വീട്ടില്‍ ആണ്‍തരിയായി നീ മാത്രമേയുള്ളു എന്ന ഉമ്മയുടെ ഇടക്കിടെയുള്ള ഉണര്‍ത്തലിനുള്ള ഒരു ഉത്തരമായിരുന്നു ആ ചുംബനം.
ജീവിതത്തിലെ കഷ്ടതകള്‍ക്കിടയിലും അവനാരോടും പറയാതെ ആ സ്വപ്‌നം മനസ്സിന്റെ ഉള്ളറയില് സൂക്ഷിക്കുകയായിരുന്നു. കടവും കഷ്ടപ്പാടും പിടിവിടാതെ വന്നപ്പോഴും ആ സ്വപ്‌നത്തിനു ക്ഷതമേല്‍ക്കാതെ തന്നെ കൊണ്ടു നടക്കുകയും ചെയ്തു. പഠിച്ചിറങ്ങിയിട്ടും പണിയൊന്നുമായില്ലേ ചോദ്യം ശക്തമായപ്പോൾ പല ജോലികളും ചെയ്തു. പുസ്തകം എഴുതി വിറ്റു,
രാത്രി വെളിച്ചത്തില്‍ ലേഖനങ്ങള്‍ പരിഭാഷപ്പെടുത്തി പണമുണ്ടാക്കി വീട്ടില്‍ നല്‍കി. പക്ഷേ ആ വക ജോലികളൊന്നും ശാഹിദിന് തുടരാനായില്ല. ഇടക്കു മദ്‌റസാ അധ്യാപകനായി പണി നോക്കിയെങ്കിലും അതും തുടര്‍ന്നില്ല. സിവില്‍ സര്‍വീസ് എന്ന വികാരം രാത്രി ഉറക്കത്തില്‍ പോലും അവനെ വേട്ടയാടിക്കൊണ്ടിരുന്നു. നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചതാണ്. പിന്നെ അവന്‍ യതീംഖാനയിലായിരുന്നു.
പത്താം തരം പാസായതും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഫസ്റ്റ് ക്ലാസോടെ ബിരുദവുമെല്ലാം നേടിയത് കോളജില്‍ പോയല്ല. പഠനങ്ങളെല്ലാം ഓപണ്‍ സട്രീമിലും ഡിസ്ന്റസ് സംവിധാനത്തിലുമായിരുന്നു. കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ എന്ന ഗ്രാമത്തില്‍ നിന്നും രാജ്യത്തെ ഉന്നത ഉദ്യോഗത്തിലേക്ക് കാലെടുത്തുവക്കുന്ന ശാഹിദ് തിരുവള്ളൂര്‍ എന്ന ശാഹിദ് കെ കോമത്തിന്റെ കഥ ഒരു പക്ഷേ ആർക്കും പറയാനുണ്ടാവില്ല. അഞ്ചു തവണ പരാജയത്തിന്റെ രുചി അറിഞ്ഞപ്പോഴും അവന്‍ പൊരുതുകയായിരുന്നു.