ആനന്ദ് കയറി പിടിക്കാൻ തുടങ്ങിയപ്പോൾ മാളു അവനെ തള്ളി മാറ്റി,
അപ്പൊ അവന് ഒന്നുകൂടെ വാശി കേറി കാണും.. മാളുവിന്റെ മുഖത്തടിച്ചവളെ വഴിയിൽ വീഴ്ത്തി, ഇട്ടിരുന്ന ചുരിദാർ വലിച്ചുകീറി,
മാളുന്റെ ചുണ്ടൊക്കെ പൊട്ടി ചോരയൊലിച്ചാണ് വീട്ടിലേയ്ക്ക് എത്തിയത്.
അടുത്തുള്ള വീട്ടിലെ രാധേച്ചി ഇതൊക്കെ പറയുമ്പോളും അമ്മ സാരിത്തുമ്പാൽ മുഖം പൊത്തി ഏങ്ങിക്കരയുക ആയിരുന്നു.
ആനന്ദ് അങ്ങനെ ചെയ്യും എന്ന് നീരജ് ഒരിക്കലും ഓർത്തിരുന്നില്ല, കുഞ്ഞുനാൾ മുതലുള്ള കൂട്ടാണ് അവനുമായി.
ജോലി ശെരിയായി ഗൾഫിന് പോയതിൽ പിന്നെ വർഷം അഞ്ചായി അവനെ കണ്ടിട്ട്, നാട്ടിൽ വന്ന ഉടനെ എന്നെ കാണാൻ അവൻ എത്തിയപ്പോൾ സന്തോഷം ആയിരുന്നു.
കോളജ് വിടുന്ന സമയം കഴിഞ്ഞിട്ടും മാളുനെ കാണുന്നില്ല എന്ന് പറഞ്ഞിട്ട് അമ്മ ഫോൺ ചെയ്തത് കേട്ടിട്ടാണ് ഓഫിസിൽ നിന്ന് കൂട്ടുകാരന്റെ ബൈക്കിൽ കോളേജ് റോഡിൽ എത്തിയത്,
എതിരെ വന്ന അവളുടെ കൂട്ടുകാരികളോട് ചോദിച്ചപ്പോൾ മാളു പോയി എന്നാണ് പറഞ്ഞത്.
അന്നേരം ആനന്ദിന്റെ ഫോൺ വന്നിരുന്നു
ഡാ.. ബൈക്ക് ഒന്ന് സ്ലിപ് ആയി ഞാൻ വീണു, ഇവിടെ കോളേജിന്റെ റോഡിന്റെ അടുത്ത്.
ഫോൺ കട്ട് ആക്കി കോളേജിന്റെ പുറകിലെ റോഡിലൂടെ വീട്ടിലേയ്ക്കുള്ള വഴിയേ ചെല്ലുമ്പോൾ തലകുനിച്ചുകൊണ്ട് മാളു നടന്ന് വരുന്നുണ്ടായിരുന്നു,
ഡീ.. എന്റെ വിളി കേട്ടിട്ട് ആവണം, ഓടി വന്നവൾ ഇറുകെ കെട്ടിപിടിച്ചു.. അവളുടെ കൈ വിടുവിച്ചു കൊടുത്തു ചെകിട്ടത്ത് ഒരെണ്ണം
വേഗം വീട്ടിൽ ചെല്ലെടി, കൂടെ വന്ന പിള്ളേരൊക്കെ വീടെത്തി, ദേഷ്യത്തിൽ വണ്ടി സ്റ്റാർട്ടാക്കി പോകുമ്പോൾ കൂടെ വന്നവൻ പറയുന്നുണ്ടായിരുന്നു,
ഡാ.. കൊച്ചിനെ തല്ലാണ്ടായിരുന്നു, അച്ഛൻ ഇല്ലാത്ത കുട്ടി അല്ലേടാ
ആനന്ദ് പറഞ്ഞിടത്ത് ചെല്ലുമ്പോളേക്കും മഴ വീണ് തുടങ്ങിയിരുന്നു, റോഡ് സൈഡിൽ ഉള്ള കല്ലിൽ ചാരിയിരുന്ന ആനന്ദിന്റെ തലയിൽ നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു,
ഓട്ടോ വിളിച്ചു ആശുപത്രിയിൽ എത്തിയപ്പോൾ അവന്റെ ബോധം പോയിരുന്നു..
ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി കൂടെ വന്നവനെ കൂട്ടിരുത്തിയിട്ട് വീട്ടിലേയ്ക്ക് എത്തിയപ്പോൾ ആണ് രാധേച്ചി ഇതൊക്കെ പറയുന്നത്.
അമ്മെ…
എന്റെ വിളികേട്ട് അമ്മ നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല..
എന്താ അമ്മെ രാദേച്ചി പറയുന്നത് സത്യമാണോ,
വിശ്വാസം വരാതെ ഒന്നുകൂടെ ഞാൻ ചോദിച്ചതും മുഖം അടച്ചൊരു അടിയാണ് അമ്മ തന്നത്,
മുറിയിൽ കിടപ്പുണ്ട് നിന്റെ മാളു.. ചോദിക്ക് നീ..
എന്റെ കുഞ്ഞിനെ കണ്ടവൻ അടിച്ചു നോവിച്ചത് പോരാഞ്ഞിട്ട് ആണോ നീയും അവളെ തല്ലിയത്..
അച്ഛ ഉണ്ടാരുന്നേൽ ഒരിക്കലും എന്റെ മോൾക്ക് ഈ ഗതി വരില്ലരുന്നല്ലോ.. അന്നേ മാളു പറഞ്ഞതല്ലേടാ ആനന്ദ് ശെരി അല്ല, ഏട്ടൻ ആ കൂട്ട് വിടണം എന്ന്..
അന്ന് നീ എറിഞ്ഞുടച്ച ഗ്ലാസിന്റെ ചില്ല് എടുത്ത് കളയുമ്പോളും എന്റെ കുഞ്ഞു കരയുവരുന്നു..
അമ്മയുടെ മുഖം എന്റെ നെഞ്ചിലേക്ക് ചായ്ച്ചു പിടിക്കുമ്പോൾ എന്റെ കണ്ണും നിറഞ്ഞു.
ആരും ഒന്നും അറിയണ്ട.. ഞാൻ ഇറങ്ങുവാ രാധേച്ചി പറഞ്ഞിറങ്ങി.
നിക്ക് രാധേ കുട തരാം, അമ്മ എഴുന്നേറ്റു പറഞ്ഞു, നല്ല മഴയാണ്
അമ്മ രാധേച്ചിയുടെ അടുത്തേയ്ക്ക് കുടയുമായി ചെന്നു,
രാധേച്ചി കുട വാങ്ങും വഴി അമ്മയുടെ കയ്യിൽ ഇറുകെ പിടിക്കുന്നുണ്ടായിരുന്നു.
സ്ത്രീക്ക് ധൈര്യം മറ്റൊരു സ്ത്രീ.
തുറന്ന് കിടന്ന വാതിൽ കടന്ന് അകത്തേയ്ക്ക് ചെല്ലുമ്പോൾ മഴ നോക്കി കട്ടിലിൽ പുതച്ചുമൂടി കിടക്കുന്ന മാളുവിനെ കണ്ടപ്പോ ഉള്ളൊന്ന് വിങ്ങി..
ചെറിയ വെളിച്ചത്തിൽ ഞാൻ കണ്ടു കവിളിൽ തിണർത്തു കിടക്കുന്ന പാട്.
ഒന്നും ചോദിക്കാതെ തല്ലരുത് ആയിരുന്നു, ഒരിക്കലും അവൾ താമസിച്ചു വീട്ടിൽ വന്നിട്ടില്ല വീടും കോളേജും തമ്മിൽ അധിക ദൂരം ഇല്ലായിരുന്നു, ഒന്നും ഓർത്തില്ല.
മോൾക്ക് ഏട്ടനോട് ദേഷ്യം ഉണ്ടോ..
ഇല്ല ഏട്ടാ.. സോറി..
സോറി എന്തിനാ മോളെ..
എന്റെ ചോദ്യത്തിന് ഉത്തരം കേട്ടപ്പോ എല്ലാ അർത്ഥത്തിലും ഞാൻ തോറ്റ് പോയ ഒരേട്ടൻ ആയി എന്ന് എനിക്ക് തോന്നി..
മാസങ്ങൾക്ക് മുൻപ് ബൈക്കിൽ വരും നേരം അവൾ എന്നെ പുറകിൽ ഇരുന്ന് വയറിൽ ചുറ്റിപിടിച്ചു,
അന്ന് താൻ പറഞ്ഞിരുന്നു ഇങ്ങനെ കെട്ടിപിടിക്കരുത് കൂട്ടുകാരൊക്കെ കളിയാക്കും എന്ന്.
പിന്നെയൊരിക്കലും അവൾ ബൈക്കിൽ കേറിയിട്ടില്ല,
തന്റെ അടുത്ത് വന്ന് കിടന്നിട്ടില്ല, ഒന്നിച്ചുണ്ടിട്ടില്ല, താൻ വരുമ്പോ ഓടി വന്നിരുന്നവൾ, അടിപിടിച്ചിരുന്നവൾ മുറിക്കുള്ളിൽ ഒതുങ്ങി, ഇടയ്ക്കൊക്കെ അച്ഛയുടെ മാലയിട്ട ഫോട്ടോയ്ക്ക് മുന്നിൽ അവൾ നിന്നിരുന്നു, പഴയ ആൽബം തുറന്ന് നോക്കി ചിരിക്കുന്നതും കാണാമായിരുന്നു.
മാളു പറഞ്ഞു..
അച്ഛയുണ്ടാരുന്നേല് ന്ന് ഞാൻ ഇന്ന് വെറുതെ കൊതിച്ചുപോയി ഏട്ടാ..
എനിക്ക് സങ്കടം വന്നാലും, സന്തോഷം വന്നാലും കെട്ടിപിടിക്കാം ആയിരുന്നു, എന്റെ മുഖം മാറിയാൽ ആ കാരണം അച്ഛ വേഗം കണ്ടുപിടിക്കും ആരുന്നു..
സങ്കടം മാറാൻ അച്ഛയുടെ സ്കൂട്ടറിൽ എന്നെ പുറത്തൊക്കെ കൊണ്ട് പോകും ആരുന്നു.
അവനെ… ആ.. ആനന്ദിനെ അച്ഛ ശെരി ആക്കും ആരുന്നു..
എന്തിനാ ഏട്ടാ അച്ചയെന്നെ ഒറ്റയാക്കി പോയെ..
ഏങ്ങി കരയുമ്പോളും അവൾ എന്നോട് സോറി ഏട്ടാ എന്ന് പറയുന്നുണ്ടായിരുന്നു,
പേടിച്ചിട്ടാ ഞാൻ ഏട്ടനെ കെട്ടിപിടിച്ചെ, സത്യം ആയിട്ടും പേടിച്ചിട്ട ഏട്ടാ..
അവൾ കൊച്ചുകുഞ്ഞിനെ പോലെ കരയുന്നത് കണ്ടപ്പോൾ സഹിച്ചില്ല കട്ടിലിൽ അവളുടെ കൂടെ ഒപ്പം കിടന്നു, അടിച്ച കവിളിൽ മെല്ലെ തൊട്ടു, ചിതറിയ മുടികൾ മെല്ലെ ഒതുക്കി വെച്ചു, ഞെറ്റിയിൽ ഉമ്മ വെയ്ക്കുന്ന നേരം അവളോട് ചോദിച്ചു
ഏട്ടന്റെ ഒപ്പം അച്ഛയുടെ സ്കൂട്ടറിൽ നമുക്ക് പുറത്ത് പോകാം
ഇല്ലന്ന് പറഞ്ഞില്ല
പത്തൊൻപത് വയസുള്ള പെണ്ണ് ആയിട്ടല്ല ആറു വയസുള്ള മാളു ആയി അവൾ മാറി…
കരച്ചിലും ചിരിയും ഒന്നിച്ചെത്തി, എന്റെ നെഞ്ചിൽ ആഞ്ഞിടിച്ചു, കയ്യിൽ കടിച്ചു.. ഒച്ചകേട്ട് അമ്മ എത്തുമ്പോളേക്കും മാളു പുറത്തേയ്ക്ക് ഇറങ്ങിയിരുന്നു,
അമ്മെ .. അച്ഛെടെ സ്കൂട്ടറിന്റെ ചാവി എന്തിയെ… ഏട്ടൻ എന്നെ പുറത്ത് കൊണ്ട് പോകും,
മുറിക്കുള്ളിലെ അച്ഛയുടെ ഫോട്ടോയിൽ നോക്കി അമ്മ മെല്ലെ ചിരിക്കുന്നുണ്ടായിരുന്നു, ഭിത്തിയിലെ ആണിയിൽ തൂക്കിയിരുന്ന ചാവി എന്റെ കയ്യിൽ ഏൽപ്പിക്കുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു,
അച്ചയിപ്പോൾ ഒത്തിരി സന്തോഷിക്കുന്നുണ്ട്, ഈ അമ്മയ്ക്കതു അറിയാൻ കഴിയും. രണ്ടാളും എന്നും ഈ സ്നേഹത്തിൽ, സന്തോഷത്തിൽ ഉണ്ടാവണം, അമ്മയുടെ കണ്ണടഞ്ഞാലും നീ ഉണ്ടാവണം അമ്മയും, അച്ഛയും ആയിട്ട്.
അമ്മയെ ചേർത്ത് പിടിച്ചിട്ട് പുറത്തേയ്ക്ക് ഇറങ്ങുമ്പോ മാളു സ്കൂട്ടറിൽ തൊട്ട് തലോടുവായിരുന്നു.. വര്ഷം രണ്ട് കഴിഞ്ഞു അച്ഛ മരിച്ചിട്ട്,
താൻ കളിയൊക്കെ കഴിഞ്ഞു വരുമ്പോ രണ്ടാളും കറക്കം കഴിഞ്ഞിട്ട് വീട് എത്തുന്നത് പതിവ് കാഴ്ച്ച ആയിരുന്നു.
ഏട്ടാ…. വേഗം വാ…
മാളുവിനെ കൂട്ടി ഗെയ്റ്റ് കടന്ന് സ്കൂട്ടറിൽ ഇറങ്ങുമ്പോ പുറകിൽ അച്ഛയുണ്ടെന്ന് തോന്നി.. തലതിരിച്ചു നോക്കുമ്പോൾ ചിരിച്ചുകൊണ്ട് അമ്മ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
തന്നെ ഇറുകെ കെട്ടിപ്പടിച്ചുകൊണ്ട് മാളു ഇരുന്നപ്പോ എനിക്ക് നാണക്കേട് തോന്നിയില്ല, അവളെന്റെ അനുജത്തി മാത്രമല്ല, മകളും ആണ്.
ആശുപത്രി ഗെയ്റ്റ് കടക്കുമ്പോ മാളു ഒന്നമ്പരുന്നു..
എന്തിനാ ഏട്ടാ നമ്മളിവിടെ..
ഒന്നുമില്ല മോൾ വാ, ഞാൻ പറഞ്ഞുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു.
മോൾ ഇവിടെ നിലക്ക് ഏട്ടൻ ഒരാളെ കണ്ടിട്ട് ഇപ്പൊ വരാം.
മാളുവിനെ മുറിക്ക് പുറത്ത് നിർത്തി ഞാൻ അകത്ത് കയറി.
ആനന്ദിനെ അഡ്മിറ്റാക്കിയ മുറിയിലേയ്ക്ക് ചെല്ലുമ്പോൾ അവന് ചുറ്റും അമ്മയും, അച്ഛനും അനിയനും, പെങ്ങളും, ഒക്കെ ഉണ്ടായിരുന്നു..
അമ്മെ.. ഇവനാണ് ഹോസ്പിറ്റലിൽ കൊണ്ട് വന്നത് എന്ന് ആനന്ദ് പറഞ്ഞു.
അവന്റെ പെങ്ങൾ..
നന്ദി ഉണ്ട് നീരജ് എന്ന് എന്നോട് പറയുന്നത് കേട്ട് ഞാൻ പറഞ്ഞു
നന്ദി വേണ്ട എനിക്ക് നിന്നെ കേറിപിടിക്കണം, ഒന്നുമ്മ വെയ്ക്കണം എന്താ സമ്മതം ആണോ,
അവളുടെ കൈകൾ പുറകിലേക്ക് വലിച്ചുപിടിക്കുന്നത് കണ്ട് ബെഡിൽ കിടന്നവൻ അലറി..
ഡാ… തൊട്ട് പോകരുത് അവളെ..
കണ്ട് നിന്ന അവന്റെ അച്ഛന്റെ കൈകൾ എന്റെ കോളറിൽ പിടുത്തം ഇട്ടു, അമ്മ അവളെ എന്റെ കയ്യിൽ നിന്നും അവളെ വേർ പെടുത്തി.
നിനക്ക് നൊന്തു അല്ലേടാ.. നിന്റെ പെങ്ങടെ പകുതി പ്രായം അല്ലേടാ അവൾക്കുള്ളു.. എന്നിട്ട് നിനക്ക് എന്ത് വികാരം ആണെടാ അവളോട് തോന്നിയത്,
നീ അവളെ ഉപദ്രവിച്ചതറിയാതെ നിന്നെ ആശുപത്രിയിൽ എത്തിച്ചത് സൗഹൃദം ഓർത്തിട്ടാണ്.
എനിക്കൊരിക്കലും നിന്നെപ്പോലെ തരം താഴാൻ പറ്റില്ല.
ഷെമിക്കണം നിങ്ങൾ എന്നോട്.
നിങ്ങടെ മോൻ എന്റെ പെങ്ങളെ കേറിപിടിച്ചപ്പോ അവൾക്കൊടുത്ത സമ്മാനം ആണ് ഈ മുറിവ്കൾ.
അവൾ ചെയ്തതാണ് ശെരി.. ആനന്ദിന്റെ പെങ്ങൾ അത് പറഞ്ഞുകൊണ്ട് അവന്റെ മുഖത്ത് ആഞ്ഞടിച്ചു.
കതക് തുറന്ന് പുറത്തിറങ്ങുമ്പോ മാളു എല്ലാം കേട്ട് കൊണ്ട് വെളിയിൽ നിൽപ്പ് ഉണ്ടാരുന്നു, കണ്ണ് തുടച്ചവൾ എന്നെ ഇറുകെ, ഇറുകെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു..
എന്റെ അച്ഛയെക്കാൾ എനിക്കിഷ്ട്ടം എന്റെ ഏട്ടനെയാണ്..
അച്ഛ ഞങ്ങൾക്ക് മുന്നിൽ ചിരിച്ചുകൊണ്ട് അപ്പോളും നിൽക്കുന്നുണ്ടായിരുന്നു.
ക്രിസ്‌മരിയ