വ്യാജ പീഡനക്കുറ്റം ആരോപിച്ച് യുവാവിനെ പൊലീസ് കേസില്‍ കുടുക്കിയ പരാതിക്കാരിക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പീഡനക്കേസുകളില്‍ പരാതിക്കാരിയുടെ മൊഴിക്ക് കോടതി നല്കുന്ന പ്രാധാന്യം കണക്കിലെടുത്ത്, വ്യാജപരാതികളിലും നടപടി ഉണ്ടാകണമെന്ന് ജസ്റ്റിസ് സുനില്‍ തോമസ് നിര്‍ദേശിച്ചു. പീഡനക്കേസ് റദ്ദാക്കാനും യുവതിക്കെതിരെ അന്വേഷണം നടത്താനും പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്കി.
2013ല്‍ തിരുവനന്തപുരം ശ്രീകാര്യം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടല്‍ ഉണ്ടായത്. വിവാഹവാഗ്ദാനം നല്കി ഒപ്പം താമസിച്ചയാള്‍ പീഡിപ്പിച്ച ശേഷം വഞ്ചിച്ച് ഉപേക്ഷിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ഇതോടെ കേസില്‍ പ്രതിയായ യുവാവ
നാലുവര്‍ഷത്തിന് ശേഷം നിയമനടപടികള്‍ അവസാനിപ്പിക്കാനായി ഹൈക്കോടതിയെ സമീപിച്ചു. കേസ് ഒത്തുതീര്‍ക്കാനായി ഇരുവരും തമ്മില്‍ 2016ല്‍ ഉണ്ടാക്കിയ കരാറും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കരാര്‍ പരിഗണിക്കാന്‍ തയ്യാറാകാതെ കേസിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. തുടര്‍ന്ന് കണ്ടെത്തിയ പ്രധാന കാങ്ങള് ഇങ്ങനെ.
1. യുവാവും യുവതിയും തമ്മില്‍ കണ്ടുമുട്ടുന്നതിന് മുന്‍പെ യുവതി മറ്റ് ചില വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അവയില്‍ ഒന്നില്‍ നിന്ന് നിയമപ്രകാരം മോചനം നേടിയിട്ടുമില്ല. അങ്ങനെയിരിക്കെ യുവാവിന് നിയമ പ്രകാരം തന്നെ വിവാഹം ചെയ്യാനാവില്ലെന്ന് പരാതിക്കാരിക്ക് ബോധ്യമുണ്ടായിരുന്നു. അപ്പോള്‍ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന വാദം നിലനില്‍ക്കില്ല.
2. ഇരുവരും തമ്മില്‍ ശാരീരികബന്ധമുണ്ടായത് പരസ്പര സമ്മതപ്രകാരമായിരുന്നു
3. കേസുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്നും തന്റെ അമ്മയുടെ നിര്‍ദേശപ്രകാരമാണ് പരാതി നല്‍കിയതെന്നും യുവതി നേരത്തെ നിലപാട് അറിയിച്ചിരുന്നു. ഇങ്ങനെ പരാതിയില്‍ ഉന്നയിച്ചതെല്ലാം വെറും കളവാണെന്ന് തന്നെ കോടതി നിഗമനത്തിലെത്തി. പീഡനം സംബന്ധിച്ച പരാതികളില്‍ ഇരയുടെ മൊഴിക്ക് കോടതികള്‍ നല്കുന്ന പ്രാധാന്യം വലുതാണ്.
ഈ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നതിനെ ഗൗരവമായി കാണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് പരാതിക്കാരിക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാനാണ് തിരുവനന്തപുരം റേഞ്ച് ഐജിക്കുള്ള നിര്‍ദേശം.