ഗാസിയാബാദ്: അമ്മ പഠിപ്പിച്ച ‘രഹസ്യകോഡ് ചോദിച്ച് പന്ത്രണ്ടുകാരി തട്ടിക്കൊണ്ടുപോകാനെത്തിയ അക്രമിയില്‍ നിന്നും രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ട് നടന്ന സംഭവത്തില്‍ പിതാവിന് അപകടം പറ്റിയെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടു പോകാനെത്തിയ അപരിചിതനെയാണ് പെണ്‍കുട്ടി അപകടം മണത്ത് പറപ്പിച്ചത്. കൂട്ടിക്കൊണ്ടു പോകാനെന്ന് പറഞ്ഞ് അടുത്തു കൂടിയ ആളോട് മാതാവ് പഠിപ്പിച്ച കോഡ് വാചകം ചോദിച്ചതോടെ മറുപടി പറയാനാകാതെ അക്രമി പതറിപ്പോകുകയായിരുന്നു.
ഗസിയാബാദ് ഇന്ദ്രപ്രസ്ഥത്തിലെ പരശ്വനാഥ് മജസ്റ്റിക് ഫ്ളോറിലെ സൊസൈറ്റി കോമ്പൗണ്ടിലായിരുന്നു സംഭവം. പുറത്ത് ചിപ്സ് വാങ്ങാന്‍ പോയപ്പോള്‍ 12 കാരിയ്ക്കൊപ്പം അപരിചിതന്‍ അടുത്തുകൂടുകയായിരുന്നു. പിതാവിന് അപകടം പറ്റിയെന്നും കൂട്ടിക്കൊണ്ടുപോകാന്‍ അയച്ചതാണെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഉടന്‍ ഏഴാം ക്ളാസ്സുകാരി പിതാവ് അടുത്തേക്ക് വരാനായി പറഞ്ഞുവിട്ട ‘കോഡ് വാക്ക്’ വന്നയാളോട് പെണ്‍കുട്ടി ചോദിച്ചു. എന്നാല്‍ പെണ്‍കുട്ടിയോട് പ്രതികരിക്കാന്‍ കഴിയാതെ അയാള്‍ കുഴഞ്ഞതോടെ പെണ്‍കുട്ടി ഒച്ചവെച്ച് ആളെ കൂട്ടുകയും അപരിചിതന്‍ ഓടുകയും പെണ്‍കുട്ടി രക്ഷപ്പെടുകയുമായിരുന്നു.
സോഫ്റ്റ്വേര്‍ എഞ്ചിനീയറുടെ രണ്ടു പെണ്‍മക്കളില്‍ ഒരാളാണ് 12 കാരി. 17 കാരിയായ സഹോദരിയും ഏഴു വയസ്സുള്ള സഹോദരനും പെണ്‍കുട്ടിക്കുണ്ട്. തട്ടിക്കൊണ്ടു പോകലുകള്‍ ഇന്ത്യയില്‍ പതിവ് വാര്‍ത്തയായി മാറിയതോടെ ഗൃഹജോലിക്കാരിയായ ഇവരുടെ മാതാവും പിതാവും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോഡുവാക്കുകള്‍ കുട്ടികളേയും പരിശീലിപ്പിച്ചെടുത്തിരുന്നു.
ചെറിയ വാക്യങ്ങളോ ദൈവത്തിന്റെ പേരോ ഒക്കെയായുള്ള കോഡുവാക്ക് മാസംതോറും മാറ്റുകയും ചെയ്യാറുണ്ട്. മാതാപിതാക്കള്‍ ഇല്ലാത്തപ്പോള്‍ പോലും ബന്ധുക്കളുടെയും അയല്‍ക്കാരുടെയും കാര്യങ്ങളില്‍ ഈ കോഡുവാക്ക് ഉപയോഗിക്കാറുണ്ടെന്നാണ് പെണ്‍കുട്ടി പിന്നീട് പറഞ്ഞത്. ഒരാള്‍ക്കൊരു പാഠം പറഞ്ഞുകൊടുത്താല്‍ അത് അസാധാരണമായ ഒരു സാഹചര്യത്തില്‍ പ്രയോഗിക്കുന്നതാണ് മിടുക്കെന്നും മകളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നതായും പെണ്‍കുട്ടിയുടെ മാതാവ് വ്യക്തമാക്കി.
അതേസമയം പെണ്‍കുട്ടിയുടെ കുടുംബം സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. പരാതി കിട്ടിയാല്‍ അന്വേഷണം നടത്തുമെന്ന നിലപാടിലാണ് പോലീസ്. പെണ്‍കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന സംഭവം കൂടുന്ന സാഹചര്യത്തില്‍ ഓരോ മാതാപിതാക്കളും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മാതാവിന്റെ അഭിപ്രായം.