ഭിന്നശേഷിയുള്ള മകനും, ശാരീരിക അവശതയുള്ള ഭാര്യയും.., നിവൃത്തിക്കേടു കൊണ്ട് മാത്രമാണ് ഹരി എന്ന തൃശൂരിലെ ഓട്ടോഡ്രൈവര്‍ രാത്രിയോട്ടം തെരഞ്ഞെടുക്കുന്നത്. പകല്‍ സമയങ്ങളില്‍ ഇരുവരെയും പരിചരിക്കുന്ന ചുമതല ഉത്തരവാദിത്വമുള്ള ആ കുടുംബനാഥന്‍ ഏറ്റെടുക്കും.
രാത്രി ഭിന്നശേഷിയുള്ള മകന്‍ ഉറങ്ങി എന്ന് ഉറപ്പുവരുത്തിയ ശേഷം കാക്കിയണിഞ്ഞ് ഓട്ടോയുമായി നഗരത്തിലേക്ക് ഇറങ്ങും. ഹരി ഒട്ടോ ഓടിച്ച് കിട്ടുന്ന വരുമാനത്തില്‍ നിന്നാണ് ആ കുടുംബം ജീവിക്കുന്നത് തന്നെ. ചെലവുകളും ധാരാളം, മകന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തണം, ഒട്ടോ ഉടമയ്ക്ക് വാടക കൊടുക്കണം, പെട്രോള്‍ അടിക്കണം, ആവശ്യങ്ങളുടെ
നിര അങ്ങനെ നീളുന്നു.
തൃശൂര്‍ പൂരത്തിന് ഓട്ടോസ്റ്റാന്‍ഡിലെത്തിയപ്പോള്‍ നല്ല കളക്ഷന്‍ കിട്ടുമെന്ന ശുഭപ്രതിക്ഷയായിരുന്ന ഹരിക്കുള്ളത്. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. പുലര്‍ച്ചെ രണ്ടു മണി കഴിഞ്ഞപ്പോള്‍ മൂന്നു പേര്‍ കെഎസ്ആര്‍ടിസി പരിസരത്തേക്ക് ഓട്ടം വിളിച്ചു. ഒളരി വരെ പോകണം. നഗരത്തില്‍ നിന്നും അധികം ദൂരമില്ലാത്ത സ്ഥലമാണ് ഒളരി. വണ്ടി സ്റ്റാര്‍ട്ട് ചെയ്ത്, മീറ്റര്‍ തട്ടി ഹരി യാത്ര ആരംഭിച്ചു. വഴിയില്‍ നല്ല തിരക്കാണ്. പൂരം കണ്ട് മടങ്ങുന്നവരും, വെടിക്കട്ട് കാണാന്‍ പൂരനഗരിയിലേക്ക് എത്തുന്നവരുമുണ്ട്. ഒളരിയിലെത്തിയപ്പോള്‍ വലത്തോട്ടുള്ള വിജനമായ പ്രദേശത്ത് കൂടി പോകണമെന്നായി യാത്രക്കാര്‍ക്ക്.
ഒടുവില്‍ ബണ്ട് റോഡ് എത്തിയപ്പോള്‍ ഇനി മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും, തിരിച്ചുവരുമ്പോള്‍ ഒറ്റയ്ക്ക് വരേണ്ടി വരുമെന്നും ഹരി പറഞ്ഞു. എന്നാല്‍ കുറച്ച് കൂടി മുന്നോട്ട് പോയാല്‍ മതിയെന്ന്, അവിടെയാണ് വിടെന്നും പറഞ്ഞ് പിന്നിലിരുന്ന മൂന്നു പേര്‍ ഹരിയെകൊണ്ട് അനുനയിപ്പിച്ച് യാത്ര വീണ്ടും തുടര്‍ന്നു. ബണ്ട് റോഡിലേക്ക് പ്രവേശിച്ചതും തികച്ചു അപ്രതിക്ഷിതമായി പിന്നില്‍ നിന്നും ആരോ ഹരിയെ ആഞ്ഞിടിച്ചു. പ്രഹരമേറ്റ ഹരി വണ്ടി നിര്‍ത്തിയതും, യാത്രക്കാരായ മൂവര്‍ സംഘം ക്രൂരമായി അയാളെ മര്‍ദ്ദിച്ചു, കത്തിയെടുത്ത് കഴുത്തില്‍ വെച്ചു. കുറേ നാളായാടാ നിന്നെ നോക്കി നടക്കുന്ന… ഇന്ന് നിന്നെ കൊല്ലുമെന്ന് മൂവര്‍ സംഘം ആക്രോഷിച്ചു.
എന്താണ് നടക്കുന്നതെന്ന് ഹരിക്ക് മനസിലായില്ല, നിങ്ങള്‍ക്ക് ആളുമാറിയതാണ് ചേട്ടന്മാരെ.. ഇന്നേവരെ ഒരാളെപ്പോലും ഉപദ്രവിക്കാത്തയാളാണ് ഞാനെന്ന് അയാള്‍ കേണപേക്ഷിച്ചു. എന്നാല്‍ ഇതിനൊന്നും ശ്രവിക്കാതെ മൂവര്‍ സംഘം ക്രൂരമര്‍ദ്ദനം തുടര്‍ന്നു. ഹരിയുടെ പോക്കറ്റില്‍ കൈയിട്ട് റബര്‍ബാന്റിട്ട് വെച്ചിരുന്ന ആയിരത്തഞ്ചൂറ് രൂപ അവര്‍ തട്ടിയെടുത്തു. മകന് മരുന്ന് മേടിക്കാനായി സൂക്ഷിച്ചിരുന്ന പണമാണ്. നാളെ അവനെ ഡോക്ടറെ കാണിക്കണം, ദയവ് ചെയ്ത് പണം തിരികെ തരാന്‍ കൈക്കൂപ്പി കേണു. എന്നാല്‍ അവര്‍ ചെവികൊണ്ടില്ല. ഒടുവില്‍ രക്ഷപ്പെടാനായി അയാള്‍ രണ്ടും കല്‍പ്പിച്ച് ബണ്ടില്‍ നിന്നും താഴെ വെള്ളത്തിലേക്ക് ചാടി. പാടത്തുകൂടി ഓടി. മുന്നില്‍ കണ്ട പൊന്തക്കാട്ടില്‍ ഒളിച്ചിരുന്നു.
ഈ സമയം പൂരത്തിന്റെ കമ്പക്കെട്ട് ആരംഭിച്ചിരുന്നു. ആകാശത്ത് വിരിഞ്ഞ വെടിക്കെട്ട് പ്രദേശത്ത് മുഴുവന്‍ വെളിച്ചം പരത്തി. അക്രമികള്‍ കാണാതിരിക്കാന്‍ ഹരി പൊന്തക്കാടിന്റെ നടുവില്‍ മലര്‍ന്ന് കിടന്നു. അങ്ങനെ നേരം വെളുക്കുവോളം അവിടെ തങ്ങിയ അയാള്‍ ആദ്യം ഓടിയത് ഓട്ടോ കണ്ടെത്താനാണ്. എന്നാല്‍ വാഹനം അവിടെയുണ്ടായിരുന്നില്ല. നേരെ പോലീസ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ വിശിദീകരിച്ചു. മൂവര്‍ സംഘം ക്രൂരമായി മര്‍ദ്ദിച്ചതായിരുന്നില്ല ഹരിയെ വിഷമിപ്പിച്ചത്, മകന്റെ മരുന്നിനുള്ള പണം കവര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു. വിവരമറിഞ്ഞ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പിരിവെടുത്ത് കുറച്ചു കാശ് നല്‍കി.
സംഭവത്തെ നടന്നയുടന്‍ അന്വേഷണം ആരംഭിച്ച പോലീസ് സമാനമായ മറ്റൊരു സംഭവം രണ്ടു ദിവസം മുന്‍പ് തന്നെ തൃശൂര്‍ നടന്നതായി കണ്ടെത്തി. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെയും പിടികൂടി. കിരിശിങ്കല്‍ പ്രിന്റോ, ഒല്ലൂര്‍ പുല്ലുഴി സ്വദേശി വിന്‍സെന്റ്, അടാട്ട് അമ്പലംകാവ് സ്വദേശി ലിയോണ്‍ എന്നവിരായിരുന്ന ആ മൂന്നംഗ സംഘം. ഓട്ടോക്കാരെ ലക്ഷ്യമാക്കി നടത്തിയ ഒരു സംഘടിത കവര്‍ച്ചയായിരുന്നു ഇവരുടേത്. ക്വെട്ടേഷന്‍ സംഘമാണെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ്
ഓട്ടോക്കാരെ മര്‍ദ്ദിക്കുന്നതിനിടയില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത്. അങ്ങനെ വരുമ്പോള്‍ സ്വഭാവികമായും ഓട്ടോക്കാരുടെ ശത്രുക്കളിലേക്ക് അന്വേഷണം വഴിതിരിയുമല്ലോ?. എന്നാല്‍ അവിടെ മൂന്നംഗ സംഘത്തിന് പിഴയ്ക്കുകയായിരുന്നു. ആക്രമിക്കപ്പെട്ട രണ്ടു പേരും സാധുക്കളായിരുന്നു. ഇരുവര്‍ക്കും ശത്രുക്കളാരുമില്ല. മിത്രങ്ങള്‍ മാത്രമുള്ള ഒട്ടോറിക്ഷാ തൊഴിലാളികള്‍.