തിരുനെല്‍വേലി: അച്ഛന്റെ അമിത മദ്യപാന ശീലത്തില്‍ മനംനൊന്ത് പ്ലസ്ടൂ വിദ്യാര്‍ത്ഥി ജീവനൊടുക്കി. തിരുനെല്‍വേലിയിലാണു സംഭവം. വണ്ണാര്‍പ്പെട്ടിയിലെ പാലത്തില്‍ തൂങ്ങിയാണ് ദിനേശ് എന്ന വിദ്യാര്‍ത്ഥി മരിച്ചത്. നീറ്റ് പരിശീലനത്തിന് പോയിരുന്ന ദിനേശ് അച്ഛന്റെ മദ്യപാന ശീലത്തെ ഓര്‍ത്ത് ആശങ്കയിലായിരുന്നു എന്ന് സഹപാഠികള്‍ പറയുന്നു.
മദ്യപിച്ച് വീട്ടിലെത്തി സ്ഥിരം വഴക്കുണ്ടാക്കിയിരുന്ന ഇയാളോട് ദിനേശ് അടക്കം പലരും ഉപദേശിച്ചെങ്കിലും കാര്യമുണ്ടായില്ല. മരിക്കുന്നതിന് മുന്‍പ് ദിനേശ് എഴുതിയ ആത്മഹത്യ കുറിപ്പില്‍ തന്റെ മരണത്തിലൂടെ തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ നിരോധിക്കുമെന്നും പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.
ദിനേശിന്റെ ആത്മഹത്യ കുറിപ്പില്‍ നിന്ന്
അപ്പാ ഇത് ഞാന്‍ എഴുതുന്നതാണ്. എന്റെ മരണ ശേഷം അപ്പ കുടി നിര്‍ത്തണം. അപ്പ നിരന്തരം മദ്യപിക്കുന്നതിനാല്‍ എന്റെ ചിതയ്ക്ക് തീ കൊളുത്താനും മുതിരരുത്, തലയും മുണ്ഡനം ചെയ്യണമെന്നില്ല. എന്റെ ആന്ത്യകര്‍മ്മങ്ങളില്‍ അപ്പ ഒന്നും ചെയ്യേണ്ട. അതാണ് എന്റെ ആഗ്രഹം, എങ്കില്‍ മാത്രമെ എന്റെ ആത്മാവിന് ശാന്തി ലഭിക്കു.
എന്റെ മരണം കൊണ്ടെങ്കിലും അപ്പ കുടി നിര്‍ത്തണം. എന്റെ ആഗ്രഹം അങ്ങനെയെങ്കിലും സാധിക്കട്ടെ.ഇനിയെങ്കിലും സംസ്ഥാനത്തെ മദ്യശാലകള്‍ മുഖ്യമന്ത്രി പൂട്ടുമോ എന്ന് നോക്കട്ടെ
എന്ന് ദിനേശ്