*ഒരു റേഷൻ അനുഭവം… റേഷൻ കടയിൽ അരിയുണ്ട് നെറ്റില്ല…*
പണിയില്ലാതെ ഇന്ന് വീട്ടിലിരിക്കുമ്പോൾ അമ്മ റേഷൻ കാർഡും സഞ്ചിയുമൊക്കെ എടുത്ത് തന്നിട്ട് പറഞ്ഞു
കുഞ്ഞേ , ഒന്ന് റേഷൻ കടവരെ പോയിട്ട് വാ, അവസാന ദിവസേക്ക് വച്ചാൽ മണ്ണെണ്ണയും കിട്ടില്ല,നല്ല തിരക്കുമാകും
മാസാവസാന ദിനത്തിൽ റേഷൻ കടയിലെ തിരക്ക് ഓർമ വച്ച നാൾ മുതൽ കണ്ട് ശീലമുള്ളതിനാൽ അമ്മ കൂടുതൽ എന്തെങ്കിലും പറയും മുൻപേ സഞ്ചിയും തൂക്കി വീട് വിട്ടിറങ്ങി..
റേഷൻ കടയിൽ ചെല്ലുമ്പോൾ, ഭാഗ്യം…! സാധനം വാങ്ങാൻ മറ്റാരും അവിടെയില്ല.
നീലകാർഡ് കടക്കാരനെ ഏൽപ്പിച്ചു
തന്റെ കയ്യിലിരുന്ന പുതിയ യന്ത്രത്തിൽ വിരലമർത്തുവാൻ അദ്ദേഹം ആവശ്യപ്പെട്ടു
കുറച്ച് നേരം അതിൽ തൊട്ട് തോണ്ടിയൊക്കെ നോക്കിയിട്ട് എന്റെ പേര് ചോദിച്ചു
കുട്ടിക്കാലം മുതൽ കാണുന്ന ആളാണെങ്കിലും ആദ്യമായി പേരു ചോദിച്ചതിന്റെ സന്തോഷം ഉള്ളിലൊതുക്കി അങ്ങനെ നിൽക്കുമ്പോളുണ്ട് അടുത്ത കയ്യിലെ വിരൽ കൂടി അമർത്തണം എന്ന് അറിയിപ്പ് വന്നു
സന്തോഷപൂർവം അതും അനുസരിച്ചു
ഒടുവിൽ പത്താമത്തെ വിരൽ അമർത്തുന്നതിന് മുന്നേ അദ്ദേഹം പറഞ്ഞു,
പോയിട്ട് ഉച്ചകഴിഞ്ഞ് വരൂ..
ഇപ്പോൾ നെറ്റില്ല…..!
നെറ്റില്ലെങ്കിൽ മനുഷ്യന് ജീവിക്കാനാവാത്ത അവസ്ഥയായെന്ന് ആരോ എഴുതിയത് വായിച്ചതോർത്തു, അന്നേരം അതൊരു തമാശയായി കരുതിയതേ ഉള്ളൂ..
നെറ്റില്ലെങ്കിൽ കഞ്ഞി കുടിച്ചു പോലും ജീവിക്കുവാനാവാത്ത അവസ്ഥയിൽ എത്തി നിൽക്കുന്നു എന്ന യാഥാർത്ഥ്യം എന്നെ നോക്കി പല്ലിളിച്ച് കാണിക്കുന്നതു പോലെ തോന്നി…
അങ്ങിനെ അരി സഞ്ചിയും മണ്ണെണ്ണ കുപ്പിയുമായി റേഷൻ കടയുടെ പടിയിറങ്ങി….
ജീവിതത്തിൽ ആദ്യമായി….
നെറ്റില്ലെങ്കിൽ അരിയുമില്ലെന്ന പുത്തൻ തിരിച്ചറിവോടെ.😀😀